ടെലിവിഷനുകളും യുട്യൂബുമൊക്കെ സജീവമാകും മുമ്പ് ഒരുതലമുറയെ ഹരംകൊള്ളിച്ചിരുന്നത് റേഡിയോയിലും ഉത്സവങ്ങളിലും കണ്ടും കേട്ടുമിരുന്ന നാടകങ്ങളായിരുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നായാണ് നാടകം അറിയപ്പെടുന്നത്.
കലോത്സവങ്ങളിലും പെരുന്നാളിനും പൂരപ്പറമ്പിലും ഉയരത്തിൽകെട്ടിയ സ്റ്റേജിന് മുന്നിൽ കർട്ടൻ പൊങ്ങുന്നതും കാത്ത് നാടകങ്ങൾക്കായി കാത്തിരുന്നിട്ടില്ലേ? സിനിമയുടെ വെള്ളിവെളിച്ചത്തിന് മുമ്പ് ഒരു നാടിനെയാകെ സ്വാധീനിച്ചിരുന്ന കലയാണ് നാടകങ്ങൾ. ഇന്നു കാണുന്നതരത്തിൽ സമൂഹത്തെ നവീകരിച്ചതിൽ നാടകങ്ങൾക്ക് വലിയ പങ്കുണ്ട്. ടെലിവിഷനുകളും യുട്യൂബുമൊക്കെ സജീവമാകും മുമ്പ് ഒരുതലമുറയെ ഹരംകൊള്ളിച്ചിരുന്നത് റേഡിയോയിലും ഉത്സവങ്ങളിലും കണ്ടും കേട്ടുമിരുന്ന നാടകങ്ങളായിരുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നായാണ് നാടകം അറിയപ്പെടുന്നത്. ഒരുതരം അനുഷ്ഠാനമായി പ്രാചീനകാലത്തുതന്നെ രൂപംകൊണ്ട നാടകം ഇന്നീ കാണുന്നതരത്തിലേക്ക് മാറിയത് ഒരുപാട് സഞ്ചരിച്ചാണ്. അടുത്ത ബെല്ലോടുകൂടി നമുക്കീ നാടക വിശേഷങ്ങളറിഞ്ഞുവരാം.
ആധുനിക യൂറോപ്യൻ സംസ്കാരത്തിന് അടിത്തറ പാകിയ പ്രാചീന ഗ്രീസാണ് നാടകകല ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന് പഠനങ്ങൾ പറയുന്നു. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ പാട്ടുപാടിയും ചുവടുവെച്ചും തുടങ്ങിയ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ നാടകമായി. നമ്മുടെ രാജ്യത്തിനും നാടകത്തിെൻറ ചരിത്രം പറയാനുണ്ട്. പ്രാചീന ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി തീകൂട്ടി ഭക്ഷ്യവസ്തുക്കൾ വേവിച്ച് ഭക്ഷിച്ചതിനുശേഷം അഗ്നികുണ്ഠത്തെ വലംവെച്ച് പാടുകയും ആടുകയും ചെയ്തിരുന്നു. ക്രമേണയിത് കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയനാടകം ഉത്ഭവിച്ചതെന്നും ഗവേഷകർ പറയുന്നു. ചൈനയിലും ജപ്പാനിലും സമാനമായി പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽനിന്നാണ് നാടകമുണ്ടായതെന്നും പറയുന്നു.
ബി.സി 1500നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നടുക്ക് വേദിയും ചുറ്റും ഇരിപ്പിടങ്ങളും വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ നിർമിച്ച ആംഫി തിയറ്ററുകളെന്നറിയപ്പെടുന്ന പ്രദർശനശാലകളിലാണ് നാടകം വളർന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താൻ കോറസ് സംഘങ്ങളുണ്ടായി. ജനങ്ങൾക്കൊപ്പം അന്നത്തെ ഭരണാധികാരികൾ നാടകങ്ങൾക്ക് നൽകിയ പ്രേത്സാഹനമാണ് ഈ മേഖലയുടെ വളർച്ചക്ക് കാരണം. സമൂഹത്തിൽ നിലനിന്നിരുന്ന തിന്മകൾക്കെതിരെ ശബ്ദമുയർത്തിയതോടെ നാടകങ്ങൾ ഇന്നുകാണുന്ന തരത്തിലേക്ക് പടർന്നുപന്തലിച്ചു.
ക്രിസ്തുവിന് മുമ്പ് 534ൽ ഏഥൻസിൽ നടന്നിരുന്ന നാടക മത്സരങ്ങളിലെ വിജയിയായിരുന്ന തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വെച്ച് ആദ്യത്തെ നടനും നാടകകൃത്തുമായി അറിയപ്പെടുന്നത്. ദുരന്തനാടകം, ആക്ഷേപഹാസ്യ നാടകം, ശുഭാന്ത്യ നാടകം എന്നിങ്ങനെ ഗ്രീക്ക് നാടകങ്ങളെ വേർതിരിച്ചിരുന്നു.m പ്രാചീന ഗ്രീസിൽ ട്രാജഡികൾക്കും കോമഡികൾക്കും ഒരുപോലെ പ്രോത്സാഹനം ലഭിച്ചെങ്കിലും ട്രാജഡികളാണ് പിൽക്കാലത്ത് മഹത്തരമായത്.
വേദകാലം മുതൽതന്നെ ഇന്ത്യയിൽ നാടകങ്ങൾ ആരംഭിച്ചിരുന്നു. പുരോഹിതന്മാർ പ്രത്യേകവേഷങ്ങളണിഞ്ഞ് യജ്ഞം നടത്തുകയും കർമാനുഷ്ഠാനങ്ങൾ ആചാരപൂർവം നടത്തുകയും ചെയ്തതായി കരുതുന്നു. പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യെൻറ പ്രധാനമന്ത്രിയുമായിരുന്ന ചാണക്യെൻറ അർഥശാസ്ത്രത്തിൽ സംഗീതം, നാടകം എന്നിവയെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രമാണ് ഭാരതീയ നാട്യകലയുടെ വേദപുസ്തകമായി അറിയപ്പെടുന്നത്.
ബുദ്ധമത പ്രചാരണത്തിനായി ആശ്വഘോഷൻ രചിച്ച നാടകങ്ങൾ ഭാരതീയ നാടകവേദിയുടെ പ്രാചീനസംഭാവനകളാണ്. ഭാസനും ശൂദ്രകനും കാളിദാസനും ചേർന്ന കാലഘട്ടത്തെ ഭാരതീയ നാടകവേദിയുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കുന്നു. കാളിദാസെൻറ ശാകുന്തളം നാടകം ലോകപ്രശസ്തമാണ്.
തമിഴ് നാടകങ്ങളിലൂടെയാണ് മലയാള നാടകരംഗം വളർന്നത്. വള്ളിത്തിരുമണം, പവിഴക്കൊടി, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങളും കിട്ടപ്പ, ത്യാഗരാജഭാഗവതര്, സരസ്വതിഭായി- രത്നഭായി സഹോദരങ്ങളും മലയാളിപ്രേക്ഷകരെ സ്വാധീനിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിെൻറയും തമിഴ് സംഗീത നാടകസംസ്കാരത്തിെൻറയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങൾ. ഷേക്സ്പിയർ കൃതിയായ കോമഡി ഒാഫ് എറേഴ്സിെൻറ പരിഭാഷ 'ആൾമാറാട്ട'മാണ് മലയാളത്തിലെ ആദ്യനാടക കൃതി. കൊച്ചി ആംഗ്ലിക്കൻ സഭ സ്കൂൾ അധ്യാപകനും പത്തനംതിട്ട സ്വദേശിയുമായ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ആൾമാറാട്ടത്തിെൻറ കർത്താവ്.
വില്യം ഷേക്സ്പിയറിനെ കുറിച്ച് പറയാതെ നാടകചരിത്രം പൂർത്തിയാവില്ല. ലോകചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്തും എഴുത്തുകാരനുമാണ് അദ്ദേഹം. 38 നാടകങ്ങളും 154 ഗീതകങ്ങളും കാവ്യങ്ങളും അദ്ദേഹം ലോകത്തിനായി സമ്മാനിച്ചു. കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ചനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കൃതികൾ ദുരന്തം, ചരിത്രം, ഹാസ്യം, പ്രണയം എന്നിവയായി തരം തിരിച്ചിരിക്കുന്നു. ദുരന്തനാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ കഴിവുകാട്ടിയ പ്രതിഭാശാലിയാണ് അദ്ദേഹം.
ഷേക്സ്പിയറുടെ ജീവിതകാലത്തുതന്നെ പ്രധാനപ്പെട്ട കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ലോകംമുഴുവൻ ഉയർന്നത്. ഏപ്രിൽ 1564ൽ സ്നിറ്റർഫീൽഡിലെ കൈയുറ നിർമാതാവ് ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായാണ് ജനനം. ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളി സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.
നഗരത്തിൽ വട്ടംകൂടിയിരിക്കുന്ന ആൾക്കൂട്ടത്തിന് നടുവിലായി നാടകം കളിക്കുന്നവരെ കണ്ടിട്ടില്ലേ, പരിസ്ഥിതി സംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം തെരുവുനാടകങ്ങളുമായി എത്താറുണ്ട്. തെരുവിനെ അരങ്ങാക്കി അരങ്ങേറുന്ന നാടകങ്ങളാണ് തെരുവുനാടകങ്ങൾ. ജനകീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കുന്നതാണ് ഇവ. സാധാരണ നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻകൂട്ടി അറിയിച്ചും തീരുമാനിച്ചും എത്തുന്നവരാകില്ല ഇത്തരം നാടകത്തിെൻറ പ്രേഷകർ. വാചികം, ആംഗികം എന്നീ അഭിനയ രീതികൾക്കാണ് തെരുവുനാടകത്തിൽ പ്രാധാന്യം കൂടുതൽ. ചുറ്റും കൂടിനിൽക്കുന്ന സാധാരണക്കാരായ കാണികൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ രംഗഭാഷയാണ് ഉപയോഗിക്കുക. നാടകം, നടൻ, പ്രേക്ഷകൻ എന്നീ മൂന്ന് ഘടകങ്ങളും തെരുവുകളിൽ അതിർവരമ്പില്ലാതെ അടുത്തിരിക്കും. അതുകൊണ്ടുതന്നെ അഭിനേതാക്കൾക്ക് കഠിനമായ പരിശ്രമം വേണ്ടിവരുന്ന നാടകങ്ങളാണിവ. ചെണ്ടമുട്ടിയും പാട്ടുപാടിയും ഒക്കെയാണ് കാഴ്ചക്കാരെ കൂട്ടുക. വിപ്ലവശേഷമുള്ള റഷ്യൻ നാടക പ്രവർത്തകരാണ് അത്തരം നാടകങ്ങളുടെ ആദ്യ വക്താക്കളെന്ന് കരുതുന്നു.
ചുവടുകൾക്ക് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. ബൈബിളിൽനിന്നോ ചരിത്രത്തിൽനിന്നോ ഉള്ള കഥകളാണ് ചവിട്ടുനാടകത്തിൽ പ്രധാനം. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തുചേരുന്നതാണ് പ്രകടനങ്ങൾ. ഇത്തരം കലാകാരൻമാർ കഥയേക്കാൾ മുമ്പേ ആയുധാഭ്യാസങ്ങളാണ് പഠിച്ചെടുക്കുക. ചെണ്ട, കൈമണി പ്രധാനമായും ഉപയോഗിക്കുന്നു. പോർചുഗീസുകാരുടെ വരവോടെയാണ് ഇവ കേരളത്തിൽ രൂപംകൊണ്ടത്. തട്ടുപൊളിപ്പൻ എന്നും ചവിട്ടുനാടകം അറിയപ്പെടുന്നു.
മധ്യതിരുവതാംകൂറിന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ സജീവമായ ഒരു നാടൻ കലയാണിത്. നാടോടികളും അവഗണിക്കപ്പെട്ടവരുമായ കാക്കാല സമുദായത്തിെൻറ തനതു കലാരൂപമാണ്. കല്ലറ, വിതുര, പേരയം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ മലവേട വിഭാഗത്തിൽപെട്ടവരും ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ കുറവരുമാണ് പ്രധാനമായും ഈ നാടോടി കലാരൂപം അവതരിപ്പിക്കുന്നത്. കറുപ്പുടുത്ത് കരിപൂശി മുഖത്ത് ചുണ്ണാമ്പ് പുള്ളി കുത്തി പ്രാകൃതരീതിയിലാണ് വേഷവിധാനം. കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിൽനിന്നും കാക്കാൻ പ്രവേശിക്കുന്നതോടെയാണ് നാടകത്തിന് തുടക്കം. തുടർന്ന് ശബ്ദത്തിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന തമ്പുരാനും കാക്കാനും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതിൽ അവതരിപ്പിക്കുക.
പുറത്തെ ആട്ടാണ് പൊറാട്ടായി മാറിയത്. പാലക്കാടിെൻറ തനതു കലാരൂപമാണിത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളാണ് വേദി. നിത്യജീവിതത്തിലെ സംഭവങ്ങളാണ് പ്രധാന വിഷയങ്ങൾ. മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നിവ പശ്ചാത്തലസംഗീതമൊരുക്കും. പാണൻ സമുദായത്തിലുള്ളവർ അവതരിപ്പിക്കുന്നതിനാൽ പാങ്കളി എന്നും അറിയപ്പെടുന്നു. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. സ്ത്രീവേഷങ്ങളും പുരുഷൻമാർ തന്നെ കെട്ടിയാടും.
അഭിനേതാക്കൾക്ക് പകരം പാവകൾ അരങ്ങിലെത്തും. ലോകമെങ്ങും പാവനാടകങ്ങൾ പ്രചാരത്തിലുണ്ട്. കേരളത്തിൽ തോൽപ്പാവക്കൂത്തും പാവക്കഥകളിയും പ്രസിദ്ധമാണ്. പാവ തിയറ്ററുകൾ പുരാതന ഈജിപ്തിലാണ് തുടങ്ങിയതെന്ന് കരുതുന്നു.
കേരളത്തിന്റെ അതുല്യ കലകളെ നിലനിർത്താനും പരിപോഷിപ്പിക്കാനുമായി ഇ.എം.എസിന്റെ നേതൃത്വത്തിലാണ് തൃശൂരിൽ കേരള സംഗീതനാടക അക്കാദമി സ്ഥാപിച്ചത്. സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകൾ, വാദ്യകലകൾ, മാജിക് തുടങ്ങിയ കലകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും ഇത് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരിയാണ് അക്കാദമി സ്ഥാപിക്കാൻ മുൻകൈയെടുത്തത്.
മങ്കു തമ്പുരാനായിരുന്നു അക്കാദമിയുടെ ആദ്യ അധ്യക്ഷൻ. പ്രഫ. ജി.ശങ്കരപ്പിള്ള, കെ.ടി. മുഹമ്മദ്, ഡോ. കെ.ജെ. യേശുദാസ്, കാവാലം നാരായണപ്പണിക്കർ, തിക്കോടിയൻ, ഭരത് മുരളി, മുകേഷ്, കെ.പി.എ.സി ലളിത എന്നിവർ പദവി അലങ്കരിച്ചു.
കെ.പി.എ.സി ലളിത മരിച്ച വാർത്ത എല്ലാവരും വായിച്ചുകാണുമല്ലോ. അവരുടെ പേരിനൊപ്പം കെ.പി.എ.സി എന്നു ചേർത്തതിന് പിന്നിൽ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? കേരളത്തിലെ ഒരു പ്രഫഷനൽ നാടകസംഘമാണ് കെ.പി.എ.സി. ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950കളിലാണ് സംഘം രൂപവത്കരിച്ചത്. കെ.പി.എ.സി ലളിത അടക്കമുള്ള നിരവധി പേരാണ് കെ.പി.എ.സിയിലൂടെ കലാരംഗത്തേക്ക് എത്തിയത്. കേരളത്തിൽ കമ്യൂണിസ്റ്റ് ചിന്തകൾ വളർത്തുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, ഒളിവിലെ ഓർമകൾ, എന്റെ മകനാണ് ശരി തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.
മലയാളനാടകങ്ങളിലൂടെ വളർന്നവരിൽ കുറെപേർ സിനിമയിലും അരങ്ങുവാണു. തിക്കുറിശ്ശി, മധു, സത്യൻ, പ്രേം നസീർ, മോഹൻലാൽ, നെടുമുടിവേണു, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് അവരിൽ പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.