വിവരമാണ് ശക്തി, വിവരമാണ് സ്വാതന്ത്ര്യം, വിശ്വസിക്കാവുന്ന വിവരമാണ് യഥാർഥ സ്വാതന്ത്ര്യം എന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമങ്ങളിൽ ഏറ്റവും ജനാധിപത്യമൂല്യം അവകാശപ്പെടാനാവുന്ന നിയമമാണ് 2005ലെ വിവരാവകാശ നിയമം. വിവരാവകാശ നിയമത്തെക്കുറിച്ച് കൂടുതൽ അറിയാം.
ഭരണകാര്യങ്ങൾ നിങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടോ? തീർച്ചയായും ഉണ്ട്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് വിവരാവകാശ നിയമം (Right To Information Act). ഭരണവുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും നമുക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികൾ നാടിനും നാട്ടുകാർക്കുംവേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അതിന് ചെലവാക്കിയ പണത്തെക്കുറിച്ചും ആർക്കൊക്കെ എന്തൊക്കെ നൽകി, വാങ്ങി എന്നിങ്ങനെ നൂലിഴ കീറി പരിശോധിക്കാൻ വിവരാവകാശ നിയമം ഉപയോഗപ്പെടുത്താം. ഭരണഘടനയാണ് ഈ വിവരങ്ങൾ വ്യക്തവും കൃത്യവുമായി അറിയാനുള്ള അവകാശം നമുക്ക് തീറെഴുതിത്തന്നത്. എന്നാൽ, ഭരണവും അതിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും രഹസ്യമാക്കിവെക്കാൻ ഭരണാധികാരികൾക്ക് അധികാരമുണ്ട്.
വിവരത്തിനുമേൽ പൗരന്മാർക്കുള്ള അവകാശം. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കാനുള്ള നിയമമാണ് വിവരാവകാശ നിയമം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിെൻറ ഭരണത്തെക്കുറിച്ചും നയങ്ങളെ കുറിച്ചും പ്രവർത്തനങ്ങെള കുറിച്ചും പരിപാടികളെ കുറിച്ചും അവയുടെ പൊതുതാൽപര്യത്തിെൻറ ഏറ്റക്കുറച്ചിലുകളെ കുറിച്ചും അറിയാൻ പൗരനുള്ള അവകാശം. പത്ത് രൂപ ഫീസടച്ച് അപേക്ഷിച്ചാൽ സർക്കാർ രേഖകൾ സാധാരണക്കാരന് ലഭ്യമാകും. സ്വന്തം ആവശ്യങ്ങൾക്കായി നേടിയെടുക്കേണ്ട രേഖകൾ മുതൽ പൊതുതാൽപര്യം മുൻനിർത്തിയുള്ള രേഖകൾ വരെ ഇതിെൻറ പരിധിയിൽവരും. പ്രധാനമായും ഗവൺമെൻറ് നടപടികളിലും സ്ഥാപനങ്ങളിലുമാണ് വിവരാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുക. അപേക്ഷ നൽകി ലഭ്യമാക്കുന്നതു മാത്രമല്ല വിവരാവകാശം. അപേക്ഷ നൽകാതെയും പണമടക്കാതെയും സർക്കാറും സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങൾ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലൂടെ അധികാരം ചിലരെ ഏൽപിക്കുന്നു എന്നതു മാത്രമാണ് ഭരണരംഗത്ത് സംഭവിക്കുന്നത്. അവർ ആ അധികാരം ഉപയോഗിച്ച് ഭരിക്കുന്നു. അധികാരികൾ കാണിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അതിനെതിരെ ശബ്ദിക്കാനും ഒരു പൊതുവികാരം ഭരണാധികാരികൾക്കെതിരെ ഉണ്ടാവാനും വേണ്ട പ്രധാനപ്പെട്ട ഘടകമാണ് വിവരം. ഭരണതലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ശരിയായ അറിവുണ്ടെങ്കിൽ മാത്രമേ ജനാധിപത്യം അർഥവത്താവൂ.
കുട്ടികൾക്കും വിവരാവകാശത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താം. പഠനാവശ്യങ്ങൾക്കായും ഗവേഷണ ആവശ്യങ്ങൾക്കായും നിങ്ങൾ തീർച്ചയായും ഈ നിയമം ഉപയോഗപ്പെടുത്തുമല്ലോ.
ഉന്നത പദവിയിലിരുന്ന ഐ.എ.എസുകാരിയായ അരുണ റോയ്, അവരുടെ പദവികൾ ഉപേക്ഷിച്ച് നടത്തിയ രണ്ടു പതിറ്റാണ്ടുകൾ നീണ്ട സമരത്തിെൻറ ബാക്കിപത്രമാണ് വിവരാവകാശ നിയമം. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിനുവേണ്ടി അരുണ റോയ് സ്ഥാപിച്ച സംഘടനയായിരുന്നു മസ്ദൂർ കിസാൻ ശക്തി സംഘടൻ. 2005 മേയ് 11ന് ലോക്സഭ പാസാക്കിയ വിവരാവകാശ നിയമത്തിന് അതേവർഷം ജൂൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 2005 ഒക്ടോബർ 12ന് വിവരാവകാശ നിയമം പ്രാബല്യത്തിൽവന്നു. ഇതിന്റെ ഓർമക്കായി രാജ്യം ഒക്ടോബർ 12ന് വിവരാവകാശദിനമായി ആചരിക്കുന്നു. ലോകത്ത് ആദ്യമായി വിവരാവകാശ കമീഷൻ നിലവിൽ വന്നത് സ്വീഡനിലാണ്. തമിഴ്നാടാണ് (1997) വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
വിവരാവകാശം മൗലികാവകാശങ്ങളിൽ പെട്ടതാണ്. സർദാർ വല്ലഭ്ഭായി പേട്ടലാണ് മൗലികാവകാശങ്ങളുടെ ശിൽപി. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
വിവരാവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമീഷൻ. ഈ നിയമത്തിലെ വകുപ്പ് 12ലെയും 15ലെയും ഒന്നാം ഉപവകുപ്പ് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണത്. അപേക്ഷകളിലുള്ള പരാതികളും ശിക്ഷാനടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അധികാരിയാണ് വിവരാവകാശ കമീഷൻ.
കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമീഷനുകൾ പ്രവർത്തിക്കുന്നു. കേരള സംസ്ഥാന വിവരാവകാശ കമീഷൻ 21-12-2005ലാണ് നിലവിൽവന്നത്.
വിവരാവകാശ സംരക്ഷകരാണ് നിയമിതരായ ഇൻഫർമേഷൻ കമീഷണർമാർ. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര കമീഷണർമാരെ നിയമിക്കുന്നതും നീക്കംചെയ്യുന്നതും രാഷ്ട്രപതിയാണ്. അവർ സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കുന്നതും രാഷ്ട്രപതിയുടെ അടുത്താണ്. എന്നാൽ, സംസ്ഥാന ഇൻഫർമേഷൻ കമീഷണർമാരെ നിയമിക്കുന്നതും നീക്കുന്നതും ഗവർണറാണ്. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇൻഫർമേഷൻ കമീഷണർ വജഹത് ഹബീബുല്ലയാണ്. ഇന്ത്യയിലെ ആദ്യത്തെ വനിത വിവരാവകാശ കമീഷണർ ദീപക് സന്ധുവാണ്.
അപേക്ഷയിൽ കഴിയുന്നതും വേഗത്തിൽ വിവരങ്ങൾ നൽകുക എന്നുള്ളതാണ് ഉദ്യോഗസ്ഥരുടെ ജോലി. വിവരങ്ങൾ നൽകുന്നതിനുള്ള പരമാവധി സമയപരിധി 30 ദിവസമാണ്. എന്നാൽ, വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്തേണ്ടതുമുണ്ട്. ഇനി വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതാണെങ്കിൽ ആ വിവരവും അപേക്ഷകനെ അറിയിക്കണം.
ആവശ്യപ്പെട്ട വിവരം സമയപരിധി കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കിൽ അതിൽ അപ്പീൽ നൽകാനുള്ള അവകാശവും പൗരനുണ്ട്. രണ്ടു തരത്തിലാണ് അപ്പീലുള്ളത്. ഒന്നാം അപ്പീലും രണ്ടാം അപ്പീലും. ഒന്നാം അപ്പീൽ പൊതുസ്ഥാപനങ്ങളിലും അവിടത്തെ പൊതു അധികാരി നിയമിച്ച ഉദ്യോഗസ്ഥനുമാണ് നൽകേണ്ടത്. ആ അപ്പീൽ തള്ളിയാൽ പൗരന് രണ്ടാം അപ്പീൽ നൽകാം. അത് നൽകേണ്ടത് സംസ്ഥാന വിവരാവകാശ കമീഷണർക്കാണ്.
അപേക്ഷക്ക് ഒരു പ്രത്യേക മാതൃകയൊന്നും ഇല്ല. സാധാരണ വെള്ളക്കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ആയിരിക്കണം. ഏതൊരു ഇന്ത്യൻ പൗരനും അപേക്ഷ സമർപ്പിക്കാം. ഏത് ഓഫിസിൽനിന്നാണോ വിവരങ്ങൾ ലഭ്യമാകേണ്ടത് അവിടത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഓഫിസിലെത്തി നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. അപേക്ഷയിൽ അപേക്ഷകെൻറ പേര്, വ്യക്തമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.