തക്കാളി ഉപയോഗിക്കാത്ത മലയാളികൾ ഒരുപക്ഷേ ഉണ്ടാവില്ല. നമ്മുടെ ഭക്ഷണശീലത്തിൽ ദിവസത്തിൽ പലതവണ തക്കാളി വന്നുപോകുന്നുണ്ട്. അറിഞ്ഞും അറിയാതെയും അത് നമ്മുടെ ഇഷ്ടപഴവർഗമായി മാറുകയും ചെയ്തു. ഫലത്തിൽ പഴമാണെങ്കിലും പച്ചക്കറികളുടെ ഗുണങ്ങളടങ്ങിയതുകൊണ്ട് ആ വിഭാഗത്തിലാണ് തക്കാളിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ തക്കാളിക്ക് അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്, പേടിപ്പെടുത്തുന്ന കഥ.
യൂറോപ്പുകാർ വർഷങ്ങളോളം പേടിയോടെയാണ് തക്കാളിയെ കണ്ടിരുന്നത്. 1700കളിൽ യൂറോപ്പുകാർ ഇത്രത്തോളം ഭയപ്പെട്ടിരുന്ന ഒരു പഴവർഗംതന്നെ ഉണ്ടായിരുന്നിരിക്കില്ല. ഇനി എന്തുകൊണ്ട് എന്നതിന് ഉത്തരം പറയാം. തക്കാളി ആദ്യമായി യൂറോപ്പിൽ ഉപയോഗിച്ചിരുന്ന സമയം. ഭംഗികൊണ്ടും നിറംകൊണ്ടും ആളുകളെ ഈ പഴം വല്ലാതെ ആകർഷിക്കുകയും ചെയ്തു. സ്വാഭാവികമായും പണക്കാരായ പ്രഭുക്കന്മാരുടെ പക്കലാണ് തക്കാളി ആദ്യമായി കിട്ടുന്നത്. അവർ അത് സന്തോഷത്തോടെ ഉപയോഗിക്കാനും തുടങ്ങി. പക്ഷേ, പതിയപ്പതിയെ പ്രഭുക്കന്മാരായ ആളുകൾ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മരിച്ചുതുടങ്ങി. എന്താണ് കാരണമെന്ന് അന്വേഷിച്ചവർക്ക് കൃത്യമായ ഉത്തരം കിട്ടിയിരുന്നതുമില്ല. ഈ മരിച്ചവരെല്ലാം മരണത്തിനുമുമ്പ് തക്കാളി കഴിച്ചിരുന്നു എന്ന കണ്ടെത്തലാണ് അന്ന് അവിടത്തുകാർ നടത്തിയത്. അങ്ങനെ തക്കാളിക്ക് പുതിയ പേരും വീണും 'പോയ്സൺ ആപ്പിൾ'. പിന്നീട് വിഷപ്പഴം എന്ന പേരിൽ തക്കാളി കുപ്രസിദ്ധി നേടി. തക്കാളി കഴിച്ചാൽ മരിക്കുമെന്ന പ്രചാരണവും വന്നു.
കാലങ്ങൾക്കുശേഷമാണ് പല കണ്ടെത്തലുകളും നടന്നത്. പല നാടുകളിലും തക്കാളി ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുമ്പോൾ അന്ന് യൂറോപ്പിൽ എങ്ങനെ തക്കാളി കഴിച്ച് ആളുകൾ മരിച്ചു എന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നു. മരിച്ചവരെല്ലാം പ്രഭുക്കന്മാരായിരുന്നു എന്നതായിരുന്നു കണ്ടെത്തിയ ആദ്യ വിവരം. ആ സമയത്ത് സാധാരണക്കാർ തക്കാളി ഉപയോഗിച്ചിരുന്നതായും വിവരം ലഭിച്ചു. തുടർന്നാണ് മറ്റൊന്ന് കണ്ടെത്തുന്നത്, ഈയത്തിന്റെ അംശം കൂടുതലുള്ള പ്യൂറ്റർ പ്ലേറ്റുകളായിരുന്നു അന്ന് പ്രഭുക്കന്മാർ ഉപയോഗിച്ചിരുന്നത് എന്ന്. തക്കാളി ആസിഡ് അടങ്ങിയ പഴമായതുകൊണ്ടുതന്നെ മുറിച്ച തക്കാളി ആ പ്ലേറ്റിൽ വെക്കുമ്പോൾ പ്ലേറ്റിലെ ഈയം ആസിഡിന്റെ പ്രവർത്തനഫലമായി ഒലിച്ചുപോകും. ഈ ഈയം അകത്തുചെന്നായിരുന്നു അക്കാലത്ത് ആളുകൾ അസുഖബാധിതരായി മരിച്ചിരുന്നതെന്നായിരുന്നു ആ കണ്ടെത്തൽ. എന്തൊക്കെയായാലും നൂറുകണക്കിന് വർഷങ്ങൾ യൂറോപ്പുകാർ തക്കാളിയെ ഒരു വിഷപ്പഴമായാണ് കണക്കാക്കിയത് എന്ന് ചരിത്രം.
അമേരിക്കയിലും തക്കാളിപ്പേടിയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ വിഷയം ഇതായിരുന്നില്ല. തക്കാളിയെ പണ്ട് വിഷമടങ്ങിയ പഴവർഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്, അതാണ് കാരണം. പിന്നീട് അമേരിക്കയിലും യൂറോപ്പിലുമടക്കം ലോകത്താകെ തക്കാളി വൻതോതിൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.