ലഹരിദുരന്തത്തിന്റെ നീരാളിപ്പിടിത്തത്തിൽ കുടുങ്ങി ജീവിതം പ്രതിസന്ധിയിലാകുന്ന ആയിരക്കണക്കിന് കുട്ടികളാണ് നമുക്കു ചുറ്റും. അതിനൊപ്പം ലഹരി ഉപയോഗം ഒരു സാമൂഹിക പ്രശ്നംകൂടിയാണ്. നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്നതിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളെ തകിടംമറിക്കും.
ഏതൊരു വസ്തുവിനോടുമുള്ള അമിത ആസക്തിയും അവ ലഭിക്കുമ്പോൾ വീണ്ടും വീണ്ടും വേണമെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന അനുഭൂതിയെ ലഹരിയെന്നു വിളിക്കാം. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ സാധാരണ അവസ്ഥയെ മാറ്റിമറിച്ച് ഉന്മാദത്തിലാക്കുന്ന പ്രകൃതിജന്യമോ കൃത്രിമമോ ആയ എന്തും ലഹരിവസ്തുക്കളാണ്.
നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടെ ലഹരി വിമുക്തി കേന്ദ്രങ്ങളിൽ ചികിത്സക്കെത്തിയത് 4000ത്തോളം വിദ്യാർഥികളാണ്. ഇവരെല്ലാം 21 വയസ്സിൽ താഴെയുള്ളവരും ഇതിൽ 40 ശതമാനവും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും. കേരളത്തിൽ മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ശരാശരി പ്രായം 13 ആണ്. 1950ൽ ഇത് 28 വയസ്സായിരുന്നു.
വർണക്കടലാസിൽ പൊതിഞ്ഞ മിഠായികളായാണ് കുട്ടികൾക്കു മുന്നിൽ ആദ്യം ലഹരിയെത്തുക. പിന്നീട് മറ്റു പല രൂപത്തിലും ഇവ കുട്ടികളെ കീഴടക്കും. നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പെടെ കുട്ടികളുടെ കൈകളിലെത്തിക്കും. ചുരുങ്ങിയ സമയംകൊണ്ടുതന്നെ കുട്ടികൾ സ്വയം നിയന്ത്രിക്കാനാകാത്ത അപകടക്കെണിയിലേക്ക് എത്തപ്പെടും. പുകവലി അർബുദത്തിന് കാരണമാകുമെന്ന് അറിയാം. അതുപോലതന്നെ മറ്റു ലഹരിവസ്തുക്കൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും.
1987 ഡിസംബർ ഏഴിനാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. 'യുനൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം' ആണ് യു.എന്നിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം. Addressing drug challenges in health and humanitarian crises എന്നതാണ് 2022ലെ ലഹരിവിരുദ്ധ ദിന സന്ദേശം.
വിവിധ ഘട്ടങ്ങളിലൂടെ വികസിക്കുന്ന രോഗമാണ് മയക്കുമരുന്നുകളോടുള്ള അടിമത്തം. ലഹരിക്ക് അടിമയാകുന്നതോടെ തീവ്രമായ ഉത്കണ്ഠ, അകാരണമായ ഭയം, ആത്മഹത്യാചിന്ത, തനിയെ ചിരിച്ചുകൊണ്ടിരിക്കൽ, കലഹവാസന പ്രകടിപ്പിക്കൽ, മാതാപിതാക്കളടക്കമുള്ള അടുത്ത ബന്ധുക്കളെ ശത്രുക്കളായി കാണൽ, കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടു ജീവിക്കാൻ താൽപര്യം തോന്നൽ തുടങ്ങിയ ഗുരുതര മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കും. ഇവർ സാമൂഹികപ്രശ്നങ്ങളിലും കുറ്റകൃത്യങ്ങളിലും പങ്കാളികളാകുകയും ചെയ്യും.
എന്താണെന്നറിയാനുള്ള ജിജ്ഞാസ കൗമാരക്കാരുടെ കൂടപ്പിറപ്പാണ്. അനുഭവമെന്താണെന്നറിയാനുള്ള പരീക്ഷണം തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ കുട്ടികളെ ലഹരിയിലാഴ്ത്തും. കൂട്ടുകാരുടെ സമ്മർദം പലപ്പോഴും ലഹരിയുടെ വഴിയിലെത്തിക്കുന്നു. ലഹരി ഉപയോഗിക്കുന്ന മുതിർന്നവരെ അനുകരിക്കാനും കുട്ടികൾ ശ്രമിക്കും.
ലഹരികൾ പല രൂപത്തിലും നിങ്ങളെ തേടിയെത്തിയേക്കാം. അത് തിരിച്ചറിയാൻ ശ്രമിക്കണം. തമാശക്കുപോലും ലഹരി നുണയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കുക. കൂട്ടുകാരോ പരിചയക്കാരോ ലഹരി ഉപയോഗിക്കാൻ സമ്മർദം ചെലുത്തിയാൽ അധ്യാപകരെയോ സ്കൂൾ അധികൃതരെയോ മാതാപിതാക്കളെയോ വിവരം അറിയിക്കുക. ജീവിതംതന്നെ അപകടത്തിലാക്കുന്ന വിളികൾ ആരുടേതായാലും അവരോട് പുഞ്ചിരിച്ചുകൊണ്ട് No പറയാൻ ശീലിക്കുക.
തലച്ചോറിൽ ഡോപമിന്റെ അളവ് വർധിക്കുമ്പോഴാണ് നമുക്ക് സന്തോഷം ലഭിക്കുക. ലഹരി ഉപയോഗിക്കുമ്പോൾ ഇത് അപകടകരമായ അളവിൽ വർധിക്കും. ഇത് അപകടകരമായ ഉന്മേഷവും ഊർജവും മാത്രമേ നൽകുകയുള്ളൂ. ഡോപമിന്റെ അളവ് അപകടകരമാംവിധം വർധിക്കുന്നതിലൂടെ ഇത് നമ്മിൽ ഇല്ലാത്ത വിശ്വാസങ്ങളും കഴിവുകളും ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കും. ഇത് ചിത്തഭ്രമത്തിലേക്കും മരണത്തിനുപോലും കാരണമാകും.ഇഷ്ടപ്പെട്ട കളികൾ, കൃത്യമായ വ്യായാമം, സംഗീതാസ്വാദനം, യോഗ, പാചകം, സംഗീത ഉപകരണങ്ങൾ പഠിക്കൽ, വായന, പുതിയ അറിവുകൾ തേടൽ, സൗഹൃദങ്ങൾ, ധ്യാനം, പ്രാർഥന, വളർത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തം, യാത്ര തുടങ്ങിയ കാര്യങ്ങളിൽനിന്നും നമുക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. അവ നിങ്ങളുടെ ഭാവിയിൽ വെളിച്ചമാകുകയും ചെയ്യും.
സർക്കാറിന്റെ ലഹരിവർജനമിഷനാണ് 'വിമുക്തി'. ഇതോടൊപ്പം വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്താനും വിദ്യാർഥികളെ സഹായിക്കാനും സന്നദ്ധ വേദികളുണ്ട്. എക്സൈസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ ലഹരി വിമുക്ത ക്ലബ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, യൂനിസെഫിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഔവർ െറസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് എന്നിവ സഹായത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.