ജൂൺ 19 വീണ്ടുമൊരു വായനാദിനം വന്നെത്തി. വായനയുടെ പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വർഷവും വായനാദിനം ആചരിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19നാണ് വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെയും വായനയുടെയും വളർച്ചക്ക് വളരെ വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി.എൻ. പണിക്കർ.
1909 ജൂലൈ 17ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ ജനിച്ചു. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനം തുടങ്ങിയത്.
കേരളത്തിലുടനീളം സഞ്ചരിച്ച് 'വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക' എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. ആ ആഹ്വാനം നാടാകെ ഏറ്റെടുക്കുകയായിരുന്നു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947ൽ ഗ്രന്ഥശാലസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958ൽ കേരള ഗ്രന്ഥശാലസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്നായിരുന്നു അദ്ദേത്തിന്റെ ആഗ്രഹം. 1995 ജൂൺ 19ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിച്ചു വരുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിക്കുന്നതിനായി റീഡിങ് ക്ലബ്ബുകളും ഐ.ടി ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിക്കാൻ ഈ സമയം വിനിയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.