സൂര്യൻ ഒരുദിവസം ഉദിക്കാതിരുന്നാലോ?

സൂര്യനില്ലാതെ ലോകമില്ല, അല്ലേ? നമ്മള്‍ അറിയാതെതന്നെ സൂര്യൻ പല രീതിയിൽ സഹായിക്കുന്നുണ്ട്​. പ്രകാശസംശ്ലേഷണം എന്ന രാസപ്രവര്‍ത്തനത്തിന് സസ്യങ്ങളും സൂര്യ​െൻറ ഊർജം ഉപയോഗിക്കുന്നു. വിറ്റമിന്‍ ഡി പോലുള്ള ചില പ്രധാന രാസപ്രവര്‍ത്തനങ്ങള്‍ നടത്താനും സൗരോർജം ആവശ്യമാണ്.

സൂര്യന്‍ ഒരുദിവസം അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്തിട്ടുണ്ടോ? അങ്ങനെ സംഭവിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. എന്നിരുന്നാലും, ഉറപ്പുള്ള ഒരു കാര്യമുണ്ട്, സൂര്യനില്ലാതെ നമ്മളില്‍ ആരും നിലനില്‍ക്കില്ല. ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്​ടിക്കുന്നതിനുള്ള പ്രധാന ഘടകമായി സൂര്യനെ ചൂണ്ടിക്കാണിക്കുന്നുണ്ട്​.

എന്താണ് സൗരോർജം?

സൂര്യനില്‍നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജം. സോളാര്‍ പാനലുകളിലൂടെ സൂര്യനില്‍നിന്ന് ആഗിരണം ചെയ്യപ്പെടുന്ന സൗരോർജത്തില്‍നിന്ന്​ നമ്മൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. എന്നാല്‍, സൂര്യനില്‍നിന്നുവരുന്ന ഊർജത്തി​െൻറ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. പുരാതനകാലം മുതല്‍ ആളുകള്‍ സൗരോർജം ഉപയോഗിച്ചിരുന്നു എന്നാണ്​ ചരിത്രം പറയുന്നത്​. ഭൂതക്കണ്ണാടി ഉപയോഗിച്ച് തീ ഉണ്ടാക്കിയിരുന്നത് ഇതിനുദാഹരണമാണ്. ചെലവേറിയ വൈദ്യുതി ഉൽപാദനരംഗത്ത്​ ഫലപ്രദമായ മാര്‍ഗമാണ്​ സൗരോർജം.

ചരിത്രം

2700 വര്‍ഷത്തിലേറെയായി സൗരോർജം നമ്മൾ ഉപയോഗിക്കുന്നുണ്ടെന്നാണ്​ ചരിത്രം പറയുന്നത്​. ബി.സി 700ല്‍, ഭൂതക്കണ്ണാടി ഉപയോഗിച്ച് സൂര്യരശ്മികളിൽനിന്ന്​ തീ ഉണ്ടാക്കിയിരുന്നു. നിഷ്‌ക്രിയ സോളാര്‍ ഡിസൈനുകള്‍ ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുകാരും റോമക്കാരുമാണത്രെ. 1447ല്‍ ലിയോനാര്‍ഡോ ഡാവിഞ്ചി വ്യവസായിക സൗരോർജ ഉപയോഗം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും മുന്‍ഗാമിയായ ആദ്യത്തെ സിലിക്കണ്‍ സോളാര്‍ സെല്‍ 1954ല്‍ ബെല്‍ ലാബ്സ് ആണ്​ നിർമിച്ചത്​. 1960കളില്‍ ബഹിരാകാശ വ്യവസായം ബഹിരാകാശവാഹനങ്ങളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോർജ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങി. വാന്‍ഗാര്‍ഡ് 1 എന്ന സോളാര്‍ സെല്ലുകളാല്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കൃത്രിമ ഭൗമ ഉപഗ്രഹം ഭ്രമണപഥത്തിലെ ഏറ്റവും പഴക്കംചെന്ന മനുഷ്യനിര്‍മിത ഉപഗ്രഹമായി ഇന്നും തുടരുന്നു.

പ്രയോജനങ്ങള്‍

  • ഭൂമിയിലെ ഏറ്റവും സമൃദ്ധമായ ഊർജസ്രോതസ്സാണ് സൗരോർജം
  • പരമ്പരാഗത വൈദ്യുതിപ്രവാഹത്തേക്കാള്‍ സുരക്ഷിതവും മലിനീകരണരഹിതവുമാണ്​
  • കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നില്ല
  • എവിടെയും ഇൻസ്​റ്റാള്‍ ചെയ്യാന്‍ കഴിയും
  • വെള്ളം ചൂടാക്കാനും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഊര്‍ജം പകരാനും കാറുകള്‍ക്കുപോലും വൈദ്യുതി നല്‍കാനും സോളാര്‍ ഉപയോഗിക്കാം
  • മേഘാവൃതമായ ദിവസങ്ങളില്‍പോലും വൈദ്യുതി ഉൽപാദിപ്പിക്കുന്നു
  • യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതില്‍നിന്ന് വ്യത്യസ്തമായി നിക്ഷേപത്തില്‍നിന്നുള്ള വരുമാനം
  • ബാറ്ററികള്‍ ഉപയോഗിച്ച് രാത്രി ഉപയോഗത്തിനായുള്ള അധിക വൈദ്യുതി സംഭരിക്കാം

സൗരോർജ സെല്‍

സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമായ സോളാര്‍ സെല്ലുകളെ ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍ എന്നും വിളിക്കുന്നു. ഫോട്ടോവോള്‍ട്ടായിക് പ്രതിഭാസം മൂലമാണ് ഇതില്‍ വൈദ്യുതോൽപാദനം നടക്കുന്നത്. യഥാർഥ സോളാര്‍ സെല്ലുകള്‍ നിർമിച്ചിരിക്കുന്നത് സിലിക്കണ്‍ അർധചാലകങ്ങളാലാണ്. അത് സൂര്യപ്രകാശം ആഗിരണം ചെയ്യുകയും പിന്നീട് അത് വൈദ്യുതിയായി മാറ്റുകയും ചെയ്യുന്നു. നിലവില്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ 20 ശതമാനം മാത്രമേ വൈദ്യുതിയാക്കാന്‍ കഴിയൂ.

സൗരോര്‍ജ ഉപകരണങ്ങള്‍

സൗരോര്‍ജം നേരിട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങളെ സൗരോര്‍ജ ഉപകരണങ്ങള്‍ എന്നു വിളിക്കുന്നു. സോളാര്‍ കുക്കറുകള്‍, സോളാര്‍ സെല്ലുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ ഫര്‍ണസുകള്‍, സോളാര്‍ തെര്‍മല്‍ പ്ലാന്റുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയുടെ പ്രധാന പോരായ്മ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യക്ഷമത വളരെ കുറവാണ് എന്നതാണ്.

സൗരോർജം ഇന്ത്യയില്‍

ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉപഭോക്താവും മൂന്നാമത്തെ വലിയ പുനരുപയോഗ ഊർജ ഉല്‍പാദകരുമായ ഇന്ത്യയില്‍ വൈദ്യുതി ഉൽപാദനം ചെലവേറിയ ഒന്നാണ്. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജത്തിന്റെ ഭാഗമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായമാണ് സൗരോർജം. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ഊര്‍ജ ഉൽപാദനത്തില്‍ സൗരോർജത്തിന്റെ പ്രത്യക്ഷമായ സ്വാധീനം ഉണ്ടായിട്ടുണ്ട്. കണക്കുകൾ പ്രകാരം സൗരോർജത്തിന്റെ ഉല്‍പാദനത്തില്‍ രാജസ്ഥാനാണ് ഒന്നാമത്​.

Tags:    
News Summary - star Sun center of the Solar System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.