'We say things that will make him laugh' -ഒളിമ്പിക് ചാമ്പ്യൻ ഉസൈൻ ബോൾട്ടിന്റെ അമ്മ ജെനിഫർ ബോൾട്ടിന്റെ വാക്കുകളാണിത്. ഏതു സമ്മർദത്തിൽനിന്നും കരകയറാൻ ബോൾട്ടിനെ ചിരിപ്പിക്കും. ബോൾട്ടിന്റെ വിജയരഹസ്യം ചിരിയാണെന്ന് സാരം. ചിരി ചില്ലറക്കാരനല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ. സന്തോഷമുണ്ടെങ്കിൽ ആത്മവിശ്വാസം കൂടുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യും.എന്തുകാര്യവും സന്തോഷത്തോടെ ചെയ്യൂ.
ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കേണ്ടതിൻെറ പ്രാധാന്യം ലോകം മുമ്പത്തെക്കാളേറെ തിരിച്ചറിയുന്ന കാലമാണിത്. പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഇപ്പോൾ കോവിഡുമെല്ലാമായി ജീവിതത്തിൻെറ എല്ലാ തുറകളിലുമുള്ള മനുഷ്യരും ഏറെ സമ്മർദം അനുഭവിച്ച വർഷങ്ങളാണ് പിന്നിട്ടത്. ഈ സാഹചര്യത്തിലാണ് വേൾഡ് ഹാപ്പിനെസ് ഡേ പ്രാധാന്യമർഹിക്കുന്നത്. മാർച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. ജീവിതത്തിലെ നല്ല കാര്യങ്ങളിൽ സന്തോഷിക്കാനും നന്മകളെ അഭിനന്ദിക്കാനുമായി അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത് 2013ലാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ദിനത്തിൻെറ ലക്ഷ്യം.
സന്തോഷത്തിന്റെ അടയാളമാണ് ചിരി. ചിരി ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മൾ. സന്തുഷ്ടരായ ആളുകൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കുമെന്ന് തെളിഞ്ഞതാണ്. നാട്ടിൽ നിറയുന്ന ചിരി ക്ലബുകളെല്ലാം ഇതിന് ഉദാഹരണമാണല്ലോ. എങ്കിലും നമുക്ക് ചിരിക്കാൻ മടിയാണ്. കുട്ടികൾ ഒരു ദിവസം ശരാശരി 400 തവണ പുഞ്ചിരിക്കുമത്രേ. എന്നാൽ, ഏറ്റവും സന്തുഷ്ടരായ മുതിർന്നവർ ഒരു ദിവസം 40 - 50 തവണ മാത്രമെ ചിരിക്കുന്നുള്ളൂ.
സമ്മർദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കുറക്കാനും പിരിമുറുക്കമുള്ള സാഹചര്യങ്ങളിൽ ഹൃദയമിടിപ്പ് കുറക്കാനും പുഞ്ചിരി സഹായിക്കും. അതായത്, മാനസിക സമ്മർദങ്ങളെ ലഘൂകരിക്കുമെന്നും ഇതുവഴി രക്തസമ്മർദം കുറയുമെന്നും സാരം. ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ അളവ് വർധിക്കുന്നതുമായി പുഞ്ചിരി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ട്രെസ് ഹോർമോണുകളെ (കോർട്ടിസോൾ, അഡ്രിനാലിൻ, നോറെപിനെഫ്രിൻ) പുഞ്ചിരി കുറക്കുന്നുണ്ട്. അതിനാൽ, കൂടുതൽ ചിരിക്കുന്നത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും! ചിരി ദീർഘായുസ്സിലേക്ക് നയിക്കുമെന്ന് പറയുന്നത് വെറുതെയല്ല.
ചിരി നമുക്ക് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുമെന്നതിലുപരി, മറ്റുള്ളവരുടെ സന്തോഷത്തിനും അത് കാരണമാകുന്നത് നല്ല കാര്യമാണ്. നിങ്ങളുടെ മനോഹരമായ പുഞ്ചിരി മറ്റുള്ളവരുമായി പങ്കിടുക. കാരണം, അത് നിങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, നിങ്ങൾക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും നല്ല കാര്യങ്ങൾ കൊണ്ടുവരും. നമ്മുടെ ഉള്ളിലെ സന്തോഷം ചുറ്റുമുള്ളവരിലേക്കും പ്രസരിപ്പിക്കാനാകുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിരിക്കുന്ന മുഖമുള്ളവരുമായി ഇടപഴകാൻ ആളുകൾ കൂടുതൽ തയാറാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആളുകൾക്കിടയിൽ നിങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താൻ പുഞ്ചിരി സഹായിക്കുമെന്നതിന് തെളിവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.