എണ്ണിയാൽ തീരാത്തതിലധികം മനോഹരമായ ദ്വീപുകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. അവ നമുക്ക് അതിശയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്നു. ലോകത്ത് മനുഷ്യൻ ചെന്നെത്താത്ത, മനുഷ്യവാസമില്ലാത്ത ഒത്തിരി ദ്വീപുകളുണ്ട്. ചില ദ്വീപുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിൽ മറ്റുള്ളവ അടുത്ത കാലത്ത് രൂപപ്പെട്ടതായിരിക്കും. എന്നും നമ്മെ ആകർഷിക്കുന്ന ദ്വീപുകളെക്കുറിച്ചറിയാം.
പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളാണ് ദ്വീപുകൾ. വ്യത്യസ്തമായ ആകൃതികളും വൈവിധ്യമാർന്ന ഭൂപ്രകൃതികളുമുള്ള നിരവധി ദ്വീപുകൾ നമ്മുടെ ലോകത്തുണ്ട്. സമുദ്രത്തിനു നടുവിലും നദികളിലും തടാകങ്ങളിലും സാധാരണയായി ദ്വീപുകൾ കണ്ടുവരുന്നു. ഓരോ ദ്വീപിന്റെയും സ്വഭാവ സവിശേഷതകൾ അതിനെ ചുറ്റിപ്പറ്റിയുള്ള ജലത്തിന്റെ സ്വാധീനം, കാറ്റിന്റെ ദിശ, മഴ, താപനില, ഈർപ്പം എന്നിവയനുസരിച്ചാണ് നിർണയിക്കാൻ കഴിയുക.
സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ഒരു ദ്വീപ്, അതാണ് ബാൾട്ടിക് കടലിലെ ഫിൻലൻഡ് തീരത്തുള്ള സൂപ്പർഷി. ക്രിസ്റ്റിന റോത്ത് എന്ന ബിസിനസ് വുമണിന്റെ ആശയത്തിൽ ഉടലെടുത്തതാണ് സൂപ്പർഷി. വിൽപനക്കുവെച്ച ദ്വീപ് ക്രിസ്റ്റിന വാങ്ങുകയും സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു റിസോർട്ട് ആ ദ്വീപിൽ തുടങ്ങുകയും ചെയ്തു. യോഗ, ധ്യാനം, പാചകക്ലാസുകൾ എന്നിവയെല്ലാം സൂപ്പർഷിയിലുണ്ട്.
ആറുമാസം കൂടുമ്പോൾ രാജ്യം മാറുന്ന ദ്വീപാണ് ഫ്രാൻസിനും സ്പെയിനിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഫെസന്റ് ദ്വീപ്. ബിദാസോവ നദിയിലെ ജനവാസമില്ലാത്ത ഈ ദ്വീപിന്റെ ഭരണം ആറുമാസം ഫ്രാൻസും ആറുമാസം സ്പെയിനുമാണ് നടത്തുന്നത്. ഇവിടേക്ക് ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനാനുമതിയുള്ളൂ.
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ബ്രഹ്മപുത്ര നദിയിലാണ് മജൂലി സ്ഥിതി ചെയ്യുന്നത്. വയൽനായ്ക്കൻ, പെലിക്കൻ, സൈബീരിയൻ കൊക്ക് തുടങ്ങിയ പക്ഷികളെ ദ്വീപിൽ കാണാൻ കഴിയും. മജൂലിയിൽ 144 ഗ്രാമങ്ങളിലായി 1,50,000 പേർ താമസിക്കുന്നുണ്ട്. ഏകദേശം 300 വർഷങ്ങൾക്കു മുമ്പുണ്ടായ ഭൂമികുലുക്കത്തിലാണ് മജൂലി ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമാണ് അന്തമാൻ-നികോബാർ ദ്വീപുകളിലെ ബാരൻ ദ്വീപ്. സമുദ്രനിരപ്പിൽനിന്ന് 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് 2250 മീറ്റർ ഉയരമുള്ള സമുദ്രാന്തര അഗ്നിപർവതത്തിന്റെ മുകൾ ഭാഗമാണ്. ഇവിടെ മനുഷ്യവാസമില്ലെങ്കിലും പക്ഷികളും എലികളും വവ്വാലുകളും ജീവിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രമാണ് ഗ്രീൻലാൻഡ്. സ്വതന്ത്ര രാഷ്ട്രമാണെങ്കിലും ഗ്രീൻലാൻഡ് ഇപ്പോഴും ഡാനിഷ് നിയമത്തിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ വിസ്തീർണം 21,66,086 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിന്റെ എൺപത്തിയൊന്ന് ശതമാനവും മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം, അതാണ് റിപ്പബ്ലിക് ഓഫ് നൗറു. പസഫിക് സമുദ്രത്തിന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപാണിത്. ഇരുപത്തിയൊന്ന് ചതുരശ്ര കിലോമീറ്റർ മാത്രമാണ് നൗറുവിന്റെ വിസ്തൃതി. വർഷത്തിൽ പരമാവധി 200 സഞ്ചാരികൾ മാത്രമാണ് ഇവിടേക്ക് എത്താറുള്ളത്.
ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കായി കാണപ്പെടുന്ന 555 ദ്വീപുകൾ ചേർന്ന ദ്വീപ് സമൂഹമാണ് അന്തമാൻ-നികോബാർ. ഇതിൽ 37 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. 1789ൽ ബ്രിട്ടീഷുകാർ അവരുടെ കോളനിയാക്കി അന്തമാനിനെ മാറ്റിയതോടെയാണ് ഇവിടത്തെ ജനജീവിതം ലോകമറിയുന്നത്. 8249 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീർണം.
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ 32 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളുടെ സമൂഹത്തിനാണ് ലക്ഷദ്വീപ് എന്ന് പറയുന്നത്. കവരത്തിയാണ് തലസ്ഥാന ദ്വീപ്. ക്രിസ്തുവിന് 1500 വർഷങ്ങൾക്ക് മുമ്പുതന്നെ ഇവിടെ ജനവാസം ആരംഭിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. തെങ്ങാണ് ഇവിടുത്തെ പ്രധാന മരം. അവയെക്കൂടാതെ മുരിങ്ങ, കടപ്ലാവ്, പൂവരശ്, പുന്ന, അരയാൽ എന്നിവയും കാണപ്പെടുന്നു. മത്സ്യവ്യവസായം ദ്വീപിലെ പ്രധാന വരുമാന മാർഗമാണ്.
ലോകത്തിലെ ഏറ്റവും നിരപ്പായ രാജ്യം, മാലദ്വീപുകൾക്കാണ് ഈ ബഹുമതി. സമുദ്രനിരപ്പിൽ നിന്നും 2.4 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഒരു സ്ഥലം പോലും അവിടെയില്ല. 1300ഓളം ദ്വീപുകളുണ്ട് ഈ ദ്വീപ് സമൂഹത്തിൽ. ഇതിൽ ഇരുന്നൂറോളം ദ്വീപുകളിലാണ് മനുഷ്യവാസമുള്ളത്. മാലദ്വീപിലെ ആകെ ഭൂപ്രദേശത്തിന്റെ വിസ്തീർണം 298 ചതുരശ്ര കിലോമീറ്ററാണ്.
ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ മനുഷ്യരേക്കാൾ ഞണ്ടുകളാണുള്ളത്. ഒരു നായുടെ ആകൃതിയുള്ള ഈ ദ്വീപിന് 1643 ക്രിസ്മസ് ദിനത്തിൽ ക്യാപ്റ്റൻ വില്യം മൈനേഴ്സാണ് ആ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ടതാണ് ഇവിടം. ഇവിടെ എല്ലാ വർഷവും കാണപ്പെടുന്ന മനോഹര പ്രതിഭാസമാണ് ഞണ്ടുകളുടെ കുടിയേറ്റം. ഏകദേശം 60 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ തീരത്തേക്ക് വരുന്ന വിസ്മയമാണിത്.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നും 973 കിലോമീറ്റർ വടക്കുപടിഞ്ഞാറായി പൂർവ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ഗാലപ്പഗോസ്. ഭൂകമ്പങ്ങളുടെയും സ്ഫോടനങ്ങളുടെയും ഫലമായുണ്ടായ ലാവയാൽ നിർമിതമായ 19 ദ്വീപുകളുടെ കൂട്ടമാണിത്.
മനുഷ്യരേക്കാൾ അധികം പൂച്ചകളുള്ള ഇടം, അതാണ് ജപ്പാനിലെ അവോഷിമ ദ്വീപ്. ജപ്പാന്റെ കിഴക്കൻ തീരത്തുള്ള മിയാഗി പ്രവിശ്യയിലാണ് അവോഷിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന് ആറ് പൂച്ചകൾ എന്ന അനുപാതത്തിലാണ് ഇവിടുത്തെ പൂച്ചകളുടെ എണ്ണം.
വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്ത്. അതിൽ ഒരു വീടും മരവും മാത്രം. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപായ ജസ്റ്റ് റൂം ഇനഫ് ആണത്. ന്യൂയോർക്കിലെ അലക്സാൻഡ്രിയ ബേയോട് ചേർന്നാണ് ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 3300 ചതുരശ്ര അടിയാണ് ഈ ദ്വീപിന്റെ വലുപ്പം. 1950കളിൽ സൈഡ് ലാൻഡ് കുടുംബം ഈ ദ്വീപ് വാങ്ങുകയും സഞ്ചാരികളെ ആകർഷിക്കാൻ ഒറ്റമുറി വീട് പണിയുകയും അതിനോട് ചേർന്ന് ഒരു മരം നടുകയും ചെയ്തു. അതോടെയാണ് ദ്വീപിന്റെ പേര് ജസ്റ്റ് റൂം ഇനഫ് എന്നാകുന്നത്.
മനുഷ്യർ കൃത്രിമമായി നിർമിച്ച ഒട്ടേറെ ദ്വീപുകൾ നമ്മുടെ ലോകത്തുണ്ട്. ഈന്തപ്പനയുടെ ആകൃതിയിൽ രൂപകൽപന ചെയ്ത കൃത്രിമ ദ്വീപാണ് ദുബൈയിലെ പാം ജുമൈറ. വിയന്നയിലെ ഡാന്യൂബ് എന്ന കൃത്രിമ ദ്വീപിന് ഇരുപത്തിയൊന്ന് കിലോമീറ്റർ നീളമാണുള്ളത്. എറണാകുളം ജില്ലയിലെ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന വില്ലിംഗ്ഡൺ ഐലൻഡും ഒരു കൃത്രിമ ദ്വീപാണ്. റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എൻജിനീയറാണ് ഈ ദ്വീപിന്റെ നിർമാണത്തിനു പിന്നിൽ. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.