മലയാള കഥാസാഹിത്യത്തിന് അമൂല്യ സംഭാവനകൾ നൽകിയ മഹാപ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. ലളിതസുന്ദരമായ വാക്കുകളിലൂടെ വായനക്കാരെ ആകർഷിച്ച അദ്ദേഹത്തെ മലയാളികൾ 'ബേപ്പൂർ സുൽത്താൻ' എന്നു വിളിക്കുന്നു. 1908ൽ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലാണ് ബഷീറിന്റെ ജനനം. കായി അബ്ദുറഹ്മാൻ -കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനായ ബഷീറിന്റെ സ്കൂൾ വിദ്യാഭ്യാസം തലയോലപ്പറമ്പിലും വൈക്കത്തുമായിരുന്നു. ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ നാടുവിട്ട് കോഴിക്കോട്ടുപോയ അദ്ദേഹം സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. തുടർന്ന് പത്തുവർഷത്തോളം നാടോടിയായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഹിന്ദുസന്യാസിയായും സൂഫി സന്യാസിയായും ഗംഗാതീരങ്ങളിലും ഹിമാലയത്തിലുമൊക്കെ കഴിച്ചുകൂട്ടി. ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ യാത്രകൾ നടത്തി. വിപ്ലവാശയങ്ങളുമായി ഒട്ടേറെ ദേശങ്ങളിൽ കറങ്ങിനടന്ന അദ്ദേഹം ജീവിതവൃത്തിക്കായി പല ജോലികളിലുമേർപ്പെട്ടു.
പാചകക്കാരൻ, ജാലവിദ്യക്കാരൻ, വഴിവാണിഭക്കാരൻ, കൈനോട്ടക്കാരൻ, ഹോട്ടൽ തൊഴിലാളി, കപ്പലിലെ ഖലാസി, കാവൽക്കാരൻ, ഗുസ്തിക്കാരൻ, ട്യൂഷൻമാഷ്, പത്രവിൽപനക്കാരൻ, കമ്പൗണ്ടർ തുടങ്ങി നിരവധി ജോലികൾ ചെയ്തശേഷമാണ് ബഷീർ സാഹിത്യരംഗത്തേക്ക് എത്തുന്നത്. നീണ്ടയാത്രകളും ജീവിതാനുഭവങ്ങളും മാത്രമായിരുന്നു ബഷീറിന്റെ ഏറ്റവും വലിയ സമ്പാദ്യം.
ഒരിക്കൽ എറണാകുളത്ത് ഒരു സ്പോർട്ട്സ് കമ്പനിയുടെ ഉപകരണങ്ങൾ വിൽക്കുന്ന ജോലിയിൽ ഏർപ്പെട്ടുകഴിയവേ ഉണ്ടായ ഒരു അപകടത്തെതുടർന്ന് ആ പണി ഉപേക്ഷിച്ച് 'ജയകേസരി' എന്ന മാസികയുടെ ഓഫിസിൽ ജോലിക്കായി ചെന്നു. കഥയെഴുതാനറിയാമോ? എന്നാണ് പത്രാധിപർ ചോദിച്ചത്. അന്നുമുതൽ അദ്ദേഹം ഒരു കഥാകാരനായി. 'എന്റെ തങ്കം' അതായിരുന്നു ബഷീർ എഴുതിയ ആദ്യ കഥ. വ്യാകരണമറിയാത്ത ബഷീർ വ്യാകരണമില്ലാതെയാണ് തന്റെ കഥകൾ രചിച്ചിരുന്നത്. രസകരവും ലളിതവുമായ ഭാഷയിൽ സങ്കീർണമായ ലോകതത്ത്വം അവതരിപ്പിക്കുന്നത് ബഷീറിന്റെ രചനാവൈഭവമാണ്. 1942ൽ ജയിലിൽ കിടക്കുന്ന സമയത്തായിരുന്നു 'പ്രേമലേഖനം' എഴുതിയത്. തുടർന്ന് 1944ൽ പുറത്തിറങ്ങിയ 'ബാല്യകാലസഖി' ആദ്യം എഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശബ്ദങ്ങൾ എന്ന കൃതി 1947ൽ പ്രസിദ്ധീകരിച്ചു. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, വിശ്വവിഖ്യാതമായ മൂക്ക് എന്നിങ്ങനെ നിരവധി കൃതികൾ 'ശബ്ദങ്ങൾ'ക്ക് പിന്നാലെ പുറത്തുവന്നു. അദ്ദേഹം തന്റെ വീടും പരിസരവും പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് 1959ൽ പുറത്തിറങ്ങിയ 'പാത്തുമ്മയുടെ ആട്'. 1962 മുതൽ ബഷീർ തന്റെ തട്ടകം കോഴിക്കോട്ടേക്ക് മാറ്റി. ഇതോടെ അദ്ദേഹം ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടാൻ തുടങ്ങി. നീലവെളിച്ചം, പ്രേമലേഖനം, മതിലുകൾ ഉൾപ്പെടെ നിരവധി കൃതികളിലൂടെ അദ്ദേഹം സിനിമരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു.
മനുഷ്യനെ അറിയാൻ ബഷീറിന് കഴിഞ്ഞത് പ്രകൃതിയെ അറിഞ്ഞതുകൊണ്ടായിരുന്നു. മണ്ണിലൂടെ മനുഷ്യജീവിതത്തിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. താൻ ജീവിക്കുന്ന ലോകത്തെ കാണാനുള്ള കണ്ണായിരുന്നു അദ്ദേഹത്തിന് എഴുത്ത്. തനിക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന ധാരാളം പദപ്രയോഗങ്ങളാൽ ബഷീർ കൃതികളെ സമ്പന്നമാക്കി. ഡുങ്കുടുങ്കു, ഭങ്കറോസ്, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, കള്ള ബഡുക്കൂസ്, പളുങ്കൂസ്, അണ്ഡകടാഹം, മങ്കിബ്രാന്റ്, ലൊടുക്കൂസ്, മിഴഞ്ചാൻ, തൊലിപാണ്ടൻ സമത്വസുന്ദര ഡങ്കൂസ് എന്നിവ ചില രസികൻ പ്രയോഗങ്ങളാണ്.
ബഷീർ കഥകൾ വായിക്കുന്നത് മലയാളികൾ മാത്രമല്ല, ഫ്രഞ്ച്, മലയ്, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ബാല്യകാലസഖി എന്നീ കൃതികൾ സ്കോട്ട്ലാൻഡിലെ എഡിൻബറ സർവകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചു. 1994 ജൂലൈ അഞ്ചിന് ആ പ്രതിഭാശാലി നമ്മെ വിട്ടുപോയി. തലയോലപ്പറമ്പിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തി വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. മലയാളത്തിന്റെ അതുല്യ സാഹിത്യകാരന്റെ ചരമദിനമായ ജൂലൈ അഞ്ച് നാം ബഷീർ ദിനമായി ആചരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.