ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയിലെ ജനങ്ങളായ നാം, എന്ന വാചകത്തോടെയാണ് ഭരണഘടനയുടെ തുടക്കം. പരമാധികാര രാജ്യങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയാണ് നമ്മുടേത്.
ഇംഗ്ലീഷ് ഭാഷ പതിപ്പില്‍ 1,46,385 പദങ്ങളുള്ള പ്രേം ബിഹാരി നരേന്‍ റൈസാദ് എഴുതിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂലഗ്രന്ഥത്തില്‍ 22 ഭാഗങ്ങളിലും എട്ട് ഷെഡ്യൂളുകളിലുമായി 395 അനുച്ഛേദങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാര്‍ക്ക് നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുകയും സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 1950ലെ യഥാർഥ ഭരണഘടന ന്യൂഡല്‍ഹിയിലെ പാര്‍ലമെൻറ് ഹൗസില്‍ ഹീലിയം നിറച്ച കെയ്സില് സൂക്ഷിച്ചിരിക്കുന്നു.
1935ലെ ഗവണ്‍മെൻറ് ഓഫ് ഇന്ത്യ ആക്ടും മറ്റു രാജ്യങ്ങളുടെ ഭരണഘടനയും ഉള്‍പ്പെടെ ഒന്നിലധികം ഉറവിടങ്ങളില്‍നിന്നാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയത്. സാമൂഹികവും സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടില്‍ രാജ്യത്തെ നയിക്കാനും ഭരിക്കാനുമുള്ള സമഗ്രമായ ഒരു വ്യവസ്ഥ ഇതു നല്‍കുന്നു. പരിഷ്കരണത്തിെൻറ ലാളിത്യത്തില്‍ ഇന്ത്യന്‍ ഭരണഘടന കാഠിന്യത്തിനും വഴക്കത്തിനും ഇടയില്‍ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്നു. കാലത്തിനനുസരിച്ച് വികസിക്കാന്‍ കഴിയുന്നരൂപത്തിൽ ഭരണഘടന നിലകൊള്ളുന്നു.
1946 ഡിസംബര്‍ ഒമ്പതു മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച കാബിനറ്റ് മിഷന്റെ കീഴില്‍ രൂപവത്കരിച്ച ഭരണഘടന നിർമാണ സഭക്കായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. ഇൗ ദൗത്യം പൂര്‍ത്തിയാക്കാന്‍ സഭക്ക് കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഒടുവില്‍ 1949 നവംബര്‍ 26ന് ഘടകസഭ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. അതിെൻറ ഓർമക്കായി എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടന ദിനമായി ആഘോഷിക്കുന്നു. ഇത് ദേശീയ നിയമദിനം എന്ന പേരിലും അറിയപ്പെടുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം
ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗമാണിത്. മറ്റു രേഖകളില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ അധികാരത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ ഫിലോസഫിയേയും വ്യക്തമായി പ്രതിബാധിച്ചിരിക്കുന്നു. ആമുഖത്തിൽ ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെ ചുരുക്കി വിവരിക്കുന്നതിനോടൊപ്പം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഡോ. ബി.ആർ. അംബേദ്കര്‍
1891 ഏപ്രില്‍ 14ന് മധ്യപ്രദേശിലെ രത്‌നഗിരി ജില്ലയില്‍ അംബാവാഡി ഗ്രാമത്തില്‍ ജനിച്ച സാമൂഹിക പരിഷ്‌കര്‍ത്താവും സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനും രാഷ്ട്രീയക്കാരനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയുമായ ഭീംറാവു റാംജി അംബേദ്കറാണ് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ്. പാവപ്പെട്ട ദലിത് കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുകയും ജാതി സമൂഹത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ ജാതിവ്യവസ്ഥക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും പോരാടുന്നതിനായി ജീവിതംതന്നെ മാറ്റിവെച്ച മഹാൻ.
ഇന്ത്യന്‍ ധനകാര്യ കമീഷന്‍ രൂപവത്കരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും അംബേദ്കറാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായപ്പോഴും അദ്ദേഹത്തിെൻറ ആശയങ്ങള്‍ ഉപയോഗിച്ചിരുന്നു. മരണാനന്തരം അദ്ദേഹത്തിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി ആദരിച്ചു.
ഭരണഘടന ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ന്യായമായ, മൗലികാവകാശങ്ങളുടെ ആറ് വിശാലമായ വിഭാഗങ്ങളുടെ രൂപത്തില്‍ ഇവ ഭരണഘടന ഉറപ്പുനല്‍കുന്നു. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ആര്‍ട്ടിക്ള്‍ 12 മുതല്‍ 35 വരെ മൗലികാവകാശങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു.
സമത്വത്തിനുള്ള അവകാശം: മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയല്‍, നിയമത്തിനു മുന്നില്‍ തുല്യത, തൊഴില്‍ കാര്യങ്ങളില്‍ അവസര സമത്വം.
സ്വാതന്ത്ര്യത്തിനുള്ള അവകാശം: സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുള്ള അവകാശം, അസംബ്ലി, അസോസിയേഷന്‍ അല്ലെങ്കില്‍ യൂനിയന്‍, സഞ്ചാരം, താമസം എന്നിവക്കുള്ള അവകാശം, തൊഴിൽ അവകാശം.
ചൂഷണത്തിനെതിരായ അവകാശം: നിര്‍ബന്ധിത തൊഴില്‍, ബാലവേല എന്നിവ നിരോധിക്കുന്നു.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം: മതാചാരങ്ങൾ പാലിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍: ഏതൊരു വിഭാഗം പൗരന്മാര്‍ക്കും അവരുടെ സംസ്‌കാരം, ഭാഷ അല്ലെങ്കില്‍ ലിപി എന്നിവ സംരക്ഷിക്കാനുള്ള അവകാശം അതോടൊപ്പംതന്നെ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം.
ഭരണഘടനപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം: മൗലികാവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഭരണഘടനപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.