പണ്ടുകാലത്ത്, അത്യന്തം മിനുസമായ ഗോളമാണ് ചന്ദ്രൻ എന്ന ധാരണയായിരുന്നു എല്ലാവർക്കും. എന്നാൽ, ഗലീലിയോ ഗലീലി അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചന്ദ്രൻ കുന്നുകളും കുഴികളും നിറഞ്ഞ ഒരു പ്രദേശമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനുശേഷം പതിനേഴാം നൂറ്റാണ്ടിൽ തയാറാക്കിയ ചന്ദ്രന്റെ ഭൂപടത്തിൽ ചന്ദ്രനിലെ ഗർത്തങ്ങൾക്കും പർവതങ്ങൾക്കും പ്രത്യേകം പേര് നൽകി. ചന്ദ്രന്റെ ഭൂപടത്തിലെ ഇരുണ്ട ഭാഗങ്ങൾക്ക് മരിയ (കടലുകൾ) എന്നും പ്രകാശമാനമായവയെ ടെറ (ഭൂഖണ്ഡങ്ങൾ) എന്നുമായിരുന്നു പേരിട്ടത്.
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അൽപംകൂടി വലുതാണ്. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പംകൊണ്ടും ഭാരംകൊണ്ടും അഞ്ചാംസ്ഥാനമാണ് ചന്ദ്രനുള്ളത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഭൗതിക സ്വാധീനങ്ങളിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും. ഭൂമിയിൽ അനുഭവപ്പെടുന്ന വേലിയേറ്റങ്ങളിൽ ഭൂരിഭാഗവും ചന്ദ്രന്റെ ഗുരുത്വാകർഷണംകൊണ്ടാണ് ഉണ്ടാകുന്നത്.
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൗർണമി ദിനത്തിലും സൂര്യഗ്രഹണം അമാവാസി ദിനത്തിലും മാത്രമേ സംഭവിക്കൂ. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണ് സൂര്യഗ്രഹണം.
1969 ജൂലൈ 20നാണ് (ഇന്ത്യൻ സമയം ജൂലൈ 21) നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സർണാൻ വരെ 12 മനുഷ്യർ ചന്ദ്രലോകത്ത് നടന്നു.
ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ഗോളം ചന്ദ്രനാണ്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആചരിക്കുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു ചാന്ദ്രയാൻ-1. ചാന്ദ്രയാൻ എന്ന വാക്കിന് ചന്ദ്ര വാഹനം എന്നാണ് അർഥം. 2008 ഒക്ടോബർ 22ന് ആന്ധ്രപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചാന്ദ്രയാൻ-1 വിക്ഷേപിച്ചത്. നവംബർ എട്ടിന് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. നവംബർ 14ന് ചാന്ദ്രയാനിൽനിന്ന് മൂൺ ഇംപാക്ട് പ്രോബ് എന്ന ഉപകരണം വേർപെട്ട് ചന്ദ്രോപരിതലത്തിലെത്തി. ഈ ഉപകരണമാണ് ചന്ദ്രനിലെ ജലതന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രോപരിതലത്തിൽ എത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചാന്ദ്രപര്യവേക്ഷണത്തിന്റെ രണ്ടാംഘട്ടമായ ചാന്ദ്രയാൻ-2 2019 ജൂലൈ 22ന് വിജയകരമായി വിക്ഷേപിച്ചു. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ സെപ്റ്റംബർ ഏഴിന് പുലർച്ച ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽവെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചാന്ദ്രയാൻ-2 പ്രധാന ഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ ദൗത്യമാണ് അപ്പോളോ-11. 1969 ജൂലൈ 16ന് വിക്ഷേപിക്കപ്പെട്ട ഈ ചാന്ദ്ര ദൗത്യത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രക്കാർ. ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. 'പ്രശാന്തിയുടെ സമുദ്രം' എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂർ 31 മിനിറ്റ് അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം വെച്ചുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.