ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എപ്പോഴും സഞ്ചാരികളുണ്ടാവും. എന്നാൽ, അവിടെ എന്താണ് നടക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പരീക്ഷണങ്ങളും പഠനങ്ങളുമാണെന്ന് അറിയാം. എന്നാൽ, മാസങ്ങളോളം അവിടെ കഴിയുന്നവർ എങ്ങനെ ഭക്ഷണം കഴിക്കും കുളിക്കും ഉറങ്ങും എന്നൊക്കെ ചിന്തിച്ചുനോക്കൂ. കാരണം, ബഹിരാകാശ നിലയത്തിൽ ഒരു തുള്ളി വെള്ളം വീണാൽപോലും അവ ഗോളമായി കറങ്ങിനടക്കുമല്ലോ.
ഒന്നിനും മടിപിടിച്ച് കളയാൻ അവരുടെ കൈയിൽ സമയമില്ല. 12 മണിക്കൂറും ജോലിതന്നെ. കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് ജോലിയും ഭക്ഷണവും വിനോദവും വ്യായാമവും ഉറക്കവും പ്രഭാതകൃത്യവുമെല്ലാം.
പല്ല് തേച്ചുകഴിഞ്ഞാൽ അത് എവിടെ തുപ്പിക്കളയും? അതാണ് ബഹിരാകാശനിലയത്തിലെ പ്രധാന പ്രശ്നം. പല്ല് തേച്ചശേഷം പേസ്റ്റ് ഇറക്കിക്കളയുകയാണ് അവർ ചെയ്യുക. തുപ്പിയാൽ അവ വായുവിലൂടെ പാറി നടക്കും.
കുളിക്കാനായി ബഹിരാകാശനിലയത്തിൽവെച്ച് ശരീരത്തിലേക്ക് വെള്ളമൊഴിച്ചാൽ അത് ഗോളാകൃതിയിൽ പാറിനടക്കുകയേ ചെയ്യൂ. അതുകൊണ്ട് അവിടെ കുളിയില്ല. പ്രത്യേകതരം സോപ്പ് കലർത്തിയ തുണി വെള്ളത്തിൽ മുക്കി ശരീരം തുടക്കുകയാണ് ചെയ്യുക. വസ്ത്രങ്ങൾ അലക്കുകയും ചെയ്യാറില്ല. ഒരുപാടുനാൾ ഒരേ വസ്ത്രം ഉപയോഗിക്കും. ശേഷം ഇവ നിലയത്തിൽ ശേഖരിച്ചുവെച്ച് ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികളുടെ കൈയിൽ കൊടുത്തുവിടും.
ഭക്ഷണം കഴിക്കുന്നതാണ് മറ്റൊരു ടാസ്ക്. ഇവിടെ മൂന്നുനേരവും ഭക്ഷണം കഴിക്കാം. പക്ഷേ, അടുക്കളയും പാചകവുമില്ല. കേടുവരാത്ത രീതിയിൽ തയാറാക്കി ഭൂമിയിൽനിന്നെത്തിക്കുന്ന പ്രത്യേകതരം ഭക്ഷണമാണ് അവർ കഴിക്കുക. ഇറച്ചിയും നട്സും ആപ്പിളും വാഴപ്പഴവുമെല്ലാം കിട്ടും. സമയാസമയം അവ പുറത്തെടുത്ത് കഴിക്കും.
വായുമർദം ഉപയോഗപ്പെടുത്തി വിസർജ്യം വലിച്ചെടുക്കുന്ന ടോയ്ലറ്റുകളാണ് ബഹിരാകാശനിലയത്തിൽ തയാറാക്കിയിരിക്കുന്നത്. ഇവ ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികൾ നീക്കം ചെയ്യും. സക്കിങ് പൈപ്പുകൾ വഴിയാണ് മൂത്രം ഒഴിവാക്കുക.
പ്രത്യേകതരം പെട്ടിയിൽ കിടന്നാണ് ബഹിരാകാശനിലയത്തിലെ ഉറക്കം. ബെൽറ്റിട്ട് സ്ലീപ്പിങ് ബാഗുകളിൽ കയറിനിന്നും ഇവിടെ ഉറങ്ങാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ ബഹിരാകാശ നിലയത്തിൽ ആകെ പാറിനടന്ന് ഉറങ്ങേണ്ടിവരും. അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു ദിവസം 16 തവണ ഭൂമിയെ ചുറ്റും. അതായത് എന്നും 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും നിലയത്തിൽനിന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.