പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാന പ്രചാരണ മാർഗം ആണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പാരിസ്ഥിതിക പൊതുജന സമ്പർക്കത്തിനായുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്ഫോമായി പരിസ്ഥിതി ദിനാചരണം മാറിക്കഴിഞ്ഞു.
'ഒരേ ഒരു ഭൂമി' (only one earth) എന്നതാണ് 2022ലെ ലോക പരിസ്ഥിതി ദിന പ്രമേയം. ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നതിന് കാരണമായ 1972ലെ സ്റ്റോക്ഹോം സമ്മേളനത്തിന്റെ 50ാം വാർഷിക വേളയിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാജ്യം വീണ്ടും സ്വീഡൻ ആണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (Living susfainably in harmony with nature) എന്ന ആശയത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടി 1972ലെ സ്റ്റോക്ക് ഹോം സമ്മേളനം ഉയർത്തിയ മുദ്രാവാക്യവും 'ഒരു ഭൂമി മാത്രം' എന്നതായിരുന്നു. 50 വർഷത്തിനുശേഷവും ഈ മുദ്രാവാക്യം വീണ്ടും ഉയർത്തിക്കാട്ടേണ്ടിവരുന്നു. ജീവജാലങ്ങളുടെ ഏക ഭവനം നമ്മുടെ ഗ്രഹമായ ഭൂമി മാത്രമാണ്.
സ്റ്റോക്ഹോം സമ്മേളനത്തിനുശേഷം രൂപംകൊണ്ട UNCP (യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം) 1974 മുതൽ വർഷംതോറും നടത്തുന്ന പരിസ്ഥിതി ദിനാചരണങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. പാകിസ്താൻ ആതിഥേയ രാജ്യമായിരുന്ന 2021ലെ തീം ആവാസവ്യവസ്ഥ പുനഃസ്ഥാപനം (Ecosystem restoration) എന്നതായിരുന്നു.
പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തങ്ങളായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിച്ചുവരുന്നു. 'ഒരേ ഒരു ഭൂമി' എന്ന ആശയത്തെ അടിസ്ഥാനമാക്കി ഷോർട്ട് ഫിലിം വിഡിയോ നിർമാണം എന്നിവ മുൻകൂട്ടി ആലോചിച്ച് തയാറാക്കുകയും ജൂൺ അഞ്ചിന് റിലീസ് ചെയ്യുകയും ചെയ്യാം. കൂടാതെ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർ നിർമാണം, കത്തെഴുത്ത് മത്സരം (ഭൂമിക്ക്), ക്വിസ്, കൊളാഷ് നിർമാണം ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം.
ഓർക്കാം ഒരു ഭൂമി മാത്രമാണ് നമുക്ക് തല ചായ്ക്കാനുള്ളത്. ആ ഭൂമിയെ, പ്രകൃതിയെ സംരക്ഷിക്കാനും നമ്മൾ മാത്രമേയുള്ളൂ. മറ്റു ജീവജാലങ്ങളൊന്നും പ്രകൃതിയെ മലിനപ്പെടുത്തുന്നില്ല. പരിസ്ഥിതി ദിനത്തിൽ മാത്രം ആകരുത് ഭൂമി ചിന്തകൾ. നമ്മുടെ ജീവിതശൈലിതന്നെ പരിസ്ഥിതിക്ക് ഒപ്പം ചലിക്കുന്നതാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.