നിശ്ചലമായ തിരമാലകൾ

ടലിൽനിന്നും തിരമാലയുയർന്ന് നിശ്ചലമായി നിൽക്കുന്നതൊന്ന്​ ആലോചിച്ചുനോക്കൂ. കൗതുകമായിരിക്കുമല്ലേ. അത്തരത്തിലൊരു കൗതുക കാഴ്ചയുണ്ട് ആസ്‌ട്രേലിയയിലെ ഹൈഡൻ എന്ന സ്ഥലത്ത്. അതാണ്‌ വേവ് റോക്ക്. കണ്ടാൽ കടലിൽനിന്നും തിരമാലയുയർന്നുനിൽക്കുന്നതായേ തോന്നുകയുള്ളൂ. ആയിരത്തിലധികം വർഷം പഴക്കവും 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഒരു കൂറ്റൻ പാറ തിരമാലയുടെ രൂപത്തിലായതാണ് ഇവിടത്തെ കൗതുകം.

വർഷങ്ങളായുള്ള കാറ്റിന്‍റെയും മഴയുടെയും ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ് വേവ് റോക്ക്. ആസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും 340 കിലോമീറ്റർ കിഴക്കായി ഹൈഡൻ എന്നയിടത്ത് സ്ഥിതിചെയ്യുന്ന വേവ് റോക്ക് 'ഹൈഡൻ റോക്ക്' എന്നുമറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആകർഷണീയവും വശ്യവുമായ ശിലാരൂപങ്ങളിലൊന്നാണിത്. വേവ് റോക്കിന്റെ മറ്റൊരു പ്രധാന ആകർഷണം അവയുടെ നിറങ്ങളാണ്. മഞ്ഞ, ചുവപ്പ്, ചാര നിറത്തിന്റെ വിവിധ രൂപങ്ങളിലുമുള്ള വേവ് റോക്ക് ആരെയും അത്ഭുതപ്പെടുത്തുന്നു. വൈകുന്നേരങ്ങളിൽ സൂര്യന്‍റെ വെളിച്ചമേറ്റ് സ്വർണനിറത്തിൽ കുളിച്ചുനിൽക്കുന്ന ഈയിടം കാണാൻ അതിമനോഹരമായിരിക്കും. കാലങ്ങളായി പാറയിൽ നടക്കുന്ന ധാതുക്കളുടെയും മറ്റും രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.


ആസ്‌ട്രേലിയൻ പ്രാദേശിക ജനതയുടെ ഇടയിൽ ഒരു വിശ്വാസമുണ്ട്. മഴവില്ല് സർപ്പമെന്ന ദൈവമാണ് വേവ് റോക്ക് സൃഷ്​ടിച്ചതെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.1964 ൽ ന്യൂയോർക്കിലെ ലോകമേളയിൽ ജെയിംസ് ഹോഡ്ജസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ വേവ് റോക്കിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വേവ് റോക്ക് പ്രശസ്തമാവാൻ തുടങ്ങിയത്. തുടർന്ന് ആ ഫോട്ടോ ലോകപ്രശസ്ത മാഗസിനായ നാഷനൽ ജിയോഗ്രഫിക്കിലും വന്നതോടെ വേവ് റോക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി.

ആസ്‌ട്രേലിയയുടെ ഗോൾഡൻ ഔട്ട്‌ബാക്ക് എന്നറിയപ്പെടുന്ന പ്രദേശത്തിനകത്ത് സ്ഥിതി ചെയ്യുന്ന വേവ് റോക്കിലെ കല്ലുകളുടെ രൂപവത്​കരണത്തിന് 2700 ദശലക്ഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഏതു സമയം വേണമെങ്കിലും നിങ്ങൾക്കവിടം സന്ദർശിക്കാവുന്നതാണ്. എങ്കിലും അതിരാവിലെയോ സൂര്യാസ്തമയ സമയത്തോ അവിടം സന്ദർശിക്കുന്നതാണുത്തമം. ആ സമയത്താണ് വേവ് റോക്​സ്​ കൂടുതൽ മനോഹരമാകുക. 

Tags:    
News Summary - Natural Wonder Wave Rock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.