നൃത്തം ചെയ്യുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാകും. അതുകൊണ്ടുതന്നെയാണല്ലോ നൃത്തകലക്ക് നമ്മുടെ നാട്ടിൽ വലിയ സ്വീകാര്യതയുള്ളതും. നൃത്തരൂപങ്ങളെക്കുറിച്ചൊന്നുമല്ല പറഞ്ഞുവരുന്നത്. ഇതൊരു കഥയാണ്. അഞ്ഞൂറ് വർഷങ്ങൾക്കുമുമ്പ് റോമൻ സാമ്രാജ്യത്തിൽപെട്ട സ്ട്രാസ്ബർഗ് എന്ന സ്ഥലത്ത് (ഇന്ന് ഈ സ്ഥലം ഫ്രാൻസിലാണ്) നടന്ന വിചിത്രമായ കഥ.
കൃത്യമായി പറഞ്ഞാൽ 1518 ജൂലൈയിൽ രാവിലെ ഒരു സ്ത്രീ നഗരമധ്യത്തിൽ നൃത്തം ചെയ്യാൻ തുടങ്ങി. പലരും ആശ്ചര്യത്തോടെ അതുകണ്ട് ആസ്വദിച്ചു. ചിലർ കളിയാക്കിച്ചിരിച്ചു. പക്ഷേ, അവർ നൃത്തം തുടർന്നുകൊണ്ടേയിരുന്നു. വൈകീട്ട് ക്ഷീണിതയായി കുഴഞ്ഞുവീഴുന്നതുവരെ അവർ നൃത്തം തുടർന്നു. പിറ്റേന്ന് രാവിലെ വീണ്ടും നൃത്തം പുനരാരംഭിച്ചു. കാലിലൂടെ ചോരയൊഴുകിയിട്ടുപോലും അവർ നൃത്തം നിർത്തിയില്ല. വൈകാതെ തന്നെ വേറെയും ഒരുപാടുപേർ ഇതേപോലെ നൃത്തം ചെയ്തുതുടങ്ങി. ദിവസങ്ങൾ ചെല്ലുന്തോറും നർത്തകരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഒരു മാസം കഴിയുമ്പോഴേക്കും നാനൂറോളം പേർ ഈ സംഘത്തിൽ ഉൾപ്പെട്ടു. രാവെന്നോ പകലെന്നോ ഇല്ലാതെ വിശ്രമവും ഉറക്കവുമില്ലാതെ നിര്‍ത്താതെയുള്ള നൃത്തം. വൈകാതെ ഇതൊരു രോഗമാണെന്ന തിരിച്ചറിവ് അന്നത്തെ അധികാരികൾക്കുണ്ടായി. അങ്ങനെ അതിനൊരു പേരും വീണു 'ഡാൻസിങ് പ്ലേഗ്'.
ഇടവേളകളില്ലാതെ നൃത്തം ചെയ്താൽ മാത്രമേ ഈ രോഗത്തിൽനിന്ന് മോചനമുണ്ടാവൂ എന്ന് കരുതിയ ഭരണകൂടം നർത്തകർക്ക് നൃത്തം ചെയ്യാൻ പ്രത്യേക സ്ഥലങ്ങളും അവരെ സഹായിക്കുന്നതിനായി സംഗീതജ്ഞരെയും പ്രഫഷനൽ നർത്തകരെയും ഏർപ്പാടാക്കി. പക്ഷേ, അത് ഈ രോഗത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. രോഗം ബാധിച്ചവരുടെ എണ്ണം പിന്നെയും കൂടി. നിരവധി പേർ മരിച്ചുവീണു. സെപ്റ്റംബർ മാസത്തോടെ ഈ അവസ്ഥ കുറഞ്ഞുതുടങ്ങി. പതിയെ തെരുവിലെ ഈ നൃത്തം അവസാനിച്ചു.
ഇന്നും കൃത്യമായ ഉത്തരംകിട്ടാതെ ലോകത്തിനുമുന്നിൽ നിൽക്കുകയാണ് ഈ അപൂർവ പ്രതിഭാസം. പല വിശദീകരണങ്ങൾ ഡാൻസിങ് പ്ലേഗുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. പൈശാചിക ബാധയാണ് കാരണമെന്നായിരുന്നു ആദ്യകാലത്തെ വിശദീകരണം. എന്നാൽ, ശാസ്ത്രം വളർന്നതോടെ കൂടുതൽ പഠനങ്ങൾ പുറത്തുവന്നു. അമിതമായി രക്തം ചൂടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു മറ്റൊരു വിശദീകരണം. 1300കളിലും യൂറോപ്പിൽ സമാന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ഹൃദയാഘാതം ഉണ്ടാക്കുന്ന എർഗോട്ട് എന്ന ഫംഗസ് രോഗത്താലാണ് ഇതെന്നായിരുന്നു 20ാം നൂറ്റാണ്ടിലെ ചില അന്വേഷകർ അഭിപ്രായപ്പെട്ടത്. മലിനമായ റൊട്ടികളിലൂടെയാണ് ഇത് പകർന്നിരുന്നതെന്നും അവർ വിശദീകരിച്ചു. അതേസമയം, അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞനായ റോബർട്ട് ബാർത്തലോമിവ് അഭിപ്രായപ്പെട്ടത് നർത്തകർ ദൈവിക പ്രീതി നേടുന്നതിനായി നൃത്തം ചെയ്യുകയായിരുന്നെന്നാണ്.
ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട സിദ്ധാന്തം അമേരിക്കൻ മെഡിക്കൽ ചരിത്രകാരനായ ജോൺ വാലറുടെതായിരുന്നു. അദ്ദേഹം ഈ അസുഖത്തെ ഒരു വലിയ ജനക്കൂട്ടത്തിനുണ്ടാകുന്ന മാനസിക പ്രശ്നമായാണ് (മാസ് സൈക്കോജെനിക് ഡിസോർഡർ) കണ്ടത്. അങ്ങേയറ്റം സമ്മർദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. സ്ട്രോസ്ബർഗിലെ അന്നത്തെ ആളുകളെ വസൂരി, സിഫിലിസ് തുടങ്ങിയ രോഗങ്ങൾ ഭയപ്പെടുത്തിയിരുന്നു. മാത്രമല്ല, കടുത്ത ദാരിദ്ര്യവും നേരിട്ടിരുന്നു അവർ. ഇതെല്ലാം ഉണ്ടാക്കിയ മാനസിക സമ്മർദമാണ് ഈ രോഗത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയായാലും ഇന്നും ഡാൻസിങ് പ്ലേഗ് കൃത്യമായ ഉത്തരംകിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.