ജൂൺ
5 ലോക പരിസ്ഥിതിദിനം
12 ലോക ബാലവേല വിരുദ്ധദിനം
14 ലോക രക്തദാനദിനം
19 വായനാദിനം
27 ഹെലൻ കെല്ലർ ദിനം
പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഇൗ ദിനം. ഐക്യരാഷ്ട്ര സഭ 1974 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു.
വെട്ടിനിരത്തിയ മരങ്ങൾക്ക് പകരം പുതിയ തൈ നടാം, പരിസ്ഥിതിയെ നശിപ്പിക്കുന്ന-കോട്ടം തട്ടുന്ന പ്രവൃത്തികൾ നിർത്തിവെക്കാം, പ്രകൃതി സൗഹാർദമാക്കാം. പ്രകൃതിക്ക് തുടരെ തുടരെ ആഘാതം നൽകാതിരുന്നാൽ കാലങ്ങളെടുത്താണെങ്കിലും അവക്ക് പഴയപടിയാകാനാകും. എന്നാൽ, തിരികെ വരാനാകാത്ത വിധം നശിപ്പിച്ചുകളഞ്ഞാലോ, അവ സകല ജീവജാലങ്ങളെയും നശിപ്പിക്കുന്ന തരത്തിലാകും. നമുക്ക് താമസിക്കാൻ വീടും ഭക്ഷണം ഉൽപാദിപ്പിക്കാൻ കൃഷിസ്ഥലവും പഠിക്കാൻ സ്കൂളും വേണം. എന്നാൽ, ഇവയെല്ലാം പരിസ്ഥിതിയെ നശിപ്പിക്കാതെ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന തരത്തിലായിക്കൂടെ. ഒരു കാലത്ത് വനപ്രദേശമായിരുന്നവ ഇപ്പോൾ നാടായി, നഗരമായി -എന്നാൽ ആ നഗരത്തിലും തണലേകാൻ ഒരു മരം വേണമെന്ന് നമ്മൾ ചിന്തിക്കണം.
ശുദ്ധമായ വായുവിെൻറയും വെള്ളത്തിെൻറയും ഉറവിടമാണ് വനങ്ങളും മരങ്ങളും. അന്തരീക്ഷത്തെ ചൂടാക്കുന്ന കാർബണിെൻറ അളവ് പിടിച്ചെടുക്കുകയും ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഇതിനുപുറമെ മനുഷ്യനാവശ്യമായ ഭക്ഷണവും ഇന്ധനവും നൽകുകയും കോടിക്കണക്കിന് പേരുടെ ഉപജീവനമാർഗമാവുകയും ചെയ്യും ഇവ.
മരങ്ങൾ നടാം: വീണ്ടെടുക്കലിെൻറ പ്രധാന മാർഗങ്ങളിലൊന്നാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. നിങ്ങളുടെ വീട്ടുവളപ്പിലോ, പൊതുസ്ഥലങ്ങളിലോ, കൃഷിത്തോട്ടത്തിലോ മരങ്ങൾ വെച്ചുപിടിപ്പിക്കാം. ഒാരോ സ്ഥലത്തിനും അനുയോജ്യമായ ചെടികൾ വേണം വെച്ചുപിടിപ്പിക്കാനും.
നോക്കിനിൽക്കാം: വീട്ടുമുറ്റത്തോ പറമ്പിലോ ചെടികൾ സ്വാഭാവികമായി വളർന്നുവരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷികളായിരിക്കും ഇതിെൻറ പ്രധാന കാരണക്കാർ. പക്ഷികൾ ഭക്ഷിക്കുന്നതിെൻറ വിത്തുകൾ വീണ് മുളച്ചുവരും. അത്തരത്തിൽ സ്വാഭാവികമായി വളരുന്നവയെ ഇനിമുതൽ നശിപ്പിക്കണ്ട. അവയാകും പ്രകൃതിക്ക് ഏറ്റവും അനുയോജ്യം.
വനവത്കരണം: നശിപ്പിച്ച വനങ്ങൾക്ക് പകരം കൃത്രിമ വനമുണ്ടാക്കാം. വൃക്ഷങ്ങളുടെ തൈകൾ നട്ടും വിത്തുപാകിയും നാളേക്കായി വനമുണ്ടാക്കാം.
ജലവും ഭക്ഷണവും ഉൗർജവുമെല്ലാം നൽകുന്നവയാണ് നദികളും തടാകങ്ങളും. കൂടാതെ നിരവധി മൃഗങ്ങളുടെയും ജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രവും. വരൾച്ചയിൽനിന്നും വെള്ളപ്പൊക്കത്തിൽനിന്നും നമ്മെ ഇവ സംരക്ഷിക്കുകയും ചെയ്യും.
വൃത്തിയാക്കാം: മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമാക്കരുത് നദികളും തടാകങ്ങളും. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ജലസ്രോതസ്സുകളിൽ ഉപേക്ഷിക്കാതിരിക്കുക. കൂടാതെ നദിക്കരയിലും തടാകങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യം മുതിർന്നവരുടെ സഹായത്തോടെ നീക്കം ചെയ്യുകയും വേണം.
തീരങ്ങൾ സംരക്ഷിക്കാം: നദികളുടെയും തടാകങ്ങളുടെയും തീരങ്ങൾ പലപ്പോഴും മലിനമായിരിക്കും. അതിനുപുറമെ മണ്ണിടിഞ്ഞുപോയതും മെണ്ണാലിച്ചുപോയതും കാണാനാകും. നദിക്കരയിലും തടാകത്തിെൻറ തീരങ്ങളിലും ചെറിയ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ. അത് നദി സംരക്ഷണത്തിന് പുതിയ മാതൃകയൊരുക്കും.
മാലിന്യം വേണ്ട: തടാകങ്ങളിലെയും നദികളിലെയും വെള്ളം എടുക്കുേമ്പാഴും മത്സ്യം പിടിക്കുേമ്പാഴും അവയെ നശിപ്പിക്കാതിരിക്കണം. മത്സ്യത്തെ പിടിക്കുന്നതിനൊപ്പം അവയെ വളരാനും അനുവദിക്കണം. കൂടാെത ജൈവ-രാസ മാലിന്യം ഇവയിൽ കലരാതെ നോക്കണം. വ്യവസായിക മാലിന്യം നദികളിലേക്ക് ഒഴുക്കാതിരിക്കാൻ നടപടി സ്വീകരിക്കണം.
പൂമ്പാറ്റകളായി പാറിനടക്കേണ്ട സമയത്ത് തങ്ങളുടെയും സ്വന്തം കുടുംബത്തിെൻറയും പ്രാരബ്ധങ്ങള്‍ ഏറ്റുവാങ്ങുന്ന നിഷ്‌കളങ്ക ബാല്യത്തെ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയായ ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷെൻറ നേതൃത്വത്തില്‍ 2002 മുതല്‍ ജൂണ്‍ 12 ലോക ബാലവേലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ കഴിവുകൾക്കും അന്തസ്സിനും കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഹാനികരമാക്കുന്ന ഏതൊരു ജോലിയും അന്താരാഷ്ട്ര തൊഴിലാളി സംഘടന ബാലവേലയായി നിര്‍വചിക്കുന്നു.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഏറ്റവും പുതിയ ആഗോള കണക്കുകള്‍പ്രകാരം ആഗോളതലത്തില്‍ 152 മില്യൺ കുട്ടികള്‍ ബാലവേല ചെയ്യുന്നതായാണ് കണക്ക്. ഇത് ഏകദേശം ലോകമെമ്പാടുമുള്ള 10 കുട്ടികളില്‍ ഒരാൾ എന്ന കണക്കിൽവരും. ഈ കുട്ടികളില്‍ പകുതിയിലധികം പേരും ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളായ അപകടകരമായ ചുറ്റുപാടുകളിലെ ജോലിയിലും അടിമത്തത്തിലും മയക്കുമരുന്ന് കടത്തിലുമടക്കം അകപ്പെട്ടിരിക്കുകയാണ്. കണക്കുകളനുസരിച്ച് ഉപ-സഹാറന്‍ ആഫ്രിക്കയിലാണ് ലോകത്ത് ബാലവേല ഏറ്റവും കൂടുതലുള്ളത്. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമസംവിധാനങ്ങളാലും നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും വന്‍തോതില്‍ ഇത് തുടരുന്നുണ്ട്.
ഇന്ത്യയുടെ 2011ലെ ദേശീയ സെന്‍സസ് പ്രകാരം അഞ്ചു മുതൽ 14 വയസ്സ് പ്രായമുള്ള 259.64 ദശലക്ഷം കുട്ടികളില്‍ 10.1 ദശലക്ഷം കുട്ടികളും ബാലവേലയിലാണെന്നാണ് കണക്ക്. ഇത്തരത്തിൽ ഓരോ വര്‍ഷവും നിരവധി കേസുകളും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. ബാലവേല സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും വികസന പദ്ധതികളോടൊപ്പം ദാരിദ്ര്യം പോലുള്ളവ പരിഹരിക്കുന്നതിനും അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിനുമായി 1987ല്‍ ഇന്ത്യ ബാലവേലയുമായി ബന്ധപ്പെട്ട് ഒരു ദേശീയ നയം രൂപവത്കരിച്ചു. ഈ ശ്രമങ്ങള്‍ക്കിടയിലും ബാലവേല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്.
ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം: 1986ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരം 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഏതെല്ലാം ഇടത്ത് ജോലികള്‍ ചെയ്യാം, ഏതെല്ലാം ജോലികള്‍ ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു.
-ഫാക്ടറീസ് ആക്ട് : 1948ല്‍ ജോലിസ്ഥലങ്ങളിലെ വ്യക്തികളുടെ സുരക്ഷ, ആരോഗ്യം, കാര്യക്ഷമത, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന ഈ നിയമം ഫാക്ടറിയില്‍ 14 വയസ്സിനു താഴെയുള്ള കുട്ടികളെ ജോലി ചെയ്യുന്നത് വിലക്കുന്നു.
-മൈന്‍സ് ആക്ട്: കല്‍ക്കരി, മെറ്റാലിഫറസ്, എണ്ണ ഖനികളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായുള്ള വ്യവസ്ഥകള്‍ അനുശാസിക്കുന്ന 1952ല്‍ നിലവില്‍വന്ന ഈ നിയമത്തില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നു.
-ജുവനൈല്‍ ജസ്റ്റിസ് നിയമം: 2015ല്‍ വന്ന ഈ നിയമത്തില്‍ തൊഴില്‍ ആവശ്യത്തിനായി ആരെങ്കിലും ഒരു കുട്ടിയെ അടിമത്തത്തില്‍ നിര്‍ത്തുക എന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്നു.
-സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം: ആറു മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നിയമം അനുശാസിക്കുന്നു. ഓരോ സ്വകാര്യ സ്‌കൂളിലെയും 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഗ്രൂപ്പുകളില്‍നിന്നുള്ള കുട്ടികള്‍ക്കായി അനുവദിക്കണം എന്നും ഈ നിയമം അനുശാസിക്കുന്നു.
‘ഒഴുകുന്ന ജീവൻ’ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. രക്തദാനം ഒരു മഹത് കർമമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. സാങ്കേതികവിദ്യകളുടെ സഹായത്താൽ രക്തം ഉൽപാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ രക്തം വേണ്ടിവരുന്ന സന്ദർഭങ്ങളിൽ രക്തദാനംവഴി മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ.
ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ സൂക്ഷിക്കുന്നതിനുവേണ്ടിയോ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ രക്തം ദാനംചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം (Voluntary Blood Donation). ഒരുതവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. കൃത്യമായ പരിശോധനകൾക്കുശേഷം മാത്രമേ ദാതാവിൽനിന്ന് രക്തം സ്വീകരിക്കുകയുള്ളൂ. രോഗാണുക്കൾ പകരാൻ ഏറ്റവും സാധ്യതയുള്ളത് രക്തത്തിൽകൂടിയാണ് എന്നതിനാലാണത്. അതുകൊണ്ടുതന്നെ കർശനമായ പരിശോധനകൾക്കുശേഷമേ ദാതാവിനെ നിശ്ചയിക്കാറുള്ളൂ. ഇത് കർശനമായി പാലിക്കുന്നതുവഴി സ്വീകർത്താവിനും ദാതാവിനും സുരക്ഷ പൂർണമാകുന്നു. ദാതാക്കൾക്കുണ്ടാകുന്ന അസുഖങ്ങൾ, കഴിക്കുന്ന ഔഷധങ്ങൾ എന്നിവ സ്വീകർത്താക്കളുടെ ആരോഗ്യനില അപകടത്തിലാക്കിയേക്കാം. എച്ച്.ഐ.വി, വൈറൽ പനികൾ, മഞ്ഞപ്പിത്തം എന്നിവയുള്ള ദാതാക്കൾ സ്വീകർത്താക്കളെ അപകടത്തിലാക്കും. അതിനാൽ ദാതാക്കളെ പൂർണപരിശോധനക്കു വിധേയരാക്കും.
ക്രോസ് മാച്ചിങ് -രക്തം നൽകുന്നതിനുമുമ്പ് ദാതാവിെൻറ രക്തവും സ്വീകർത്താവിെൻറ രക്തവും തമ്മിലുള്ള ചേർച്ച നോക്കുന്ന പ്രക്രിയയാണ് ക്രോസ് മാച്ചിങ്. രക്തം നൽകുമ്പോൾ ഒരേ ഗ്രൂപ്പിൽപെട്ട രക്തം (ABOയും Rh ഘടകവും) തന്നെ നൽകിയില്ലെങ്കിൽ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവർത്തിച്ച് സ്വീകരിക്കുന്ന ആളിന് മരണംവരെ സംഭവിക്കാൻ കാരണമാകും. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിങ് ചെയ്യുന്നത്.
സ്വന്തമായി ആൻറിജനുകൾ ഇല്ലാത്ത ‘O’ നെഗറ്റിവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകർത്താവിെൻറ രക്തവുമായി പ്രതിപ്രവർത്തിക്കാത്തതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ക്രോസ്മാച്ച് ചെയ്യാതെയും നൽകാറുണ്ട്. ആർക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാൽ O NEGATIVE ഗ്രൂപ്പിനെ ‘സാർവത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആൻറിബോഡികൾ ഇല്ലാത്ത AB ഗ്രൂപ്പിന് ആരിൽനിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാർവത്രിക സ്വീകർത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.
രക്തത്തിെൻറ 50 ശതമാനവും വരുന്ന ദ്രാവകഭാഗമാണ് രക്തപ്ലാസ്മ. വയ്ക്കോലിെൻറ നേരിയ മഞ്ഞനിറമുള്ള ഈ ദ്രാവകം ശരീരഭാരത്തിെൻറ അഞ്ചു ശതമാനം വരെ വരുന്നു. 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യനിൽ ഏകദേശം 3500 എം.എൽ പ്ലാസ്മയുണ്ടാകും. സുപ്രധാന മാംസ്യങ്ങളായ ഫൈബ്രിനോജൻ, ആൽബുമിൻ എന്നിവ പ്ലാസ്മയിലാണുള്ളത്. യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, ഗ്ലൂക്കോസ്, ഹോർമോൺ, ആൻറിബോഡി എന്നിങ്ങനെ രക്തത്തിലെ എല്ലാവിധ രാസരൂപങ്ങളും സംവഹനത്തിന് രക്തപ്ലാസ്മയെ ഉപയോഗിക്കുന്നു. രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിനോജനും മറ്റ് രക്തക്കട്ട രൂപവത്കരണത്തിന് സഹായിക്കുന്ന രക്തത്തിലെ പദാർഥങ്ങളും രക്തകോശങ്ങളും ഒഴിവാക്കിയാൽ ലഭിക്കുന്ന ദ്രാവകമാണ് സിറം.
കൊറോണ വൈറസ് പോലെയുള്ള ഒരു രോഗാണു പകരുമ്പോൾ നമ്മുടെ പ്രതിരോധസംവിധാനം ആൻറിബോഡികൾ ഉൽപാദിപ്പിക്കും. ഈ ആൻറിബോഡികൾ വൈറസിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കും. രോഗം ഭേദമായവരുടെ രക്തത്തിൽനിന്ന് ആൻറിബോഡി വൻതോതിൽ ശേഖരിക്കുകയും രോഗിയുടെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ആൻറിബോഡികളുടെ സഹായത്തോടെ പ്രതിരോധസംവിധാനത്തിന് വൈറസിനെ നേരിടാനുള്ള കരുത്ത് വർധിക്കുന്നു.
കോവിഡ് പൂർണമായി ഭേദമായവരിൽനിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിർവീര്യമാക്കിയ ആൻറിബോഡിക്കുവേണ്ടി രക്തത്തിലെ സിറം വേർതിരിക്കുകയും ശേഷിനിർണയം നടത്തുകയും ചെയ്യുന്നു. പകർച്ചവ്യാധിമുക്തരിൽ, പ്രത്യേകിച്ചും ആൻറിബോഡി കൂടുതലുള്ളവരിൽ ഉണ്ടാകുന്ന സിറം കൺവലസെൻറ്-സിറം ആയിരിക്കും. കോവിഡ് രോഗിയിൽ അത് പ്രവർത്തനക്ഷമമാവുകയും പ്രതിരോധശേഷി നേടിയെടുക്കുകയും ചെയ്യുന്നു.
രക്തം ദാനം ചെയ്യുന്നതുകൊണ്ട് നമുക്കൊരു ദോഷവും വരുന്നില്ല. മാത്രമല്ല, ദാതാവിെൻറ ശരീരത്തിൽ പുതിയ രക്തകോശങ്ങളുണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനുശേഷം കൂടുതൽ ഉന്മേഷവും പ്രവർത്തനക്ഷമതയും ശരീരത്തിന് നൽകുന്നു. ആവശ്യമായ രക്തത്തിെൻറ 100 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടിവരില്ല.
ജൂൺ 19 പി.എൻ. പണിക്കരുടെ ചരമദിനമാണ്. ജൂൺ 19 മുതൽ ഒരാഴ്ചക്കാലം കേരളത്തിൽ വായനവാരം ആചരിക്കാറുണ്ട്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ വളർച്ചക്ക് പി.എൻ. പണിക്കർ നൽകിയ സംഭാവനകൾ അതുല്യവും അമൂല്യവുമാണ്. 1989ൽ കോട്ടയം മുനിസിപ്പാലിറ്റി ഇന്ത്യയിലെ ആദ്യത്തെ സാക്ഷര നഗരമായി. 1990ൽ എറണാകുളം ഇന്ത്യയിലെ പ്രഥമ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു. 1991 ഏപ്രിൽ 18ന് കേരളം സമ്പൂർണ സാക്ഷരത നേടി ഇന്ത്യയിലെ ആദ്യത്തെ സാക്ഷര സംസ്ഥാനമായി മാറി. ചരിത്രത്തിൽ ഇടംനേടിയ ഇൗ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിന് മുഖ്യ കാരണക്കാരൻ പി.എൻ. പണിക്കരാണ്.
‘കേരള ഗ്രന്ഥശാല സംഘം’ എന്നപേരിൽ പ്രവർത്തിച്ചുവരുന്ന ഇൗ സംഘടനയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ വളർച്ചക്ക് നിർണായകമായ പങ്കുവഹിച്ചത്. 1945 മുതൽ 1977 വരെ ഗ്രന്ഥശാല സംഘത്തിെൻറ ജനറൽ സെക്രട്ടറി പി.എൻ. പണിക്കരായിരുന്നു. ഗ്രന്ഥശാലകളിൽ 1970കളിൽ 20 സാക്ഷരത കേന്ദ്രങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. 1977ലാണ് ‘കാൻഫെഡി’ന് (കേരള അനൗപചാരിക വിദ്യാഭ്യാസ വികസന കൗൺസിൽ) പി.എൻ. പണിക്കരും കൂട്ടരും രൂപംകൊടുത്തത്. 18 വർഷക്കാലം ‘കാൻഫെഡി’െൻറ ജനറൽ സെക്രട്ടറിയായി പി.എൻ. പണിക്കർ പ്രവർത്തിച്ചു. സാക്ഷരത പ്രവർത്തനത്തിന് പുറമെ, ‘നാം ഒന്ന്’, ‘സൗഹൃദ ഗ്രാമം’, ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’, ‘എഴുത്തു പഠിച്ച് കരുത്തു നേടുക’ തുടങ്ങിയ ആശയപ്രചാരണങ്ങളുമായി ‘കാൻഫെഡ്’ കേരളത്തിെൻറ സാമൂഹിക ജീവിതത്തിൽ പരിവർത്തന ശക്തിയായി മാറി. സ്ത്രീ ശാക്തീകരണത്തിനും മദ്യമുക്ത കേരളത്തിനും മതമൈത്രിക്കുവേണ്ടിയും കാൻെഫഡ് പ്രവർത്തിച്ചിട്ടുണ്ട്.
സമ്പൂർണ സാക്ഷരതയും സാമൂഹിക നന്മയും സാംസ്കാരിക നവോത്ഥാനവും ലക്ഷ്യംവെച്ചുള്ള നിസ്വാർഥ സേവനമായിരുന്നു പി.എൻ. പണിക്കരുടേത്. ലളിതജീവിതവും ഉയർന്ന ചിന്തയുമെന്ന ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചുനിന്ന വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക പ്രവർത്തകനായിരുന്നു സാക്ഷര കേരളത്തിെൻറ ശിൽപിയായ ആ കർമയോഗി.
ഗ്രന്ഥശാലകൾ -ഗ്രന്ഥശാല, വായനശാല തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വിജ്ഞാന വിതരണകേന്ദ്രങ്ങൾ പ്രാചീനകാലം മുതൽ ഭാരതത്തിൽ ഉണ്ടായിരുന്നു. തക്ഷശില, നളന്ദ തുടങ്ങിയ പ്രാചീന വിദ്യാകേന്ദ്രങ്ങളും വാരാണസി, രാജഗൃഹം, മിഥില, കൗശാംബി, ഉൈജ്ജൻ, ശിബി തുടങ്ങിയ രാജകീയ സ്ഥാനങ്ങളും ബുദ്ധ^ജൈന വിഹാരങ്ങളും എണ്ണമറ്റ താളിയോല ഗ്രന്ഥങ്ങളുടെയും പലവിധത്തിലുള്ള ഗ്രന്ഥവരികളുടെയും അമൂല്യ ശേഖരങ്ങളുടെ കലവറയായിരുന്നു. ഫാഹിയാനും ഹുയാൻസാങ്ങും എണ്ണമറ്റ ആധ്യാത്മിക രചനകൾ അവയുടെ മൂലരൂപത്തിലോ പകർത്തിയെഴുതിയോ ഇവിടെനിന്ന് ചൈനയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മോൺഘീർ, ചംപ, പുന്ധ്രവർധനം, കാമരൂപം, താമ്രലിപ്തി, കർണസുവർണം, രത്നമൃത്തിക, കലിംഗം, വിദർഭം, മാൾവ, ഭൃഗുകച്ഛം, വലഭി, നാഗാർജുന കൊണ്ട തുടങ്ങിയവ ഒരുകാലത്ത് ഗ്രന്ഥപ്പുരകൾക്ക് കീർത്തി നേടിയിരുന്നു. ഇത്സിങ് എന്ന ചൈനീസ് പണ്ഡിതർ താൻ അഞ്ചുലക്ഷത്തിലേറെ പദ്യങ്ങളടങ്ങുന്ന 400ഒാളം ഗ്രന്ഥങ്ങളുമായാണ് സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സരസ്വതി മഹദ് ഗ്രന്ഥാലയം -വിഷയവിവരം തിരിച്ചുള്ള പുസ്തകങ്ങളുടെ പട്ടിക ഉണ്ടാക്കുന്നതിൽ മുൻകൈയെടുത്ത ആദ്യത്തെ ഇന്ത്യൻ രാജാവ് സരഭോജിയാണെന്ന് പറയപ്പെടുന്നു. സരസ്വതി മഹദ്ഗ്രന്ഥാലയം സ്ഥാപിച്ചത്, തഞ്ചാവൂരിലെ അവസാനത്തെ രാജാവായ സരഭോജിയാണ്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മൈസൂരുവിലെയും രാജാക്കന്മാരുടെ ഗ്രന്ഥപ്പുരകളും പദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലെ ഗ്രന്ഥവരികളും ഭാഷ സാഹിത്യപരമായും ചരിത്രപരമായും വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്.
ആദ്യത്തെ ദേശീയ ഗ്രന്ഥശാല -കഴ്സൺ പ്രഭുവിെൻറ പ്രേരണയിൽ 1903ൽ സ്ഥാപിതമായ ഇമ്പീരിയൽ ലൈബ്രറിയാണ് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഗ്രന്ഥശാല. ഇതിെൻറ പൂർവ രൂപങ്ങളായിരുന്ന ഇൗസ്റ്റ് ഇന്ത്യ കേളജ് ലൈബ്രറി, െകാൽക്കത്ത പബ്ലിക് ലൈബ്രറി തുടങ്ങിയവ സ്ഥാപിച്ചത് ദ്വാരക നാഥ് ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി, വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, അശ്വിനികുമാർ ദത്ത, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുെട ശ്രമഫലമായിട്ടാണ്. 1781ൽ വാൻ േഹസ്റ്റിങ്സ് സ്ഥാപിച്ച കൊൽക്കത്ത മദ്റസയും 1784ൽ വില്യം ജോൺസ് രൂപംനൽകിയ ഏഷ്യാറ്റിക് സൊസൈറ്റിയും 1792ൽ തുടങ്ങിയ ബനാറസ് സംസ്കൃത കോളജും പിൽക്കാലത്ത് അനേകം അപൂർവ ഗ്രന്ഥങ്ങളുടെ കലവറയായി.
ദേശീയ പ്രസ്ഥാനവും ഗ്രന്ഥശാലകളും -ദേശീയ പ്രസ്ഥാനത്തിൽ ഗ്രന്ഥശാലകൾക്ക് വഹിക്കാവുന്ന പങ്കിനെപ്പറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ആരംഭം മുതൽ തന്നെ ബോധ്യമുണ്ടായിരുന്നു. അതിനാൽ കോൺഗ്രസിെൻറ വാർഷികസമ്മേളനങ്ങളിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിനും പ്രേത്യക പരിഗണന ലഭിച്ചിരുന്നു. 1924 ബെൽഗാമിൽ ചിത്തരഞ്ജൻ ദാസിെൻറ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ സമ്പൂർണ സമ്മേളനത്തിെൻറ ഭാഗമായി ഒരു അഖിലേന്ത്യ ലൈബ്രറി സേമ്മളനം നടത്തി. അതിൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധ്യക്ഷൻ രവീന്ദ്രനാഥ ടാഗോറായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഗ്രന്ഥശാല പ്രസ്ഥാനം ശക്തിപ്പെടുത്തണമെന്നും അതിനായി ഗ്രന്ഥശാല സംഘടനകൾ ഒാരോ സംസ്ഥാനത്തും സ്ഥാപിക്കണമെന്നുമുള്ള പ്രമേയം ആ സമ്മേളനം പാസാക്കി.
പബ്ലിക് ലൈബ്രറി -1951ൽ യുനെസ്കോയുടെയും ഇന്ത്യ ഗവൺമെൻറിെൻറയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി പബ്ലിക് ലൈബ്രറി സ്ഥാപിച്ചത് ഇന്ത്യയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ ചരിത്രത്തിൽ പ്രധാന സംഭവമായിരുന്നു. ഏഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് അനുകരണീയമായ മാതൃക ലൈബ്രറി എന്ന ആശയം വെച്ചുകൊണ്ടാണ് ഇൗ ലൈബ്രറി സ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ഏക പബ്ലിക് ലൈബ്രറിയെന്ന ബഹുമതി ഇതിനുണ്ട്.
രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ -1972ൽ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ സ്ഥാപിച്ചതായിരുന്നു കേന്ദ്ര ഗവൺമെൻറിെൻറ ഭാഗത്തുനിന്ന് ഗ്രന്ഥശാല പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുണ്ടായ പ്രധാന നടപടി. ഇതിെൻറ പ്രഖ്യാപിത ലക്ഷ്യം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി സഹകരിച്ച് ഇന്ത്യ ഒട്ടാകെ പബ്ലിക് ലൈബ്രറി സേവനം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ്. ഒമ്പത് പ്രധാന പദ്ധതികളാണ് ഇപ്പോൾ ഫൗണ്ടേഷെൻറ കർമ പരിപാടിയിലുള്ളത്.
ഗ്രന്ഥശാലകൾ കേരളത്തിൽ -1926 മുതൽ കൊച്ചി സർക്കാർ ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ തുടങ്ങി. 1946ൽ കൊച്ചിയിൽ 246 ഗ്രന്ഥശാലകളുണ്ടായിരുന്നു. 1956ൽ കേരളം സംസ്ഥാനം രൂപംകൊണ്ടപ്പോൾ മലബാർപ്രദേശത്ത് ഏകദേശം 500 ഗ്രന്ഥശാലകളുണ്ടായിരുന്നു. 1948ലെ മദ്രാസ് പബ്ലിക് ലൈബ്രറി ആക്ട് അനുസരിച്ച് മലബാറിൽ ഒരു ലോക്കൽ ലൈബ്രറി അതോറിറ്റി സ്ഥാപിച്ചു. കാലിക്കറ്റ് മുനിസിപ്പൽ ലൈബ്രറിയെ ലോക്കൽ ൈലബ്രറി അതോറിറ്റിയുടെ കീഴിലുള്ള ഡിസ്ട്രിക്ട് സെൻട്രൽ ലൈബറിയായി രൂപാന്തരപ്പെടുത്തി. പിന്നീട് മലബാർ പ്രദേശത്ത് കൂടുതൽ ജില്ലകൾ രൂപംകൊണ്ടപ്പോൾ ഒാരോ ജില്ലക്കും ഒരു ലോക്കൽ ലൈബ്രറി അതോറിറ്റിയുണ്ടായി. ഒാരോ അതോറിറ്റിക്കും ഒരു ഡിസ്ട്രിക് സെൻട്രൽ ലൈബ്രറിയുമുണ്ടായി. 1937ലാണ് മലബാർ വായനശാലാ സംഘം രൂപംകൊണ്ടത്. 1943ൽ ‘കേരള ഗ്രന്ഥാലയ സംഘം’ എന്ന പേരിൽ ഇതു രജിസ്റ്റർ ചെയ്തു.
ഹസ്തലിഖിത ഗ്രന്ഥശാലകൾ -ഹസ്തലിഖിതങ്ങൾക്ക് മാത്രമായുള്ള ഗ്രന്ഥശാലകളും ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ മുഖ്യ ഘടകമാണ്. ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ഹസ്തലിഖിത ഗ്രന്ഥാലയങ്ങളിൽ പ്രമുഖമായത് വാരാണസിയിലെ സംസ്കൃത വിശ്വ വിദ്യാലയത്തോടനുബന്ധിച്ചുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരമാണ്. രണ്ടാം സ്ഥാനം കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള ഒാറിയൻറൽ റിസർച്ച് സെൻറർ ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിക്കുമാണ്. തഞ്ചാവൂരിലെ സരസ്വതീ മഹൽ മദ്രാസ് ഒാറിയൻറൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, പുണെയിലെ ഭണ്ഡാർക്കർ ഒാറിയൻറൽ റിസർച്ച് സെൻറർ, ബിഹാറിലെ ദർഭംഗ മാനുസ്ക്രിപ്റ്റ് ലൈബ്രറി, മൈസൂരു, ബറോഡ, കശ്മീർ എന്നിവിടങ്ങളിലെ രാജകീയ ഹസ്തലിഖിത ഗ്രന്ഥാലയങ്ങളും ഏറെ പ്രശസ്തി നേടിയിട്ടുള്ളവയാണ്.
നിക്ഷേപ ഗ്രന്ഥശാല (Depository Library) -പുസ്തക നിക്ഷേപ നിയമം ലോകത്താദ്യമായി ഏർപ്പെടുത്തുന്നത് 1537ൽ ഫ്രൻസിലെ ഫ്രാൻസിസ് ഒന്നാമൻ എന്ന രാജാവാണ്. ഇന്ത്യയിൽ ഇത്തരത്തിൽ ഉണ്ടായ ആദ്യത്തെ നിയമം 1867ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒാഫ് ബുക്ക്സ് ആക്ട് ആണ്. ഇൗ നിയമത്തിലെ മൂന്നാം അധ്യായം പുസ്തക നിക്ഷേപത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. അതനുസരിച്ച് അച്ചടിക്കുന്ന മുഴുവൻ പുസ്തകങ്ങളുടെയും മൂന്നു പ്രതികൾ വീതം സംസ്ഥാന സർക്കാറിന് സമർപ്പിക്കാൻ പ്രസ് ഉടമ ബാധ്യസ്ഥനാണ്. 1954ൽ ഇന്ത്യ ഗവൺമെൻറ് മേൽപറഞ്ഞ മൂന്നാം അധ്യായം വിപുലീകരിച്ച് ‘ഡെലിവറി ഒാഫ് ബുക്ക്സ് ആൻഡ് ന്യൂസ് പേപ്പേഴ്സ് ആക്ട് 1954’ എന്നപേരിൽ ഒരു പ്രേത്യക നിയമം നിർമിക്കുകയുണ്ടായി. ഇതനുസരിച്ച് ഒാേരാ പ്രസാധകനും പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിെൻറ ഒാേരാ പ്രതി വീതം നാഷനൽ ലൈബ്രറി^െകാൽക്കത്ത, സെൻട്രൽ ലൈബ്രറി മുംെബെ, കണ്ണിമാറാ പബ്ലിക് ലൈബ്രറി ചെന്നൈ, ഡൽഹി പബ്ലിക് ലൈബ്രറി എന്നീ നാലു സ്ഥാപനങ്ങൾക്ക് അയച്ചു കൊടുക്കണം. ഇന്ത്യയുടെ ദേശീയ ഗ്രന്ഥസൂചി നിർമിക്കാനും ഭാവി തലമുറക്കുള്ള സൂക്ഷിപ്പുംകൂടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നാഷനൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ -1957ൽ ഡൽഹി ആസ്ഥാനമാക്കി ഭാരത സർക്കാർ രൂപവത്കരിച്ച സ്വതന്ത്ര സ്ഥാപനമാണിത്. നാഷനൽ ബുക്ക് ട്രസ്റ്റിെൻറ പ്രധാന പ്രവർത്തന മേഖലകൾ പുസ്തക പ്രസാധനം, പുസ്തക പ്രചാരണവും വായനശീലം വളർത്തലും വിദേശങ്ങളിൽ ഇന്ത്യൻ പുസ്തകങ്ങളുടെ പ്രചാരണം, എഴുത്തുകാർക്കും പ്രസാധകർക്കും സഹായം, ബാലസാഹിത്യ പരിപോഷണം, മികച്ച ഗ്രന്ഥങ്ങളുടെ വിവർത്തനം എന്നിവയാണ്.
അഡയാർ ലൈബ്രറി -തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷനായ കർണൽ എച്ച്.എസ്. ഒാൾകോട്ട് 1886ൽ സ്ഥാപിച്ചതാണ് അഡയാർ ലൈബ്രറി. പൗരസ്ത്യ സാഹിത്യത്തെ പുനരുദ്ധരിക്കുക, യഥാർഥ പാണ്ഡിത്യത്തെ ആദരിക്കുക, യുവജനങ്ങളിൽ ആധ്യാത്മിക ചിന്തയും സാന്മാർഗിക മൂല്യബോധവും വളർത്തുക, പാശ്ചാത്യർക്കും പൗരസ്ത്യർക്കും തമ്മിൽ ഉറച്ച ധാരണയുളവാക്കുക മുതലായവയും ഇതിെൻറ ലക്ഷ്യങ്ങളാണ്.
ഗ്രന്ഥശാലയിൽ താളിേയാലയിലും കടലാസിലും എഴുതിയ 17,300ഒാളം കൈയെഴുത്ത് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുണ്ട്. അച്ചടിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ലക്ഷത്തിലേറെ വരും. സംസ്കൃതം, ചൈനീസ്, ജാപ്പനീസ്, തിബത്തൻ, ലത്തീൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഡച്ച് മുതലായ ഭാഷകളിൽ രചിക്കപ്പെട്ടവയാണ് ഇൗ ഗ്രന്ഥങ്ങൾ.
ഇന്ത്യൻ നാഷനൽ ബിബ്ലിയോഗ്രഫി -ഇംഗ്ലീഷിലും 14 അംഗീകൃത പ്രാദേശിക ഭാഷകളിലുമായി ഇന്ത്യയിൽ പ്രസിദ്ധീകരിച്ചുവരുന്ന ഗ്രന്ഥങ്ങളുടെ ആധികാരികമായ ഗ്രന്ഥസൂചി. കൊൽക്കത്തയിലെ നാഷനൽ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സെൻട്രൽ റഫറൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് 1958 മുതൽ ഇൗ ഗ്രന്ഥസൂചിയുടെ പ്രസിദ്ധീകരണം നിർവഹിച്ചുപോരുന്നത്. ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങൾ ഗ്രന്ഥകർത്താവ്, ഗ്രന്ഥനാമം, പ്രസിദ്ധീകരണ സ്ഥലം, വർഷം, പ്രസാധകൻ, പ്രസ്, വില, ബൈൻഡിങ് രീതി, വലുപ്പം, ചിത്രം എന്നിവയാകുന്നു. ഒാരോ ഗ്രന്ഥത്തിെൻറയും ഭാഷ പുസ്തക വിവരണത്തിെൻറ ഇടത്തെ ചുവട്ടിൽ ഉചിതമായ ചിഹ്നങ്ങൾ നൽകിയും ഒാരോ വിഷയത്തിലുംപെട്ട പുസ്തകങ്ങളെ ഗ്രന്ഥകാരെൻറ പേരിനെ അടിസ്ഥാനമാക്കിയുമുള്ള അക്ഷരക്രമത്തിലും ക്രമീകരിച്ചിരിക്കുന്നു.
കേരള ഗ്രന്ഥശാല സംഘം -കേരളത്തിലെ ഗ്രന്ഥശാലകൾ അംഗങ്ങളായുള്ള മാതൃസംഘടനയാണ് ‘കേരള ഗ്രന്ഥശാല സംഘം’ എന്ന പേരിലറിയപ്പെടുന്നത്. 1926ൽ നെയ്യാറ്റിൻകരയിൽവെച്ചും 1934ൽ തിരുവനന്തപുരത്തുവെച്ചും 1938ൽ നെയ്യൂർ ദിവാൻ താണുപിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലും കേരളത്തിലെ ചില ഗ്രന്ഥശാല പ്രവർത്തകരെ പെങ്കടുപ്പിച്ചുകൊണ്ട് 1927 ഡിസംബറിൽ ചെൈന്നയിൽവെച്ചും 1931ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിെൻറ ആഭിമുഖ്യത്തിലും 1937 ജൂൺ 11ന് കെ. കേളപ്പെൻറ അധ്യക്ഷതയിൽ കോഴിക്കോട്ടുവെച്ചും 1943ൽ തലശ്ശേരിയിൽവെച്ചും ഗ്രന്ഥശാല സംഘങ്ങൾ രൂപംകൊള്ളുകയുണ്ടായി. പി.എൻ. പണിക്കർ, വായനശാല കേശവപിള്ള, എൻ. നാരായണക്കുറുപ്പ്, വെട്ടിക്കാട്ട് ജി.എൻ. നായർ, പി. കുഞ്ഞൻ കുറുപ്പ്, ആലപ്പുഴ പാർഥസാരഥി അയ്യങ്കാർ എന്നിവർ ചേർന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ‘തിരുവിതാംകൂർ ഗ്രന്ഥശാല സംഘം’. തിരു^കൊച്ചി സംയോജനത്തോടുകൂടി സംഘത്തിെൻറ പേര് ‘തിരുകൊച്ചി ഗ്രന്ഥശാല സംഘം’ എന്നും കേരളപ്പിറവിയോടുകൂടി ‘കേരള ഗ്രന്ഥശാല സംഘം’ എന്നും അറിയപ്പെട്ടു.
ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് -കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിത്. കേരളീയനും പ്രശസ്ത കാർട്ടൂണിസ്റ്റുമായിരുന്ന ശങ്കറാണ് 1957ൽ ഇത് സ്ഥാപിച്ചത്. ഡൽഹിയാണ് ഇതിെൻറ ആസ്ഥാനം 40,000 ഗ്രന്ഥങ്ങളുൾക്കൊള്ളുന്ന ചിൽഡ്രൻസ് ലൈബ്രറി ട്രസ്റ്റിെൻറ ഭാഗമായി ശങ്കർ വികസിപ്പിച്ചെടുത്തു. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലെഴുതി മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, പിന്നീട് ഇന്ത്യൻ ഭാഷകളിലെ മൗലിക കൃതികളുംപ്രസിദ്ധീകരിക്കാൻ തുടങ്ങി.
ചിൽഡ്രൻസ് ലൈബ്രറി -കുട്ടികൾക്ക് വേണ്ടിയുള്ള ഗ്രന്ഥശാല. ആശയങ്ങൾ ആഴത്തിൽ മനസ്സിൽപതിയുന്ന കുട്ടിക്കാലത്ത് വായനശീലമുണ്ടായാൽ അതൊരു ആജീവനാന്ത സ്വഭാവമായി തുടരുന്നതാണ്. വിജ്ഞാനസമ്പാദനത്തോടൊപ്പം സ്വാശ്രയത്വം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമേ, വായനയിൽകൂടി വിജ്ഞാനസമ്പാദനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കുകയുള്ളൂ. ഇൗ കാര്യങ്ങൾ കണക്കിലെടുത്താണ് കുട്ടികൾക്കുവേണ്ടിയുള്ള ഗ്രന്ഥശാലകൾ സ്ഥാപിക്കുവാൻ ശ്രമമുണ്ടായിട്ടുള്ളത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ രണ്ടു വ്യക്തികളായി ലോകം വാഴ്ത്തിയത് രണ്ടുപേരെയായിരുന്നു. ഒന്ന്, വിശ്വംജയിച്ച നെപ്പോളിയൻ. രണ്ടാമത്തേത് ഹെലൻ ആദംസ് കെല്ലർ എന്ന ഹെലൻ കെല്ലർ. വൈകല്യങ്ങളിൽ പരിതപിച്ചുകൊണ്ടിരിക്കാതെ അവയെ നിശ്ചയദാർഢ്യംകൊണ്ട് എങ്ങനെ മറികടക്കാം എന്ന് ലോകത്തെ പഠിപ്പിച്ചു ഹെലൻ. ആത്മവിശ്വാസവും പ്രയത്‌നവും നിശ്ചയദാര്‍ഢ്യവും കൊണ്ട്, തെൻറ വൈകല്യങ്ങളെ മറികടന്ന് ലോകത്തിനു മുന്നില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് ഏവര്‍ക്കും മാതൃകയായ പെണ്‍കരുത്താണ് അവർ.
ജന്മനാ വൈകല്യം ബാധിച്ചവളല്ല ഹെലൻ. 1880 ജൂൺ 27ന് അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ഗ്രാമത്തിൽ ആര്‍തർ എച്ച്. കെല്ലറുടെയും കെയ്റ്റ് ആഡംസിെൻറയും മകളായാണ് ഹെലൻ ജനിച്ചത്. 19 മാസം മാത്രം പ്രായമുള്ളപ്പോഴാണ് മസ്തിഷ്കജ്വരം ബാധിച്ച് കൊച്ചു ഹെലെൻറ കാഴ്ചയും കേൾവിയും നഷ്ടപ്പെടുന്നത്. കുട്ടി മരിച്ചുപോകുമെന്ന് വരെ ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഹെലന് അത് പുതിയൊരു ജീവിതമായിരുന്നു, ആ ജീവിതത്തിൽ ശബ്ദവും വെളിച്ചവും ഇല്ലായിരുന്നെങ്കിലും. തെൻറ ആറാം വയസ്സാകുേമ്പാൾ അറുപതിലധികം വാക്കുകൾ അവൾ പഠിച്ചുകഴിഞ്ഞിരുന്നു. വീട്ടിലെ പാചകക്കാരിയുടെ മകളായ മാര്‍ത്ത വാഷിങ്ടണുമായായിരുന്നു ആംഗ്യഭാഷയിലുള്ള ആശയവിനിമയ പരിശീലനം. ഇത് നല്ലരീതിയിൽതന്നെ വിജയിച്ചു. ഒപ്പമുള്ളവരുടെ ശരീര ചലനങ്ങളിൽനിന്നുണ്ടാകുന്ന കമ്പനങ്ങളിലൂടെ ആളുകളെ തിരിച്ചറിയാൻ അവൾ പഠിച്ചു. അതുതന്നെയായിരുന്നു ഹെലെൻറ പ്രത്യേകതകളിലൊന്ന്.
അലക്സാണ്ടർ ഗ്രഹാംബൽ -1903ല്‍ 21 വര്‍ഷത്തെ തെൻറ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ആത്മകഥ ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ പ്രസിദ്ധീകരിച്ചപ്പോൾ അവളത് സമർപ്പിച്ചത് ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാംബല്ലിനായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. ഹെലന് ആറു വയസ്സായപ്പോൾ ബാൾട്ട്മൂറിലെ ഡോ. ഷിസോമിെൻറ നിർദേശപ്രകാരം അവളുടെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബല്ലിനെ കണ്ടു. അവിടെനിന്നാണ് ഹെലെൻറ ജീവിതംതന്നെ മാറി മറിയുന്നത്. അദ്ദേഹം അവരെ ബോസ്റ്റണിലെ പാർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടർ മൈക്കൽ അനാഗ്നോസിെൻറ അടുത്തേക്കയച്ചു. അദ്ദേഹമാണ് ഹെലനെ പഠിപ്പിക്കാൻ അധ്യാപികയായി ആനി സള്ളിവനെ നിർദേശിക്കുന്നതും. ബധിരരായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബൽ. അദ്ദേഹത്തിെൻറ നിർദേശ പ്രകാരം ഒരു പാവയുമായി ആനി സള്ളിവന്‍ എന്ന ടീച്ചർ വീട്ടിലെത്തിയതോടെയാണ് ഹെലെൻറ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുന്നത്. ‘തെൻറ ജീവിതത്തിലേക്ക് വെളിച്ചമെത്തിച്ചയാൾ’ എന്നാണ് ഗ്രഹാംബല്ലിനെ ഹെലൻ വിശേഷിപ്പിച്ചത്.
താൻ ജനിച്ചത് ഏഴാം വയസ്സിലാണെന്ന് പറഞ്ഞത് ഹെലൻതന്നെയായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ആനി സള്ളിവൻ എന്ന സുഹൃത്ത്, അധ്യാപിക. ആനി സള്ളിവൻ വരുേമ്പാഴാണ് ഹെലൻ എന്ന താൻ യഥാർഥത്തിൽ ജനിച്ചതെന്ന് അവൾ പലവട്ടം പറഞ്ഞു. ചെറുപ്പകാലത്ത് താൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാണെന്ന് മനസ്സിലാക്കാൻ ഹെലന് കഴിഞ്ഞിരുന്നില്ല. ഒന്നും കേൾക്കാത്തതിനാൽ ഹെലൻ ഒന്നും പറയാനും പഠിച്ചില്ല. മറ്റുള്ളവരുടെ സാന്നിധ്യവും സാമീപ്യവുമെല്ലാം ഹെലൻ ആസ്വദിച്ചു. ചില സന്ദർഭങ്ങളിൽ, തനിക്ക് സാധിക്കാത്ത പലതും മറ്റുള്ളവർക്കുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ അസ്വസ്ഥയായി. ഉറക്കെ ശബ്ദങ്ങളുണ്ടാക്കാൻ ശ്രമിച്ചു, അതിനു സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു. എന്നാൽ തെൻറ ഏഴാം വയസ്സിൽ മറ്റൊരു ഹെലൻ ജനിക്കുകയായിരുന്നു, ആനി സള്ളിവെൻറ കൈപിടിച്ച്...
ഒരേയൊരാൾ, ആനി സള്ളിവൻ -ഹെലനൊപ്പം സഹയാത്രികയായി അവളെ ഓരോ പാഠങ്ങളും പഠിപ്പിച്ച് കൂടെയുണ്ടായിരുന്നു ആനി സള്ളിവൻ. ഹെലനേക്കാൾ 14 വയസ്സ് കൂടുതലുണ്ടായിരുന്നു ആനിക്ക്. ഹെലനെ പഠിപ്പിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. ഒരു ദിവസം രാവിലെ പാവയുമായി ഹെലെൻറ അടുത്തെത്തിയ ആനി, പാവ നൽകിയ ശേഷം അവളുടെ കൈയിൽ ‘doll’ എന്നെഴുതി. വിരലുകൾ കൊണ്ടുള്ള ആ കളിയിൽ താൽപര്യം തോന്നിയ ഹെലൻ അത് ആവർത്തിക്കാൻ ശ്രമിച്ചു. അങ്ങനെ ജീവിതത്തിലാദ്യമായി ഹെലൻ ഒരു വാക്കു പഠിച്ചു. 49 വർഷം നീണ്ടുനിന്ന ഗുരുശിഷ്യ ബന്ധത്തിെൻറ തുടക്കമായിരുന്നു അത്. പതിയെ പതിയെ ഹെലൻ കൂടുതൽ വാക്കുകളും പാഠങ്ങളും പഠിച്ചു. പ്രകൃതിയും മഴയും കാറ്റുമെല്ലാം ആസ്വദിച്ചു. അവളുടേതായ ഭാഷയിൽ ലോകത്തോട് സംസാരിച്ചു. 1888ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതിെൻറ ഡയറക്ടറായിരുന്ന മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ സൗഹൃദത്തിെൻറ തുടക്കം അവിടെ നിന്നായിരുന്നു. 1894ൽ ഇരുവരും ന്യൂയോർക്കിലെ ബധിരർക്കുള്ള ‘റൈറ്റ് ഹാമറൺ’ വിദ്യാലയത്തിലേക്ക് പോയി. ശേഷം ഇംഗ്ലീഷ് ഭാഷയിൽ അഗാധ പാണ്ഡിത്യം ഹെലൻ നേടിയെടുത്തു. 14ാം വയസ്സിൽ ഹെലൻ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു. ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും, പുസ്തകങ്ങൾ െബ്രയിലി ലിപിയാക്കിയും ചരിത്രം, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, ഇംഗ്ലീഷ്, ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി. 1900ത്തിൽ റാഡ്ക്ലിഫ് കോളജിലേക്കുള്ള പ്രവേശ പരീക്ഷയിൽ ഉന്നതവിയജം നേടി ബിരുദ പഠനം ആരംഭിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന ഹെലന് 24ാം വയസ്സിൽ ബിരുദം ലഭിച്ചു. ലോകത്തിൽതന്നെ ബിരുദം നേടുന്ന ആദ്യത്തെ അന്ധയും ബധിരയുമായി ചരിത്രം കുറിച്ചു ഹെലൻ.
മാർക് ട്വയിൻ -തെൻറ 14ാം വയസ്സില്‍ കേംബ്രിഡ്ജിലെ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ ചേരുകയും പിന്നീട് പ്രശസ്ത സാഹിത്യകാരനായ മാർക് ട്വയിനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ടെസ്റ്റ് ലിപ് റീഡിങ്, സ്പീച്ച്, ടൈപ്പിങ്, ഫിംഗര്‍ സ്‌പെല്ലിങ്, ബ്രെയില്‍ ലിപി എന്നിവ പരിശീലിക്കുകയും ഇതിലൂടെ ഗണിതവും ഇംഗ്ലീഷും ഫ്രഞ്ചും സസ്യശാസ്ത്രവും ജന്തുശാസ്ത്രവുമെല്ലാം സ്വായത്തമാക്കുകയും ചെയ്തു.
ലെറ്റ് ഇന്‍ മൈ ഡാർക്നെസ് -1927ല്‍ ആത്മീയ ആത്മകഥയായ ‘മൈ റിലീജിയന്‍’ പ്രസിദ്ധീകരിക്കുകയും പിന്നീടത് 1994ല്‍ ‘ലെറ്റ് ഇന്‍ മൈ ഡാർക്നെസ്’ എന്ന പേരില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. 1946-1957 കാലഘട്ടങ്ങളിലായി 35ലധികം രാജ്യങ്ങള്‍ ഹെലന്‍ സന്ദര്‍ശിക്കുകയും 1955ല്‍ ഇന്ത്യയിലെത്തുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ കാണുകയും ചെയ്തു. ഹെലെൻറ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്ക 1964ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി നല്‍കി ആദരിച്ചു. 1968 ജൂണ്‍ ഒന്നിന് 87ാം വയസ്സില്‍ തന്നിലെ പോരായായ്മകളെ പിന്നിലാക്കി കുതിച്ച ഹെലന്‍ ആദംസ് കെല്ലര്‍ ഓർമയായി.
റഡാറിെൻറ നിരീക്ഷണത്തിൽ -വെറും എഴുത്തുമാത്രമായിരുന്നില്ല ഹെലൻ. കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടുകൂടിയായിരുന്നു അവളുടെ പ്രവർത്തനങ്ങൾ. വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധാനം ചെയ്ത് പല രാഷ്ട്രങ്ങളും സന്ദർശിക്കാൻ ഹെലൻ കെല്ലർക്ക് അവസരം ലഭിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് താൽപര്യം തോന്നിയ ഹെലൻ 1909ൽ പാർട്ടിയിൽ ചേർന്നു. തൊഴിൽ സംഘടനകളെ പിന്തുണക്കുകയും അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 1915ൽ ജോർജ് ക്ലെസ്റ്ററുമൊത്ത് ഹെലൻ വികലാംഗക്ഷേമം ലക്ഷ്യമാക്കി അന്താരാഷ്ട്ര സംഘടന രൂപവത്കരിച്ചു. സ്ത്രീകൾക്കും ശാരീരിക അവശത നേരിടുന്നവർക്കും കറുത്ത വർഗക്കാർക്കും വേണ്ടിയായിരുന്നു സംഘടനയുടെ പ്രധാന പ്രവർത്തനം. ഹെലെൻറ മൂർച്ചയുള്ള രാഷ്ട്രീയ നിലപാടുകൾകൊണ്ടുതന്നെ അവർ മിക്ക സമയവും എഫ്.ബി.െഎയുടെ (ഫെഡറൽ ബ്യൂറോ ഒാഫ് ഇൻെവസ്റ്റിഗേഷൻ) നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.