കുളിച്ചൊരുങ്ങി കുടുംബക്കാരെല്ലാം കൂടി ഒത്തൊരുമിച്ചിരുന്ന് ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി ഫോട്ടോയെടുക്കുന്ന കാലമൊക്കെ പോയി. ഇപ്പോൾ സ്വന്തം ഫോട്ടോ മറ്റാരുടെയും സഹായമില്ലാതെ നമ്മളെടുക്കും. ഒരു ഫോട്ടോയെടുക്കാത്തവരായി ആരുമുണ്ടാകില്ലല്ലോ. എന്നാൽ, നമുക്ക് ഫോട്ടോഗ്രഫിയുടെ വിശേഷങ്ങൾ അറിഞ്ഞാലോ.
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ ജാമ്പാറ്റിസ്റ്റാ ഡെലാ പൊർറ്റായുടെ (1535-1615) വീട്ടിൽ നടന്ന രസകരമായൊരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അതിഥികൾ ഒരിക്കൽ കണ്ടത് മുറിക്കുള്ളിലെ ചുമരിൽ, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങൾ തലകീഴായി നടക്കുന്നതായിരുന്നു. അവർ പേടിച്ചോടി. മന്ത്രവാദക്കുറ്റം ആരോപിച്ച് ഡെലാ പൊർറ്റായെ കോടതികയറ്റുകയും ചെയ്‌തു! ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ രസകരമായ സംഭവങ്ങളിലൊന്നാണിത്.
ഇരുട്ടുനിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക് ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോൾ എതിർദിശയിലുള്ള പ്രതലത്തിൽ പുറത്തുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം തെളിയുന്നു. യഥാർഥത്തിൽ, ഡെലാ പൊർറ്റായുടെ അതിഥികൾ കണ്ടത് മുറിക്കുവെളിയിൽ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന വ്യക്തികളെയായിരുന്നു. ആധുനിക കാമറയുടെ പ്രാരംഭരൂപമായിരുന്ന കാമറ ഒബ്സ്ക്യുറയിലൂടെയായിരുന്നു ചിത്രം തെളിഞ്ഞിരുന്നത്. വാസ്തവത്തിൽ ഇത് ഡെലാ പൊർറ്റായുടെ കണ്ടുപിടിത്തമായിരുന്നില്ല. എ.ഡി 1015ല്‍തന്നെ അറബ് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഇബ്നു അല്ഹയ്തം സൂചിക്കുഴി (pin hole camera) കാമറകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രകാശത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച അദ്ദേഹംതന്നെയാണ് സൂചിക്കുഴി കാമറ ആദ്യമായി നിർമിച്ചത്. പ്രകാശത്തെ നിയന്ത്രിക്കാന്‍ സൂചിക്കുഴിപോലുള്ള ഒരു കുഞ്ഞുദ്വാരം മാത്രമുള്ള കാമറകളായിരുന്നു ഇവ. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത കൂടുമെന്ന് അദ്ദേഹം കണ്ടെത്തി. ഇരുണ്ട അറ എന്നർഥം വരുന്ന 'കാമറ ഓബ്സ്ക്യൂറ' എന്ന ലാറ്റിൻ വാക്കിൽനിന്നാണ് കാമറ എന്ന വാക്കിന്റെ ഉത്ഭവം.
ആദ്യ ക്ലിക്
1826ല്‍ ഫ്രഞ്ചുകാരനായ ജോസഫ് നീസ് ഫോര്‍ നീപ്സ് കാമറയിലേക്ക് വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രമെടുത്തത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. അദ്ദേഹം തന്റെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ജനാലയിൽ സ്ഥാപിച്ച കാമറ ഒബ്‌സ്‌ക്യുറക്കുള്ളിൽ, ബിറ്റുമിൻ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ് വെക്കുകയും എട്ടുമണിക്കൂർനേരം അതിൽ പ്രകാശം വീഴാൻ അനുവദിക്കുകയും ചെയ്‌തു. ഒരുകെട്ടിടവും മരവും കളപ്പുരയും ഉൾപ്പെട്ട അവ്യക്തമായ ഒരു ചിത്രം അതിൽ പതിഞ്ഞു. ഇന്ന് നമുക്ക് കാണുമ്പോൾ അയ്യേ എന്ന് പറയാൻ തോന്നുന്ന ചിത്രമായിരുന്നെങ്കിലും ലോകചരിത്രത്തിലെ ആദ്യ ഫോട്ടോയായിരുന്നു അത്. നീപ്സ് ഹീലിയോഗ്രാഫ് എന്നറിയപ്പെടുന്ന ഈ പരീക്ഷണത്തിനായി അദ്ദേഹം പത്തുവർഷത്തോളം ചെലവഴിച്ചു. ആദ്യ ഫോട്ടോ പ്ലേറ്റിൽ പതിപ്പിക്കാനായി എട്ട് മണിക്കൂർ വേണ്ടിവന്നെന്നു കേൾക്കുമ്പോൾ സെക്കൻഡിനുള്ളിൽതന്നെ നിരവധി ഫോട്ടോകൾ ക്ലിക്കുന്ന കൂട്ടുകാർക്ക് അത്ഭുതം തോന്നുന്നുണ്ടല്ലേ?
ഫ്രഞ്ചുകാരൻ തന്നെയായ ലൂയിസ് ഡാഗുറെ നീപ്സിന്റെ ഹീലിയോഗ്രാഫ് പ്രക്രിയ വികസിപ്പിച്ചു. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കുന്നതിലും ഡാഗുറെ വിജയിച്ചു. ഇതോടെ ഫോട്ടോഗ്രഫി ജനകീയമായിത്തുടങ്ങി.
ഗ്ലാസ്പ്ലേറ്റുകളിൽ രാസവസ്തുക്കൾ പുരട്ടിയ ഫോട്ടോഗ്രഫിക് പ്ലേറ്റിലാണ് ആദ്യകാലത്ത് ഫോട്ടോ എടുത്തിരുന്നത്. ഇവ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും ഏറെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായി ഒരിടത്ത് സ്ഥാപിച്ചിരുന്ന കാമറകളായിരുന്നു ഇവ. ഇത് പരിഹരിക്കാനുള്ള ശ്രമഫലമായിട്ടാണ് ഫിലിമുകൾ ഉത്ഭവിക്കുന്നത്. രാസമാറ്റം സംഭവിക്കുന്ന വസ്തുക്കള്‍ പുരട്ടിയ പ്ലാസ്റ്റിക് ചുരുളുകളാണ് ഫിലിം. 1888ൽ ജോർജ് ഈസ്റ്റ്മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക് പെട്ടിക്കാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രാഫർ ആയിത്തീരാമെന്ന സ്ഥിതിവന്നു.
ഡിജിറ്റൽ കാമറ 20ാം നൂറ്റാണ്ടിൽതന്നെ കണ്ടുപിടിച്ചിരുന്നെങ്കിലും സാർവത്രികമായത് 2000മാണ്ട് പിറന്നതിനുശേഷമാണ്. ഫിലിമില്ലാത്ത കാമറയാണ് ഡിജിറ്റൽ കാമറ. പ്രതിബിംബം ഫിലിമിൽ പതിയുന്നതിന് പകരം ഡിജിറ്റൽ മെമ്മറികാർഡിൽ സൂക്ഷിക്കുന്നതാണ് ഈ കാമറകളുടെ രീതി. ഫിലിമിൽ പതിയുന്ന നെഗറ്റിവിനെ പോസിറ്റിവാക്കിയാണ് ആദ്യകാലങ്ങളിൽ ചിത്രങ്ങളെടുത്തിരുന്നത്. എന്നാൽ, ഡിജിറ്റൽ കാമറകളിലെ ചിത്രങ്ങൾ അനായാസം നമുക്ക് ലഭ്യമാകുന്നു. ഡിജിറ്റൽ കാമറകൾ വന്നതോടെ ഫോട്ടോഗ്രഫി സാർവത്രികവും ചെലവുകുറഞ്ഞതുമായി മാറി. മൊബൈൽ ഫോണുകളും ഇതേ രീതിയാണ് പിന്തുടരുന്നത്.
ഫോട്ടോഗ്രഫിക് ഫിലിം നിർമാണ മേഖലയിലെ അതികായരായിരുന്നു അമേരിക്കൻ കമ്പനിയായ ഇൗസ്റ്റ്മാൻ കൊഡാക്. ഫോട്ടോഗ്രഫിക് ഉപകരണങ്ങളുടെയും ഫിലിമിെൻറയും നിര്‍മാണ, വിപണന, സേവന മേഖലകളിലേക്ക് 1889 ലാണ് ജോര്‍ജ് ഈസ്റ്റ്മാന്, അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായി 'ഈസ്റ്റ്മാന് കൊഡാക്കിനെ' അവതരിപ്പിച്ചത്. 1976ഓടെ അമേരിക്കയിലെ ഫോട്ടാഗ്രഫിക് ഫിലിം വിൽപനയിൽ 90 ശതമാനവും കൊഡാക്കിേൻറതായിരുന്നു. 1975ൽ തന്നെ കൊഡാക്കിെൻറ ആര്‍ ആൻഡ് ഡി വിഭാഗം ആദ്യമായി ഡിജിറ്റല്‍ കാമറ രൂപകൽപന ചെയ്തിരുന്നുവെങ്കിലും ഫിലിം കച്ചവടം കുറയുമെന്ന് കരുതി ഡിജിറ്റൽ കാമറരംഗത്തേക്ക് ഇറങ്ങിയില്ല. എന്നാൽ, പ്രധാന എതിരാളികളായ ജപ്പാനീസ് കമ്പനി 'ഫ്യൂജി ഫിലിംസ്' കച്ചവടതന്ത്രങ്ങൾ പരിഷ്കരിച്ചു. 1990കളിൽ തന്നെ കച്ചവടം കുറഞ്ഞ കൊഡാക് 2000ത്തിനുശേഷം നഷ്ടത്തിലായി മാറി. ഇതോടെ 120 വര്‍ഷത്തോളം വിപണിയില്‍ തേരോട്ടം നടത്തിയ കൊഡാക്കിന്റെ മേധാവിത്വം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.