തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടി പൂതരണേ
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ...
അത്തം മുതൽ പത്തുദിവസം മുറ്റത്ത് പൂക്കളം നിറയും. മാവേലിയെ വരവേൽക്കാനുള്ള മലയാള നാടിന്റെ ഒരുക്കമാണ് ഓരോ പൂക്കളവും. കേരളീയ ദേശീയ ഉത്സവമാണ് ഓണം. ജാതിമത ഭേദമന്യേ ഓണക്കോടിയുടുത്ത് സദ്യയൊരുക്കി മാവേലിയെ വരവേൽക്കും. ഓണം കൊയ്ത്തുത്സവമാണെന്ന് പറയുന്നെങ്കിലും അതിന്റെ പിന്നിൽ ധാരാളം ഐതിഹ്യങ്ങളുണ്ടെന്നും നമുക്കറിയാം. കാണം വിറ്റും ഓണമുണ്ണണം എന്നാണ് പഴമക്കാർ പറയുക.
മഹാബലി(മാവേലി)യുമായി ബന്ധപ്പെട്ടതാണ് ഓണത്തിന്റെ പ്രധാന ഐതിഹ്യം. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു അസുര ചക്രവർത്തിയായ മഹാബലിയുടെ ഭരണകാലം. ''മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും...'' എന്ന പാട്ട് എല്ലാവരും കേട്ടിട്ടുണ്ടാകും. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവന്മാർ മഹാവിഷ്ണുവിന്റെ സഹായം തേടി. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു മഹാബലിയുടെ അടുത്തെത്തി ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വകവെക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനനെ അനുവദിച്ചു. ആകാശംമുട്ടെ വളർന്ന വാമനൻ ആദ്യത്തെ രണ്ടടിക്കുതന്നെ സ്വർഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതായതോടെ മഹാബലി തന്റെ ശിരസ്സ് കാണിച്ചുനൽകി. വാമനൻ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എന്നാൽ, ആണ്ടിലൊരിക്കൽ അതായത്, ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകിയിരുന്നു. അങ്ങനെ എല്ലാവർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ അദൃശ്യനായെത്തുന്നുവെന്നാണ് ഐതിഹ്യം.
നമ്മുടെ ദേശീയോത്സവമാണ് ഓണം. 1961ലാണ് സംസ്ഥാന സർക്കാർ ഓണം ദേശീയോത്സവമായി കൊണ്ടാടാൻ തുടങ്ങിയത്. എന്നുമുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയ രേഖകളില്ല. എന്നാൽ, സംഘകാല കൃതികളിലൊന്നായ പത്തുപാട്ടിൽ ഉൾപ്പെട്ട മധുരൈക്കാഞ്ചി എന്ന കൃതിയിൽ ഓണത്തെപ്പറ്റി പറയുന്നുണ്ട്.
ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങി പത്തുദിവസം തിരുവോണ നാൾ വരെ വീട്ടുമുറ്റത്ത് ഓണത്തോടനുബന്ധിച്ച് പൂക്കളമൊരുക്കും. മുറ്റത്ത് തറയൊരുക്കി ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുക. ആദ്യദിവസമായ അത്തം നാളിൽ ഒരുനിര പൂക്കൾ മാത്രമാണ് ഇടുക. ചുവന്ന പൂവ് ആദ്യ ദിവസം ഇടാറില്ല. ഓരോ ദിവസവും പൂക്കളുടെ എണ്ണവും കൂടിവരും. ഉത്രാടം നാളിൽ പൂക്കളം പരമാവധി വലുപ്പത്തിൽ ഒരുക്കും. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കുക.
മഹാബലിയുടെ സങ്കൽപത്തിലുള്ള നാട്ടുദൈവമാണ് ഓണത്താറ്. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിൽ ഓണത്താറ് എന്ന തെയ്യം കെട്ടി വീടുകൾ തോറും കയറിയിറങ്ങും. ഒരാളായിരിക്കും ഓണത്താർ വേഷത്തിലെത്തുക. മറ്റുള്ളവർ ചെണ്ടകൊട്ടി പാട്ടുപാടി ഓണത്താറിനെ അനുഗമിക്കും. വലതുകൈയിൽ മണിയും ഇടതുകൈയിൽ ഓണവില്ലും പിടിച്ച് മണികിലുക്കിയാണ് ഓണത്താറെത്തുക.
ഓണപ്പൊട്ടനെന്നും ഇതിനെ വിളിക്കും. ഓണത്താറിനെപ്പോലെ ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണേശ്വരനും വീട് സന്ദർശിക്കുക. താടിയും മുടിയും വെച്ചുകെട്ടി പ്രത്യേക ആടയാഭരണങ്ങളണിഞ്ഞ് കുരുത്തോലകൊണ്ട് അലങ്കരിച്ച ഓലക്കുടയും ചൂടിയാണ് ഓണേശ്വരൻ വീടുകളിലെത്തുക. ആർപ്പുവിളിയുമായി കുട്ടികളും ഓണപ്പൊട്ടനൊപ്പമുണ്ടാകും. ഓണേശ്വരൻ സംസാരിക്കില്ലാത്തതിനാലാണ് ഓണപ്പൊട്ടനെന്ന പേരും വന്നത്.
ഒരു വാദ്യ ഉപകരണമാണ് ഓണവില്ല്. ഓണക്കാലത്താണ് ഇവ കൂടുതലായി ഉപയോഗിക്കുക. അതിനാൽ ഓണവില്ലെന്ന പേരും കൈവന്നു. തെങ്ങ്, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.