കൈകഴുകാം ആരോഗ്യത്തിന്

ക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണമെന്ന് നമുക്കറിയാം. കുഞ്ഞുനാൾ മുതൽ തന്നെ അക്കാര്യം നാം പഠിക്കുകയും ശീലിക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ, ഭക്ഷണത്തിനു മുമ്പു മാത്രം കൈകൾ ശുദ്ധമാക്കിയാൽ മതിയോ അഥവാ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണോ കൈകൾ കഴുകേണ്ടത്? അല്ല എന്നതാണ് ഉത്തരം. ആരോഗ്യശീലങ്ങളിൽ പരമപ്രധാനമായ ഒന്നാണ് കൈകഴുകൽ. പലപ്പോഴും രോഗാണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് കൈകളിലൂടെയാണ്. വൃത്തിഹീനമായ അഥവാ രോഗാണു സാന്നിധ്യമുള്ള ഇടങ്ങളിൽ നാം സ്പർശിക്കുന്നതു വഴി രോഗാണുക്കൾ കൈകളിൽ ആവുകയും പിന്നീട് ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നതിലൂടെ രോഗാണുക്കൾ ശരീരത്തിന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും.

ഒക്ടോബർ 15ന് വീണ്ടുമൊരു ലോക കൈകഴുകൽ ദിനം കൂടി വന്നുചേരുമ്പോൾ കൈ കഴുകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഏറെ ബോധവാന്മാരാകേണ്ടതുണ്ട്. കൈ കഴുകലിന്റെ പ്രാധാന്യം ലോകം പഠിച്ച കാലമായിരുന്നു 2020 മുതലുള്ള കോവിഡ് കാലം. കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകാത്ത മനുഷ്യർ വിരളമായിരുന്നു. എങ്ങനെ ഫലപ്രദമായി കൈ കഴുകാമെന്ന് മനുഷ്യർ പഠിച്ചു, ശീലിച്ചു.

ലോക കൈകഴുകൽ ദിനം

2008 ഒക്ടോബർ 15 മുതലാണ് ലോക കൈകഴുകൽ ദിനം ആചരിച്ചുവരുന്നത്. സ്വീഡനിൽ വെച്ച് നടന്ന ലോകജല സമ്മേളനത്തിലാണ് ദി ഗ്ലോബൽ ഹാൻഡ് വാഷിങ് പാർട്ണർഷിപ് ഇത്തരമൊരു ദിനാചരണത്തിന് തുടക്കമിട്ടത്. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതിന് ആളുകളെ ബോധവാന്മാരാക്കുകയാണ് കൈകഴുകൽ ദിനാചരണത്തിന്റെ ലക്ഷ്യം. 2014 ൽ 12,76,425 കുട്ടികൾ അണിനിരന്ന കൈകഴുകൽ പരിപാടി മധ്യപ്രദേശിൽ സംഘടിപ്പിച്ചിരുന്നു. ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടം നേടി. കോവിഡ് പടർന്നുപിടിച്ചതോടെയാണ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകുന്നതിന് വലിയതോതിൽ ആളുകൾ പ്രാധാന്യം നൽകിയത്. 20 സെക്കൻഡ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകലാണ് കൊറോണയെ തടയാനുള്ള മാർഗമായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. 'സാർവത്രിക കൈ ശുചിത്വത്തിനായി ഒന്നിക്കുക' എന്നതാണ് 2022ലെ കൈ കഴുകൽ ദിനാചരണത്തിന്റെ പ്രമേയം.

സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൈ കഴുകൽ എന്ന പൊതു സംസ്കാരത്തിന് എല്ലാ സമൂഹത്തിലും പിന്തുണയും പ്രോത്സാഹനവും നൽകുക എന്നതെല്ലാമാണ് ലോക കൈകഴുകൽ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും 70 രാജ്യങ്ങളിൽ നിന്നായി 200 മില്യണിൽ അധികം ആളുകളാണ് ലോക കൈകഴുകൽ ദിനം ആചരിക്കുന്നത്. പ്രധാനമായും സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം​െവച്ചാണ് ഇത്തരമൊരു ദിനാചരണത്തിന് തുടക്കമായത്.

കൈ കഴുകൽ സിംപിൾ; ബട്ട് പവർഫുൾ

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുക എന്നത് വളരെ ലളിതവും ചെലവു കുറഞ്ഞതുമായ രോഗപ്രതിരോധ മാർഗമാണ്. ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമായ ശീലമാണിത്. ഭക്ഷണം പാകംചെയ്യുന്നതിനും ഉണ്ണുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ചശേഷവും നിർബന്ധമായും കൈകൾ വൃത്തിയായി കഴുകിയിരിക്കണം. മാലിന്യം കൈകാര്യം ചെയ്താലോ വളർത്തുമൃഗങ്ങളെ പരിപാലിച്ചാലോ വൃത്തിഹീനമായ ഇടങ്ങളിൽ ഇടപെടേണ്ടി വന്നാലോ മറ്റുള്ളവർക്ക് ഹസ്തദാനം ചെയ്ത ശേഷമോ കൈ വൃത്തിയായി കഴുകണമെന്നതിൽ തർക്കമില്ല. പലർക്കും ഭക്ഷണത്തിന് മുമ്പുള്ള കൈ കഴുകൽ, കൈ നനയ്ക്കൽ ചടങ്ങ് മാത്രമാണ്. വെറുതെ വെള്ളത്തിൽ കൈ നനച്ചതുകൊണ്ട് രോഗാണുക്കൾ നശിക്കുകയില്ല. അതിന് സോപ്പോ അണുനാശിനിയോ ഉപയോഗിക്കുക തന്നെ വേണം. ഇടയ്ക്കിടെ കൈ കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്.

ലാൻഡ്സെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണൽ നടത്തിയ പഠനത്തിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുള്ള മരണനിരക്ക് 25ശതമാനവും വയറിളക്കം മൂലമുള്ള മരണനിരക്ക് 50 ശതമാനവും കുറയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൈ കഴുകേണ്ടത് എങ്ങനെ?

1. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരു കൈ വെള്ളകളും പരസ്പരം ഉരച്ച് കഴുകുക

2. ഇരു കൈകളുടെയും പുറം ഭാഗവും വിരലുകൾക്കിടയിലും സോപ്പ് തേച്ച് പതപ്പിച്ച് കഴുകുക

3. കൈവിരലുകളുടെ നഖങ്ങൾ കൈവെള്ളയിൽ ഉരച്ച് കഴുകുക

4. തള്ളവിരലും വിരലിടകളും കഴുകുക

5. കൈക്കുഴകൾ സോപ്പുതേച്ച് കഴുകുക

20 സെക്കൻഡ് നേരം ഈ പ്രവൃത്തി തുടരുക. ശേഷം ഇരു കൈകളും വെള്ളത്തിൽ കഴുകിയെടുത്ത് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക

കൈ കഴുകുമ്പോൾ ഓർക്കാം; ഈ ഡോക്ടറെ...

കൈകൾ വൃത്തിയായി കഴുകുമ്പോൾ ഓർക്കേണ്ട ഒരു ഡോക്ടർ ഉണ്ട് ഹംഗേറിയൻ ഡോക്ടറായിരുന്ന ഇഗ്നാസ്ഫിലിപ് സെമ്മൽ വെയ്സ് (1818 - 1865). ഇദ്ദേഹമാണ് കൈകഴുകുന്നത് രോഗങ്ങളെ ചെറുക്കുമെന്ന് ആദ്യമായി കണ്ടെത്തിയത്. താൻ ജോലിചെയ്തിരുന്ന വിയനയിലെ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് പനി ബാധിച്ച് അമ്മമാർ മരണപ്പെടുന്നത് സെമ്മൽവെയ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. നഴ്സുമാർ പ്രസവം എടുക്കുന്നതിനേക്കാൾ കൂടുതൽ മരണം ഡോക്ടർമാർ പ്രസവം എടുക്കുന്ന വാർഡിൽ ആണെന്ന് അദ്ദേഹം കണ്ടെത്തി.

മൃതദേഹ പരിശോധന മുറികളിൽ നിന്നാണ് ഡോക്ടർമാർ പ്രസവ മുറിയിലേക്ക് എത്തുന്നതെന്നും മൃതദേഹപരിശോധന മുറിയിൽനിന്ന് കൈകളിൽ പറ്റുന്ന എന്തോ വസ്തുവാകാം അമ്മമാരിൽ അസുഖം വരാൻ കാരണമെന്നുമുള്ള നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. തുടർന്ന് കൈ കഴുകാനായി രണ്ടു പ്രസവ വാർഡുകളുടെയും മുന്നിൽ അണുനാശിനി ലായനി വെക്കുകയും ഇതുപയോഗിച്ച് കൈ കഴുകാൻ നിർദേശം നൽകുകയും ചെയ്തു. ഈ പ്രവർത്തനത്തിന്റെ ഫലം അത്ഭുതാവഹമായിരുന്നു. പ്രസവത്തെ തുടർന്ന് അസുഖം ബാധിച്ചുള്ള മരണനിരക്ക് വലിയതോതിൽ കുറഞ്ഞു. രോഗങ്ങളെ തടയാൻ 'കൈ കഴുകൽ' ഫലപ്രദമായ മാർഗമാണെന്ന് ഡോ. സെമ്മൽവെയ്സ് തെളിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം 'അമ്മമാരുടെ രക്ഷകൻ' എന്ന് അറിയപ്പെട്ടു.

എന്നാൽ അന്ന് വൈദ്യസമൂഹം സെമ്മൽവെയ്സിന്റെ നിർദേശങ്ങളെ അംഗീകരിക്കാൻ തയാറായില്ല. അദ്ദേഹത്തെ പരിഹസിക്കുകയും മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കുകയും ചെയ്തു. അന്ന് വൈദ്യ സമൂഹം ഒറ്റപ്പെടുത്തിയ സെമ്മൽവെയ്സിന്റെ കണ്ടെത്തൽ വർഷങ്ങൾക്കിപ്പുറം ലോകം നേരിടുന്ന വലിയ ഒരു മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗമായി മാറുകയായിരുന്നു.

Tags:    
News Summary - Global Handwashing Day Importance of Hand Hygiene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.