സ്ത്രീകളോടുള്ള വിവേചനവും അവഗണനയും അപവാദപ്രചാരണവും അവജ്ഞയുമെല്ലാം ലോകത്തിൽ എല്ലായിടത്തുമുണ്ട്. രാജ്യങ്ങളുടെ വ്യത്യാസമനുസരിച്ച് സ്ത്രീകളോടുള്ള സമീപനത്തിലും ചില വ്യത്യാസങ്ങളുണ്ടാകും എന്നുമാത്രം. മതം, സാമുദായികം, രാഷ്ട്രീയം, ഭരണം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ എല്ലാ രംഗങ്ങളിലും പുരുഷാധിപത്യം പ്രകടമാണ്. എന്നാൽ, പുരുഷാധിപത്യത്തിനെതിരെ പോരാടി ഉന്നതങ്ങളിൽ എത്തിയ പ്രഗല്ഭ വനിതകൾ ലോകത്തിെൻറ നാനാഭാഗത്തുമുണ്ടായിരുന്നു. സ്ത്രീവിമോചനപ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ എല്ലാ മേഖലയിലും അതിെൻറ സ്വാധീനം വർധിച്ചു. എങ്കിലും ഈ ആധുനിക യുഗത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സ്വാതന്ത്ര്യംപോലും അനുവദിക്കാത്ത അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണ് സ്ത്രീസമൂഹം.
കുടുംബമെന്ന സ്ഥാപനം രൂപപ്പെട്ടതോടെയാണ് പ്രവൃത്തിമേഖല രണ്ടു വിഭാഗമായത്. വീടിനുപുറത്തുള്ള ജോലികൾ പുരുഷേൻറതും അകത്തെ ജോലികൾ സ്ത്രീയുടേതുമായി വിഭജിക്കപ്പെട്ടു. നിത്യജീവിതത്തിനുവേണ്ടിയുള്ള ജോലികൾ പുരുഷനും വീട്ടുജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ സ്ത്രീയും നടത്തിപ്പോരുക എന്ന വ്യവസ്ഥിതിയായിരുന്നു. എന്നാൽ, വീട്ടിനകത്ത് തളച്ചിടുകയും പുറംലോകത്തേക്ക് വികസിക്കാനുള്ള സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നതിനെതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനിൽപുകളാണ് ഫെമിനിസമെന്ന പ്രസ്ഥാനമായി വികസിച്ചത്.
1917ലാണ് സ്ത്രീവിമോചന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വനിത സംഘടന ഇന്ത്യയിലുണ്ടായത്. ഡോ. ആനി ബസൻറും മാഗരറ്റ് കസിൻസുമാണ് അതിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ വരുത്തേണ്ട രാഷ്ട്രീയ പരിഷ്കാരങ്ങളെ സംബന്ധിച്ച് ആവശ്യങ്ങളുന്നയിച്ച് 1919ൽ സ്ത്രീകളുടെ ഒരു പ്രതിനിധി സംഘത്തെ നയിച്ചത് ഇന്ത്യയുടെ വാനമ്പാടി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രശസ്ത കവയിത്രി സരോജിനി നായിഡുവാണ്. 1929ൽ അഖിലേന്ത്യ വനിത സമ്മേളനം നടത്തിയതും അതിനെ ഒരു പ്രസ്ഥാനമാക്കി വളർത്തിയതും വിമൻസ് ഇന്ത്യൻ അസോസിയേഷനാണ്. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് തുടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത് സ്ത്രീകളുടെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ പ്രശ്നത്തിലുമാണ്. എന്നാൽ, രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും സ്ത്രീശബ്ദം കേൾപ്പിക്കാനുള്ള ഒരു സംഘടനയായി ക്രമേണ അത് രൂപപ്പെട്ടുവന്നു.
മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചപ്പോഴാണ് വൻതോതിൽ സ്ത്രീകൾ പോരാട്ടരംഗത്തെത്തിയത്്. സ്ത്രീകൾ വീട്ടിനകത്ത് ചടഞ്ഞുകൂടാതെ സമരരംഗത്തിറങ്ങണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തത് മാനിച്ചായിരുന്നു അത്. അഹിംസയിലധിഷ്ഠിതമായ സത്യഗ്രഹസമരമായതിനാൽ സ്ത്രീകൾക്ക് ആ മാർഗം സ്വീകാര്യമായിരുന്നു. 1930 ഏപ്രിൽ ആറിന് ആരംഭിച്ച ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ക്വിറ്റ് ഇന്ത്യ സമരത്തിലുമെല്ലാം സ്ത്രീകൾ ധാരാളമായി പങ്കെടുത്തിരുന്നു.
1931ൽ കറാച്ചിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിലാണ് സ്ത്രീകൾക്കായുള്ള സേവാദൾ ആരംഭിച്ചത്. ഒരു വനിത സന്നദ്ധസേനയായി അതിനെ വളർത്തുകയായിരുന്നു ലക്ഷ്യം. സരോജിനി നായിഡു, ഡോ. ആനിബസൻറ്, കമലാദേവി ചതോപാധ്യായ, അവന്തികബായി ഗോഖലെ, ശ്രീമതി കംദാർ, ശാന്താബായി വെംഗസകർ, ദുർഗാബായി, കിസൻ ധൂമത്കർ, രാമേശ്വരമ്മ, വിദ്യാകില്ലെവാല, സ്വരൂപറാണി, കമല നെഹ്റു, അരുണ ആസഫലി, സുചേത കൃപലാനി, രാജകുമാരി അമൃത്കൗർ, ദുർഗാബായ് ദേശ്മുഖ്, ഡോ. മുത്തുലക്ഷ്മി റെഡ്ഡി, കമലാബായി ലക്ഷ്മൺറാവു, ഹൻസ മേത്ത, രുഗ്മിണി ലക്ഷ്മിപതി, വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്, എ.വി. കുട്ടിമാളുവമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അവിസ്മരണീയമാണ്. എന്നാൽ, അന്ന് 12 വയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ 6000 കുട്ടികളെ സംഘടിപ്പിച്ച് രൂപംനൽകിയ വാനരസേന എടുത്തുപറയേണ്ട ഒന്നാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ ആയിരക്കണക്കിന് സ്ത്രീകൾ ജയിൽവാസമനുഷ്ഠിക്കുകയുണ്ടായി. 1930ൽ വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളിൽ 17,000ത്തോളം തടവുകാർ സ്ത്രീകളായിരുന്നു!
ഭരണരംഗത്തെ വനിതകളിൽ പ്രമുഖവും പ്രഥമവുമായ സ്ഥാനം 16 വർഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്ക് സ്വന്തം. അനസൂയ, ബായി കാലെ, സിഫായി മലാനി, രുഗ്മിണി ലക്ഷ്മിപതി, ജ്യോതി വെങ്കിടചെല്ലം, വിജയലക്ഷ്മി പണ്ഡിറ്റ്, രേണുക റേ, രാധാബായി സുബ്ബരായൻ, അമ്മു സ്വാമിനാഥൻ, വയലറ്റ് ആൽവ, ഡോ. സീത പരമാനന്ദ്, രേണു ചക്രവർത്തി, ജയശ്രീരായ്ജി, ഉമ നെഹ്റു, ഇന്ദിര മായാദേവ്, താരകേശ്വരി സിൻഹ, സാവിത്രി നിഗം, ചന്ദ്രാവതി ലഖാൻപാൽ, ലീലാവതി മുൻഷി, ആനി മസ്ക്രീൻ, ലക്ഷ്മി മേനോൻ, നഫീസത്തുബീവി, പ്രതിഭ പാട്ടീൽ, ഭാരതി ഉദയഭാനു, മീരാകുമാർ, കെ.ആർ. ഗൗരി, ജയലളിത, മായാവതി, മമത ബാനർജി മുതലായവർ ഇന്ത്യയുടെ പ്രസിഡൻറ് പദവിയിലും കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ചവരാണ്. ഉന്നതപദവികൾ അലങ്കരിച്ച വനിതകളുടെ പേരുകൾ ഇവിടെ അവസാനിക്കുന്നില്ല.
ആഗോളതലത്തിൽ വനിതകൾക്ക് പുരുഷന്മാർക്കൊപ്പം അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ ഓരോ രാജ്യത്തെയും ഭരണകൂടത്തെ േപ്രരിപ്പിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സാമ്പത്തിക സാമൂഹിക സമിതി 1946ലാണ് വനിതകളുടെ പദവി ഉയർത്തൽ കമീഷന് രൂപംനൽകിയത്. 1967 നവംബർ ഏഴിന് ഐക്യരാഷ്ട്ര സംഘടന ഐകകണ്ഠ്യേന യു.എൻ സ്ത്രീവിവേചന ഉന്മൂലനപ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അവരുടെ പദവി ഉയർത്താൻ പ്രത്യേകമായ ഒരു നിയമം 1979 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 1981 സെപ്റ്റംബർ മൂന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു.
സാമ്പത്തികം, സാംസ്കാരികം, സാമൂഹികം, രാഷ്ട്രീയം, ഭരണാധികാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സ്ത്രീ–പുരുഷ തുല്യതയുടെ അടിസ്ഥാനത്തിൽ വനിതകൾ അംഗീകരിക്കപ്പെടാതിരിക്കുകയോ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും അനുഭവിക്കുകയോ ചെയ്യുന്നതിൽനിന്ന് ലിംഗഭേദം മൂലം നഷ്ടമോ കോട്ടമോ ഉളവാക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകൾക്കെതിരായ വിവേചനം എന്ന് നിർവചിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധമായ സർവവിധ വിവേചനങ്ങളും അവസാനിപ്പിക്കുക, വനിതകൾക്ക് മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കുക, പൊതുതെരഞ്ഞെടുപ്പുകൾ, ഹിതപരിശോധനകൾ, നയരൂപവത്കരണം എന്നിവയിൽ പങ്കെടുക്കാനും ഭരണതലങ്ങളിൽ ഔദ്യോഗികസ്ഥാനം വഹിക്കാനും പൊതുജീവിതവുമായി ബന്ധമുള്ള എല്ലാ കർമമേഖലകളിലും പങ്കാളിത്തമനുഭവിക്കാനും സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുക, സ്ത്രീകളുടെ തൊഴിലവകാശം സംരക്ഷിക്കുക, വിവാഹം, കുടുംബബന്ധങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വിവേചനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച സ്ത്രീവിവേചന ഉന്മൂലന ഉടമ്പടിയാണ് വിവിധ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ 1981 സെപ്റ്റംബർ മൂന്നിന് നിലവിൽവന്ന നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.