'ഇ' കാലത്തെ​ ചില ന്യൂ​ജൻ വായനകൾ

കാലം മാറുമ്പോള്‍ കോലവും മാറുമെന്ന്​ പഴമക്കാര്‍ പറയാറുണ്ട്. ശരിയാണ് കാലം അതിവേഗമാണ് മാറുന്നത്. കണ്ണടച്ചു തുറക്കുമ്പോഴേക്ക് ചുറ്റിലുമുള്ളതുമൊക്കെ മാറി മറിയുന്ന കാഴ്ചകള്‍. കുറച്ചുകാലം മുമ്പുവരെ ഉറക്കെയുറക്കെ കേട്ടിരുന്നു, വായന മരിക്കുന്നു എന്ന്. മാറിയ കാലത്ത് വായന മരിക്കുകയല്ല ചെയ്തതെന്നതാണ് സത്യം. വായനയുടെ കോലം മാറി. മാറിയ കോലമാകട്ടെ വായനക്ക്​ കൂടുതല്‍ സുഖം നല്‍കുന്നതും. ചുരുക്കത്തില്‍ ഒരു ന്യൂ ജന്‍ മുഖം.

ഇന്ന് ലോകത്ത് വായന കൂടി വരികയാണെന്നാണ് മനസിലാക്കാന്‍ കഴിയുക. മലയാളത്തില്‍തന്നെ വായിക്കുന്നവരുടെ എണ്ണം കൂടിവന്നു. എഴുത്തുകാരുടെയും. രണ്ടു സാധ്യതകളാണ് ഇതിലേക്കു വഴിതെളിച്ചത്. വിവരസാങ്കേതിക വിദ്യയുടെ വികാസം. വിവരസാങ്കേതിക വിദ്യ മുന്‍ കാലത്തേക്കാള്‍ അതിവേഗം വികസിച്ചപ്പോള്‍ വായനക്കാരുടെ എണ്ണത്തില്‍ എങ്ങനെ വര്‍ധനയുണ്ടായി എന്നതു ന്യായമായ ഒരു സംശയം തന്നെയാണ്.

അതില്‍ പ്രധാനം സോഷ്യല്‍മീഡിയ അഥവാ സമൂഹമാധ്യമം പ്രചുരപ്രചാരത്തിലായതാണ്. ഒപ്പം തന്നെ ഇൻറര്‍നെറ്റ് നിരക്കുകള്‍ കുറഞ്ഞതോടെ സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. ക്ലാസിക് എഴുത്തുകള്‍ മുതല്‍ വളരെ നിസാരമെന്നു തോന്നാവുന്ന സാഹിത്യ സൃഷ്​ടികള്‍ വരെ ഇന്ന്​ ആദ്യം ഇടംപിടിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഒരു പുസ്തകമോ രചനയോ പൂര്‍ണമായി അല്ലെങ്കില്‍ പോലും ഖണ്ഡശയോ അല്ലെങ്കില്‍ അറിയിപ്പു രൂപത്തിലോ സോഷ്യല്‍മീഡിയയില്‍ വരുന്നു.

മുന്‍കാലത്തുണ്ടായിരുന്ന പത്രാധിപര്‍ എന്ന സങ്കല്‍പവും സോഷ്യല്‍മീഡിയ പൊളിച്ചെഴുതിയതോടെ നിരവധി എഴുത്തുകാരും രംഗപ്രവേശം ചെയ്തു. എഴുത്തുകാര്‍ക്കൊക്കെ നിരവധി വായനക്കാരെ കിട്ടുന്ന സാഹചര്യമാണ് സോഷ്യല്‍മീഡിയയിലുള്ളത്. അതുപോലെ മറ്റൊന്നാണ് ഇ ബുക്കുകള്‍. ഇ ബുക്കുകളാണ് ഇന്നു വലിയ തോതില്‍ വായനയെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ലോകത്തെ ഒട്ടു മിക്ക പ്രസാധകരും ഇപ്പോള്‍ പുസ്തകരൂപത്തില്‍ ഇറക്കുന്നതിനൊപ്പം ഇൻറര്‍നെറ്റില്‍ വായിക്കാവുന്ന പുസ്തക രൂപത്തിലും പ്രസാധനം നിര്‍വഹിക്കുന്നു.

വായനയുടെ ആദിമകാലം മുതല്‍ ഇന്നുവരെയുള്ള രൂപാന്തരങ്ങള്‍ പരിശോധിച്ചാല്‍ എല്ലാക്കാലത്തും കാലാനൂസൃതമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നു കാണാം. കടലാസി​െൻറ കണ്ടുപിടിത്തത്തിനും മുമ്പും സാഹിത്യവും വായനയുമുണ്ടായിരുന്നു. അത് താളിയോലകളിലും മറ്റുമായിരുന്നു. കടലാസിന്റെ കണ്ടുപിടിത്തവും അച്ചടിയുടെ കണ്ടുപിടിത്തവും പ്രസാധനകലയുടെ രൂപം മാറ്റി. ഒപ്പം വായനയും. അതിവേഗ അച്ചടി സംവിധാനങ്ങള്‍ വന്നതോടെ കൂടുതല്‍ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തി. അച്ചടിയുടെ സ്ഥാനമാണ് ഇപ്പോള്‍ ഇൻറര്‍നെറ്റ് കൈയടക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ ബുക്ക് അഥവാ ഇ ബുക്ക്

കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ടാബ്ലെറ്റിലോ എന്തിനു മൊബൈല്‍ ഫോണില്‍ പോലും എമണ്ടന്‍ പുസ്തകം വായിക്കാം. ഇതാണ്​ 'ഇ' കാലം വരുത്തിയ മാറ്റം. മുമ്പു വലിയൊരു പുസ്തകം വായിക്കണമെങ്കില്‍ പലതായിരുന്നു തടസങ്ങള്‍. പുസ്തകം വാങ്ങണം... അതു ചുമക്കണം... നിവര്‍ത്തിവച്ചു വായിക്കാന്‍ സ്ഥലം വേണം. സൂക്ഷിക്കാന്‍ സംവിധാനം വേണം. ഇതെല്ലാം ഇന്ന് ഇത്തിരിക്കുഞ്ഞന്‍ സ്ഥലത്തേക്കു ചുരുക്കി എന്നതാണ് ഡിജിറ്റല്‍ ബുക്കുകള്‍ വന്നതി​െൻറ ഗുണം. അച്ചടിച്ച പുസ്തകങ്ങളുടെ ഇ പതിപ്പുകളാണ് ആദ്യ കാലങ്ങളില്‍ ഇ ബുക്കുകളായി ഇറങ്ങിയിരുന്നതെങ്കില്‍ ഇന്ന് അച്ചടിക്കാതെ 'ഇ' രൂപത്തില്‍ മാത്രം ഇറങ്ങുന്ന പുസ്തകങ്ങളുമുണ്ട്.

'ഇ' കാലത്തെ വായനക്ക്​ ഇ ബുക്കുകള്‍ മതിയെന്ന നിലയില്‍ എഴുത്തുകാരും പ്രസാധകരും തീരുമാനിക്കുന്ന സാഹചര്യം. 'ഇ' ബുക്കുകള്‍ വളരെ മുമ്പേ ഉണ്ടായെങ്കിലും അതിനെല്ലാം അതി​േൻറതായ സാങ്കേതിക വിദ്യകള്‍ വേണമായിരുന്നു. 'ഇ' റീഡറി​െൻറ വരവോടെയാണ് 'ഇ' ബുക്കുകള്‍ സര്‍വസാധാരണമായത്. ഒരു ടാബ്ലെറ്റിനു സമാനമായ ഉപകരണം അഥവാ ഡിവൈസ് ആണ് 'ഇ' റീഡര്‍. നമുക്കിഷ്​ടമുള്ളപോലെ പുസ്തകം വായിക്കാമെന്നതാണ് പ്രത്യേകത. അക്ഷരങ്ങളുടെ വലിപ്പം വ്യത്യാസപ്പെടുത്തിയും വെളിച്ചവും തെളിച്ചവും കൂട്ടിയുമെല്ലാം. രാത്രിയും പകലും അനായാസം വായിക്കാം. ഇനി ഇരുട്ടത്തിരുന്നു വായിക്കണമെങ്കില്‍ അതും കഴിയുമെന്ന നില. എന്നാല്‍ അച്ചടി പുസ്തകങ്ങളിലെ താളുകള്‍ മറിച്ചെന്നതുപോലെ വായിക്കുകയും ചെയ്യാം. 2004-ല്‍ ഇലക്ട്രോണിക് പേപ്പര്‍ ടെകനോളജി ഉപയോഗിച്ച് സോണി കമ്പനിയാണ് 'ഇ' റീഡര്‍ ആദ്യമായി വികസിപ്പിച്ചത്.

എന്നാല്‍ അതിനും ഇന്നു മാറ്റം വന്നിരിക്കുന്നു. ഇന്ന് 'ഇ' ബുക്കുകള്‍ വായിക്കാന്‍ കഴിയുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ രംഗത്തുണ്ട്. കമ്പ്യൂട്ടറിനും ടാബിനും ഫോണിനും അനുരൂപമായ നിലയില്‍ ഇവ ലഭ്യമാണ്. ഏതാണ്ട് എണ്‍പതു വര്‍ഷമേ ആയിട്ടുള്ളൂ 'ഇ' ബുക്കുകള്‍ ലോകത്ത് അവതരിച്ചിട്ട്. തോമസ് അക്വിനാസി​െൻറ 'ഇന്‍ഡക്‌സ് തോമിസിറ്റിക്കസ്' ആണ് ആദ്യത്തെ 'ഇ' ബുക്ക് എന്നാണ് ചരിത്രം പറയുന്നത്. 1949ല്‍ സ്‌പെയിനില്‍നിന്നുള്ള അധ്യാപിക ഏയ്ഞ്ചല റൂസ് ആണ് ആദ്യമായി 'ഇ' ബുക്കിനുള്ള പേറ്റന്റ് നേടിയത്. അതിലും രസകരമായ ഒരു കാര്യമുണ്ട്. അധ്യാപികയായ റൂസ് ത​െൻറ കുട്ടികള്‍ക്ക് ഗുണകരമാകാനാണ് ഇങ്ങനെയൊരു പരിഷ്‌കാരത്തിന് മുതിര്‍ന്നത്. കടലാസിലുള്ള പുസ്തകങ്ങള്‍ ചുമക്കുന്നതില്‍ ത​െൻറ വിദ്യാര്‍ഥികള്‍ക്കുള്ള ഭാരം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് ലോകത്ത് നിരവധി ഇലക്ട്രോണിക് ലൈബ്രറികളാണുള്ളത്. ഓണ്‍ലൈനിലുമുണ്ട് ഏറെ.

'ഇ' ബുക്കുകള്‍ ഏതു കാലത്തും വായിക്കാന്‍ കിട്ടുമെന്നതാണ് പ്രത്യേകത. ചില അവസരങ്ങളില്‍ പുസ്തകങ്ങള്‍ പുസ്തകശാലകളില്‍നിന്നു തീര്‍ന്നുപോകുന്ന സാഹചര്യമൊന്നും 'ഇ' ബുക്കുകള്‍ക്കില്ല. എല്ലാക്കാലത്തും ഒരു ക്ലിക്ക് അകലെ അവയുണ്ടാകും. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ പോലും അച്ചടിച്ച പുസ്തകത്തിനൊപ്പം ഇ ബുക്കും കിട്ടും. ഇ ബുക്കിന് അച്ചടിച്ച പുസ്തകത്തേക്കാള്‍ വിലക്കുറവാണെന്ന മെച്ചവുമുണ്ട്. പലപ്പോഴും അച്ചടിച്ച പുസ്തകത്തേക്കാള്‍ പകുതിയും അതില്‍ താഴെയുമായിരിക്കും ഇ ബുക്കുകളുടെ വില.

ഇപ്പോള്‍ പല വെബ്​സൈറ്റുകളുടെയും 'കിന്‍ഡി'ലുകള്‍ വന്നു കഴിഞ്ഞു. 'ഇ' റീഡറുകളുടെ പുതുരൂപമാണ് 'കിന്‍ഡിൽ'‍. ഒരു കൂട്ടം പുസ്തകങ്ങള്‍ നമുക്കു കിന്‍ഡിലില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം. എപ്പോള്‍ വേണമെങ്കിലും വായിക്കാം. അത്രയും പുസ്തകങ്ങള്‍ വാങ്ങിക്കുന്നതി​െൻറ നാലിലൊന്നോ അതില്‍ കുറവോ മാത്രമേ കിന്‍ഡിലില്‍ വായിക്കാന്‍ ചെലവാകൂ എന്ന പ്രത്യേകതയുമുണ്ട്. ഒരു സ്മാര്‍ട് ഫോണി​െൻറയോ ടാബി​െൻറയോ മാത്രം വലിപ്പം. ആവലിപ്പത്തില്‍ നൂറോ ആയിരമോ പുസ്തകം അടങ്ങുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് കിന്‍ഡല്‍ സമ്മാനിക്കുന്നത്.

ഇന്ന്​ പാഠഭാഗങ്ങള്‍ പോലും 'ഇ' ബുക്കുകളായി മാറുകയാണ്. വായന മരിക്കുന്നു എന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞാല്‍ മരിച്ചത് നിങ്ങളുടെ മനസാണെന്നും വായന ഉത്തരോത്തരം വളരുകയാണെന്നുമാണു മറുപടി പറയേണ്ടത്. കാരണം, ചിലപ്പോള്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞാല്‍ നമ്മുടെയൊക്കെ പുസ്തക അലമാരകളില്‍ ഉള്ളതിനേക്കാള്‍ പുസ്തകങ്ങള്‍ ഒരു കുഞ്ഞന്‍ ഇലക്ട്രോണിക് ഉപകരണത്തിലുണ്ടാകും. അതാണ്, ഇ കാലത്തെ വായന ഇക്കാലത്തോട് പറയുന്നതും പ്രവചിക്കുന്നതും. 

Tags:    
News Summary - Changes in Reading Habits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.