യാത്രകൾ എന്നും മനോഹരമാണ്. പല നാടുകളിലൂടെ പല കാഴ്ചകൾ കണ്ട് പല സംസ്കാരങ്ങളറിഞ്ഞ് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ അധികംപേരും. ചിലർ ആ ആഗ്രഹങ്ങൾ സാധ്യമാക്കുന്നുമുണ്ട്. ലോകത്ത് എല്ലായിടങ്ങളിലേക്കും യാത്ര സാധ്യമാകുമോ? ആഗ്രഹിച്ചാൽപോലും ചെന്നെത്താൻപറ്റാത്ത, യാത്രകൾ നിരോധിക്കപ്പെട്ട നിരവധി സ്ഥലങ്ങൾ ലോകത്തുണ്ടെന്ന് എത്രപേർക്കറിയാം? അങ്ങനെ ചില സ്ഥലങ്ങളുണ്ട്. മനോഹരമായ ഇടങ്ങൾ, പക്ഷേ അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷ ഉറപ്പ്! അങ്ങനെ ചില ഇടങ്ങളിലേക്കാണ് ഇത്തവണ കൂട്ടുകാരെ കൊണ്ടുപോകുന്നത്...
കൂട്ടുകാർ ഒരുപക്ഷേ സിനിമയിലും മറ്റും കേട്ടുകാണും ഏരിയ 51 എന്ന യാത്രികരെ നിരോധിക്കപ്പെട്ട സ്ഥലത്തെപ്പറ്റി. എന്താണ് ഏരിയ 51 എന്നതിനെക്കുറിച്ച് ഇപ്പോഴും സാധാരണ ജനങ്ങൾക്ക് കൃത്യമായി അറിയില്ല എന്നതാണ് സത്യം. ഭൂമിയിലെ ഏറ്റവും നിയന്ത്രണമുള്ള സ്ഥലമായാണ് ഇത് അറിയപ്പെടുന്നത്. യു.എസിലെ നെവാഡയിൽ ഒരു മരുഭൂമിയുടെ നടുവിലാണ് ഏരിയ 51 സ്ഥിതിചെയ്യുന്നത്.
യുനൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന്റെ അധീനതയിലാണ് ഈ സ്ഥലം. അന്യഗ്രഹജീവികളെയടക്കം പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നുണ്ട് ഏരിയ 51ൽ എന്ന കഥകൾ വരെ നിലവിലുണ്ട്. എന്തുതന്നെയായാലും ഇവിടേക്കു കടക്കുക എന്നത് അത്ര എളുപ്പമല്ല എന്നത് യാഥാർഥ്യം.
അന്തമാനിന്റെ ഭാഗമായ ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ ഐലൻഡ്. യാത്ര നിരോധിക്കപ്പെട്ട ഈ ദ്വീപിലേക്കെത്തിയ ഒരു യു.എസ് പൗരനെ ഇവിടത്തെ താമസക്കാരായ ഗോത്രവിഭാഗമായ സെന്റിനലുകൾ അമ്പെയ്ത് കൊന്നതോടെയാണ് ഈ ദ്വീപ് ആളുകൾക്കിടയിൽ ശ്രദ്ധനേടുന്നത്. ഇലകളും തോലുകളുംകൊണ്ട് ശരീരം മറച്ച്, അമ്പുകൊണ്ടും കുന്തംകൊണ്ടും വേട്ടയാടി ജീവിക്കുന്നവരാണ് ഇവിടത്തെ ഗോത്രവർഗക്കാര്‍.
അതിനാല്‍തന്നെ ദ്വീപിലേക്കെത്തുന്നതിനും ഈ ഗോത്രവർഗക്കാരുമായി ഇടപഴകുന്നതിനും ആളുകൾക്ക് വിലക്കുണ്ട്. മറ്റു മനുഷ്യരുമായുള്ള സാമീപ്യം ഇവർക്ക് അസുഖങ്ങൾ വരാനും അത് അവരുടെ ജീവിതവ്യവസ്ഥയെത്തന്നെ താളംതെറ്റിക്കാമെന്നും കാണിച്ചാണ് യാത്രക്ക് വിലക്കുവന്നത്. വിലക്കറിയാതെ ഈ ദ്വീപിലെത്തിയവരൊന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
മാരകവിഷമുള്ള പാമ്പുകൾ നിറഞ്ഞ ഒരു ദ്വീപുണ്ട് ബ്രസീലിൽ. പേര് ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെ എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. സാവോപോളോ നഗരത്തിൽനിന്ന് 21 മൈൽ ദൂരമേ ഈ ദ്വീപിലേക്കുള്ളൂ. ആകാശദൃശ്യങ്ങളിൽ ഇടതൂർന്ന മഴക്കാടുകളും മനോഹരമായ കുന്നുകളും മലകളും കാണാമെങ്കിലും ഈ ദ്വീപ് കരുതിവെക്കുക മരണമാണ്. ഭൂമിയിലെ ഏറ്റവും അപകടംപിടിച്ച സ്ഥലമാണ് ഇത് എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഇങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. തിരഞ്ഞെടുത്ത ഗവേഷകർക്കും ബ്രസീലിയൻ നാവികസേനക്കും മാത്രമേ നിലവിൽ ഈ ദ്വീപ് സന്ദർശിക്കാൻ അനുവാദമുള്ളൂ. ദ്വീപിലേക്ക് കാലെടുത്തുവെച്ചാൽ നിങ്ങളുടെ ഓരോ ചവിട്ടടിയിലും കുറഞ്ഞത് ഒരു പാമ്പെങ്കിലും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
വെറും 110 ഏക്കർ മാത്രമുള്ള ദ്വീപിൽ ഏകദേശം 4,30,000ത്തിലധികം പാമ്പുകളാണ് വിലസുന്നത്. ഓരോ ചതുരശ്ര മീറ്ററിലും രണ്ടുമുതൽ അഞ്ചുവരെ പാമ്പുകൾ. ലോകത്തിലെതന്നെ ഉഗ്രവിഷമുള്ള പാമ്പുകളിലൊന്നായ കുന്തത്തലയൻ സ്വർണ അണലിയുടെ വിഹാരകേന്ദ്രമാണിവിടം. കടിയേറ്റാൽ മാംസംപോലും ഉരുകിപ്പോകുന്ന കൊടുംവിഷമാണ് സ്വർണത്തലയൻ അണലിക്ക്. കുന്തംപോലുള്ള തലയും സ്വർണനിറവുമായതിനാലാണ് ഇവക്ക് കുന്തത്തലയൻ സ്വർണ അണലി എന്ന പേരുവന്നത്. ലോകത്തിൽ പാമ്പ്ദ്വീപിൽ ധാരാളമായി കുന്തത്തലയൻ സ്വർണ അണലികൾ ഉണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽനിന്ന് അപ്രത്യക്ഷമായതിനാൽ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തെ ജീവന്റെ കണികകളുടെ ‘ബാക്അപ്’ എന്നാണ് നോർവേയിലെ സ്വൽബാർഡ് സീഡ് വോൾട്ട് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള സസ്യവിത്തുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇടമാണ് ഇത്. ഭൂമിയിൽ ഏതെങ്കിലും കാലത്ത് മനുഷ്യരാശി ഇല്ലാതായാലും ഈ വിത്തുകൾ സംരക്ഷിച്ച് ഭൂമിയിൽ ജീവന്റെ കണിക നിലനിർത്തുകയെന്ന ഉദ്ദേശ്യമാണ് ഈ ബാക്അപ്പിനു പിന്നിൽ.
പുറത്തുനിന്ന് നിയന്ത്രണങ്ങളോടെ സന്ദർശകർക്ക് ഈ സ്ഥലം കാണാമെങ്കിലും ഉള്ളിലേക്കു കയറുക എന്നത് അസാധ്യമാണ്. ഭൂമിയിലെ ഏറ്റവും നിയന്ത്രിതമായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. മഞ്ഞുപുതച്ചുകിടക്കുന്ന ആർട്ടിക് പ്രദേശത്താണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
ചൈനയിലെ ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിലേക്ക് സന്ദർശകർക്കു പ്രവേശനമില്ല. 2000 വർഷക്കാലം ഒരു പിരമിഡിനുള്ളിലായിരുന്നു ഈ ശവകുടീരം. ഇത് കണ്ടെടുത്തത് എക്കാലത്തെയും മികച്ച പ്രവൃത്തിയായി രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട്.
ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഈ ശവകുടീരത്തിന്റെ രഹസ്യം ഇനിയും കണ്ടെത്താനായിട്ടില്ല. പുരാതന സ്ഥലത്തെ ബഹുമാനിക്കുന്നതിനുവേണ്ടിയാണ് ഈ സ്ഥലത്തേക്കുള്ള സന്ദർശനം നിരോധിച്ചതെന്നാണ് ചൈനീസ് ഭരണകൂടം അറിയിക്കുന്നത്. എന്നാൽ, പല കഥകളും ഇതിനുപിന്നിൽ പ്രചരിക്കുന്നുമുണ്ട്.
യാത്ര നിരോധിക്കപ്പെട്ട സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുമുണ്ട്. അതിൽ നിഗൂഢതകൾ ഏറെ നിറഞ്ഞ സ്ഥലമാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഭംഗാർ കോട്ട. അന്ധവിശ്വാസങ്ങളുടെയും പേടിപ്പെടുത്തുന്ന കഥകളുടെയും കേന്ദ്രമാണ് ഇവിടം. മരണങ്ങളുടെ നീണ്ട നിരതന്നെ ഈ കോട്ടയെ ചുറ്റിപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകളിൽ നിറഞ്ഞിരിക്കുന്നു.
രാത്രികാലങ്ങളിൽ ഇവിടെ സന്ദർശനത്തിന് അനുമതിയില്ല. ഒരു കൊച്ചു ഗ്രാമമാണ് ഭംഗാർ. ഇവിടം ഭരിച്ചിരുന്ന മധോ സിങ് ഒന്നാമനാണ് ഭംഗാര്‍ കോട്ട നിര്‍മിച്ചത്. അഞ്ചു പടുകൂറ്റൻ വാതിലുകളുള്ള മൂന്നു കോട്ടമതിലുകൾ കടന്നുവേണം ഭംഗാർ കോട്ടയുടെ ഉള്ളിലെത്താൻ. കോട്ടക്കുള്ളിൽ ക്ഷേത്രങ്ങളുടെയും കച്ചവടകേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. ഈ കോട്ടയെ ‘മോസ്റ്റ് ഹോണ്ടഡ്’ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിപുരാതനമായ പ്രദേശമാണ് ഫ്രാൻസിലെ ലാസ്കോക്സ് ഗുഹകൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു പ്രദേശങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
17,300 വർഷംമുമ്പുള്ള ചരിത്രാതീത പെയിന്റിങ്ങുകൾ ഈ ഗുഹയിലുണ്ടെന്ന് പറയപ്പെടുന്നത്. ഇത് നശിക്കാതിരിക്കാനാണ് ഇവിടേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നത്.
ഇറ്റലിയിലെ ഒരു ദ്വീപാണ് പൊവേലിയ. വെനീസിനും ലിഡോക്കും ഇടയിലാണ് ഈ കൊച്ചു ദ്വീപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന് എന്ന വിശേഷണവുമുണ്ട് ഈ സ്ഥലത്തിന്. യാത്രികർക്ക് ഈ ദ്വീപിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പണ്ട് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന സുന്ദരമായ ദ്വീപായിരുന്നു ഇത്. പൊവേലിയയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് പ്ലേഗ് എന്ന മഹാമാരിയാണ്.
കോടിക്കണക്കിന് ആളുകളാണ് യൂറോപ്പിൽ പ്ലേഗ് പിടിപെട്ട് മരിച്ചത്. മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാനാണ് പൊവേലിയ ദ്വീപിനെ തിരഞ്ഞെടുക്കുന്നത്. ഒന്നരലക്ഷത്തിലേറെപ്പേരെ ഇവിടെ കൂട്ടത്തോടെ കുഴിച്ചുമൂടി. പകുതി ജീവനോടെ അടക്കപ്പെട്ടവരും ഇതിലുണ്ടായിരുന്നു. ഈ സംഭവത്തോടെ അവിടം ആളുകള്‍ ഭയത്തോടെ മാത്രം നോക്കുന്ന പ്രദേശമായി. പിന്നീട് പകര്‍ച്ചവ്യാധികൾ പിടിപെടുന്നവരെ ഈ ദ്വീപില്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായി. പ്രേതബാധയുള്ള ഇടമായാണ് ഈ സ്ഥലത്തെ ആളുകൾ കാണുന്നത്. അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണ് ഇവിടം.
യു.എസിലെ കെന്റക്കിയിൽ സ്ഥിതിചെയ്യുന്ന ഫോർട്ട് നോക്സ് ആണ് സന്ദർശകർക്ക് പ്രവേശനമില്ലാത്ത മറ്റൊരിടം. യുനൈറ്റഡ് സ്റ്റേറ്റ്സിലെ സ്വർണശേഖരത്തിന്റെ പകുതിയോളം ഇവിടെയാണുള്ളത്. ലോകത്തിലെ ഏറ്റവും കനത്ത സുരക്ഷയുള്ള സ്ഥലമായും ഇത് അറിയപ്പെടുന്നു. സ്റ്റാഫ് അംഗങ്ങൾക്കുപോലും ഫോർട്ട് നോക്സിന്റെ ഉൾഭാഗത്തേക്ക് പ്രവേശനമില്ല എന്നതാണ് മറ്റൊരു കാര്യം.
സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കുപോലും തനിച്ച് ഇതിനകത്ത് കടക്കാനാവില്ല. പലവലിധ കോമ്പിനേഷനുകളടങ്ങിയ രഹസ്യ കവാടങ്ങളാണ് ഇതിനുള്ളത്. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ കഴിയുന്നത്ര കരുത്തുറ്റതാണ് കെട്ടിടം.
എന്നും രഹസ്യങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇടമാണ് വത്തിക്കാൻ. വത്തിക്കാൻ സിറ്റിയിൽ പക്ഷേ ആളുകൾക്ക് പ്രവേശനമില്ലാത്ത ഒരു സ്ഥലമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ‘വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ്’ ആണത്. വത്തിക്കാൻ നഗരത്തിൽ ഭൂഗർഭ അറയിലാണ് വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ്.
ചരിത്രപരമായ രേഖകൾ, വിവിധ രാജ്യങ്ങളെ സംബന്ധിച്ച രേഖകൾ, മാർപാപ്പയുടെ അക്കൗണ്ട് ബുക്കുകൾ, ഔദ്യോഗിക കത്തുകൾ, വിശുദ്ധ സിംഹാസനത്തിന്റെ ചരിത്രസംബന്ധമായ വിവരങ്ങൾ തുടങ്ങി അതീവ രഹസ്യസ്വഭാവമുള്ള പുരാതന സൂക്ഷിപ്പുകൾവരെ ഇവിടെയുണ്ട്. നിലവിൽ മാർപാപ്പക്കു കീഴിലാണ് സ്റ്റേറ്റ് ആർക്കൈവ്സ്. ആർക്കൈവ്സ് പരിപാലിക്കുന്ന കുറച്ച് ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും ഇവിടേക്കു പ്രവേശനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.