കൂട്ടുകാരെല്ലാം പരീക്ഷത്തിരക്കിലാവും അല്ലേ? കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ അവധിക്കാലമാണ്. ഇത്തവണ അവധിക്കാലത്തെ പ്ലാനുകൾ എന്തൊക്കെയാണ്? വേറെ പ്ലാനൊന്നും റെഡിയായിട്ടില്ലെങ്കിൽ ‘വെളിച്ചം’ ചെറിയൊരു ടാസ്ക് തരാം. കഴിയുമോ എന്നൊന്ന് നോക്കാമല്ലോ. ടാസ്ക് എന്താണെന്ന് പറയുന്നതിനുമുമ്പ് മറ്റുചില കാര്യങ്ങൾ പറയാനുണ്ട്. ഇനി അതിലേക്കു വരാം. നിങ്ങൾ ഒന്ന് ചുറ്റും കണ്ണോടിച്ചുനോക്കൂ, ചുറ്റിലും നിരവധി കാഴ്ചകളുണ്ടാവും. ആ കാഴ്ചകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ എന്തൊക്കെയുണ്ട്? ഒന്ന് ലിസ്റ്റ് ചെയ്ത് നോക്കിയാലോ... കൈയിലിരിക്കുന്ന പേനയിൽനിന്നുതന്നെ തുടങ്ങാം. പേന, ബോക്സ്, ബാഗ്, വാട്ടർബോട്ടിൽ... ഇനി അടുക്കളയിലൊന്ന് പോയിനോക്കൂ... പ്ലാസ്റ്റിക് കവറുകൾകൊണ്ടുള്ള ബഹളമാകും. പച്ചക്കറിയരിയുന്ന കട്ടിങ് ബോർഡും പൊടികളിടുന്ന ഭരണികളും അങ്ങനെയങ്ങനെ പോകും. വീട്ടിൽ ഏറ്റവും കൂടുതലുള്ളത് പ്ലാസ്റ്റിക്കാവും. ഇനി പുറത്തിറങ്ങിയാലോ? കടയിൽനിന്ന് സാധനം വാങ്ങിക്കണമെങ്കിൽ പ്ലാസ്റ്റിക് കവർ, മിഠായിയും അച്ചാറും തുടങ്ങി എല്ലാ സാധനങ്ങളുമിരിക്കുന്നത് പ്ലാസ്റ്റിക് പാക്കുകളിൽ.
ഈ പ്ലാസ്റ്റിക് കവറുകളിലെയും മറ്റും സാധനങ്ങളെല്ലാം ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നെ നിങ്ങളത് എന്തുചെയ്യുകയാണ് പതിവ്? വലിച്ചെറിയും എന്നാകും മിക്കവരും പറയുന്ന ഉത്തരം. ഒന്നു പുറത്തിറങ്ങി ചുറ്റും നോക്കിയാൽ അത് നമുക്ക് ബോധ്യമാവുകയും ചെയ്യും. ഈ പ്ലാസ്റ്റിക് ഇത്ര പ്രശ്നമുള്ളതാണോ എന്നാകും സംശയം. അതിനുള്ള മറുപടിയായി ചിലത് പറയാം.
Don’t Stick on Plastic
ഒരു വലിയ ട്രക്ക് നിറക്കാനുള്ളത്ര പ്ലാസ്റ്റിക് മാലിന്യം ഓരോ മിനിറ്റിലും കടലിലേക്ക് തള്ളുന്നുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. ആഗോളതലത്തിൽതന്നെ വളരെ ഗൗരവതരമായ പ്രശ്നമായി പ്ലാസ്റ്റിക് മാലിന്യം മാറിയിട്ടുണ്ട്. പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. ഇത് കാലാവസ്ഥ വ്യതിയാനത്തിനും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാവുന്നതിനുമെല്ലാം കാരണമാവുന്നു. ഒരു പ്ലാസ്റ്റിക് വസ്തു നിർമിച്ചു കഴിഞ്ഞാൽ അത് ഭൂമി അവസാനിക്കുന്നിടംവരെ നിലനിൽക്കും എന്നു പറയാറുണ്ട്. കത്തിച്ചുകളഞ്ഞാൽ പിന്നെ എങ്ങനെയെന്ന് ചോദിക്കുന്നവരുണ്ടാകും. കത്തിച്ചുകളഞ്ഞാലും അത് മറ്റൊരു രൂപത്തിൽ ഭൂമിയിൽ നിലനിൽക്കും എന്നതാണ് വാസ്തവം.
ഇതാകും അടുത്ത സംശയം. പ്ലാസ്റ്റിക്കുകൾ പലതരമുണ്ട്. അതിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്നതും മലിനീകരണം സൃഷ്ടിക്കുന്നതും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പ്ലാസ്റ്റിക് ഉൽപാദിപ്പിച്ചുതുടങ്ങുന്നത്. 1950കൾക്കുശേഷം ഇവയുടെ ഉൽപാദന രംഗത്ത് വൻ വർധനയുണ്ടായി. 1950 മുതൽ 2015 വരെ മാത്രം 7800 മില്യൺ ടൺ ആയിരുന്നത്രേ ഉൽപാദന കണക്ക്. എല്ലാ പ്ലാസ്റ്റിക്കുകളും നാശമുണ്ടാക്കുന്നവയല്ല. ഉദാഹരണത്തിന് ബൈക്ക് ഓടിക്കുമ്പോൾ വെക്കുന്ന ഹെൽമറ്റും കാറിലെ എയർബാഗും മെഡിക്കൽ ഉപകരണങ്ങളും അങ്ങനെ നിരവധി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നല്ല ഗുണങ്ങൾ ചെയ്യുന്നുണ്ട്. കവറുകളും സ്ട്രോകളും ബോട്ടിലുകളും ഭക്ഷണ കവറുകളുമടക്കമുള്ളവയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ. ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളിൽ 79 ശതമാനവും അതിന്റെ ഉപയോഗശേഷം മണ്ണിൽ അവശേഷിക്കുന്നുവെന്നാണ് കണക്ക്. 12 ശതമാനം കത്തിച്ചുകളയുന്നു. വെറും ഒമ്പതു ശതമാനം മാത്രമേ പുനരുപയോഗിക്കുന്നുള്ളൂവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നത് സമുദ്രമടക്കമുള്ള ജലാശയങ്ങളിലാണെന്ന് യു.എന്നിന്റെ പഠന റിപ്പോർട്ട് പറയുന്നുണ്ട്. എല്ലാ വർഷവും 8.8 മില്യൺ ടൺ പ്ലാസ്റ്റിക് കടലിലേക്ക് തള്ളുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ജലാശയങ്ങൾക്കരികിലൂടെ ഒന്നു നടന്നാൽതന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം പ്ലാസ്റ്റിക് മാലിന്യം അവിടെ അടിയുന്നുവെന്ന്. പുഴയിലും തോടുകളിലുമെല്ലാം തള്ളുന്ന മാലിന്യം പിന്നീട് കടലിലേക്കെത്തുകയും ചെയ്യും. ജലാശയങ്ങളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ജലജീവികളുടെ ആവാസവ്യവസ്ഥ തകർക്കുകയാണ്.
ഓരോ ദിവസവും പ്ലാസ്റ്റിക് കവറുകളും സ്ട്രോകളുമടക്കമുള്ളവ വിഴുങ്ങിയും അതിൽ കുരുങ്ങിയും നിരവധി ജീവികളാണ് ചത്തൊടുങ്ങുന്നത്. 2050 ആകുമ്പോഴേക്കും കടലിൽ മീനിനെക്കാളേറെ പ്ലാസ്റ്റിക് മാലിന്യമായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 270ഓളം കടൽ സ്പീഷീസുകൾ പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന പ്രശ്നങ്ങൾകാരണം വംശനാശത്തിന്റെ വക്കിലാണ്. അടുത്ത 30 വർഷത്തിനുള്ളിൽ 99 ശതമാനം കടൽപക്ഷികളുടെയും വയറ്റിൽ പ്ലാസ്റ്റിക് മാലിന്യം അടങ്ങിയിട്ടുണ്ടാവുമെന്നും പവിഴപ്പുറ്റുകളടക്കമുള്ള കടൽസമ്പത്ത് ഇവമൂലം നശിച്ചുപോകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്ലാസ്റ്റിക് കത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. കത്തിക്കുമ്പോൾ ഗുരുതര രോഗങ്ങളുണ്ടാക്കാവുന്ന കെമിക്കലുകളാണ് പുകയിലൂടെ എത്തുന്നത്. ഇത് ശ്വസിക്കുന്നതുവഴി മാറാവ്യാധികൾ വരെയുണ്ടാകാം. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷ വായുവിനെ മലിനമാക്കും. മനുഷ്യൻ തന്റെ ഭക്ഷണത്തിലൂടെ മൈക്രോ പ്ലാസ്റ്റിക്കുകൾ അകത്താക്കുന്നുണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. ഒരാഴ്ച നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അഞ്ചു ഗ്രാം വരെ പ്ലാസ്റ്റിക് ശരീരത്തിലേക്ക് എത്തുന്നുണ്ടത്രേ! നമ്മളറിയാതെ മൈക്രോ പ്ലാസ്റ്റിക്കുകൾ ശ്വാസത്തിലൂടെ വരെ അകത്തെത്തുമെന്നും പഠനം പറയുന്നു.
റീസൈക്ലിങ് ആണ് പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള വഴിയെന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ, ഇതൊരു ശാശ്വത പരിഹാരമായി ഇന്ന് കണക്കാക്കുന്നില്ല. അതിനും കാരണങ്ങളുണ്ട്. ഉൽപാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഒമ്പതു ശതമാനത്തോളം മാത്രമാണ് ഇന്ന് റീസൈക്കിൾ ചെയ്യപ്പെടുന്നത്. ഇതിൽ തന്നെ ഒന്നിലധികം തവണ റീസൈക്കിൾ ചെയ്യപ്പെടുന്നത് വെറും 10 ശതമാനം മാത്രം. റീസൈക്കിൾ ചെയ്യുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടുന്നുവെന്നതാണത്രേ റീസൈക്ലിങ് പ്രോത്സാഹനം കുറയാൻ കാരണം. സ്വാഭാവികമായും ഇത് വീണ്ടും മാലിന്യമായി വലിച്ചെറിയപ്പെടുന്നു.
ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ വീണ്ടും ഉപയോഗിക്കുക എന്നതാണ് മറ്റൊരു പരിഹാരം. പക്ഷേ, ഒരുതവണ ഉപയോഗിച്ചുകഴിഞ്ഞാൽ അത് വലിച്ചെറിയാതെ നമുക്കൊരു സമാധാനവുമുണ്ടാവില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല, മനുഷ്യന് ആവശ്യമുള്ളതിന്റെ എത്രയോ മടങ്ങ് അധികം പ്ലാസ്റ്റിക് നിലവിൽ ഉണ്ടുതാനും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിർത്തുക എന്നതുമാത്രമാണ് മാലിന്യത്തിന്റെ അളവു കുറച്ച് പ്രകൃതിയെയും കാലാവസ്ഥയെയും അതുവഴി ഭൂമിയെയും രക്ഷിക്കാനുള്ള ഒരേയൊരു മാർഗം. അതിന് നമ്മൾതന്നെ മുൻകൈയെടുക്കുകയും വേണം.
ഇത്തവണ അവധിക്കാലത്ത് കളികൾക്കിടയിൽ ചെറിയ ചില ടാസ്കുകൾകൂടി ചെയ്താലോ? നമ്മുടെ ഭൂമിയെ നമ്മളല്ലാതെ വേറെ ആര് സംരക്ഷിക്കാൻ? ഇനി എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്നറിയാം.
പ്ലാസ്റ്റിക് കവറുകൾ വേണ്ട
വീട്ടിൽ ഇനി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വേണ്ടെന്ന് വീട്ടിലുള്ളവരോട് പറയണം. അതിനുപകരം കൂട്ടുകാർക്കുതന്നെ ചെറിയ തുണി സഞ്ചികൾ നിർമിക്കാം. പഴയ വസ്ത്രങ്ങളും പുതപ്പുമെല്ലാം ഇതിനായി ഉപയോഗിക്കാം. യൂട്യൂബിൽ ഒന്ന് തിരഞ്ഞാൽ ഇതെല്ലാം എളുപ്പത്തിലുണ്ടാക്കാനുള്ള ക്ലാസുകളും കിട്ടും.
പാക്കറ്റുകൾ വലിച്ചെറിയേണ്ട
പൊടികളുടെയും മിഠായിയുടെയുമൊന്നും കവറുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഇങ്ങനെ ചെയ്യുന്നവരെ പറഞ്ഞ് മനസ്സിലാക്കുകയും വേണം. ഈ കവറുകളെല്ലാം തൊടിയിൽനിന്നും മറ്റും ശേഖരിച്ച് ഒരു സഞ്ചിയിലാക്കിവെക്കാം. പഞ്ചായത്ത് അധികൃതരും മറ്റും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച കവറുകളെല്ലാം അവരെ ഏൽപിക്കാം.
ഒന്നിച്ചിറങ്ങാം
കളി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് കൂട്ടുകാരോടൊപ്പം ചേർന്ന് വീടിന്റെ പരിസരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിച്ച് കൂട്ടിവെക്കാം. ഇതിനായി വീട്ടുകാരുടെ സഹായവും തേടാം. ഇങ്ങനെ ശേഖരിക്കുന്നവയും അധികൃതരെ ഏൽപിക്കാം. കാട്ടിലും കുഴിയിലും ഒന്നും പോയി വീണേക്കരുത് കേട്ടോ.
കടലാസുകൊണ്ട് എന്തെല്ലാം!
പേപ്പർ ബാഗുകളും പേപ്പർ സ്ട്രോകളും തുടങ്ങി നിരവധി സാധനങ്ങൾ കടലാസുപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ നിർമിക്കാവുന്നതേയുള്ളൂ. ഇത് കൂട്ടുകാരെ പറഞ്ഞ് മനസ്സിലാക്കേണ്ടതും നിങ്ങളാണ്. ഇത് പറയാൻ പോകുമ്പോൾ കടലാസുകൊണ്ട് ഒരു കാർഡോ മറ്റോ നിർമിച്ച് അവർക്ക് ഒരു സമ്മാനംകൂടി നൽകുകയാണെങ്കിൽ ഉഷാറാവും.
മൺചട്ടി മതി
ഗാർഡനിങ് ഇഷ്ടമുള്ളവരാകും അധികം കൂട്ടുകാരും. ഇനിമുതൽ ഗാർഡനിൽ പ്ലാസ്റ്റിക് ബാഗുകളും പൂച്ചട്ടിയും വേണ്ട. ഇനി മൺചട്ടികളിൽ പൂക്കൾ വിരിയട്ടെ.
ഒരു പൂവ് നൽകാം
കൂട്ടുകാർക്കൊപ്പം ചേർന്ന് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള സന്ദേശമെഴുതിയ കത്തും പേപ്പർകൊണ്ടുള്ള പൂക്കളുംകൊണ്ട് അടുത്തുള്ള വീടുകളിലേക്ക് ചെല്ലൂ. അവരും നിങ്ങളോട് ചേർന്നുനിൽക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.