ചെറിയൊരു പിണക്കത്തിനുപോലും ചിലപ്പോൾ 'നിനക്ക് ഹൃദയമുണ്ടോ?' എന്ന് ചോദിക്കുന്നവരാണ് എല്ലാവരും. ഈ അവധിക്കാലത്ത് എല്ലാ കൂട്ടുകാരോടും ഹൃദയംകൊണ്ട് സംസാരിക്കാൻ ശ്രമിക്കൂ. മനസുതുറന്ന് സന്തോഷത്തോടെ സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. മാനസിക -ശാരീരിക ആരോഗ്യങ്ങൾ പരസ്പര പൂരകങ്ങളാണെന്ന് അറിയാമല്ലോ. മാനസിക അസ്വസ്ഥതകൾ ചിലപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇടവരുത്തിയേക്കാം. അതിൽ പ്രധാനമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ. എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ അടിസ്ഥാനമാണ് ഹൃദയം. എന്നാൽ ഹൃദയത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ.
മനുഷ്യന്റെ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമായ ഹൃദയത്തിന് 300 ഗ്രാം ഭാരമുള്ള നാല് അറകളുണ്ട്. വലതുവശത്തെ അറകളിൽ അശുദ്ധരക്തവും ഇടതു വശത്തെ അറകളിൽ ശുദ്ധരക്തവും എത്തിച്ചേരുന്നു. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ മനുഷ്യൻ ഏർപ്പെടുന്ന എല്ലാ പ്രവൃത്തികൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്തം എത്തിക്കുന്നത് ഹൃദയമാണ്.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഹൃദയ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രധാനമാർഗം. പുകയില ഉപയോഗം അർബുദം ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്നു. കൂടാതെ രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കും.
ഹൃദയാരോഗ്യത്തിന് നാരുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉറക്കകുറവ് ഹൃദയാരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കും. സ്ഥിരമായി ആറ് മണിക്കൂറിൽ കുറവ് ഉറക്കം ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും.
ധമനികളിലെ രക്തസമ്മർദം, സെറിബ്രോവാസ്കുലർ രോഗം, ഹൃദയസ്തംഭനം, റുമാറ്റിക് ഹൃദ്രോഗം, കാർഡിയോമിയോപ്പതികൾ എന്നിങ്ങനെ വിവിധതരം ഹൃദയരോഗങ്ങളുണ്ട്. മർദത്തിൻെ അളവ് കുറഞ്ഞ് 140 എം.എം.എച്ച്.ജി സിസ്റ്റോളിക് രേഖപ്പെടുത്തുമ്പോഴാണ് രക്ത സമ്മർദം ഉണ്ടാകുക. രക്തത്തിന്റെ സഞ്ചാരം ശരിയായരീതിയിൽ സംഭവിക്കാത്തതാണ് ഇതിന്റെ കാരണം. സ്ഥിരമായി രക്തം പമ്പ് ചെയ്യാനുള്ള മസിൽ പമ്പിലെ ബുദ്ധിമുട്ടാണ് ഹൃദയസ്തംഭനം.
ഹൃദയമിടിപ്പ് അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ്. ഇത് ആദ്യമായി നിർമിച്ചത് റെനെ ലനക് എന്ന ശാസ്ത്രജ്ഞനാണ്. ചെറിയ ഡിസ്ക് ആകൃതിയിലുള്ള റെസൊണേറ്ററും ഇയർപീസുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബുകൾ വഴി ഹൃദയമിടിപ്പ് അറിയാൻ സാധിക്കും.
ഹൃദയമോ രക്തചംക്രമണ സംവിധാനങ്ങളോ ഇല്ലാത്ത ജീവികളും നമുക്കിടയിലുണ്ട്. ജെല്ലിഫിഷ്, അനിമോണുകൾ, സ്റ്റാർഫിഷ്, കടൽ വെള്ളരികൾ, പരന്ന പുഴുക്കൾ എന്നിവക്ക് ഹൃദയമില്ല. വളരെ ചെറിയ ജീവികൾക്ക് പോഷകങ്ങൾ എത്തിക്കുന്നതിന് ഒരു അവയവത്തിന്റെ ആവശ്യമില്ല, വ്യാപനമാണ് നടക്കുന്നത്. ജെല്ലിഫിഷുകൾ, വിരകൾ എന്നിവ ശരീരത്തിന് ചുറ്റും പോഷകങ്ങൾ വിതരണം ചെയ്യാൻ ഹൃദയത്തിന് പകരം കുടൽ ഉപയോഗിക്കുന്നു.
മനുഷ്യരെ പോലെ തന്നെ മുതലക്കും പക്ഷികൾക്കും ഹൃദയത്തിന് നാല് അറകളുണ്ട്. മണ്ണിരകൾക്ക് അഞ്ച് ഹൃദയമാണുള്ളത്. പാറ്റയുടെ ഹൃദയത്തിന് 13 അറകളുണ്ട്. നീരാളിക്ക് മൂന്ന് ഹൃദയവും. മത്സ്യങ്ങൾക്ക് രണ്ട് അറകളുള്ള ഹൃദയമാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.