ചരിത്രം ഏറെയുണ്ട് മനുഷ്യന്. പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറി പുതുയുഗത്തിന്റെ കാലത്തേക്ക് ചുവടുവെച്ച ചരിത്രം. അതിൽ ആദ്യം ഓർക്കേണ്ടത് ശിലായുഗങ്ങളാണ്. മൂർച്ചയുള്ള കല്ലായുധങ്ങളിൽനിന്നും അമ്പും വില്ലിൽനിന്നും തോലുകൊണ്ടുള്ള കുപ്പായത്തിൽനിന്നും ചരിത്രം അവശേഷിപ്പിച്ച ആ ശിലായുഗം ഭാവനയിലെ കഥയേക്കാൾ എത്രയോ മഹത്തരം. ആ ചരിത്ര യാഥാർഥ്യങ്ങളിലേക്ക്...
ആയുധങ്ങളും ഉപകരണങ്ങളുമായി പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടമാണ് പ്രാചീന ശിലായുഗം. മൃഗങ്ങളെ വേട്ടയാടാനും അവയിൽനിന്ന് രക്ഷനേടാനും കിഴങ്ങുകൾ കുഴിച്ചെടുക്കാനുമായിരുന്നു ആ കണ്ടുപിടിത്തം. ഗുഹകളിലായിരുന്നു താമസം. കിഴങ്ങുകളും പഴങ്ങളും വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസവും അവർ ഭക്ഷണമാക്കി. വേട്ടയാടലായിരുന്നു പ്രാചീന ശിലായുഗ മനുഷ്യെൻറ പ്രധാന ഉപജീവനമാർഗം. ഗുഹകൾക്കുള്ളിൽ വെളിച്ചത്തിനും ആഹാരം വേവിക്കാനും അവർ തീ ഉപയോഗിച്ചു തുടങ്ങി.
ആദ്യ ആയുധങ്ങൾ: കല്ലിൻതുണ്ടുകൾ, കൽച്ചീളുകൾ, എല്ലിൻ കഷണങ്ങൾ, മരക്കമ്പുകൾ തുടങ്ങിയവ
മാറ്റങ്ങൾ പിന്നീടും ഒരുപാടുണ്ടായി. മൂർച്ചയുള്ള ആയുധങ്ങളിലൂടെ കൂർത്ത നഖങ്ങളില്ലാത്തതിന്റെ കുറവ് പരിഹരിച്ചു. ദൂരെയുള്ള ജീവിയെ ഒാടിപ്പിടിക്കാൻ കഴിയാത്തതിനാൽ അമ്പും വില്ലും ഉപയോഗിച്ചുതുടങ്ങി. വെള്ളത്തിലൂടെ യാത്രചെയ്യാൻ മരത്തടികൾ ചേർത്തുവെച്ചു. തോലുകൊണ്ട് കുപ്പായമുണ്ടാക്കി. തീയുടെ കണ്ടെത്തൽകൂടിയായപ്പോൾ അവർ ഒന്നുകൂടി വളർന്നു. ഭക്ഷണം പാകം ചെയ്ത് കഴിച്ചുതുടങ്ങി. ശൈത്യത്തെ അതിജീവിച്ചു. രാത്രിയിൽ ഇരുട്ടകറ്റി വെളിച്ചം െതളിച്ചു.
സൂക്ഷ്മമായി ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടമായിരുന്നു മധ്യശിലായുഗം. അതിനാൽ, ഇൗ കാലഘട്ടം സൂക്ഷ്മ ശിലായുഗം എന്നറിയപ്പെട്ടു. ആയുധം കമ്പിൽ കെട്ടി മൃഗങ്ങളെ വേട്ടയാടാനും മൃഗങ്ങളെയും മറ്റു വസ്തുക്കളെയും ദൂരെനിന്ന് എറിഞ്ഞിടാനും വേട്ടയാടിയ മൃഗങ്ങളുടെ തോലുരിക്കാനും ഇത്തരം ആയുധങ്ങൾ മനുഷ്യനെ സഹായിച്ചു.
മധ്യശിലായുഗത്തിൽ മനുഷ്യന് ഒരുപാട് പുരോഗതികളുണ്ടായി. ആഹാരരീതി മാറി. നായ്ക്കളെ ഇണക്കിവളർത്തി. സ്ഥിരവാസം തുടങ്ങി.
കൃഷിയുടെയും കന്നുകാലി വളർത്തലിെൻറയും ആരംഭകാലമാണ് നവീന ശിലായുഗം. പുതിയ നായാട്ടുരീതികളും നല്ല ആയുധങ്ങളും അവരെ നല്ല ജീവിതങ്ങളിലേക്ക് നയിച്ചു. തേച്ച്, മൂർച്ചകൂട്ടിയ ശിലായുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ കാലത്തിനാണ് നവീന ശിലായുഗം എന്നു പറയുന്നത്.
കൃഷിയുടെ ആരംഭം, കാലി വളർത്തൽ, വായ്ത്തല മൂർച്ചകൂട്ടിയ ശിലായുധങ്ങൾ, പരുക്കൻ കളിമൺ പാത്രങ്ങളുടെ നിർമാണം, സാമൂഹികജീവിതത്തിെൻറ ആരംഭം എന്നിവയെല്ലാം ഈ കാലഘട്ടത്തിെന്റ പ്രത്യേകതയാണ്.
ചക്രത്തിെൻറ കണ്ടുപിടിത്തം മനുഷ്യജീവിതത്തിലെ വലിയ മാറ്റമുണ്ടാക്കി. മൺപാത്ര നിർമാണത്തിന് തുടക്കമായതോടെ തൊഴിൽ സംസ്കാരത്തിനും തൊഴിൽ കൂട്ടായ്മക്കും തുടക്കം കുറിച്ചു. പിന്നീട് മനുഷ്യെൻറ അധ്വാനഭാരം മൃഗങ്ങളിലേക്കും യന്ത്രങ്ങളിലേക്കും പങ്കുവെക്കപ്പെട്ടു.
നവീന ശിലായുഗത്തിൽനിന്നുള്ള മാറ്റത്തിെൻറ കാലമായിരുന്നു താമ്രശിലായുഗം. ഈ കാലഘട്ടത്തിൽ ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചിരുന്നു. ശിലായുധങ്ങളോടൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചു. നഗരജീവിതം തുടങ്ങി. അടുപ്പുകളോടുകൂടിയ വീടുകൾ നിർമിച്ചു. മൺപാത്ര നിർമാണത്തിന് ചക്രങ്ങൾ ഉപയോഗിച്ചുതുടങ്ങി.
പ്രാചീന മനുഷ്യജീവിതത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാന തെളിവുകൾ ഗുഹാചിത്രങ്ങളാണ്. ഫ്രാൻസിലെ ലസ്കോഗുഹയിൽ 2000ത്തോളം ഗുഹാചിത്രങ്ങളുണ്ട്. ദക്ഷിണ ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന ഷോവെ ഗുഹ വളരെ വിശാലമായ ഒന്നാണ്. സ്പെയിനിൽ സ്ഥിതിചെയ്യുന്ന അൾടാമിറ ഗുഹ ബഹുവർണങ്ങൾ നിറഞ്ഞതാണ്. മധ്യപ്രദേശിലെ ഭിംബേസ്ക ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലായുഗ കേന്ദ്രമാണ്.1957ൽ വി.എസ്. വകൻകർ ആണ് ഭിംബേസ്കയിലെ ചിത്രങ്ങൾ ആദ്യമായി ശ്രദ്ധയിൽ കൊണ്ടുവരുന്നത്. വേട്ടയുടെയും സംഘപ്രവർത്തനത്തിെൻറയും ചിത്രങ്ങളാണ് ഏറ്റവും ശ്രദ്ധേയം.
ശിലായുഗ കേന്ദ്രങ്ങളും അവയുടെ സംസ്ഥാനം
ഭിംബേസ്ക-മധ്യപ്രദേശ്
നർമദാ താഴ്വര-മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
ഹൻസ്ഗി-ആന്ധ്രപ്രദേശ്
നാഗാർജുനകൊണ്ട-ആന്ധ്രപ്രദേശ്
കുർനൂൽ ഗുഹകൾ-ആന്ധ്രപ്രദേശ്
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കടുത്ത് അമ്പുകുത്തി മലയിലാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ശിലായുഗത്തിെൻറ തെളിവുകൾ എടക്കൽ ഗുഹയിൽനിന്ന് ലഭിക്കുന്നു. പ്രകൃതിദത്തമായ ഇൗ ഗുഹയിൽ പാറച്ചുമരുകളിന്മേൽ നിരവധി ചിത്രങ്ങൾ കാണാം. ഇവ പാറമേൽ ഉരച്ചുരച്ച് വരച്ചവയാണ്. മനുഷ്യരൂപങ്ങളുടെ ചിത്രങ്ങളാണ് ഇവയിലധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.