പ്രതീകാത്മക ചിത്രം

വെള്ളത്തിലൊളിച്ച വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങൾ ശരിക്കും ഭൂമിയിലെ കൗതുകക്കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. കടലും വെള്ളച്ചാട്ടങ്ങളും എത്ര കണ്ടാലും മതിയാവില്ല എന്ന് പറയാറുണ്ട്. അത്ര സൗന്ദര്യമാണ് അവക്ക്. ഓരോ നിമിഷവും വ്യത്യസ്ത ഭാവങ്ങൾ, രൂപങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണെന്ന് കൂട്ടുകാർക്കറിയുമോ? മിക്കവരും നയാഗ്ര വെള്ളച്ചാട്ടമെന്ന ഉത്തരം പറയുമെന്ന് ഉറപ്പാണ്. എന്നാൽ, അതല്ല യാഥാർഥ്യം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അത്ഭുതങ്ങൾ ഭൂമിയിൽ നമ്മൾ കാണുന്നിടങ്ങളിൽ മാത്രമല്ല ഒളിച്ചിരിക്കുന്നത്. പല അത്ഭുതങ്ങളും കൗതുകങ്ങളും നമ്മൾ കാണാത്തിടങ്ങളിലുണ്ട്. അങ്ങനെ കാഴ്ചയിൽനിന്ന് ഒളിഞ്ഞിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.

കടലിനടിയിലാണ് ഈ മഹാത്ഭുതമുള്ളത്. കൃത്യമായി പറഞ്ഞാൽ ഗ്രീൻലൻഡിനും ഐസ്‌ലൻഡിനും ഇടയിലുള്ള സമുദ്രത്തിന്റെ ചെറിയ ഭാഗത്തുള്ള ഡെന്മാർക് കടലിടുക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.

വെള്ളത്തിനടിയിൽ വെള്ളച്ചാട്ടം എന്നത് സാധ്യമാണോ എന്ന സംശയം ആദ്യം കൂട്ടുകാർക്ക് തോന്നിയേക്കാം. എന്നാൽ, അങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങൾ സമുദ്രത്തിൽ ഒളിച്ചിരിക്കുന്നതായി കൂട്ടുകാർ പല ക്ലാസുകളിലും പഠിച്ചിട്ടുണ്ടാവും. സാങ്കേതികമായി വെള്ളം ഒരു ഉയരത്തിൽനിന്ന് താഴോട്ട് വീഴുന്നില്ല എങ്കിലും ജലത്തിന്റെ താപനിലയിലുള്ള വ്യത്യാസം കാരണം കടലിനടിയിൽ ഉയർന്ന അവസ്ഥയിൽനിന്ന് താഴേക്ക് ശക്തിയിൽ ജലം പ്രവഹിക്കും.

160 കിലോമീറ്റർ വീതിയുള്ളതാണ് ഡെന്മാർക് കടലിടുക്കിലെ ഈ വെള്ളച്ചാട്ടം. ഗ്രീൻലൻഡ് കടലിൽനിന്ന് ഇർമിംഗർ കടലിലേക്കാണ് വെള്ളം കുത്തനെ ഒഴുകുന്നത്. സെക്കൻഡിൽ അഞ്ചു ദശലക്ഷം ക്യുബിക് മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിന്റെ അളവ്. അതായത്, നയാഗ്ര വെള്ളച്ചാട്ടത്തിന്റെ 50,000 മടങ്ങ്. 1870കൾ മുതൽ സമുദ്രശാസ്ത്രജ്ഞർ കടലിലെ വെള്ളച്ചാട്ടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടായിരുന്നെങ്കിലും 1960കളിൽ ആധുനിക ഉപകരണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ അന്വേഷണം സാധ്യമായി.

Tags:    
News Summary - the Denmark Strait cataract The worlds largest waterfall is in the ocean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.