''പാലക്കാടുള്ള അജ്മലും ദുബൈയിലുള്ള ദാമുവും മെറ്റാവേഴ്സിൽ ഒരുമിച്ചിരുന്ന് ചെസ് കളിച്ചു. വാണിവിലാസം യു.പി സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് അവധിക്ക് ബഹിരാകാശത്തേക്ക് ടൂറ് പോയി. സുഗുണൻ 10 ബിറ്റ്കോയിൻ കൊടുത്ത് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി. കേശു െഎപാഡിൽ വരച്ച ചിത്രം 25 ലക്ഷം രൂപക്ക് എൻ.എഫ്.ടിയായി വിറ്റു'' - പിച്ചും പേയും പറയുന്നതല്ല... 2022മുതലങ്ങോട്ട് കൂട്ടുകാർ ചിലപ്പോൾ കേൾക്കാനിടയുള്ള കാര്യങ്ങളാണിവ.
കോവിഡ് മഹാമാരിക്ക് മുമ്പുള്ള ലോകമല്ല ഇനി വരാനുള്ള വർഷങ്ങളിൽ നമ്മെ കാത്തിരിക്കുന്നത്. ഈ ആഗോളപ്രതിസന്ധിയുടെ ദീർഘകാല സ്വഭാവം മനുഷ്യരുടെ ദൈനംദിന ജീവിതരീതിയെയും അവരുടെ ആവശ്യങ്ങളെയും പാടേ മാറ്റിമറിച്ചു എന്ന് പറയാം.
കോവിഡിനെ പോലും നോക്കുകുത്തിയാക്കി കുതിച്ച ടെക്നോളജി രംഗം 2022ലും തുടർന്നും നമുക്ക് വാഗ്ദാനം ചെയ്യാൻ പോകുന്നത് അവിശ്വസനീയമായ പലതുമാണ്. അപ്പോൾ അന്തംവിട്ട് നിൽക്കാൻ റെഡിയായിക്കോളൂ...
മെറ്റാവേഴ്‌സ് എന്ന മായിക ലോകം
ആനിമേഷൻ സിനിമകളും കാർട്ടൂണുകളും കാണുേമ്പാൾ എപ്പോഴെങ്കിലും അതിലെ കഥാപാത്രമായി ഒന്ന് ജീവിക്കാൻ കൊതി തോന്നിയിട്ടുണ്ടോ...? കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളും ഉദ്വേഗവും നിറഞ്ഞ ഗെയിമുകൾ കളിക്കുേമ്പാൾ ആ ലോകത്തേക്ക് ഒന്ന് പോവാൻ ആഗ്രഹിച്ചിട്ടുണ്ടോ...? മണ്ടത്തരമെന്നും അസംഭവ്യമെന്നും കരുതി ചിരിച്ചുതള്ളാൻ വരെട്ട, അത്തരമൊരു ലോകം യാഥാർത്ഥ്യമാക്കാനുള്ള പുറപ്പാടിലാണ് ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ്.
എന്താണ് മെറ്റാവേഴ്‌സ്..?
'ഇൻറർനെറ്റ് മാറാൻ പോവുകയാണ്.. അതിെൻറ പുതിയ ഭാവം മെറ്റാവേഴ്‌സ് ആയിരിക്കും', 2021 ഒക്ടോബർ 28ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും അടങ്ങുന്ന തെൻറ കമ്പനിയുടെ പേര് 'മെറ്റാ' എന്നാക്കിയ വേളയിൽ മാർക്ക് സുക്കർബർഗ് പറഞ്ഞ വാക്കുകളാണിത്. 'സോഷ്യൽ മീഡിയയുടെ ഭാവി മെറ്റാവേഴ്സിലാണ്' എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ഒരു 'വെർച്വൽ ലോകം' എന്ന് 'മെറ്റാവേഴ്സി'നെ വിളിക്കാം. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, (ഒരു ഡിജിറ്റൽ പ്രപഞ്ചത്തിൽ മനുഷ്യർ ജീവിക്കുന്ന) 3D വിഡിയോ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമായിരിക്കും മെറ്റാവേഴ്‌സ്. വി.ആർ ഹെഡ്സെറ്റ് ധരിച്ച് മനുഷ്യർക്ക് സാധാരണ ജീവിതത്തിലെന്ന പോലെ വെർച്വൽ ലോകത്ത് ഡിജിറ്റൽ അവതാരങ്ങളായി പരസ്പരം കാണാനും സൊറ പറയാനും സാധിക്കും.
ഇൻറർനെറ്റിൽ ഇപ്പോൾ എന്തെല്ലാം സാധ്യമാണോ അതെല്ലാം തന്നെ മെറ്റാവേഴ്‌സിലും കാണും. പക്ഷെ ഓഗ്മെന്റഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരിക്കുമത്. വിദേശത്തുള്ള നിങ്ങളുടെ കൂട്ടുകാർക്കൊപ്പം ഡിജിറ്റൽ ലോകത്ത് ഒരുമിച്ച് ഫുട്ബാൾ കളിക്കുന്നത് ആലോചിച്ച് നോക്കൂ.. എന്ത് രസമായിരിക്കും..
അമ്പോ എന്തൊരു ദീർഘ വീക്ഷണം..!
ഏറ്റവും കൗതുകമുണർത്തുന്ന കാര്യം 1992-ൽ നീൽ സ്റ്റീഫെന്‍സണ്‍ എന്ന എഴുത്തുകാരെൻറ തൂലികയിൽ പിറന്ന 'മെറ്റാവേഴ്‌സ്' എന്ന മായിക ലോകമാണ് മാർക്ക് സുക്കർബർഗ് യാഥാർത്ഥ്യമാക്കാനൊരുങ്ങുന്നത്. അദ്ദേഹത്തിെൻറ 'സ്നോ ക്രാഷ്' എന്ന നോവലിലാണ് ആദ്യമായി ഇൗ പദം ഉപയോഗിക്കപ്പെടുന്നത്. നോവലിൽ യഥാർത്ഥ ലോകത്തിെൻറ ത്രിമാന പതിപ്പായാണ് 'മെറ്റാവേഴ്സി'നെ പരിചയപ്പെടുത്തുന്നത്. ആ ലോകത്ത്, ഡിജിറ്റൽ അവതാറുകളായി മനുഷ്യർ പരസ്പരം ഇടപഴകുന്നതുമൊക്കെ നോവലിൽ പറയുന്നുണ്ട്. 20 വർഷങ്ങൾക്ക് ശേഷം സുക്കർബർഗ് ആ ലോകം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
ഡിജിറ്റൽ ലോകം കീഴടക്കാൻ ടെക് ഭീമൻമാരുടെ യുദ്ധം
മെറ്റാവേഴ്‌സ് എന്ന വെർച്വൽ പ്രപഞ്ചത്തിലേക്ക് കണ്ണുനട്ടിരിക്കുന്നത് സുക്കർബർഗ് മാത്രമല്ല, ചൈനീസ് ടെക് ഭീമൻമാരായ ഹ്വാവേയും ബൈറ്റ് ഡാൻസും ടെൻസെൻറും ആലിബാബയും അതിനായി ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു. തങ്ങളുടെ പ്രത്യേകതയേറിയ എ.ആർ ഗ്ലാസുകൾ വൈകാതെ വിപണിയിലെത്തിക്കാനുള്ള പുറപ്പാടിലാണ് ആപ്പിൾ. ടീംസ് പ്ലാറ്റ്ഫോമും ഗെയിമിങ്ങുമായി വരുന്ന ബിൽ ഗേറ്റ്സിെൻറ മൈക്രോസോഫ്റ്റ്, മെറ്റാവേഴ്സിനെ സംബന്ധിച്ച് ലോകം ഏറ്റവുമധികം ഉറ്റുനോക്കുന്ന കമ്പനിയാണ്. സ്നാപ് ചാറ്റ്, വിചാറ്റ്, ആമസോൺ, സ്പോട്ടിഫൈ എന്നീ കമ്പനികളും തങ്ങളുടെ സാന്നിധ്യമറിയിക്കാനായി പണിതുടങ്ങിയിട്ടുണ്ട്.
എന്തായാലും 2022 മെറ്റാവേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ വർഷമാണ്. ആ മായിക ലോകത്തേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്ന വർഷമായിരിക്കുമിത് തീർച്ച.
ബ്ലോക് ചെയിനും ക്രിപ്‌റ്റോ കറൻസിയും
സമീപകാലത്തായി കൂട്ടുകാർ ഇടക്കിടെ കേൾക്കുന്ന വാക്കുകളായിരിക്കും ബ്രോക് ചെയിനും ക്രിപ്‌റ്റോ കറൻസിയും ബിറ്റ്കോയിനും. 2022ൽ ഇന്ത്യയിലടക്കം വലിയ തരംഗമായി മാറാൻ പോകുന്ന ക്രിപ്‌റ്റോ കറൻസി, ലളിതമായി പറഞ്ഞാൽ ഒരു 'ഡിജിറ്റൽ പണ'മാണ്. അവ കാണാനോ സ്പർശിക്കാനോ കഴിയില്ല. എന്നാൽ അവയ്ക്ക് മൂല്യമുണ്ട് താനും. അതേസമയം ബാങ്ക് പോലെ അതിനൊരു കേന്ദ്രീകൃത അതോറിറ്റിയില്ല. പകരം ബ്ലോക് ചെയിൻ സാേങ്കതിക വിദ്യയാണ് ക്രിപ്‌റ്റോ കറൻസിയുടെ അടിസ്ഥാനം.
ഇലക്ട്രോണിക് രൂപത്തിലുള്ള ഇവ 2008ൽ ശതോഷി നാേക്കാമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയോ സംഘമോ ആണ് ആദ്യമായി അവതരിപ്പിച്ചത്. ഭൗതിക രൂപമില്ലാത്ത ക്രിപ്‌റ്റോ കറൻസിയുടെ ഏറ്റവും വലിയ പ്രത്യേകത ലോകത്ത് എവിടെനിന്നും എവിടേക്ക് വേണമെങ്കിലും എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും അവ കൈമാറ്റം ചെയ്യാം എന്നതാണ്. ക്രിപ്റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച് ഡാറ്റ മൈനിങ്ങിലൂടെയാണ് ഇവ നിലവിൽവന്നത്.
ബ്ലോക്ചെയിൻ
എല്ലാ ക്രിപ്‌റ്റോ കറൻസി ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭീമൻ ഓൺലൈൻ ഡിജിറ്റൽ കണക്ക് പുസ്തകം എന്ന് ബ്ലോക്ക് ചെയിനിനെ ലളിതമായി പറയാം. ഈ കണക്ക് പുസ്തകത്തിലെ ഓരോ വ്യക്തിയുടെ പേരിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകൾ നടന്നോ എന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോഡിനെ ബ്ലോക് എന്ന് വിളിക്കാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന് രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. എത്ര പങ്കാളികള്‍ക്ക് വേണമെങ്കിലും ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും.
വിവരങ്ങള്‍ തീർത്തും സുതാര്യമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്തിെൻറ വിവിധ നഗരങ്ങളിൽ വിവിധ നെറ്റ്വർക്കുകളിലായാണ് ബ്ലോക് ചെയിനിൽ വിവരങ്ങൾ ശേഖരിച്ചുവെക്കുന്നത്. അതിനാൽതന്നെ ഒരിടത്തെ വിവരങ്ങളിൽമാത്രം കൃത്രിമം കാണിക്കാനാവില്ല. അഴിമതി നടക്കില്ലെന്ന് ചുരുക്കും. ഡിജിറ്റൽ കറൻസിക്കുപുറമെ മറ്റു മേഖലകളിലേക്കും ഈ സാങ്കേതിക വിദ്യ അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖല, റീട്ടെയിൽ, ഗതാഗതം, റിയൽ എസ്‌റ്റേറ്റ്, ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈൽ ഇടപാടുകൾ അങ്ങനെ നീണ്ടുപോകുന്നു.
ബിറ്റ്കോയിൻ
ആദ്യമായി രൂപംകൊണ്ട ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്കോയിൻ. ലോഹ നിർമിതമായ നാണയമോ കടലാസ് നോട്ടോ അല്ലാത്ത ഇവ 2009ലാണ് അവതരിപ്പിക്കപ്പെട്ടത്. അതേസമയം, 2013 മുതലാണ് ബിറ്റ്കോയിന് കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങിയത്. 2009ൽ 34 പൈസ മാത്രമായിരുന്നു ബിറ്റ്കോയിെൻറ മൂല്യം. എന്നാൽ, ഇപ്പോഴത് 50 ലക്ഷത്തിനടുത്താണ്. അതായത് ഒരു ബിറ്റ് കോയിൻ ഇപ്പോൾ വാങ്ങണമെങ്കിൽ അത്രയും പണം മുടക്കണം എന്നർഥം. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസികളെ എക്സ്ചേഞ്ച് സംവിധാനം വഴി നമ്മുടെ സാധാരണ പണമാക്കി മാറ്റാനും പറ്റും. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ വഴിയും വാലറ്റുകൾ വഴിയുമൊക്കെ നമുക്ക് ക്രിപ്‌റ്റോ കറൻസി രൂപയാക്കി മാറ്റാം.
കലാകാരൻമാരെ കൊതിപ്പിക്കുന്ന എൻ.എഫ്.ടി
ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി ട്വിറ്റർ നിർമിച്ചതിന് ശേഷം അതിലിട്ട ആദ്യത്തെ ട്വീറ്റ് 22 കോടി രൂപയ്ക്ക് വിറ്റു. 2011ൽ ഇൻറർനെറ്റിൽ തരംഗമായ 'nyan cat' എന്ന വൈറൽ മീം 3.5 കോടി രൂപയ്ക്ക് വിറ്റുപോയി. പിതാവ് ഹരിവംശ് റായി ബച്ചൻ രചിച്ച കവിതകൾ തെൻറ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് ഒാൺലൈനിൽ വിൽപ്പനക്ക് വെച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന് ലഭിച്ചത് ഏഴ് കോടിയിലധികം രൂപ.
ഇതുപോലെ, ചിത്രങ്ങളും വിഡിയോകളും ആനിമേഷനുകളും ശബ്ദങ്ങളുമൊക്കെ വിറ്റ് ആളുകൾ കോടികളുണ്ടാക്കുന്നു. ഇതെന്ത് മറിമായം...? ഇൻറർനെറ്റിലൂടെ എല്ലാവരും കണ്ടതും ആർക്കും സ്ക്രീൻഷോെട്ടടുക്കാനും ഡൗൺലോഡ് ചെയ്തെടുക്കാനും പങ്കുവെക്കാനുമൊക്കെ കഴിയുന്ന ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് ആളുകൾ ഇത്രയും പണം നൽകുന്നത്. സംശയം ഒരുപാടുണ്ടാകും അല്ലേ...?
എങ്കിൽ, അറിയണം, അവയെല്ലാം വിറ്റുപോയത് നോൺ-ഫഞ്ചിബിൾ ടോക്കൺ അഥവാ എൻ.എഫ്.ടി ആയാണ്. അതുപോലെ കോടിക്കണക്കിന് രൂപയ്ക്ക് മറ്റനേകം ഡിജിറ്റൽ കലാസൃഷ്ടികൾ വിറ്റുപോയിട്ടുണ്ട്. അപ്പോൾ എന്താണ് എൻ.എഫ്.ടി എന്ന് പരിശോധിക്കാം.
ഈ വർഷം ഏറെ ജനപ്രീതിയാർജിച്ച ഒരു തരം ഡിജിറ്റൽ അസറ്റാണ് എൻ.എഫ്.ടി. സൃഷ്ടികൾക്കോ കലാരൂപങ്ങൾക്കോ ലഭിക്കുന്ന ഡിജിറ്റൽ ലൈസൻസെന്നും ഇതിനെ പറയാം. ഡിജിറ്റൽ കലാരൂപങ്ങൾ വിറ്റ് പണം കണ്ടെത്താനുള്ള അവസരമാണ് ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻ.എഫ്.ടി ഒരുക്കുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയാണ് എൻ.എഫ്.ടികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. കോടിക്കണക്കിന് രൂപയ്ക്കാണ് പലരും തങ്ങളുടെ ഡിജിറ്റൽ ആർട്ട് വർക്കുകൾ എൻ.എഫ്.ടിയായി വിൽക്കുന്നത്.
നമുക്കും പോകാം ബഹിരാകാശത്തേക്ക്...
ബഹിരാകാശ യാത്രകളെ കുറിച്ച് വായിക്കുേമ്പാഴും കേൾക്കുേമ്പാഴുമൊക്കെ അദ്ഭുതവും ഭീതിയുമൊക്കെ തോന്നാറില്ലേ. റോക്കറ്റിൽ കയറി ഒരിക്കലെങ്കിലും അവിടേക്ക് പോകാനും ആദ്യമായി ആകാശത്ത് നിന്ന് നമ്മുടെ ഭൂമിയെന്ന ഗ്രഹത്തിലേക്ക് നോക്കാനും കൊതി തോന്നിയവരുമുണ്ടാകും. എന്നാൽ, ശാസ്ത്ര പര്യവേക്ഷകർക്കു മാത്രം സാധിച്ചിരുന്ന ബഹിരാകാശ യാത്ര ഇനി സാധാരണക്കാർക്കും സ്വപ്നം കാണാം.
ആകാശത്തിന് വേണ്ടി കോടീശ്വരൻമാരുടെ യുദ്ധം
രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ രാജാക്കൻമാർ യുദ്ധം ചെയ്ത കഥകൾ കൂട്ടുകാർ കേട്ടിട്ടില്ലേ... എന്നാലിപ്പോൾ ലോകസമ്പന്നൻമാർ ആകാശം കീഴടക്കാനാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ആമസോൺ മേധാവി ജെഫ് ബെസോസ്, ടെസ്ല ഉടമയും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്, ബ്രിട്ടീഷ് ശതകോടീശ്വരനും വെർജിൻ മേധാവിയുമായ റിച്ചാർഡ് ബ്രാൻസൻ എന്നിവരാണ് ബഹിരാകാശം സ്വപ്നം കണ്ട് കോടികൾ പൊടിക്കുന്നത്.
മൂവരുടെയും ലക്ഷ്യം മറ്റൊന്നുമല്ല, 'ബഹിരാകാശ വിനോദസഞ്ചാരം' തന്നെ. അവധിക്കാലത്ത് ഉൗട്ടിയിലും മൂന്നാറിലും വീഗാലാൻഡിലുമൊക്കെ നമ്മൾ അടിച്ചുപൊളിക്കാൻ പോകുന്നത് പോലെ, ബഹിരാകാശവും ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ലോകസമ്പന്നൻമാർ ലക്ഷ്യമിടുന്നത്.
അതിനായി മൂന്നുപേരും വർഷങ്ങളായി മത്സരം തുടങ്ങിയിരുന്നു. എന്നാൽ, ആദ്യം ഒാടിയെത്തിയത് റിച്ചാർഡ് ബ്രാൻസനായിരുന്നു. തെൻറ കമ്പനി വെർജിൻ ഗലാക്റ്റിക് നിർമിച്ച സ്പെയ്സ് പ്ലെയിനായ വി.എസ്.എസിൽ ഭൂമിയുടെ വലയത്തിനപ്പുറത്തേക്ക് കുതിച്ച ബ്രാൻസൺ ബഹിരാകാശ ടൂറിസമെന്നത് വെറും മിഥ്യയല്ലെന്ന് തെളിയിച്ചു. ഇന്ത്യക്ക് അഭിമാനമായി ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ ബാൻഡ്ലയും 71 കാരനായ ബ്രാൻസനൊപ്പം ബഹിരാകാശ യാത്രയിൽ പെങ്കടുത്തിരുന്നു.
പിന്നാലെ ആമസോൺ മേധാവി ജെഫ് ബെസോസും സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശ യാത്ര നടത്തി ചരിത്രത്തിൽ ഇടം നേടി. നാല് സാധാരണക്കാരെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പോയ സ്പെയ്സ് എക്സിെൻറ 'ഇൻസ്പിരേഷൻ 4' ദൗത്യം വിജയിച്ചതോടെ ഇലോൺ മസ്കും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു.
2022 മുതല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര ആരംഭിക്കുമെന്നാണ് ബ്രാൻസണിെൻറ അവകാശവാദം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ധൈര്യവും ഒപ്പം ധാരാളം പണവുമുള്ള ആർക്കും ബഹിരാകാശത്തൊന്ന് പോയിവരാം...
ബഹിരാകാശത്തേക്ക് സീറ്റ് ബുക്ക് ചെയ്ത് മലയാളി
റിച്ചാർഡ് ബാൻസെൻറ വെർജിൻ ഗലാറ്റിക് ഇൗ വർഷം നടത്താനിരിക്കുന്ന ബഹിരാകാശ വിനോദയാത്രക്ക് ഇലോൺ മസ്ക് അടക്കമുള്ള കോടീശ്വരൻമാർ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പാണ്. 1.8 കോടി രൂപയാണ് ടിക്കറ്റ് ചാർജ്. അത്രയും വലിയ തുക നൽകി ബഹിരാകാശം സ്വപ്നം കണ്ട് കാത്തിരിക്കുന്നവരുടെ സംഘത്തിൽ നമ്മുടെ കേരളത്തിൽ നിന്നുള്ള ഒരാൾ കൂടിയുണ്ട്. മറ്റാരുമല്ല, സാക്ഷാൽ സന്തോഷ് ജോർജ് കുളങ്ങര.
യൂട്യൂബും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെ സജീവമാകുന്നതിന് മുമ്പ് ലോക കാഴ്ച്ചകൾ നമുക്ക് സഞ്ചാര വിഡിയോകളിലൂടെ കാണിച്ചുതന്ന അദ്ദേഹം ബഹിരാകാശത്തേക്ക് ടൂറിന് പോകുന്നതും തെൻറ പതിവ് തുടരാനാണ്. മറിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ 2022ൽ തന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ ബഹിരാകാശ യാത്രയുടെ വിഡിയോസഹിതമുള്ള വിശേഷങ്ങൾ നമുക്ക് 'സഫാരി' ടിവിയിലൂടെ കാണാൻ സാധിക്കും.
ഇനി 5ജി യുഗം
ഒരു സ്മാർട്ട്ഫോണും അതിൽ ഇൻറർനെറ്റുമുണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന അവസ്ഥയിലേക്ക് ലോകമെത്തി നിൽക്കുകയാണ്. കോവിഡ് കാലത്ത് ഒാൺലൈൻ ക്ലാസുകൾ സജീവമായതോടെ പഠിക്കാനും സ്മാർട്ട്ഫോണും ഇൻറർനെറ്റും നിർബന്ധമായി. ടെലിവിഷനും ഇപ്പോൾ സ്മാർട്ടായി. എന്തിന്, വീട്ടുപകരണങ്ങൾ പോലും ഇൻറർനെറ്റുമായി കണക്ട് ചെയ്യാൻ കഴിയുന്നിടം വരെ നാമെത്തി.
എല്ലാം കീഴടക്കിയ ഇൻറർനെറ്റ് ഇനി പഴയതുപോലാകില്ല. കണ്ണടച്ച് തുറക്കുന്നതിന് മുേമ്പ ഡാറ്റകൾ കൈമാറാൻ അനുവദിക്കുന്ന 5ജി നെറ്റ്വർക്ക് സജീവമാകാൻ പോവുന്ന വർഷമായിരിക്കും 2022. പല പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ 5ജി ലഭ്യമാകുന്നുണ്ടെങ്കിലും, ഇൗ വർഷത്തോടെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളും അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സാധ്യമാക്കാൻ കാര്യമായി പരിശ്രമിക്കും.
ഇൻറര്‍നെറ്റിെൻറ എറ്റവും പുതിയ ഭാവിയായ 5ജിയിലുടെ 4ജി നെറ്റ്‍വര്‍ക്കിനെക്കാള്‍ നൂറു മടങ്ങ് വേഗത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ കഴിയും. ഒരു സിനിമ 2ജി നെറ്റ് വര്‍ക്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയം രണ്ട് മണിക്കൂറും അത് 4 ജിയിലേക്ക് എത്തുമ്പോള്‍ 7 മിനിറ്റായി കുറയുന്നു. എന്നാല്‍ 5ജിയില്‍ വെറും പത്ത് സെക്കന്‍ഡുകള്‍ക്കുളളില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളര്‍ച്ചക്കും മാറ്റത്തിനും 5ജി പ്രയോജനം ചെയ്യും.
'അയ്യോ'ട്ടിക്കാലം -ഐ.ഒ.ടി (IOT)
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളുമെല്ലാം ഒരു നെറ്റ്വർക്കിൽ ബന്ധിപ്പിച്ച് ഇൻറർനെറ്റ് വഴി നിയന്ത്രിക്കുന്നത് സാധാരണമാണ്. എന്നാൽ, ഈ ഇൻറർനെറ്റ് സംവിധാനത്തിലൂടെ വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, സെൻസറുകൾ മറ്റു ഇലക്േട്രാണിക് ഉപകരണങ്ങൾ തുടങ്ങിയവ നിയന്ത്രിക്കാൻ സാധിച്ചാലോ... പറഞ്ഞുവരുന്നത് ഇൻറർനെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഒ.ടി -യെ കുറിച്ചാണ്.
വീട്ടിൽ നിന്നിറങ്ങി കോളജിലെത്തിയപ്പോഴാണ് ഫാനും എ.സിയും ഓഫ് ചെയ്യാൻ വിട്ടുപോയ കാര്യം ഒാർക്കുന്നത്. എന്ത് ചെയ്യും, തിരിച്ച് വീട്ടിലേക്ക് ഒാടേണ്ടതില്ല, സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഇവയൊക്കെ എവിടെനിന്നും നിയന്ത്രിക്കാൻ ഐ.ഒ.ടി വഴി സാധിക്കും. മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ, ബിൽഡിങ് ഹോം ഓട്ടോമേഷൻ, നിർമാണം, വ്യവസായം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും ഐ.ഒ.ടി ഇപ്പോൾ തന്നെ വ്യാപകമാവുന്നുണ്ട്. 5ജിയുടെ വരവോടെ, ഇൻറർനെറ്റ് ഓഫ് തിങ്സ് കൂടുതൽ മികവോടെ പ്രവർത്തിക്കും. 2022ൽ ഇൗ മേഖലയിൽ വലിയ കുതിച്ചുചാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
നിർമിത ബുദ്ധി
കൂട്ടുകാരനോട് ഫോണിലൂടെ പുതിയ ഷർട്ട് വാങ്ങേണ്ട കാര്യം പറഞ്ഞതേയുള്ളൂ, കുറച്ച് കഴിഞ്ഞ് ഫേസ്ബുക്ക് തുറന്നപ്പോൾ ദാ കിടക്കുന്നു അടിപൊളി ഷർട്ടിെൻറ പരസ്യം. അമ്മ എന്താണ് കറിയുണ്ടാക്കേണ്ടതെന്ന് ചോദിച്ചപ്പോൾ നല്ല ചിക്കൻ കറി മതിയെന്ന് പറഞ്ഞ അപ്പു, കുറച്ച് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോൾ ആദ്യം തന്നെ കണ്ടത് ഫിറോസ് ചുട്ടിപ്പാറ ചിക്കൻകറി വെക്കുന്ന വിഡിയോ.
യൂട്യൂബും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമടങ്ങുന്ന സമൂഹ മാധ്യമ ഭീമൻമാർ യൂസർമാരുടെ ഇത്തരം സംഭാഷണങ്ങളും ചാറ്റുകളും മറ്റ് ഇടപാടുകളും മനസിലാക്കി അവർക്ക് വേണ്ട കാര്യങ്ങൾ മുന്നിലെത്തിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അല്ലെങ്കിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ്.
അപ്പോൾ എന്താണ് നിർമിത ബുദ്ധിയെന്ന് കൂട്ടുകാർക്ക് സംശയമുണ്ടാകും. ലളിതമായി പറഞ്ഞാൽ, മനുഷ്യരെ പോലെ ബുദ്ധി ഉപയോഗിക്കാൻ കംപ്യൂട്ടറുകളെ ശീലിപ്പിക്കുന്ന രീതിയെയാണ് 'നിർമിത ബുദ്ധി' അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്നത്. മനുഷ്യെൻറ തലച്ചോറിനോളം കഴിവുള്ള കംപ്യൂട്ടറുകളെ സൃഷ്ടിക്കാൻ കഴിയില്ലെങ്കിലും മനുഷ്യർ ചെയ്യുന്ന പലതും കംപ്യൂട്ടറുകളെ ശീലിപ്പിക്കാൻ കഴയും.
ഇന്നത്തെ കാലത്ത് നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത മേഖലകളില്ല എന്ന് പറയേണ്ടിവരും. അനുദിനം വളർന്നു വരുന്ന വലിയൊരു ശാസ്ത്ര ശാഖയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഐടി എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം ഇപ്പോൾ തന്നെ വളരെ വലുതാണ്. എന്നാൽ, എ.െഎയുടെ സാധ്യതകൾ പതിവിലും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വർഷങ്ങളാണ് ഇനി വരാനിരിക്കുന്നത്്
വരും കാലങ്ങളില്‍ ബിസിനസിനെ നയിക്കാന്‍ പോകുന്ന സാങ്കേതിക വിദ്യകളായി പറയപ്പെടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിങ്ങിനെയുമാണ്. ഇവ രണ്ടും ഉപയോഗപ്പെടുത്തിയ കമ്പനികൾ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി അടുത്തിടെ മക്കിൻസി നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. വരും വർഷങ്ങളിൽ ഭൂരിപക്ഷം സംരംഭകരും അവരുടെ സ്ഥാപനങ്ങളെ ഐ.ഐയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സജ്ജരായിക്കഴിഞ്ഞതായി മറ്റൊരു സർവേയിൽ പറയുന്നുണ്ട്. വരുംവർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുന്ന ഐടി മേഖലയിലെ ഏറ്റവും വലിയ ശാസ്ത്ര ശൃംഖലയും ആർട്ടിഫിഷ്യൽ ഇൻറലിജൻസായിരിക്കും.
യെന്തിരൻമാരുടെ വർഷം
നമ്മുടെ ദൈനംദിന ജീവിതത്തിൽ റോബോട്ടിക്സിെൻറ ഉപയോഗം വർധിക്കുന്ന വർഷമായിരിക്കും 2022. കണ്ണൂർ ജില്ലയിൽ റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഹോട്ടൽ തുറന്ന വാർത്ത കൂട്ടുകാർ കൗതുകത്തോടെ കേട്ടിരുന്നിട്ടില്ലേ... അതുപോലെ മനുഷ്യന് സാധ്യമായതും അല്ലാത്തതുമായ ജോലികൾ പ്രതിഫലം വാങ്ങാതെ ചെയ്യുന്ന 'യെന്തിരന്മാർ' ലോകത്ത് സജീവമാകാൻ പോവുകയാണ്. ആരോഗ്യ രംഗം, വ്യാവസായിക മേഖല, കാർഷിക രംഗം തുടങ്ങി സർവ്വ മേഖലകളിലും വരും വർഷങ്ങളിൽ റോബോട്ടുകളുടെ സേവനം പതിവിൽ കൂടുതൽ ഉപയോഗപ്പെടുത്തിയേക്കും.
റോബോട്ടിക്സിെൻറ സാധ്യതകൾ ഉപയോഗപ്പെടുത്തി നിരത്തുകളിൽ ഡ്രൈവറില്ലാത്ത കാറുകൾ ഒാടിത്തുടങ്ങാൻ തയ്യാറെടുക്കുകയാണ്. അത്തരമൊരു കാറിെൻറ പണിപ്പുരയിലാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. മറ്റ് കമ്പനികളും അവരുടേതായ ശ്രമങ്ങൾ ഇൗ മേഖലയിൽ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.