കേരളം ആധുനികതയിലേക്ക്... മാറ്റം അച്ചടിയിലൂടെ

കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങളുടെ തുടക്കം അച്ചടിയിലൂടെയായിരുന്നു. പുസ്തകങ്ങളും പത്രങ്ങളും ആധുനിക കേരളത്തെ ചിട്ടപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. വായന ഒരു മനുഷ്യനെ മാറ്റിമറിക്കുമെന്നതുപോലെ ഓരോ പുസ്തകങ്ങളും കേരളീയ ജനതയെ സ്വാധീനിച്ചുകൊണ്ടിരുന്നു. മാറ്റങ്ങൾക്ക്​ തുടക്കമിട്ട അച്ചടിയെക്കുറിച്ചും ആദ്യകാല പുസ്തക-പത്ര പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അറിയാം.

ഹോർത്തൂസ് മലബാറിക്കസ്

കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പതിനാറാം നൂറ്റാണ്ടിൽ ജെസ്യൂട്ടുകൾ എന്നറിയപ്പെടുന്ന റോമൻ കത്തോലിക്ക വിഭാഗത്തിലെ അംഗങ്ങൾ കൊച്ചി, കൊല്ലം, അമ്പഴക്കാട്, വൈപ്പിക്കോട്ട് എന്നിവിടങ്ങളിൽ അച്ചടിശാലകൾ സ്ഥാപിച്ചതോടെയാണ് കേരളത്തിൽ അച്ചടിയെന്ന പുതുമാറ്റത്തിന്‍റെ തുടക്കം കുറിക്കുന്നത്. 1578ൽ അമ്പഴക്കാടാണ് ആദ്യത്തെ പുസ്തകം അച്ചടിച്ചത്. പോർച്ചുഗീസിൽ ഫ്രാൻസിസ് സേവ്യർ മിഷനറി എഴുതിയ 'ഡോക്ട്രീന ക്രിസ്റ്റം' എന്ന പുസ്തകത്തിന്റെ തമിഴ് വിവർത്തനമായിരുന്നു അത്. കൊച്ചി, കൊല്ലം, അമ്പഴക്കാട്, വൈപ്പിക്കോട്ട് എന്നീ നാല് അച്ചടിശാലകളും തുടക്കത്തിൽ തമിഴ് പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നത്. അച്ചടി എന്ന വിദ്യ നിലവിൽ വന്നെങ്കിലും ആദ്യമായി മലയാളത്തിൽ അച്ചടിച്ച പുസ്തകമെത്താൻ കാലങ്ങൾ ഏറെയെടുത്തു.

നെതർലൻഡ്​സിലെ ആംസ്റ്റർഡാമിൽ 1678ൽ അച്ചടിച്ച 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പുസ്തകത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത്. ഇതിന്‍റെ ഒന്നാമത്തെ പതിപ്പിലെ എട്ടാമത്തെ താളിലാണ് മലയാള ലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ലത്തീൻഭാഷയിലുള്ള പുസ്തകത്തിൽ മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട പ്രസ്താവനയും, സസ്യങ്ങളുടെ ചിത്രങ്ങൾക്ക്​ താഴെ മലയാള ലിപിയിൽ എഴുതിയ പേരുകളും കാണാം. 1772ൽ റോമിൽ അച്ചടിച്ച സംക്ഷേപ വേദാർഥമാണ് മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യ സമ്പൂർണ മലയാളം പുസ്തകം.

ഹെർമൻ ഗുണ്ടർട്ട്

കേരളത്തിനും മലയാള ഭാഷക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷ പണ്ഡിതനായിരുന്നു റവ. ഡോ. ഹെർമൻ ഗുണ്ടർട്ട്. 1814ലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. 1836ൽ ഇന്ത്യയിലെത്തിയ ഗുണ്ടർട്ട്​ 20 വർഷക്കാലം കേരളത്തിൽ താമസമാക്കി. മലയാളത്തിന് ഗുണ്ടർട്ട് സംഭാവന ചെയ്ത കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ രണ്ട് പുസ്തകങ്ങളാണ് ഗുണ്ടർട്ട് നിഘണ്ടുവും കേരളോൽപത്തിയും. 1868ൽ എഴുതിയ മലയാളം വ്യാകരണവും ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബൈബിൾ വേദപുസ്തകവും മലയാളത്തിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. കേരളത്തിന്റെ ഉൽപത്തി മുതൽ സമൂതിരിയുടെ കാലം വരെയുള്ള ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളോൽപത്തി മലയാളത്തിലെ ഒരു ആധികാരിക ഗ്രന്ഥമാണ്.

ബെയ്‌ലിയും അച്ചടിയും

ഇന്ത്യയിൽ മലയാളം അച്ചടിക്ക് അടിത്തറ പാകിയ വ്യക്തിയാണ് ബെഞ്ചമിൻ ബെയ്‌ലി. കേരളത്തിൽ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇംഗ്ലീഷുകാരനായ റവ. ബെഞ്ചമിൻ ബെയ്‌ലി 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് എന്ന പേരിൽ ഒരു അച്ചടിശാല സ്ഥാപിച്ചു. ഇവിടെ നിന്നാണ് ആദ്യത്തെ മലയാളം പുസ്തകം അച്ചടിക്കുന്നത്. 'ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' എന്നായിരുന്നു ആ പുസ്തകത്തിന്‍റെ പേര്. കുട്ടികൾക്കായി ഇംഗ്ലീഷിൽനിന്ന് ബെയ്‌ലി തന്നെ വിവർത്തനം ചെയ്ത എട്ട് കഥകളുടെ സമാഹാരമായിരുന്നു പുസ്തകം. മലയാള അച്ചടി, പ്രസിദ്ധീകരണ മേഖലക്ക്​ ബെയ്‌ലി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ജ്ഞാനനിക്ഷേപം എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചതിന്‍റെ ക്രെഡിറ്റും ബെയ്‌ലിക്കാണ്. ജ്ഞാനനിക്ഷേപം 1848 മുതൽ സി.എം.എസ് പ്രസ്സിൽനിന്നാണ് അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നത്.

ധാരാളം പുസ്തകങ്ങൾ അച്ചടിച്ചതിനു പുറമേ, മലയാളം ലിപി വികസിപ്പിക്കുന്നതിലും ബെയ്‌ലി നിർണായക പങ്കുവഹിച്ചു. അച്ചടി ആരംഭിക്കുന്നതിന് മുമ്പ് മലയാളം എഴുതിയിരുന്നത് ചതുര വടിവ് (ചതുരാകൃതി) എന്ന ശൈലിയിലാണ്. റോമിലും മുംബൈയിലും നടന്ന ആദ്യകാല മലയാളം അച്ചടികളും ഈ രീതിതന്നെയായിരുന്നു പിന്തുടർന്നത്. എന്നാൽ, ബെയ്‌ലി ഈ ലിപിയെ വട്ട-വടിവ് (വൃത്താകൃതിയിലുള്ളത്) എന്ന രൂപത്തിലേക്ക് മാറ്റി. ഈ മാറ്റം അച്ചടി വിദ്യയുടെ ലോകത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ചതുരാകൃതിയിലുള്ള സ്‌ക്രിപ്റ്റിനേക്കാൾ കാഴ്ചയിൽ മികവേറിയതിനാലും ടൈപ്പ് കാസ്റ്റിങ്​ ജോലി എളുപ്പമാക്കിയതിനാലും എല്ലാവരും ഈ മാറ്റത്തെ സ്വാഗതം ചെയ്തു. 1967ൽ ശൂരനാട് കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശയനുസരിച്ച് മാറ്റം വരുത്തുന്നതുവരെ വൃത്താകൃതിയിലുള്ള ലിപിയായിരുന്നു അച്ചടിക്ക് ഉപയോഗിച്ചിരുന്നത്.

പത്രങ്ങളും നാൾവഴിയും

ജർമനിൽനിന്നെത്തിയ ക്രിസ്ത്യൻ മിഷനറിയാണ്​ കേരളത്തിന്‍റെ പത്ര ചരിത്രത്തിന് തുടക്കം കുറിച്ചത്. കേരളീയ സംസ്കാരത്തിന്‍റെ ഭാഗമാണ് പത്രങ്ങളും പത്രവായനയും. ഇന്ത്യയിലെ ആദ്യ വർത്തമാന പത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ച് 67 വർഷങ്ങൾക്കുശേഷമാണ് മലയാളത്തിലെ ആദ്യ പത്രം പ്രസിദ്ധീകരിക്കുന്നത്.

രാജ്യസമാചാരം

1847ൽ കണ്ണൂരിലെ തലശ്ശേരിക്കടുത്ത് ഇല്ലിക്കൽകുന്നിൽനിന്ന് ബേസൽ മിഷൻ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് 'രാജ്യസമാചാരം' പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് കേരളത്തിന്‍റെ ആദ്യ പത്രത്തിനു പിന്നിൽ. അച്ചടിക്കു പകരം സൈക്ലോസ്റ്റൈൽ രീതിയുപയോഗിച്ചായിരുന്നു പത്രത്തിന്‍റെ അച്ചടി. എട്ടു പേജുകളിൽ മാസത്തിൽ ഒരു ലക്കം വീതം പ്രസിദ്ധീകരിച്ച പത്രം സൗജന്യമായായിരുന്നു വിതരണം ചെയ്തിരുന്നത്.

പശ്ചിമോദയം

ബേസൽ മിഷൻ സൊസൈറ്റിയുടെ കീഴിൽ 1847 ഒക്ടോബറിൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽനിന്നും പ്രസിദ്ധീകരണം ആരംഭിച്ച രണ്ടാമത്തെ പത്രമാണ് പശ്ചിമോദയം. ഭൂമിശാസ്ത്രം, ചരിത്രം, പ്രകൃതിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയായിരുന്നു പത്രത്തിന്‍റെ ഉള്ളടക്കം. 1857ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

ജ്ഞാനനിക്ഷേപം

നവംബർ 1848ൽ കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിയുടെ ഉടമസ്ഥതയിൽ റവ. ബെഞ്ചമിൻ ബെയ്‌ലി പ്രസിദ്ധീകരിച്ച മാസികയാണ് ജ്ഞാനനിക്ഷേപം. ലെറ്റർ പ്രസിൽ അച്ചടിച്ച ആദ്യത്തെ പത്രമായിരുന്നു ഇത്. ബെഞ്ചമിൻ ബെയ്‌ലിതന്നെ രൂപകൽപന ചെയ്ത പ്രസ്സിലായിരുന്നു ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചിരുന്നത്.

വിദ്യാസംഗ്രഹം

മലയാള പത്ര ചരിത്രത്തിലെ നാലാമത്തെ പത്രവും ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണവുമായിരുന്നു ഇത്. 1864ൽ കോട്ടയം സി.എം.എസ് കോളജിൽനിന്നാണ് ത്രൈമാസികയായ വിദ്യാസംഗ്രഹം ആരംഭിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ വ്യത്യസ്തങ്ങളായ ലേഖനങ്ങളായിരുന്നു വിദ്യസംഗ്രഹത്തിന്‍റെ പ്രധാന ഉള്ളടക്കം. 1867ൽ വിദ്യാസംഗ്രഹം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

സത്യനാദ കാഹളം

1876ൽ കത്തോലിക്ക സഭയുടെ കീഴിൽ പ്രസിദ്ധീകരണമാരംഭിച്ച ദ്വൈവാരികയായിരുന്നു സത്യനാദ കാഹളം. 1900 മുതൽ ഇതിന്‍റെ പ്രസിദ്ധീകരണം മാസത്തിൽ മൂന്നു തവണയായി മാറി. 1904ൽ വാരികയായി മാറിയ പ്രസിദ്ധീകരണം, 1926ൽ പേര് സത്യനാദം എന്നാക്കി മാറ്റി. 1970ൽ ഇത് കേരള ടൈംസ് എന്ന ദിനപത്രവുമായി ലയിപ്പിച്ചു. തുടർന്ന് കേരള ടൈംസിന്‍റെ ഞായറാഴ്ചപ്പതിപ്പായി സത്യനാദം പ്രസിദ്ധീകരിച്ചു. 1999ൽ കേരള ടൈംസ് അടച്ചുപൂട്ടിയതോടെ സത്യനാദത്തിന്‍റെ പ്രസിദ്ധീകരണവും അവസാനിച്ചു.

കേരളോപകാരി

ബേസൽ മിഷൻ സൊസൈറ്റിയുടെ കീഴിൽ 1878ൽ പ്രസിദ്ധീകരണം ആരംഭിച്ച മാസികയാണ് കേരളോപകാരി. മംഗലാപുരത്തുനിന്നായിരുന്നു ഇതിന്‍റെ പ്രസിദ്ധീകരണം. ക്രിസ്ത്യൻ സാഹിത്യത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, ഉപന്യാസങ്ങൾ, പഴഞ്ചൊല്ലുകൾ, ഉപമകൾ, കഥകൾ എന്നിവയായിരുന്നു പത്രത്തിന്‍റെ ഉള്ളടക്കം.

നസ്രാണി ദീപിക

1887 ഏപ്രിൽ 15ന് മാന്നാനം സെന്‍റ്​ ജോസഫ്സ് പ്രസ്സിൽനിന്ന് ദ്വൈവാര പ്രസിദ്ധീകരണമായാണ് നസ്രാണി ദീപിക ആരംഭിച്ചത്. 1895 മുതൽ, മാസത്തിൽ മൂന്നു തവണയായി പ്രസിദ്ധീകരിച്ച പത്രം 1899ൽ വാരികയായി മാറി. 1927ലാണ് നസ്രാണി ദീപിക ദിനപത്രമാകുന്നത്. 1938ൽ നസ്രാണി ദീപിക എന്ന പേര് ദീപിക എന്നാക്കി മാറ്റിയതോടൊപ്പം പ്രസിദ്ധീകരണ സ്ഥലം മാന്നാനത്തുനിന്ന് കോട്ടയത്തേക്ക് മാറ്റി. നിലവിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ െവച്ച് ഏറ്റവും പഴക്കം ചെന്ന മലയാളത്തിലെ ദിനപത്രമാണ് ദീപിക.

Tags:    
News Summary - history of printing in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.