ജനസംഖ്യ വർധനവിനൊപ്പം ദാരിദ്ര്യനിരക്കും ഉയരും. ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറക്കാമെന്ന ഓർമപ്പെടുത്തലാണ് ലോക ജനസംഖ്യ ദിനാചരണത്തിന്റെ ലക്ഷ്യം. ജനസംഖ്യ വർധന തൊഴിലില്ലായ്മക്ക് കാരണമാകും. അത് പട്ടിണിയിലേക്കും നയിക്കും.
1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടിയിലെത്തി. ഇതിന്റെ ഓർമപ്പെടുത്തലാണ് ജനസംഖ്യ ദിനം. ജനസംഖ്യ വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. 1999ൽ ലോകജനസംഖ്യ 600 കോടിയും 2011ൽ 700 കോടിയും പിന്നിട്ടു.
1804 - 100 കോടി
1927 - 200 കോടി
1959 - 300 കോടി
1974 - 400 കോടി
1987 - 500 കോടി
1999 - 600 കോടി
2011 - 700 കോടി
2022-786 കോടി
2050 - (പ്രതീക്ഷിക്കുന്നത്) 980 കോടി
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം - ഏഷ്യ
രാജ്യം - ചൈന (1980)
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ് ഈ പദം. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രവർത്തനമാണ് കാനേഷുമാരി. ഐക്യരാഷ്ട്ര സഭയുടെ നിർദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തണം. 1951ലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കാനേഷുമാരി കണക്കെടുപ്പ്. ഫെബ്രുവരി ഒമ്പത് ഇന്ത്യയിൽ ദേശീയ കാനേഷുമാരി ദിനമായി ആചരിക്കുന്നു. ലോകത്ത് ജൂലൈ 11നും.
ഓരോ സ്ത്രീക്കും സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാണെങ്കിൽ ലോകത്ത് മൂന്നു ബില്യൺ ആളുകൾ കുറവായിരിക്കുമെന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ലോക ജനസംഖ്യയിലെ വളർച്ചയും സ്ത്രീവിദ്യാഭ്യാസവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും പറയുന്നു. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ സ്ഫോടനാത്മക ജനസംഖ്യ വളർച്ച തടയാൻ കഴിയും. കാരണം, ഇത് അവരെ കുടുംബാസൂത്രണത്തിന് സഹായിക്കുകയും ബാലവിവാഹവും ആദ്യകാല ശിശുഗർഭധാരണവും കുറക്കുകയും ചെയ്യുന്നു.
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ജനസംഖ്യാശാസ്‌ത്രം അഥവാ ഡമോഗ്രഫി. സ്ഥിതിവിവരക്കണക്ക് മാത്രമല്ല, അതിെൻറ ഘടനയുടെയും മാറ്റങ്ങളുടെയും കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവിടെ പഠനവിധേയമാക്കുന്നു. ഗ്രീക് ഭാഷയായ ഡി മോസ് (ജനങ്ങൾ), ഗ്രഫി (വിവരണം) എന്നീ രണ്ടു വാക്കുകളാണ് ഡമോഗ്രഫി. ജനസംഖ്യ പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാൻ ജനസംഖ്യ േഡറ്റ ആസൂത്രിതമായും വിമർശനാത്മകവുമായി ഉപയോഗിച്ച ജോൺ ഗ്രാൻറ് ജനസംഖ്യാ ശാസ്ത്രത്തിെൻറ പിതാവായി അംഗീകരിക്കപ്പെട്ടു.
ലോകജനസംഖ്യയുടെ ചരിത്രത്തിൽ ജനനംകൊണ്ട് പേരെടുത്ത ഒരാളാണ് മടേജ് ഗാസ്പർ എന്ന ആൺകുട്ടി. 1987 ജൂലൈ 11ന് ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്റബ് പട്ടണത്തിലെ ആശുപത്രിയിലായിരുന്നു അവെൻറ ജനനം. ലോകജനസംഖ്യ 500 കോടി തികച്ച കുഞ്ഞായിരുന്നു അത്. 1999 ഒക്ടോബർ 12ന് ബോസ്‌നിയയിലെ സരയാവോയിൽ ജനിച്ച കുട്ടി ലോക ജനസംഖ്യ 600 കോടി തികച്ചു. പുലർച്ചെ 12.01ന് ജനിച്ച ഇൗ കുട്ടിയാണ് ലോക ജനസംഖ്യ 600 കോടി തികച്ചത്. അതിനാൽ ബില്യൺത് ബേബിയെന്ന് അറിയപ്പെടാൻ തുടങ്ങി.
ഈ കുട്ടിയുടെ പേര് അദിനാൻ ബെവിക്ക് എന്നാണ്. 700 കോടി തികച്ച കുട്ടി ജനിച്ചത് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലാണെന്ന് കരുതുന്നു. 2000 മേയ് 11ന് പിറന്നുവീണ ഡൽഹിക്കാരിയായ ആസ്തയാണ് ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ചത്.
ലോക ജനസംഖ്യയിൽ യുവാക്കളാണോ വയോധികരാണോ കൂടുതൽ? 2017നുശേഷം ജനസംഖ്യയിൽ വയോധികരുടെ എണ്ണം യുവാക്കളേക്കാൾ മുന്നിലാണ്. 2050ഓടെ ആറ് ആളുകളിൽ ഒരാൾ 65 വയസ്സുള്ളവരാകുമെന്നാണ് കണക്കു കൂട്ടൽ. ഇപ്പോഴത് 11ൽ ഒന്നാണ്. ആയുർദൈർഘ്യം കൂടുന്നതാണ് ഈ അസമത്വത്തിന് കാരണം.
ബ്രിട്ടനിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ബി.ബി.സിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 125 ദശലക്ഷം ആളുകൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
1948ലെ സെൻസസ് ആക്‌ട് ആൻഡ് റൂൾസ് പ്രകാരമാണ് ഇന്ത്യയിൽ സെൻസസ് നടക്കുന്നത്. കണക്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ടത് ഓരോ പൗരെൻറയും കടമയാണ്. വിവരങ്ങൾ നൽകാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും ശിക്ഷ നൽകാനും നിയമത്തിൽ വകുപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.