ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ഇഷ്ടമില്ലാത്തതായി ആരുമുണ്ടാവില്ല. എന്നാൽ ലോകത്ത് ഏറ്റവും ഉയരം താണ്ടുന്നവരാണ് പർവതാരോഹകർ. അതിൽ ഏതൊരു പർവതാരോഹകന്റെയും സ്വപ്നമാകട്ടേ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റും. എവറസ്റ്റ് കൊടുമുടി എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗയും കീഴടക്കിയതിന്റെ സ്മരണാർഥം മേയ് 29 അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുന്നു. കൂടുതൽ പർവത വിശേഷങ്ങളറിയാം.
ചൈന, നേപ്പാൾ അതിർത്തികളിലായി ഹിമാലയൻ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് എവറസ്റ്റ്. സമുദ്രനിരപ്പിൽ നിന്ന് 8,848.86 മീറ്ററാണ് ഇതിന്റെ ഉയരം. 1856 ലാണ് എവറസ്റ്റിന്റെ ഉയരം ഔദ്യോഗികമായി കണക്കാക്കുന്നത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള എവറസ്റ്റിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് ഒരു നൂറ്റാണ്ടാകുന്നതേയുള്ളൂ. 1953 മേയ് 29 പകൽ 11.30നായിരുന്നു ആ ചരിത്ര സംഭവം. ചരിത്രത്തിലാദ്യമായി മനുഷ്യൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി. ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാളുകാരനായ ടെൻസിങ് നോർഗയുമാണ് ചരിത്രത്തിന്റെ ഭാഗമായവർ. 1953 ഏപ്രിൽ 13നാണ് കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിൽ ഈ സംഘത്തിന്റെ എവറസ്റ്റ് ദൗത്യം ആരംഭിച്ചത്. എന്നാൽ ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങളെല്ലാം പാതിവഴിയിൽ ദൗത്യത്തിൽ നിന്നും പിന്മാറിയെങ്കിലും ടെൻസിങ്ങും ഹിലരിയും നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ട് നീങ്ങുകയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ സർവേയർ ജനറലായിരുന്ന കേണൽ ആൻഡ്രൂ വാഗ് തന്റെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേര് ശിപാർശ ചെയ്തതിനെ തുടർന്ന് 1865 ൽ റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റി കൊടുമുടിക്ക് എവറസ്റ്റ് എന്ന പേര് നൽകുകയായിരുന്നു. എവറസ്റ്റ് കൊടുമുടി പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. നേപ്പാളുകാർ എവറസ്റ്റിനെ സാഗർമാതാ എന്നാണ് വിളിക്കുന്നത്. ചൈനയിൽ ചുമ് ലാങ്മ ഫെങ്,തിബത്തിൽ ചോമ ലുങ്മ, സംസ്കൃതത്തിൽ ദേവഗിരി എന്നും എവറസ്റ്റിനെ വിളിക്കും.
എളുപ്പമല്ല കയറ്റം
നേപ്പാൾ, തിബത്ത് എന്നിവ വഴിയാണ് എവറസ്റ്റിലേക്കുള്ള പാതകൾ. ആദ്യകാലങ്ങളിൽ തിബത്തിലൂടെയായിരുന്നു പർവതാരോഹകർ എവറസ്റ്റ് പര്യവേക്ഷണങ്ങൾ നടത്തിയത്. എന്നാൽ ടെൻസിങ്ങും ഹിലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് നേപ്പാൾ പാതയിലൂടെ ആയിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഓരോ പർവതാരോഹകനും എവറസ്റ്റ് കീഴടക്കാൻ ഇറങ്ങുന്നത്. തണുപ്പുകാലത്തിനും മഴക്കാലത്തിനും ഇടയിൽ മാർച്ച്- മേയ് മാസങ്ങളിലാണ് എവറസ്റ്റ് കയറുന്നതിന് അനുയോജ്യമായ സമയം. എങ്കിലും നിരവധി മരണക്കെണികൾ മറികടന്നുവേണം എവറസ്റ്റിന്റെ ഉയരത്തിലെത്താൻ. ഹിമപാതമാണ് ഇവിടെ പർവതാരോഹകർ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി.
ഉയരത്തിലേക്ക് പോകുന്തോറും ഓക്സിജന്റെ അളവ് കുറയുന്നതിനാൽ ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ന്യുമോണിയ, ഹൃദയാഘാതം, മസ്തിഷ്കത്തിൽ നീർവീക്കം, അതികഠിനമായ തലവേദന,ഛർദി എന്നിവയും പർവതാരോഹകർക്ക് നേരിടേണ്ടി വന്നേക്കാം.
നേപ്പാളിലെ കുന്നിൻ ചരിവുകളിൽ താമസിക്കുന്ന ജനവിഭാഗമാണ് ഷേർപകൾ. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം. എവറസ്റ്റിലേക്ക് പോകുന്ന പർവതാരോഹകർക്ക് ഷേർപകളാണ് വഴികാട്ടികൾ. ഷേർപകളുടെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കുക എന്ന ദൗത്യം അത്ര എളുപ്പമല്ല. ബുദ്ധമത അനുയായികളായ ഷേർപകൾക്ക് എവറസ്റ്റ് സാഗർമാതയാണ്. ആദ്യമായി എവറസ്റ്റിന്റെ നെറുകയിലെത്തിയ രണ്ടുപേരിലൊരാളായ ടെൻസിങ് നോർഗെ ഷേർപയാണ്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ജാംലിങ് ടെൻസിങ് നോർഗെയും എവറസ്റ്റിലെത്തി. പസാങ് ലാമു ഷേർപയാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ നേപ്പാളി വനിത. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയെന്ന റെക്കോഡ് സ്വന്തമാക്കിയതും ഒരു ഷേർപ തന്നെ. കാമി റിത ഷേർപയാണ് 26 തവണ എവറസ്റ്റിന്റെ മുകളിലെത്തിയത്.
ശുദ്ധജലത്തിന്റെ സ്രോതസ്സുകളാണ് മഞ്ഞു വീഴ്ചയുള്ള പർവതങ്ങൾ. പർവതങ്ങളിലെ ഹിമാനികളും തടാകങ്ങളും ഭൂമിയിലെ ശുദ്ധജല സംഭരണികളാണ്. നിരവധി നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണ് പർവതങ്ങൾ. പർവതപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണികളാണ്. എന്നാൽ വർധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനം പർവതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുന്നത് ഹിമാനികളുടെ വലുപ്പത്തെയും രൂപത്തിലും മാറ്റം വരുത്തുകയും ജലത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം എവറസ്റ്റിനെയും സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെയും എവറസ്റ്റ് കയറാനെത്തുന്നവരുടെയും എണ്ണം വർധിച്ചതോടെ മാലിന്യക്കൂമ്പാരവും എവറസ്റ്റ് നേരിടുന്ന പ്രധാന പ്രശ്നമാണ്. ഒരേ വർഷവും ടൺ കണക്കിന് പാഴ് വസ്തുക്കളാണ് എവറസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നത്. 2009ൽ നേപ്പാളിന്റെ മന്ത്രി സഭായോഗം എവറസ്റ്റിൽ നടത്തിയിരുന്നു. ഹിമാലയ പർവതനിരകളിൽ ആഗോള താപനം ഉണ്ടാക്കുന്ന മാറ്റങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായിരുന്നു മന്ത്രിസഭ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.