നിമിഷങ്ങൾ കഴിയുംതോറും ഭൂമിയിൽ മനുഷ്യരുടെ എണ്ണം വർധിച്ചുവരുകയാണ്. അതിനനുസരിച്ച് വിഭവങ്ങൾ കുറയുകയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടുകയും ചെയ്യുന്നു. ജനസംഖ്യ വർധനക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം വെച്ച് എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യ ദിനമായി നാം ആചരിച്ചുവരുന്നു.
1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 11 ലോകജനസംഖ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1989ൽ ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭരണസമിതിയാണ് ലോകജനസംഖ്യ ദിനം ആചരിക്കണം എന്ന ആശയം മുന്നോട്ടു വെച്ചത്.
ഒരു രാജ്യത്തെയോ ആ രാജ്യത്തെ ഏതെങ്കിലുമൊരു പ്രദേശത്തെയോ ജനങ്ങളുടെ നിശ്ചിത കാലയളവിലുള്ള കണക്കെടുപ്പാണ് സെൻസസ്. Censure എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Census എന്ന വാക്കുണ്ടായത്. ഓരോ വ്യക്തിയെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഓരോ ജനതയുടെയും സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ കണ്ടെത്താൻ സെൻസസിലൂടെ സാധിക്കുന്നു.
സെൻസസിന് ഇങ്ങനെയും ഒരു പേരുണ്ട്. ഓരോ പത്ത് വർഷം കൂടുമ്പോഴും നടന്നുവരുന്ന ഇന്ത്യയിലെ സെൻസസിന് പറയുന്ന പേരാണിത്. അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത് 2011ലാണ്. വീടിന്റെ കണക്കെടുപ്പ് എന്നാണ് കാനേഷുമാരിയുടെ അർഥം.
പുരാതനകാലം മുതൽതന്നെ പല രാജ്യങ്ങളും അവരുടെ രാജ്യത്തെ പൗരന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുക പതിവായിരുന്നു. പട്ടാള ആവശ്യങ്ങൾക്കും നികുതി പിരിവിനും സഹായകമായ വിവരങ്ങളായിരുന്നു അന്ന് ശേഖരിച്ചിരുന്നത്. ഗ്രീസിലെയും റോമിലെയും ഭരണാധികാരികൾ അവരുടെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണം, മറ്റു രാജ്യങ്ങളിൽനിന്ന് കുടിയേറിപ്പാർത്തവരുടെ വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള സെൻസസ് പ്രവർത്തങ്ങൾ തുടങ്ങിയത്. റിപ്പൺ പ്രഭുവിന്റെ നേതൃത്വത്തിൽ 1881ൽ നടന്ന സെൻസസ് ആണ് ഇന്ത്യയിലെ ആദ്യത്തെ പരിപൂർണ സെൻസസ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ സെൻസസ് 1951 ലാണ് നടന്നത്. 1951, 61, 71, 81, 91, 2001, 2011 വർഷങ്ങളിലായി ഏഴുതവണ ഇന്ത്യയിൽ സെൻസസ് നടന്നിട്ടുണ്ട്.
ഗ്രീക്ക് പദങ്ങളായ Demosഉം Graphyയും ചേർന്നാണ് Demography (ജനസംഖ്യ ശാസ്ത്രം) എന്ന വാക്കുണ്ടായത്. Demos എന്ന പദത്തിന് ജനങ്ങൾ എന്നും Graphy എന്ന പദത്തിന് എഴുതുക എന്നുമാണർഥം. ഒരു രാജ്യത്തെ ജനസംഖ്യയും അവയുടെ ഘടനാപരമായ സവിശേഷതകളും വിശകലനം ചെയ്യുന്ന പഠന ശാഖയാണിത്.
ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറി. ഐക്യരാഷ്ട്ര സംഘടന 2023 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്.
ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന അടയാളപ്പെടുത്തിയ തീയതിയായിരുന്നു 2022 നവംബർ 15. 1974ൽ 400 കോടിയായിരുന്ന ജനസംഖ്യയാണ് 2022 ആയപ്പോഴേക്കും 800 കോടി ആയിരിക്കുന്നത്.
ഇതെഴുതുമ്പോൾ ലോകത്താകെയുള്ള ജനസംഖ്യ 8,042,660,108 ആയിരുന്നു. കൂട്ടുകാർ ഇത് വായിക്കുമ്പോൾ ആ കണക്ക് മാറിയിട്ടുണ്ടാകും. ഗൂഗിളിൽ https://worldpopulationreview.com എന്ന വെബ്സൈറ്റ് സന്ദർശിച്ചു നോക്കൂ. ലോകരാജ്യങ്ങളിലെ ജനസംഖ്യ ലൈവായി അറിയാൻ സാധിക്കും.
(ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന പത്ത് രാജ്യങ്ങൾ)
ഇന്ത്യ 1,428,811,172
ചൈന 1,425,666,396
യുനൈറ്റഡ് സ്റ്റേറ്റ്സ് 340,022,044
ഇന്തോനേഷ്യ 277,566,006
പാകിസ്താൻ 240,551,222
നൈജീരിയ 223,878,306
ബ്രസീൽ 216,439,680.
ബംഗ്ലാദേശ് 172,978,745
റഷ്യ 144,437,431
മെക്സികോ 128,468,678
(അവലംബം : https://worldpopulationreview.com)
മേയ് 11, 2000 വർഷത്തിൽ ഇന്ത്യൻ ജനസംഖ്യ 100 കോടിയായി. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ജനിച്ച ആസ്ത അറോറ എന്ന പെൺകുഞ്ഞിനാണ് 100 കോടി തികച്ച ഖ്യാതി ലഭിച്ചത്.
ഇദ്ദേഹം ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ലഘുലേഖയായ “Natural and Political Observations Made upon the bills of Morality’’ ആണ് ആധുനിക ജനസംഖ്യ ശാസ്ത്രത്തിലെ ആദ്യ പ്രസിദ്ധീകരണം. 1604 മുതൽ 1661 വരെ രേഖപ്പെടുത്തിയിട്ടുള്ള ലണ്ടനിലെ ജനന-മരണ വിവരങ്ങളുടെ അവലോകനവും വിശകലനവുമാണ് ഈ ലഘുലേഖയിലുള്ളത്.
ജനസംഖ്യ കണക്കെടുപ്പ് നടത്തുന്ന വ്യക്തിയെ എന്യൂമറേറ്റർ എന്ന് വിളിക്കുന്നു. ഓരോ വീടും സന്ദർശിച്ച് അവിടത്തെ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് എന്യൂമറേറ്റർ ചെയ്യുന്നത്.
ഒരു രാജ്യത്തെ ജനന, മരണങ്ങളുടെയും വിവാഹ, വിവാഹമോചനങ്ങളുടെയും ജനസംഖ്യയെക്കുറിച്ചുള്ള ആധികാരികരേഖയാണിത്. ഒരു പ്രദേശത്ത് സംഭവിക്കുന്ന ജനനവും മരണവും കണക്കാക്കാൻ കഴിയുമെന്നതിനാൽ ഓരോ വർഷവും ആ പ്രദേശത്തെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാൻ ഈ രജിസ്റ്ററിലൂടെ സാധിക്കും.
ജനനം, മരണം, വിവാഹം, കുടിയേറ്റം തുടങ്ങിയവയെ സംബന്ധിക്കുന്ന രേഖയാണിത്. ഈ രജിസ്റ്ററിൽ ഓരോ കുടുംബത്തെയും സംബന്ധിക്കുന്ന വിവരങ്ങളും കുടിയേറ്റങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തുന്നു. ഒരു പ്രദേശത്തുനിന്ന് പുറത്തേക്ക് പോയവരുടെയും ആ പ്രദേശത്ത് എത്തി സ്ഥിരതാമസമാക്കിയവരുടെയും വിവരങ്ങൾ പോപുലേഷൻ രജിസ്റ്റർ നൽകും.
110 ഏക്കർ വിസ്‌തൃതിയുള്ള ഒരു കുഞ്ഞൻ രാജ്യമാണ് വത്തിക്കാൻ സിറ്റി. വെറും ആയിരം മാത്രമാണ് അവിടെയുള്ള ജനസംഖ്യ. ജനസംഖ്യയിലും വിസ്‌തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നതും വത്തിക്കാൻ സിറ്റിയാണ്.
ജനസംഖ്യ വിസ്ഫോടനം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങളെ ആദ്യമായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ച ധനതത്ത്വ ശാസ്ത്രജ്ഞനാണ് ഇംഗ്ലീഷുകാരനായ തോമസ് മാൽത്തൂസ്. ജനസംഖ്യ വർധനവിനനുസരിച്ച് പ്രകൃതി വിഭവങ്ങൾ വർധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനനനിരക്ക് ഇരട്ടിയായി വർധിക്കുമ്പോൾ ഭക്ഷ്യവിഭവങ്ങൾ നേരിയ വ്യത്യാസത്തോടെ കൂടുകയോ കുറയുകയോ ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തിൽ വർധിച്ചില്ലെങ്കിൽ ലോകത്ത് മഹാദുരന്തങ്ങളുണ്ടാകുമെന്ന് മാൽത്തൂസ് പ്രവചിക്കുന്നു. അതിനാൽതന്നെ ഭക്ഷ്യ വിഭവങ്ങളുടെ ഉൽപാദനമനുസരിച്ച് ജനസംഖ്യ നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം കരുതി.
1921 വരെയുള്ള വർഷങ്ങളിൽ വളരെ സാവധാനത്തിലായിരുന്നു ജനസംഖ്യ വർധനവ്. എന്നാൽ, 1921നു ശേഷം ഇന്ത്യ രാജ്യത്ത് വൻതോതിലുള്ള വളർച്ചാനിരക്ക് ദൃശ്യമായി. അതിനാൽ 1921 വർഷം, ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്ന പേരിലറിയപ്പെടുന്നു.
ഒരു പ്രദേശത്തെ ജനസംഖ്യയും അവിടത്തെ സ്ഥലവിസ്തൃതിയും തമ്മിലുള്ള അനുപാതമാണ് ജനസാന്ദ്രത. ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണം കണക്കാക്കിയാണ് ജനസാന്ദ്രത തീരുമാനിക്കാറുള്ളത്. 2011ലെ സെൻസസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററിൽ 860 ആളുകൾ എന്ന നിരക്കിലാണ് കേരളത്തിന്റെ ജനസാന്ദ്രത. ഇത് ഇന്ത്യയുടെ മൊത്തം ജനസാന്ദ്രതയേക്കാൾ (382) ഉയർന്ന അളവിലാണ്.
ജനസംഖ്യ വളർച്ച നിയന്ത്രിക്കുന്നതുവഴി രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താനാണ് ദേശീയ ജനസംഖ്യ നയം രൂപപ്പെടുത്തിയത്. കുടുംബാസൂത്രണത്തിനും ക്ഷേമത്തിനും ആവശ്യമായ നടപടികൾ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് ജനസംഖ്യ നയത്തിന്റെ സുപ്രധാന ലക്ഷ്യം. എല്ലാ പൗരന്മാർക്കും ആരോഗ്യവും വിദ്യാഭ്യാസവും ലഭിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നത് ജനസംഖ്യ നയത്തിന്റെ ഭാഗമാണ്.
ഒരു രാജ്യത്തെ ജനങ്ങൾ എത്രവയസ്സുവരെ ജീവിക്കുന്നുവെന്ന ശരാശരി കണക്കിനെയാണ് ആയുർദൈർഘ്യം എന്ന വിളിക്കുന്നത്. ജനസംഖ്യ വിശകലനത്തിൽ പ്രധാനമായൊരു പങ്ക് ആയുർദൈർഘ്യം വഹിക്കുന്നുണ്ട്. 2011ലെ സെൻസസ് പ്രകാരം സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷനേക്കാൾ ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഇപ്പോഴത്തെ ആയുർദൈർഘ്യം 75 വയസ്സ് ആണ്. ആരോഗ്യ-കുടുംബക്ഷേമ പ്രവർത്തനങ്ങളിലെ ഗുണപരമായ കുതിച്ചു ചാട്ടവും സാമൂഹികസുരക്ഷാപ്രവർത്തനങ്ങളുടെ വ്യാപനവും ഉയർന്ന സാക്ഷരതാനിരക്കും ഭക്ഷ്യസാധനങ്ങളുടെ ഉൽപാദനത്തിലെ വർധനവും അതിനനുസരിച്ചുള്ള വിതരണവുമാണ് ഇതിന് സഹായിച്ചത്.
ജനസംഖ്യ വർധന ഇന്ന് ദ്രുതഗതിയിലാണ്. അതിനനുസരിച്ച് ആവശ്യങ്ങളും വർധിക്കുന്നു. ഈ ആവശ്യങ്ങൾ ഓരോ രാജ്യത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മനുഷ്യരുടെ എണ്ണത്തിന് ആനുപാതികമായി വിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലേക്ക് വഴിതെളിയിക്കും. ജനപ്പെരുപ്പത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നവരിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവരായിരിക്കും. ഭക്ഷ്യദൗർബല്യവും പോഷകാഹാരക്കുറവും നഗരവത്കരണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ജനപ്പെരുപ്പത്താൽ ഉണ്ടാവുന്ന വിപത്തുകളാണ്. ജനസംഖ്യ വർധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ജനപ്പെരുപ്പം തടയാനുള്ള പ്രധാന മാർഗം. മാത്രമല്ല, ജനസംഖ്യ നിയന്ത്രണം രാജ്യത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നു. സ്ത്രീവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക വഴി അവരുടെ സാമൂഹിക പദവി ഉയർത്തൽ, ചെറിയ പ്രായത്തിലുള്ള വിവാഹം അവസാനിപ്പിക്കൽ, ജനസംഖ്യ വിദ്യാഭ്യാസം ശരിയായവിധം നടപ്പാക്കൽ എന്നിവ ജനസംഖ്യ നിയന്ത്രണത്തിന് സഹായകരമായ മാർഗങ്ങളാണ്.
ഇന്ത്യയിൽ ജനന-മരണ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് പ്രധാനമായും അഞ്ച് സ്രോതസ്സുകളിൽനിന്നാണ്
1. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം
2. ഡെമോഗ്രാഫിക് സാമ്പിൾ സർവേകൾ
3. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം
4. ദേശീയതലത്തിൽ നടത്തുന്ന ആരോഗ്യ സർവേകൾ (ഉദാഹരണം: നാഷനൽ ഫാമിലി ഹെൽത്ത് സർവേ, ഡിസ്ട്രിക്ട് ലെവൽ ഹൗസ് ഹോൾഡ് സർവേ)
5. സെൻസസിൽനിന്നുള്ള എസ്റ്റിമേറ്റുകൾ എന്നിവയാണവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.