ഭൂമിയുടെ ശ്വാസകോശങ്ങൾ

സ്യങ്ങളും ജന്തുക്കളും ​ചേർന്ന ആവാസ വ്യവസ്ഥയാണ് വനം. ഭൂമിയുടെ ശ്വാസകോശങ്ങളെന്നാണ് വനങ്ങൾ അറിയപ്പെടുക. ചെറുസസ്യങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും പന്നൽച്ചെടികളും പുൽമേടുകളും തിങ്ങിനിറഞ്ഞതാണ് ഇവ. നിത്യഹരിതവനമായും ഇലപൊഴിയും കാടുകളായും മഴക്കാടുകളായും ഭൂമിക്ക് തണലൊരുക്കുന്ന ഇവ, ഭൂമിയിലെ ഒട്ടനേകം ജീവജാലങ്ങളുടെ വാസഗൃഹമാണ്. വനവും മനുഷ്യരും മറ്റു ജീവജാലങ്ങളും പരസ്പര പൂരകങ്ങളായി ജീവിക്കുമ്പോഴാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ സാധിക്കുക.

വനദിനം

വനനശീകരണത്തിൽനിന്നും വനങ്ങളെ സംരക്ഷിക്കുകയെന്നതാണ് വനദിനത്തിന്റെ ലക്ഷ്യം. എല്ലാ വർഷവും മാർച്ച് 21 വനദിനമായി ആചരിച്ചുപോരുന്നു. Forests and sustainable production and consumption (വനങ്ങളും സുസ്ഥിര ഉൽപാദനവും ഉപഭോഗവും) എന്നതാണ് ഈ വർഷത്തെ വനദിനത്തിന്റെ സന്ദേശം.

വനങ്ങൾ പലതരം

  • ഉഷ്ണമേഖല മഴക്കാടുകൾ/നിത്യഹരിത വനങ്ങൾ
  • ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ/മൺസൂൺ വനങ്ങൾ
  • ഉഷ്ണമേഖല മുൾവനങ്ങൾ
  • കണ്ടൽക്കാടുകൾ

വനമെന്ന ഓക്സിജൻ

കാടായിരുന്നു മനുഷ്യന്റെ ആദ്യ ത​റവാടെന്നാണ് പൊതുവെ പറയുക. മനുഷ്യന്റെ നിലനിൽപിനെ പ്രത്യക്ഷമായും പരോക്ഷമായും വനങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ ജീവവായുവായ ഓക്സിജൻ നൽകുന്നതിൽ മരങ്ങൾ നൽകുന്ന പങ്ക് നമുക്കറിയാം. വനങ്ങളില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപുതന്നെ അപകടത്തിലാകും.

വന്യജീവികളുടെയും വിവിധയിനം സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് വനങ്ങൾ. കൂടാതെ, മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപിനായി പോഷകങ്ങൾ, ഭക്ഷണം, ഇന്ധനം തുടങ്ങിയവ നൽകുന്നു. ആഗോളതാപനത്തിൽനിന്ന് ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നതിലും വനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കാലാവസ്ഥ വ്യതിയാനം ലോകത്തിനുതന്നെ ഭീഷണിയായി മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് വനനശീകരണം. മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണം വനനശീകരണം തന്നെ.

വനനശീകരണം

ജൈവ വൈവിധ്യ സമ്പന്നമായ വനങ്ങൾ നാശത്തിന്റെ പാതയിലാണ്. ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലാണ് ഇതിന്റെ പ്രധാന കാരണം.

മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് കാത്തുസുക്ഷിക്കുന്നത് മണ്ണിൽ പടരുന്ന സസ്യവേരുകളാണ്. ഓരോ ​മരവും വെട്ടിമുറിക്കപ്പെടുമ്പോൾ, വനങ്ങൾ കൈയേറുമ്പോൾ ജീവന്റെ നിലനിൽപാണ് ഇല്ലാതാക്കുന്ന​െതന്ന് നാം ഓർക്കണം.

'പൊൻമുട്ടയിടുന്ന താറാവിന്റെ' കഥപോലെയാണ് വനനശീകരണവും -വീണ്ടുവിചാമില്ലാതെ വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ അവ മണലാരണ്യങ്ങളായി മാറാൻ അധിക സമയം വേണ്ട. ഇന്ന് നാം അനുഭവിക്കുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജലപ്രളയവും വരൾച്ചയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണം വനനശീകരണമാണ്. നിരന്തര വേട്ടയാടലും ആവാസവ്യവസ്ഥയിൻമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും അനേകം ജീവജാലങ്ങൾക്കും ഭീഷണിയാകുന്നു.

നമ്മുടെ കടമ

ജൈവ വൈവിധ്യത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഭൂമി മനുഷ്യനുവേണ്ടി മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ഓർക്കണം. ആയിരക്കണക്കിന് ഹെക്ടർ വനങ്ങളാണ് ഓരോ വർഷവും ഇല്ലാതാകുന്നത്.

സസ്യജന്തുജാലങ്ങളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനങ്ങൾ, വന്യമൃഗസ​ങ്കേതങ്ങൾ, ബയോസ്ഫിയർ റിസർവുകൾ തുടങ്ങി അനേകം വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. ഇവയെ നശിപ്പിക്കാതെ സൂക്ഷിക്കണം.

സസ്യങ്ങൾ നട്ടും, സംരക്ഷിച്ചും വനസംരക്ഷണത്തിൽ പങ്കളികളായും വനസംരക്ഷണ നിയമങ്ങൾ പഠിച്ചും പ്രാധാന്യം തിരിച്ചറിഞ്ഞും ഈ ഭൂമിയുടെ നിലനിൽപിനായി നമുക്ക് വിവേകപൂർവം പ്രവർത്തിക്കാം.

Tags:    
News Summary - International Day of Forests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.