ശരീരവും ആത്മാവുമുള്ള ഒരു ജീവിയാണ് നമ്മൾ, അല്ലേ? എന്നാൽ, ഈ എ.ഐ യുഗത്തിൽ നമ്മൾ അത്രമാത്രം ആയാൽ മതിയോ? നമുക്ക് നമ്മുടെതന്നെ ഒരു ഡിജിറ്റൽ പതിപ്പായി മാറാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും? അതായത് ‘ഡിജിറ്റൽ അവതാർ’. വെർച്വൽ ലോകത്ത് ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ‘ഡിജിറ്റൽ അവതാറുകളാ’യി മാറുന്നത്. അപ്പോൾ ഇനി വെർച്വൽ ലോകത്തെ കുറിച്ചുള്ള വിശേഷങ്ങളിലേക്ക് പോകാം.
‘സാങ്കൽപിക യാഥാ൪ഥ്യം’ എന്ന് അർഥം വരുന്ന വെർച്വൽ റിയാലിറ്റി, കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന ഒരു മായികലോകമാണ്. സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ 3ഡി സാങ്കേതികവിദ്യയുപയോഗിച്ച് നിർമിക്കുന്ന യഥാർഥമല്ലാത്ത ആ ലോകത്ത് പ്രവേശിക്കണമെങ്കിൽ വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ വേണം. ഡിസ്കവറി ചാനലിലും ആനിമൽ പ്ലാനറ്റിലും കാണുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്നതായി അനുഭവിക്കാൻ ആഗ്രഹമുണ്ടോ? തീം പാർക്കുകളിൽ പോകാതെതന്നെ ഒരു റോളർകോസ്റ്റർ റൈഡിൽ കയറി യാത്ര ചെയ്യാൻ കൊതിയാകുന്നുണ്ടോ? സാധാരണ വിഡിയോ ഗെയിമുകളിൽനിന്ന് വ്യത്യസ്തമായി നിങ്ങളുടെ മുന്നിലേക്ക് പാഞ്ഞടുക്കുന്ന സോംബികളെ നിങ്ങൾക്കുതന്നെ വെടിവെച്ചിടാൻ ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, വെർച്വൽ റിയാലിറ്റിയുടെ ഈ കാലത്ത് അതെല്ലാം സാധ്യമാണ്.
കണ്ണുകൾക്കു മുന്നിൽ ഒരു ചെറിയ സ്‌ക്രീനുള്ള ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ (എച്ച്.എം.ഡി) അടങ്ങിയ വി.ആർ ഹെഡ്‌സെറ്റുകളാണ് സാധാരണയായി വെർച്വൽ ലോകത്തിന്റെ ഇഫക്ട് സൃഷ്ടിക്കുന്നത്. വി.ആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് കൃത്രിമലോകത്തിൽ ചുറ്റിക്കറങ്ങി വീക്ഷിക്കാനും വെർച്വൽ സവിശേഷതകളുമായോ ഇനങ്ങളുമായോ ഇടപഴകാനും കഴിയും.
എന്നാൽ ഒന്നിലധികം വലിയ സ്‌ക്രീനുകളുള്ള പ്രത്യേകം രൂപകൽപന ചെയ്‌ത മുറികളിലൂടെയും വെർച്വൽ റിയാലിറ്റി സൃഷ്‌ടിക്കാൻ കഴിയും. ശബ്ദവും ഒപ്പം മികച്ച ദൃശ്യാനുഭവങ്ങളും സമ്മാനിക്കുന്ന വി.ആർ സാങ്കേതികവിദ്യ അനുഭവിച്ചറിയാൻ കൂട്ടുകാർക്ക് വി.ആർ ഹെഡ്സെറ്റുകൾ വാങ്ങാവുന്നതാണ്. ഉദാഹരണത്തിന് - ഗൂഗ്ളിന്റെ ‘ഗൂഗ്ൾ കാർഡ് ബോർഡ്’, ഫേസ്ബുക്കിന്റെ ഒക്കുലസ് റിഫ്റ്റ്, ഒക്കുലസ് ഗോ, എച്ച്.ടി.സിയുടെ വൈവ് എന്നിവ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും പേരുകേട്ട വി.ആർ ഹെഡ്സെറ്റുകളാണ്.
വെർച്വൽ റിയാലിറ്റിയെ കുറിച്ചും വെർച്വൽ ലോകത്തെ കുറിച്ചുമൊക്കെ പറഞ്ഞുതുടങ്ങുമ്പോൾ, ‘മെറ്റാവേഴ്സിനെ’ തന്നെ ആദ്യം പരിചയപ്പെടുത്തണം. കാരണം, അവരാണ് ഇക്കാര്യത്തിൽ മറ്റേത് കമ്പനികളേക്കാളും മുൻപന്തിയിലുള്ളത്. സമൂഹ മാധ്യമ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫേസ്ബുക്ക്, വാട്‌സ്ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനി മെറ്റ (META) എന്നപേര് സ്വീകരിച്ചത്. അതിനു പിന്നാലെയാണ് മെറ്റാവേഴ്‌സ് എന്ന പുതിയ പദ്ധതി കമ്പനി പ്രഖ്യാപിച്ചത്. മാർക് സക്കർബർഗാണ് മെറ്റാവേഴ്സിന്റെ തലവൻ.
വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റർനെറ്റ് എന്നുവേണമെങ്കിൽ മെറ്റാവേഴ്സിനെ വിളിക്കാം. 1992ല്‍ നീല്‍ സ്റ്റീഫൻസണ്‍ തന്റെ സ്നോ ക്രാഷ് (Snow Crash) എന്ന ശാസ്ത്രനോവലിൽ മെറ്റാവേഴ്സിനെ അങ്ങനെയാണ് ആദ്യമായി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ‘യഥാർഥ ലോകത്തിന്‍റെ ത്രിമാന പതിപ്പായ വെർച്വൽ ലോകത്ത് വെർച്വൽ രൂപങ്ങളായി അല്ലെങ്കിൽ ഡിജിറ്റൽ അവതാറുകളായി മാറി മനുഷ്യർക്ക് പരസ്പരം സംസാരിക്കാനും ഇടപഴകാനും സാധിക്കും’, എന്നാണ് സ്നോ ക്രാഷിൽ മെറ്റാവേഴ്സിനെ കുറിച്ച് പറയുന്നത്. സക്കർബർഗ് അതുതന്നെയാണ് മറ്റാരേക്കാളും മുമ്പേ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്.
കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ആ ലോകത്ത് നമുക്കും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടില്ലേ? പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ഓപൺ വേൾഡ് ഗെയിമുകള്‍ കളിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളായി മാറാന്‍ കഴിഞ്ഞാൽ എങ്ങനെയിരിക്കും? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടുകാര്‍ക്ക് യഥാർഥ ലോകത്തെന്നപോലെ വെർച്വൽ ലോകത്ത് ഒരുമിച്ചിരുന്ന് സൊറ പറയാനും ചെസ് കളിക്കാനും അന്താക്ഷരി കളിക്കാനുമൊക്കെ സാധിച്ചാലോ? അതെ, വിചിത്രമെന്ന് തോന്നുന്ന ഇത്തരം ചിന്തകൾ യാഥാർഥ്യമാക്കുന്ന സങ്കേതമാണ് മെറ്റാവേഴ്‌സ്.
ഗെയിമിങ്, വിനോദം, സോഷ്യല്‍ നെറ്റ്‍വർക് എന്നിവ മാത്രമല്ല, മറിച്ച് ഇന്റര്‍നെറ്റിനെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്നതായിരിക്കും മെറ്റാവേഴ്‌സ്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഇന്റര്‍നെറ്റില്‍ സാധ്യമാകുന്നതെന്തും ഓരോ വ്യക്തിക്കും മെറ്റാവേഴ്‌സിലൂടെ അനുഭവിക്കാന്‍ സാധിക്കും.
നിങ്ങൾ ഓൺലൈനായി ഒരു സാധനം വാങ്ങുമ്പോൾ, അതിന്റെ ചിത്രങ്ങളും വിഡിയോകളും നിരൂപണങ്ങളും കണ്ടറിയാനുള്ള സൗകര്യമാണുള്ളത്. മെറ്റാവേഴ്സിൽ അത് അനുഭവിച്ചറിയാം. ഒരു വസ്ത്ര ഷോറൂമിൽ പോയി, നിങ്ങളുടെ ഡിജിറ്റൽ അവതാറിന് അവിടെയുള്ള ഇഷ്ടവസ്ത്രങ്ങൾ തിരഞ്ഞെടുത്ത്, ധരിച്ചുനോക്കി, തൃപ്തിയായിട്ടുണ്ടെങ്കിൽ മാത്രം വാങ്ങാം.
സമൂഹ മാധ്യമങ്ങളിൽ ശബ്ദ-ടെക്സ്റ്റ് മെസേജുകളും വിഡിയോ കാളുകളും ചെയ്ത് മടുത്തവർക്ക്, മെറ്റാവേഴ്സിൽ അവതാറുകളായി പ്രവേശിച്ച് ഇഷ്ടമുള്ള ഇടം തിരഞ്ഞെടുത്ത് പരസ്പരം കണ്ട് സംസാരിക്കാം. ഓൺലൈൻ മ്യൂസിക് കൺസേട്ടുകളിൽ ഗായകനൊപ്പം വെർച്വൽ രൂപത്തിൽ നൃത്തം ചെയ്യുന്നത് ആലോചിച്ചുനോക്കൂ...
വെർച്വൽ ലോകത്ത് അല്ലെങ്കിൽ മെറ്റാവേഴ്സിലേക്ക് പ്രവേശിക്കുമ്പോൾ യഥാർഥ ലോകത്തെന്നപോലെ പല സംഭവങ്ങളും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. അവയെ തൊട്ടറിയാൻ നമുക്ക് ആഗ്രഹം തോന്നില്ലേ? അല്ലെങ്കിൽ വെർച്വൽ ലോകത്തിരുന്ന് ചെസ് കളിക്കുമ്പോൾ നമുക്ക് കരുക്കൾ തൊട്ടറിഞ്ഞ് നീക്കാൻ കഴിയുമെങ്കിൽ അത് എത്ര മനോഹരമായിരിക്കും! മെറ്റാവേഴ്സിലൂടെ മീറ്റ് ചെയ്യുന്ന സുഹൃത്തിന് ഹസ്തദാനം ചെയ്യുമ്പോൾ നിങ്ങൾക്കത് യഥാർഥത്തിലെന്നപോലെ അനുഭവിക്കാൻ കഴിഞ്ഞാലോ?
‘മെറ്റാവേഴ്സിൽ സാധനങ്ങളെ സ്പർശിക്കുമ്പോൾ അത് അനുഭവിച്ചറിയാൻ അനുവദിക്കുന്ന ‘ഹാപ്റ്റിക് ഗ്ലൗസ്’ വികസിപ്പിക്കുന്നതിനായി മെറ്റയുടെ റിയാലിറ്റി ലാബ്സ് ടീം പ്രവർത്തിച്ചുവരുകയാണ്. വെർച്വൽ ഒബ്‌ജക്ടുകളിൽ സ്പർശിക്കുമ്പോൾ നിങ്ങൾക്കത് അനുഭവിച്ചറിയാൻ കഴിയുന്ന ഒരു ദിവസം വരും’ - ഗ്ലൗസ് പരീക്ഷിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് മെറ്റയുടെ തലവൻ മാർക് സക്കർബർഗ് കുറിച്ച വാക്കുകളാണിത്.
വെർച്വൽ റിയാലിറ്റി ലോകത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ കൈകൾ കൈയുറകൾ കൃത്യമായി ട്രാക്ക് ചെയ്യും. അതിലൂടെ ത്രിമാന ലോകത്തുള്ള ഏതെങ്കിലും ഒരു ഒബ്‌ജക്‌ടിൽ നിങ്ങളുടെ കൈ തട്ടുമ്പോൾ അത് സ്പർശിച്ചറിയാൻ മെറ്റയുടെ ഗ്ലൗസ് സഹായിക്കും.
യഥാർഥത്തിൽ മെറ്റാവേഴ്സ് എന്നത് ഫേസ്ബുക്കിന്റെ സൃഷ്ടിയല്ല. ആ പേരും ആശയവുമൊന്നും അവർക്ക് മാത്രം അവകാശപ്പെട്ടതുമല്ല. ഗെയിമിങ് രംഗത്തെ അതികായരായ എന്‍വിഡിയ, എപിക് ഗെയിംസ്, റോബ്ലോക്സ് കോർപറേഷൻ എന്നിവരടക്കം, പല ടെക് ഭീമന്മാരും അവരുടേതായ മെറ്റാവേഴ്സ് പദ്ധതികൾക്ക് പിറകേയാണ്. ഇപ്പോൾ തന്നെ മെറ്റാവേഴ്സ് ആശയങ്ങൾ സന്നിവേശിപ്പിച്ച ഫോർട്ട്നൈറ്റ് അടക്കമുള്ള പല ഗെയിമുകൾ നിലവിലുണ്ട്. ഇന്ത്യയിലെ ചില സ്റ്റാർട്ടപ്പുകളും മെറ്റാവേഴ്സിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നുണ്ട്.
വെർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തുന്ന മേഖലകൾ ഇപ്പോൾ ഏറെയുണ്ട്. ഭാവിയിൽ അത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ പോകുന്ന മേഖലകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവ പരിചയപ്പെടാം.
വിദ്യാഭ്യാസ മേഖല: വിദ്യാഭ്യാസം വിനോദവുമായി കൂട്ടിപ്പിരിഞ്ഞുകിടക്കുന്ന ‘എജ്യൂടെയിൻമെന്റി’ന്റെ കാലമാണിത്. അതിൽ ഒഴിച്ചുകൂടാനാകാത്ത സാങ്കേതികവിദ്യയാണ് വെർച്വൽ റിയാലിറ്റി. സ്കൂളിൽ ചരിത്ര ക്ലാസുകളിലും സയൻസ് ക്ലാസുകളിലും എടുക്കുന്ന പാഠഭാഗങ്ങൾ വെർച്വൽ റിയാലിറ്റിയിലൂടെ അനുഭവിക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും. ഉദാഹരണത്തിന്, ലണ്ടനിലെ ബ്ലൂംസ് ബെറിയിൽ സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് മ്യൂസിയം നിങ്ങളുടെ ക്ലാസ് മുറിയിൽ ഒരു വി.ആർ ഹെഡ്സെറ്റും ധരിച്ച് സന്ദർശിക്കുന്നത് ആലോചിച്ചു നോക്കൂ.
സൈനിക മേഖല: അപകടകരമായ സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനത്തിനായി സൈനിക മേഖലയിൽ വെർച്വൽ റിയാലിറ്റി ഉപയോഗിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ വെർച്വൽ റിയാലിറ്റിയിലൂടെ പുനഃസൃഷ്ടിച്ചാണ് പരിശീലനം. ഉദാഹരണത്തിന് വിമാനം പറത്തുന്നതിന്റെ പ്രതീതി സൃഷ്ടിക്കുന്ന ഫ്ലൈറ്റ് സിമുലേഷൻ. യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് പരിശീലനം തേടാൻ സഹായിക്കുന്ന ബാറ്റിൽഫീൽഡ് സിമുലേഷൻ. വി.ആർ ഉപകരണങ്ങളുടെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിയാകും സൈനിക മേഖലയിൽ ഇവ പരിശീലിക്കുക.
വൈദ്യശാസ്ത്ര മേഖല: വൈദ്യശാസ്ത്ര രംഗത്തും പല പരിശീലനങ്ങൾക്ക് വി.ആർ ഉപയോഗിക്കുന്നുണ്ട്. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ വി.ആർ സഹായിക്കും. അതുപോലെ, രോഗനിർണയത്തിനും. ഉയരത്തിനോടും അടച്ചിട്ട മുറികളോടുമൊക്കെ ഭയം തോന്നുന്ന പലതരം ഫോബിയകൾ ചികിത്സിക്കാനായുള്ള എക്സ്‍പോഷൻ തെറപ്പിയിൽ വെർച്വൽ റിയാലിറ്റി പ്രധാന ഘടകമാണ്. എന്തിനോടാണോ ഭയം ആ സാഹചര്യം പുനഃസൃഷ്ടിച്ച് രോഗിയെ അതുമായി പൊരുത്തപ്പെടാൻ സഹായിക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ ഇനി സർജറി മുടങ്ങില്ല. വെർച്വൽ അന്തരീക്ഷത്തിൽ ഡോക്ടർ ശസ്ത്രക്രിയ നടത്തുന്നത് ഊഹിക്കാൻ പറ്റുമോ? എന്നാൽ, വെർച്വൽ റോബോട്ടിക് സർജറിയിൽ അത് സാധ്യമാകും. ഡോക്ടർ വെർച്വൽ അന്തരീക്ഷത്തിൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ യഥാർഥ ശരീരത്തിൽ ഒരു റോബോട്ട് അത് അനുകരിക്കും.
എൻജിനീയറിങ് മേഖല: വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന മേഖലയാണിത്. എൻജിനീയറിങ്ങിൽ രൂപരേഖകൾ പ്രദർശിപ്പിക്കാനും ഡിസൈനിങ് കുറ്റമറ്റതാക്കാനും വെർച്വൽ റിയാലിറ്റിയെ ആശ്രയിക്കുന്നുണ്ട്. പല കമ്പനികളും നിലവിൽ അവരുടെ ഡിസൈനിങ് പ്രക്രിയ വെർച്വൽ ആക്കിയിട്ടുണ്ട്.
ടൂറിസം മേഖല, വിനോദ മേഖല, കായിക മേഖല, കുറ്റാന്വേഷണ മേഖല എന്നിവയിലെല്ലാം പല രീതിയിൽ വെർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാവിയിൽ വി.ആർ ഇത്തരം മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത സാങ്കേതിക വിദ്യയായി മാറിയേക്കും.
ഓഗ്മെന്റഡ് എന്നതിന്റെ അർഥം ‘കൂട്ടിച്ചേർക്കുക’ എന്നതാണ്. അതെ, യഥാർഥ ലോകവും കമ്പ്യൂട്ടർ സൃഷ്ടിച്ച ഉള്ളടക്കവും സമന്വയിപ്പിക്കുന്ന ഒരു സംവേദനാത്മക അനുഭവമാണ് ഓഗ്മെന്റഡ് റിയാലിറ്റി അല്ലെങ്കിൽ എ.ആർ. വെർച്വൽ റിയാലിറ്റിയിൽ നിന്ന് എ.ആറിനെ വ്യത്യസ്തമാക്കുന്നതും ഇക്കാര്യമാണ്. യഥാർഥ, വെർച്വൽ ലോകങ്ങളുടെ സംയോജനമാണത്. അവിടെയാണ് നമ്മൾ തത്സമയം ഇടപെടുന്നത്. നാം കാണുന്ന യഥാർഥ കാഴ്ചകളിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റി.
ഓഗ്മെന്റഡ് റിയാലിറ്റിയുടെ ചെറിയൊരു ഉദാഹരണം പറയാം. ലോകപ്രശസ്ത വാച്ച് നിർമാതാക്കളായ ‘റാഡോ’ക്ക് ഒരു എ.ആർ ആപ്ലിക്കേഷനുണ്ട്. ആപ്പ് തുറന്ന്, ഇഷ്ടമുള്ള റാഡോ വാച്ചിന്റെ മോഡൽ തിരഞ്ഞെടുത്ത് മൊബൈൽ കാമറയിലൂടെ നോക്കിയാൽ നിങ്ങളുടെ കൈയിൽ ആ വാച്ച് കെട്ടിയാൽ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ കഴിയും. പല കമ്പനികളും അവരുടെ ഉൽപന്നം ഇത്തരത്തിൽ എ.ആർ സാങ്കേതിക വിദ്യയിലൂടെ അനുഭവിച്ചറിയാൻ അനുവദിക്കുന്നുണ്ട്. എ.ആർ ഗെയിമുകളും ഇപ്പോഴുണ്ട്. പോകിമോൻ ഗോ (Pokemon GO) എന്ന ലോകപ്രശസ്ത എ.ആർ അധിഷ്ഠിത വിഡിയോ ഗെയിം അവതരിപ്പിക്കപ്പെട്ടതോടെ എ.ആർ സാങ്കേതികവിദ്യയുടെ ജനശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. കേരളത്തിൽനിന്നുള്ള ആദ്യ ഓഗ്‌മെന്റഡ് ഗെയിമുകളിലൊന്നായിരുന്നു ‘പുലിമുരുകൻ എ.ആർ’. പത്തുരൂപ നോട്ടിലെ കടുവയുടെ ചിത്രം സ്കാൻ ചെയ്താൽ നോട്ടിന്റെ പ്രതലത്തിൽ ത്രിമാനരൂപത്തിൽ തുറന്നുവരുന്ന രീതിയിലായിരുന്നു ആ ഗെയിം.
വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക മേഖല, സെയിൽസ്, മാർക്കറ്റിങ്, ഇ-കോമേഴ്സ്, ഗതാഗതം, ടൂറിസം തുടങ്ങിയവ ഇന്ന് എ.ആർ സാങ്കേതിക വിദ്യ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.
ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ചേരുന്നതാണ് മിക്സ്ഡ് റിയാലിറ്റി (എം.ആർ). മിക്സഡ് റിയാലിറ്റി ഭൗതികലോകത്തിലോ വെർച്വൽ ലോകത്തിലോ മാത്രമായി നടക്കുന്നില്ല. മറിച്ച്, അവിടെ വെർച്വൽ വസ്തുക്കൾ യഥാർഥ ചുറ്റുപാടുകളോട് സംവദിക്കും. സെൻസർ സഹായത്തോടെ തൊട്ടുമുന്നിലുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിഷ്വലുകൾ സ്വയം ക്രമീകരിക്കും. ഹോളോഗ്രാം രൂപത്തിൽ ഒരാൾക്ക് പലയിടങ്ങളിലും പ്രത്യക്ഷപ്പെടാൻ കഴിയുന്ന സാങ്കേതിക വിദ്യയൊക്കെ എം.ആറിലൂടെയാകും സാധ്യമാകുന്നത്.
ടെക് ഭീമൻ ആപ്പിൾ, മിക്സഡ് റിയാലിറ്റി അനുഭവിക്കാനുള്ള ഹെഡ്സെറ്റിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വൈഫൈ സിഗ്‌നലുകള്‍, വാതകച്ചോര്‍ച്ച പോലുള്ള നഗ്‌നനേത്രങ്ങൾകൊണ്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിലൂടെ കാണാന്‍ സാധിക്കുമെന്നാണ് അവകാശവാദം. തീപിടിത്തം തിരിച്ചറിയാന്‍ സഹായിക്കുംവിധം ചുറ്റുപാടിലെ താപനില വര്‍ധിക്കുന്നത് എം.ആർ ഹെഡ്സെറ്റിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പറയപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.