മനുഷ്യനെ സ്‌നേഹിക്കാൻ പഠിക്കണോ, നിങ്ങൾ 'ബാല്യകാലസഖി' വായിക്കണം

തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറും സാഹിത്യ ഗവേഷകനുമായ ഡോ. അനിൽ വള്ളത്തോൾ ബാല്യകാലസഖി നോവലിനെക്കുറിച്ച്. വായനാദിനത്തിൽ പ്രസിദ്ധീകരിച്ചത്

ഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്' മുതൽ നിരവധി പുസ്തകങ്ങൾ. എന്നാൽ, തൊട്ടടുത്ത നിമിഷംതന്നെ ഓർമയിലെത്തുക 40 വർ‍ഷംമുമ്പ് ബി.എ സിലബസിന്റെ ഭാഗമായി പഠിച്ച 'ബാല്യകാലസഖി'യായിരിക്കും. ഡിഗ്രിക്ക് പഠിക്കുമ്പോൾ, മലയാളം അധ്യാപകൻ ജ്ഞാനപീഠം നേടിയ ഒ.എൻ.വി. കുറുപ്പായിരുന്നു. ഒ.എൻ.വി സാർ ആദ്യമായി ക്ലാസിൽ‍ വന്ന ദിവസം, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന നോവൽ വായിച്ചിട്ടുണ്ടോയെന്ന് വിദ്യാർഥികളോട് ചോദിച്ചു. മിക്ക കുട്ടികളും ആ പുസ്തകം വായിച്ചിട്ടില്ലെന്നറിഞ്ഞ പ്രഫസർ, എല്ലാവരും 'ബാല്യകാലസഖി' വായിച്ചശേഷം മാത്രമേ താൻ ക്ലാസ് എടുക്കുകയുള്ളൂവെന്ന് ഖേദപൂർവം പറഞ്ഞു. അൽപനേരത്തിനുശേഷം ബഷീർ രചിച്ച ആ കൃതിയുടെ പ്രാധാന്യം ഒന്നൊന്നായി സാർ ക്ലാസിൽ വിവരിച്ചു. ''മനുഷ്യനെ സ്‌നേഹിക്കാൻ പഠിക്കണോ, നിങ്ങൾ 'ബാല്യകാലസഖി' വായിക്കണം'' എന്ന ഒ.എൻ.വിയുടെ ഉപദേശം ഇന്നും ഓർക്കുന്നു. ഈ കഥ വായിച്ച് അമ്മ നിർത്താതെ കരഞ്ഞതും മറന്നിട്ടില്ല!

1944ൽ 'ബാല്യകാലസഖി' പ്രസിദ്ധീകൃതമായതോടെ വിശ്വവ്യാപകമായ മാനവികതയെ മലയാള നോവലിന് കൈയെത്തിപ്പിടിക്കാനാകുമെന്ന് മലയാളി വായനസമൂഹത്തിന് ബോധ്യപ്പെട്ടു. എഴുത്തുകാരന്റെ ജീവിതവും സർഗചേതനയും ലയിച്ചു ചേരുന്നതെങ്ങനെയെന്ന് അവർ‍ നേരിട്ടറിഞ്ഞു. ജീവിതത്തിൽ‍നിന്ന് വലിച്ചുചീന്തിയ ഒരേടാണെന്നും വക്കിൽ‍ രക്തം പൊടിഞ്ഞിരിക്കുന്നുവെന്നുമാണ് നോവലിനെക്കുറിച്ച് അവതാരികകാരനായ എം.പി. പോൾ‍ പറഞ്ഞത്. നോവൽ‍ എന്നതിനേക്കാൾ,‍ 76 പേജുകൾ‍ മാത്രമുള്ള ഒരു നീണ്ടകഥയാണ് ആ കൃതി. കൂട്ടത്തിൽ ഒരു കാര്യംകൂടി അറിയണം. ബഷീറിന്റെ ഏതൊരു കൃതിയിലും ചെറുകഥയും നോവലും തമ്മിലുള്ള അതിർ‍വരമ്പ് നിശ്ചയിക്കുക എളുപ്പമല്ല. അതുപോലെ സ്വകാര്യജീവിതവും സാഹിത്യജീവിതവും തമ്മിലുള്ള അതിർ‍വരമ്പ് ഭേദിച്ച് ആദ്യമായി നോവലെഴുതിയതും ബഷീറാണെന്ന് പറയാം. ലോകം മുഴുക്കെയുള്ള മനുഷ്യരുടെ പ്രതിനിധികളാണ് ബഷീറിന്റെ കഥാപാത്രങ്ങൾ‍!

ശുഭപര്യവസായി ആയിട്ടുമാത്രം കഥകൾ‍ പറഞ്ഞുപോന്നിരുന്ന ശീലത്തിൽ‍നിന്ന് വ്യക്തമായ ഒരു ചുവടുമാറ്റമായിരുന്നു 'ബാല്യകാലസഖി'. വലിയൊരു ഞെട്ടൽ‍തന്നെ അത് സാഹിത്യലോകത്ത് ഉളവാക്കി. ഉടനീളം ചലനാത്മകമായ ജീവിതം അതിലെ ഓരോ വരികളിലും സ്പന്ദിച്ചുനിന്നു. വിസ്തൃതമായ ലോകാനുഭവവും ഉന്നതമായ ഭാവനയുമുള്ള ഒരു തൂലികയിൽനിന്നേ ഇത്തരം ഒരു നോവൽ‍ പിറവിയെടുക്കൂ എന്ന് വായനക്കാരും നിരൂപകരും വിധിയെഴുതി.

ഇംഗ്ലീഷിലാണ് നോവൽ‍ ആദ്യമായി എഴുതിയത്. നാട്ടിലെത്തിയശേഷം മാതൃഭാഷയിലേക്ക് തർജ്ജമ ചെയ്തതാണ് ഇന്നു കാണുന്ന 'ബാല്യകാലസഖി' എന്നതും രസകരമായ വസ്തുതയാണ്.

ജീവിതത്തിന്റെ വൈരുധ്യങ്ങളെ തികഞ്ഞ യാഥാർഥ്യബോധത്തോടെ ബഷീർ‍ ആവിഷ്‌കരിക്കുകയാണീ നോവലിൽ. മനോഹരമായ ആഖ്യാന ശൈലിയിൽ‍ കരുണാർ‍ദ്രമായ ഭാഷയിൽ‍ കഥയുടെ സുൽ‍ത്താൻ‍ കഥ പറയുകയാണ്. ആലങ്കാരിക കൽ‍പനകളല്ല അനുഭവത്തിന്റെ കാന്തികമൂല്യമാണ് എഴുത്തിനെ ആകർഷകമാക്കുന്നത്.

Tags:    
News Summary - If you want to learn to love Human you should read Balyakalasakhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.