ശാസ്ത്രലോകത്തിന് എന്നും ദിനോസറുകളെക്കുറിച്ചുള്ള പഠനത്തിന് ഒരു പ്രത്യേക താൽപര്യംതെന്നയുണ്ട്. പുതിയ പുതിയ കണ്ടെത്തലുകൾ കണ്ടെത്തുന്നുമുണ്ട്. ഇപ്പോൾ ഏറ്റവും പുതുതായി മറ്റൊരു കൗതുകകരമായ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി എന്നതാണ് ആ വാർത്ത. ചൈനയില്‍നിന്നും കണ്ടെത്തിയ ഫോസിലൈസ് ചെയ്‌ത ദിനോസര്‍ മുട്ടക്കുള്ളില്‍നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരൂപമുള്ള ദിനോസര്‍ ഭ്രൂണമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു. പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചേക്കാവുന്ന കണ്ടെത്തലാണ് ഇതെന്നാണ് വിലയിരുത്തൽ.
ഭ്രൂണത്തിന് 66 മുതല്‍ 72 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് ബിര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള രേഖകളെ ഉദ്ധരിച്ച് സയന്‍സ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. വിരിയുന്നതിന് മുമ്പുള്ള പക്ഷികളുടേതു പോലുള്ള രൂപമാണ് ഭ്രൂണത്തിനുള്ളത്. പല്ലില്ലാത്ത ദിനോസര്‍ വിഭാഗമായ തെറോപോഡ്, ഓവിറാപ്‌റ്റോറോസര്‍ എന്നിവയുടേതാണ് ഭ്രൂണമെന്നും വിലയിരുത്തപ്പെടുന്നു. ചൈനയിലെ ഗാന്‍ഷുവിലെ ക്രിറ്റേഷ്യസ് പാറകളില്‍നിന്നാണ് 'ബേബ് യിംഗ്ലിയാങ്' എന്നു പേരിട്ടിരിക്കുന്ന ഭ്രൂണം കണ്ടെത്തിയത്. 17 സെന്റിമീറ്റര്‍ നീളമുള്ള മുട്ടയില്‍ തോടിനോട് മുതുക് ചേര്‍ത്ത് ചുരുണ്ടുകിടക്കുന്ന രൂപത്തിലാണ് ഭ്രൂണമുള്ളത്. യിംഗ്ലിയാങ് സ്‌റ്റോണ്‍ നേച്ചര്‍ ഹിസ്‌റ്ററി മ്യൂസിയത്തിലാണ് നിലവില്‍ ഭ്രൂണം സൂക്ഷിച്ചിരിക്കുന്നത്.
ആസ്‌ട്രേലിയയിൽ പ്രശസ്തമായ ഒരു ദ്വീപുണ്ട് 'ക്രിസ്‌മസ് ദ്വീപ്'. ഇവിടെയുള്ള പ്രത്യേകത നിങ്ങളെ അമ്പരപ്പിക്കും. ഇവിടെ ആദ്യ സീസൺ മഴ തുടങ്ങിയതിനുശേഷം ആളുകൾ പുറത്തിറങ്ങുന്നത് വളരെ ശ്രദ്ധിച്ചാണ്. കാരണം ഈ മഴക്കാലം കഴിഞ്ഞാൽ അവർക്ക് കുറച്ചുനാൾ പുറത്തിറങ്ങാനാകില്ല. കാലെടുത്ത് വെക്കുന്നത് ഞണ്ടുകളുടെ പുറത്തേക്കായിരിക്കും. ചുവന്ന ഞണ്ടുകൾ കൗതുകമുണർത്തുന്ന കാഴ്ചയുമായി നിരത്തിലിറങ്ങും ഈ ക്രിസ്മസ് ദ്വീപിൽ. ഇൗ വർഷവും അതിന് മാറ്റമൊന്നും ഉണ്ടായില്ല. അഞ്ചു കോടിയിലേറെ ഞണ്ടുകളാണ് ഇവിടെയുള്ളത്. അതായത് ആ ദ്വീപിലെ ജനസംഖ്യയേക്കാൾ കൂടുതൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണിത്.
ഒക്‌ടോബറിലോ നവംബറിലോ പെയ്യുന്ന മഴക്കുശേഷം ഞണ്ടുകള്‍ വനത്തില്‍നിന്ന് സമുദ്രത്തിലേക്ക് മുട്ടയിടാനായി പുറപ്പെടും. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളിൽ ഒന്നാണിത്. ദേശാടന സമയത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ പോലും ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കും. ആ സമയത്ത് വഴി നീളെ ചുവന്ന പരവതാനി വിരിച്ച പോലെ ഞണ്ടുകളെ കാണാം. ഞണ്ട് കുടിയേറ്റത്തിന് ആഴ്‌ചകൾക്കു മുമ്പുതന്നെ അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങും. റോഡുകൾ അടച്ചിടുന്നതാണ് പ്രധാനം. ഞണ്ടുകളുടെ സുരക്ഷയും വാഹനങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യം. ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ആസ്‌ട്രേലിയൻ സർക്കാർ പ്രത്യേകം പാലങ്ങളും തുരങ്കങ്ങളും ഇവിടെ നിർമിച്ചിട്ടുണ്ട്.
അങ്ങനെ ഈ വർഷം ബഹിരാകാശത്തും ആദ്യമായി സിനിമ ചിത്രീകരണം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്വെച്ചായിരുന്നു (International Space Station) 'ചലഞ്ച്' എന്നു പേരിട്ട സിനിമയുടെ ചിത്രീകരണം. നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയും നടി യൂലിയ പെരെസില്‍ഡും റഷ്യന്‍ ബഹിരാകാശ യാത്രികന് ആന്റണ്‍ ഷ്കപ്ലെറോവും അടങ്ങിയ മൂവര്‍സംഘമാണ് ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയത്. 12 ദിവസം ബഹിരാകാശത്ത് തങ്ങി ചിത്രീകരണം പൂര്‍ത്തിയാക്കി.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ 'റോസ്കോസ്മോസ്' ആണ് സിനിമക്കുവേണ്ടി ബഹിരാകാശ ദൗത്യം ഏറ്റെടുത്തത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സംഘത്തിലെ ബഹിരാകാശ യാത്രികന് ആന്റണ്‍ ഷ്കപ്ലെറോവ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തങ്ങി. മറ്റു രണ്ടുപേരും ആറു മാസമായി നിലയത്തിലുണ്ടായിരുന്ന ഒലെഗ് നോവിറ്റ്സ്കി എന്ന യാത്രികനും റോസ്കോസ്മോസിന്റെ സോയുസ് എം.എസ്-19 ബഹിരാകാശ വാഹനത്തില്‍ കസാഖ്സതാനില് തിരിച്ചിറങ്ങുകയായിരുന്നു.
ശാസ്ത്രലോകം പുതിയ ഗ്രഹങ്ങളെത്തേടുകയാണ് എന്നും. ഭൂമി ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് പുറത്ത് ഒരു ഗാലക്സിയിൽ നക്ഷത്രത്തെ വലംവെക്കുന്ന ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനയാണ് ഇത്തവണ ശാസ്ത്രലോകത്തിന് ലഭിച്ചത്. നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയാണ് ഇതിനെക്കുറിച്ചുള്ള വിവരം നൽകിയത്.
ഭൂമിയിൽനിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന എം-51 എന്നറിയപ്പെടുന്ന വേൾപൂൾ ഗാലക്സിയിലാണ് പുതിയ ഗ്രഹത്തിന്‍റെ സൂചനകൾ കണ്ടെത്തിയതെന്ന് അവർ പറയുന്നു. ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയിൽ ഗ്രഹത്തിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്.
ഏറ്റവും കൂടുതൽ ഇഴഞ്ഞുനീങ്ങുന്ന മേഖലയെന്ന 'ചീത്തപ്പേര്' പലപ്പോഴും നിർമാണ മേഖലക്ക് നമ്മൾ ചാർത്തിക്കൊടുക്കാറുണ്ട് അല്ലേ? ഒരു വീടുണ്ടാക്കണമെങ്കിൽപോലും ഒരു വർഷംവരെ സമയമെടുത്തേക്കാം. രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ നിർമിക്കാൻ വർഷങ്ങളും വേണ്ടിവരാറുണ്ട്. എന്നാൽ, 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈയിടെ ചൈനയിലെ ചാങ്ഷയിലാണ് ഈ നിർമാണം നടന്നത്.
10 നിലകളുള്ള ഭവനസമുച്ചയം വെറും 28 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് അവർ പൂർത്തിയാക്കിയത്. ചൈനീസ് നിർമാതാക്കളായ ബ്രോഡ് ഗ്രൂപ്പാണ് ഇതിനുപിന്നിൽ. കെട്ടിട സാമഗ്രികൾ മുൻകൂട്ടി സജ്ജീകരിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് കൺസ്ട്രക്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ദൗത്യം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും നേരത്തെ ഫാക്‌ടറിയിൽ സജ്ജീകരിച്ച ശേഷം എല്ലാംകൂടി സംയോജിപ്പിക്കുന്നതാണ് ഈ നിർമാണരീതി.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ആരും മറന്നിട്ടുണ്ടാവില്ല. ഒഡിഷയിൽ ഏറെ നാശം വിതച്ചാണ് അതു പോയത്. സങ്കടകരമായ ആ അവസ്ഥയെക്കുറിച്ചല്ല നമ്മൾ പറയുന്നത്. ഈ ചുഴലിക്കാറ്റ് ആഞ്ഞുവീശിയ സമയത്ത് 300ഓളം ജനനങ്ങൾ ആ സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌തുവെന്നാണ് വിവരം. ഇവരുടെ ജനനത്തേക്കാൾ കൗതുകമായത് അവരുടെ മാതാപിതാക്കൾ ഈ കുഞ്ഞുങ്ങൾക്ക് നൽകിയ പേരാണ്.
കുഞ്ഞിന്റെ ജനനവും സമയവും എല്ലാം പെെട്ടന്ന് ഓർമിച്ചുവെക്കാൻ വേണ്ടിയാണോ എന്നറിയില്ല അവർ കുഞ്ഞുങ്ങൾക്ക് പേരിട്ടു, 'യാസ്'. സംശയിക്കണ്ട, കാറ്റിന്‍റെ പേരുതന്നെ. യാസ് ചുഴലിക്കാറ്റിന് ഒമാനിൽ നിന്നാണ് ആ പേര് ലഭിച്ചത്. പേർഷ്യൻ ഭാഷയിൽ യാസിന്റെ അർഥം മുല്ലപ്പൂവ് എന്നാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ താഴ്‌ന്ന പ്രദേശങ്ങളിലുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ കൂട്ടത്തിൽ 6,500 ഗർഭിണികളുണ്ടായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
പലതരം ചിലന്തികളെ നമ്മൾ കണ്ടിട്ടുണ്ട്. നടന്നുപോകുന്ന വഴിയരികിൽ ദേഹത്ത് പറ്റിപ്പിടിക്കുന്ന ചിലന്തിവലകളിൽ ഒളിച്ചിരിക്കുന്ന ഈ വിരുതനെ നിരീക്ഷിക്കുന്നതുതന്നെ ഒരു കൗതുകമാണ്. ഇപ്പോൾ ദേഹത്ത് 50 നിറങ്ങളുമായി വിസ്മയിപ്പിക്കുന്ന ഒരു ചിലന്തിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രശലഭത്തെ പോലെ വിവിധ വർണമുണ്ട് ഈ ചിലന്തിക്ക്. അതുകരുതി കൈയിലെടുത്ത് കളിക്കാനൊന്നും പോകണ്ട. അത്യാവശ്യം വിഷമൊെക്കയുണ്ട് ഇവന്. ഇന്ത്യയിൽതന്നെയാണ് ഈ ഈ വിചിത്ര ചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്. ഐ.എഫ്.എസ് ഓഫിസറായ സുശന്ത നന്ദയാണ് ചിലന്തിയുടെ ചിത്രം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
പച്ചകുത്തലിന്‍റെ പല മാരക വേർഷനുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, അതിനെല്ലാം അപ്പുറത്ത് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ ക്യൂ.ആർ കോഡ് കഴുത്തിൽ പച്ചകുത്തിയ ഒരാളുടെ കഥയാണിത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനുമായിരുന്നു കൊളംബിയൻ സ്വദേശിയായ മൗറീേഷ്യാ ഗോമസ് എന്ന യുവാവിന്‍റെ ഈ 'കടുംകൈ'. താൻ കണ്ടുമുട്ടുന്നവരെല്ലാം ഇൻസ്‌റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യണമെന്നായിരുന്നു അയാളുടെ ആഗ്രഹം. പച്ച കുത്തിയ ക്യൂ.ആർ കോഡും മൗറീേഷ്യാ ഗോമസ് പെെട്ടന്നുതന്നെ ഇൻസ്‌റ്റഗ്രാമിൽ വൈറലാവുകയും ചെയ്തു.
അഞ്ചു മില്യൺ ഫോളോവേഴ്‌സാണ് ഇയാളുടെ ലാ ലിയാൻഡ്ര എന്ന പേജിനുള്ളത്. ക്യൂ.ആർ കോഡ് പച്ച കുത്തിയ വിഡിയോ സഹിതം മൗറീേഷ്യാ പേജിലൂടെ പങ്കുവെച്ചതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. പക്ഷേ, ട്വിസ്റ്റ് ഉണ്ടായത് പിന്നീടാണ്. മൗറീഷ്യസിന് ഒരു സംശയം. കഴുത്തിലെ ക്യൂ.ആർ കോഡ് കാര്യമായി വർക്ക് ചെയ്യുന്നില്ലേ എന്ന്. സംഭവം സത്യമായിരുന്നു. ക്യൂ.ആർ കോഡ് പണി മുടക്കി. ഇതോടെ പണി പാളി. എന്തായാലും 2021ൽ ൈവറലായവരിൽ പ്രമുഖനാണ് ഇയാൾ.
ഓർമകൾ എല്ലാവർക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് മരിച്ചുപോയ പ്രിയപ്പെട്ടവരുടേത്. അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം നിധിപോലെ പലരും സൂക്ഷിച്ചുവെക്കുന്നതും അതുകൊണ്ടാണ്. 2021ൽ പക്ഷേ, ഒരു വ്യത്യസ്തമായ ഓർമയുടെ സൂക്ഷിപ്പിനുകൂടി ലോകം വേദിയായി. തന്‍റെഅമ്മാവന്റെ ഓർമക്കായി അയാളുടെ എല്ലുകൾ ഉപയോഗിച്ച് ഗിത്താറുണ്ടാക്കിയാണ് ഒരു സംഗീതജ്ഞൻ വൈറലായത്. 'പ്രിൻസ് മിഡ്നൈറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അമ്മാവൻ മരണപ്പെട്ടപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകി.
വർഷങ്ങൾക്കുശേഷം കോളജ് അധികൃതർ മൃതദേഹം ഉപേക്ഷിക്കാൻ ഒരുങ്ങിയപ്പോഴാണ് ആ എല്ലുകൾ ഉപയോഗിച്ച് ഗിറ്റാർ നിർമിക്കാൻ ഇയാൾ തീരുമാനിക്കുന്നത്. അമ്മാവന്റെ നാടായ ഗ്രീസിന്റെ പുരാതന സംസ്‌കാര പ്രകാരം മൃതദേഹം സംസ്‌കരിക്കേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് ഇയാൾ പറയുന്നത്. പിന്നീട് അസ്‌ഥികൂടത്തെ ഗിത്താറിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ ശേഷം അതിൽ കമ്പികളും സ്വിച്ചുകളും ഘടിപ്പിച്ചു. കൗതുകത്തിനപ്പുറം വലിയ വിവാദംകൂടി ഉണ്ടാക്കിയ സംഭവമായി ഇതു മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.