ഫെബ്രുവരി
2 ലോക തണ്ണീർത്തടദിനം
12 ഡാർവിൻ ദിനം
13 ലോക റേഡിയോദിനം
21 അന്താരാഷ്ട്ര മാതൃഭാഷാദിനം
28 ദേശീയ ശാസ്ത്രദിനം
പ്രകൃത്യാലുള്ളതോ, മനുഷ്യ നിർമിതമോ ആയ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉൾക്കൊള്ളുന്ന ജലനിർഭരമായ ആവാസ വ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ. തടാകങ്ങൾ, നദികൾ, അരുവികൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, ചതുപ്പ്പ്രദേശങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം തണ്ണീർത്തടങ്ങളിൽ ഉൾപ്പെടും. ജൈവ സമ്പത്തിന്റെ കലവറകളായ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നു വിളിക്കുന്നു.
പക്ഷി മത്സ്യ മൃഗാദികളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയാണ് തണ്ണീർത്തടങ്ങൾ. വെള്ളപ്പൊക്ക നിയന്ത്രണം, ഭക്ഷ്യ ഉൽപാദനം, കൊടുങ്കാറ്റിൽ നിന്ന് സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജലശുദ്ധീകരണം തുടങ്ങിയ നിരവധി ധർമങ്ങൾ നിർവഹിക്കുന്ന പ്രകൃതി പാരിസ്ഥിതിക വ്യവസ്ഥയാണ് ഇവ. ജൈവവൈവിധ്യത്തെ നിലനിർത്താനും അതുല്യമായ പ്രകൃതിസമ്പത്ത് പ്രദാനം ചെയ്യാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കും.
റാംസർ കൺവെൻഷൻ -തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യംവെച്ച് 1971 ഫെബ്രുവരി രണ്ടിന് അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയാണ് റാംസർ. ഇറാനിലെ റാംസറിൽ നടന്ന ഉച്ചകോടിയായതിനാൽ ആ നഗരത്തിന്റെ പേരിലാണ് ഉടമ്പടി അറിയപ്പെടുന്നത്. പരിസ്ഥിതിസമ്പത്ത് സംരക്ഷിച്ച് ലോക രാജ്യങ്ങളിൽ സുസ്ഥിര വികസനം കൊണ്ടുവരുന്നതിനും റാംസർ കൺവെൻഷൻ ഊന്നൽ നൽകി. ഈ ഉടമ്പടിയിലൂടെ 4,76,000 ഏക്കറിലധികം തണ്ണീർത്തടങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക, അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെ പട്ടികപ്പെടുത്തുക, തണ്ണീർത്തട സംരക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുക തുടങ്ങിയ അടിസ്ഥാന ധർമങ്ങളാണ് റാംസർ കൺവെൻഷനുള്ളത്. റാംസർ കൺവെൻഷന്റെ കീഴിൽ ഇന്ത്യയിൽ 6,77,131 ഹെക്ടർ വിസ്തീർണമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള 47 തണ്ണീർത്തടങ്ങൾ പട്ടികപ്പെടുത്തിയിരുന്നു. കേരളത്തിൽ കായൽപ്രദേശങ്ങളായ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയുൾപ്പെടുന്ന മൂന്ന് റാംസർ സൈറ്റുകളാണുള്ളത്.
പ്രധാന തണ്ണീർത്തടങ്ങൾ -നദിതീര തണ്ണീർത്തടം: നദികൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങൾ
സമുദ്ര തണ്ണീർത്തടങ്ങൾ: സമുദ്രതീരത്ത് കാണപ്പെടുന്ന ഉപ്പുവെള്ളമുള്ള തണ്ണീർത്തടങ്ങളാണിവ. സമുദ്ര ഇടത്തട്ടുകൾ, കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന തീരപ്രദേശ ഉപ്പ് ലഗൂണുകൾ, പവിഴപുറ്റുകൾ
ചതുപ്പ് തണ്ണീർത്തടങ്ങൾ: ഇടതൂർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ ചളിപ്രദേശങ്ങൾ
തടാകതണ്ണീർത്തടങ്ങൾ: ശുദ്ധജല തടാകം, പ്രകൃതിദത്ത തടാകങ്ങളിലൂടെയും രൂപം കൊള്ളുന്നവ
നീരുറവകൾ: ഭൂഗർഭജലത്തിന്റെ ഉപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന തണ്ണീർത്തടങ്ങൾ, ഉപ്പുവെള്ള ചതുപ്പുകൾ, അഴിമുഖങ്ങൾ, കായലുകൾ കണ്ടൽ പ്രദേശങ്ങൾ തുടങ്ങിയവ
കൃതിമമായി നിർമിക്കപ്പെടുന്നവ: ഒരു നിശ്ചിത അളവിൽ ജലം സംഭരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ മനുഷ്യ നിർമിതമായ തണ്ണീർത്തടങ്ങളാണ് ഇത്. ഉദാഹരണം റിസർവോയറുകൾ, ഡാമുകൾ
ക്ഷയിച്ചുക്ഷയിച്ച് -കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ തണ്ണീർത്തടങ്ങളുടെ 30 ശതമാനവും നഷ്ടപ്പെട്ടതായാണ് വെറ്റ്‌ലാന്റ്സ് ഇന്റർനാഷനൽ സൗത്ത് ഏഷ്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവത്കരണം, വ്യവസായ ൈകയേറ്റങ്ങൾ, വയൽ നികത്തൽ, അശാസ്ത്രീയ മത്സ്യ കൃഷി തുടങ്ങിയവ ഇതിന് കാരണമാകുന്നു. തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നത് കാലാവസ്ഥാ വ്യതിയാനം, ജല-ഭക്ഷ്യ മേഖലകളിൽ പ്രതിസന്ധി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രത്യാഘാതങ്ങളെയും ക്ഷണിച്ചുവരുത്തുന്നു.
ലോക തണ്ണീർത്തട ദിനം -തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി രണ്ടിന് ലോക തണ്ണീർത്തട ദിനം ആചരിക്കുന്നു. 1971ൽ ഇറാനിലെ റാംസറിൽ തണ്ണീർത്തടങ്ങൾ സംബന്ധിച്ച ഉടമ്പടി അംഗീകരിച്ച തീയതിയുടെ സ്മരണാർഥമാണ് ഈ ദിനം ആചരിക്കുന്നത്.
ഏറ്റവും ഭീമൻ പാൻറനാൽ -ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടം. ചതുപ്പുനിലമായ ബ്രസീലിലെ പാന്റനാൽ പ്രദേശത്തുകൂടി ഒട്ടേറെ നദികൾ ഒഴുകുന്നുണ്ട്. ചതുപ്പ് എന്ന അർഥം വരുന്ന പാന്റു, പാന്റനാൽ എന്ന പോർച്ചുഗീസ് വാക്കിൽനിന്നാണ് ഉണ്ടായത്. മഴക്കാലത്ത് 80 ശതമാനത്തോളവും ഇൗ പ്രദേശം മുങ്ങും.
കൃഷിക്കും കാലിവളർത്തലിനും ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഹയസിന്ത് തത്തകളുടെ ജന്മസ്ഥലമാണിവിടം. കൂടാതെ, വിവിധതരം സസ്യങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു. ലക്ഷക്കണക്കിന് ചീങ്കണ്ണികൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കുകൾ.
കേരളത്തിലെ റാംസർ പ്രദേശങ്ങൾ -വേമ്പനാട് കായൽ: തീരദേശ തണ്ണീർത്തടമാണ് വേമ്പനാട്ട് കായൽ. കേരളത്തിലെ ഏറ്റവും വലിയ തീരദേശ നീർത്തടം കൂടിയാണ് ഇവിടം. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്നു. കൊച്ചി തുറമുഖത്തുവെച്ച് വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയവയാണ് വേമ്പനാട്ട് കായലിലെ ദ്വീപുകൾ.
അഷ്ടമുടിക്കായൽ: വലുപ്പത്തിൽ രണ്ടാമതും എന്നാൽ, ആഴത്തിൽ ഒന്നാമനുമാണ് അഷ്ടമുടിക്കായൽ. കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു. തീരദേശ തണ്ണീർത്തടമായ അഷ്ടമുടിക്കായലിലാണ് പ്രസിദ്ധമായ മൺറോ തുരുത്ത്.
ശാസ്താംകോട്ട കായൽ -കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണ് ശാസ്താംകോട്ട കായൽ. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്നു. മണൽ ഖനനം, പ്രദേശത്തെ കുന്നിടിക്കൽ തുടങ്ങിയവ വഴി നിരവധി ഭീഷണികൾ നേരിടുന്നുണ്ട്.
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിന്റെ ജന്മദിനമാണ് ഫെബ്രുവരി 12. ഇത് ഡാർവിൻ ദിനമായി ആചരിക്കുന്നു. ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ടാണ് ഈ ദിനം ശാസ്ത്രത്തെയും മാനവികതയെയും സ്നേഹിക്കുന്നവരുടെ ദിനമായി ആചരിക്കുന്നത്. ഇന്റർനാഷനൽ ഡാർവിൻ ഡേ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ദിനാചരണം. ഡോക്ടർമാരുടെ കുടുംബത്തിലാണ് ഡാർവിന്റെ ജനനം. അച്ഛൻ പ്രശസ്തനായ ഡോക്ടർ റോബർട്ട് ഡാർവിൻ. മുത്തച്ഛൻ ഇറാസ് മസ്ഡാർവിൻ ഡോക്ടർ എന്ന നിലയിൽ മാത്രമല്ല പ്രമുഖ ഗ്രന്ഥകാരനുമായിരുന്നു. ചാൾസിനെയും ഒരു ഡോക്ടറാക്കണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. കുട്ടിക്കാലം മുതൽ ജന്തുക്കളെയും ഷഡ്പദങ്ങളെയും നിരീക്ഷിക്കുകയും അവയെക്കുറിച്ച് വായിക്കുകയും ചെയ്തിരുന്നു ചാൾസ് ഡാർവിൻ. പിന്നീട് സസ്യങ്ങളെയും പ്രാണികളെയും ജീവികളുടെ ഫോസിലുകളെയും കണ്ടെത്തി ഗവേഷണ പഠനങ്ങൾ നടത്തിപ്പോന്നു. ഈ നിരീക്ഷണങ്ങൾ പിന്നീട് ഗവേഷണ പ്രബന്ധങ്ങളായി.
ജൈവികമാറ്റത്തിനുള്ള സിദ്ധാന്തം, പരിണാമ സിദ്ധാന്തം തുടങ്ങിയ ഡാർവിന്റെ വീക്ഷണങ്ങൾ ഡാർവിനിസം എന്ന പേരിൽ അറിയപ്പെട്ടു. ജൈവിക വ്യതയാനം, പാരമ്പര്യം, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ജീവികളിലുണ്ടാകുന്ന പരിണാമങ്ങളെയാണ് ഡാർവിൻ പുതിയ സിദ്ധാന്തത്തിലൂടെ അവതരിപ്പിച്ചത്.
റേഡിയോ കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് ആദ്യം നൽകുന്ന ഉത്തരം ഗൂൽയെൽമോ മാർക്കോണി എന്നായിരിക്കും. എന്നാൽ, കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ കോലാഹലമുണ്ടാക്കിയ ‘റേഡിയോ’യുടെ പിറവിയിൽ നിക്കോള ടെസ്‍ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരും കാണാം. റേഡിയോ കണ്ടുപിടിത്തത്തിന്റെ പ്രധാന പേറ്റന്റ് നിക്കോള ടെസ്‍ലയുടെ പേരിലാണ്. 1895ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയക്കാനുള്ള ടെസ്‍ലയുടെ പദ്ധതി ഒരു തീപിടിത്തത്തെ തുടർന്ന് മുടങ്ങി. തൊട്ടടുത്ത വർഷം ആറു കിലോമീറ്റർ ദൂരേക്ക് സന്ദേശം അയക്കാൻ മാർക്കോണിക്ക് കഴിയുകയും ഇംഗ്ലണ്ട് മാർക്കോണിക്ക് പേറ്റൻറ് നൽകുകയും ചെയ്തു.
എന്നാൽ, ടെസ്‍ലയുടെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണിതെന്നാരോപിച്ച് അമേരിക്ക മാർക്കോണിക്ക് പേറ്റൻറ് നിഷേധിച്ചു. മൂന്നുവർഷത്തിനുശേഷം നിരന്തര പരിശ്രമങ്ങളെ തുടർന്ന് ഈ പേറ്റൻറ് മാർക്കോണി നേടിയെടുത്തു. 1909ൽ റേഡിയോയുടെ കണ്ടുപിടിത്തത്തിന് അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനായി. ടെസ്‍ല അതിനെതിരെ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോയിനെ തുടർന്ന് അമേരിക്കൻ സുപ്രീംകോടതി 1943ൽ ടെസ്‍ലയെ റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ, ഇപ്പോഴും റേഡിയോയുടെ പിതാവായി അംഗീകരിക്കുന്നത് മാർക്കോണിയെയാണ്.
റേഡിയോ ഇന്ത്യയിൽ -1923ലാണ് ഇന്ത്യയിൽ റേഡിയോ എത്തുന്നത്. റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ഈ കൂട്ടായ്മ 1927 ജൂലൈ 23ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയായി മാറി. 1930ൽ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ദേശസാത്കരിക്കുകയും ഓൾ ഇന്ത്യ റേഡിയോ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
1935ൽ ബ്രിട്ടീഷ് േബ്രാഡ്കാസ്റ്റിങ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചുവന്ന ലയണൽ ഫീൽഡെൻ ഇന്ത്യയിലെ പ്രക്ഷേപണ വിഭാഗത്തിന്റെ കൺ േട്രാളറായി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ പ്രക്ഷേപണ സൗകര്യങ്ങളുടെ വികാസം വളരെവേഗം സാധിക്കുന്നതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രക്ഷേപണ യന്ത്രങ്ങൾ സംഘടിപ്പിക്കുന്നതിന് അദ്ദേഹം തയാറായി. ബി.ബി.സിയിൽ ഗവേഷക എൻജിനീയറായിരുന്ന എച്ച്.എൽ. കിർകിെൻറ സഹായത്തോടെ രാജ്യത്തുടനീളം സർവേ നടത്തി പ്രക്ഷേപണ വികസനത്തിനുള്ള റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചു. അതോടെ, ഇന്ത്യൻ സ്റ്റേറ്റ് േബ്രാഡ്കാസ്റ്റിങ് സർവിസ് ഓൾ ഇന്ത്യ റേഡിയോ ആയിത്തീർന്നു.
റേഡിയോ ദിനം -എല്ലാ വർഷവും ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദര സൂചകമായാണിത്.
അന്താരാഷ്ട്ര പ്രേക്ഷപണങ്ങൾ -1939ലാണ് വിദേശ േശ്രാതാക്കളെ ഉദ്ദേശിച്ചുള്ള പ്രക്ഷേപണ പരിപാടികൾ ആകാശവാണി ആദ്യമായി ഏറ്റെടുത്തത്. ഈ പ്രക്ഷേപണ പരിപാടികൾ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ കാലികപ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാടും വീക്ഷണവും വിദേശത്തുള്ള ശ്രോതാക്കൾക്ക് വ്യക്തമാക്കിക്കൊടുക്കാനും വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യക്കുള്ളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റിയും വികസന പരിപാടികളെപ്പറ്റിയും അറിവുണ്ടാക്കാനും വേണ്ടിയാണ്.
വിവിധ്ഭാരതി -1957 ഒക്ടോബർ മൂന്നിന് പ്രക്ഷേപണം ആരംഭിച്ചു. ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടോടി കലാരൂപങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങിയവ അഖിലേന്ത്യാ വ്യാപകമായി പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയാണ് വിവിധ്ഭാരതി.
കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ -പ്രത്യേക ജനവിഭാഗങ്ങൾക്കോ ചെറു ഭൂപ്രദേശത്തോ മാത്രം ലഭ്യമാകുന്നതുമായ ചെറു പ്രക്ഷേപണനിലയങ്ങളാണിവ. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സംഘടനകളും ഇത്തരം നിലയങ്ങൾ സ്ഥാപിക്കാറുണ്ട്.
ഹാം റേഡിയോ -കേൾക്കാനും സംസാരിക്കാനും കഴിയുന്ന റേഡിയോയാണ് ഹാം റേഡിയോ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന റേഡിയോ സന്ദേശ വിനിമയത്തെയാണ് ഹാം റേഡിയോ എന്നുപറയുന്നത്. ഹാം റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരെ ഹാം എന്നുപറയും. ഭൂകമ്പം േപാലുള്ള ദുരന്തങ്ങളിൽ ആശയവിനിമയത്തിനായി ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
ആകാശവാണിയും ടാഗോറും -ഇന്ത്യ ഗവൺമെൻറിന്റെ പ്രക്ഷേപണ വകുപ്പിന് നൽകിയ പേരാണ് ആകാശവാണി. ആകാശത്തുനിന്നുള്ള ശബ്ദം എന്ന അർഥത്തിലാണ് റേഡിയോ പ്രക്ഷേപണത്തിന് ഈ പേര് നൽകിയത്. മഹാകവി രവീന്ദ്രനാഥ ടാഗോറാണ് ഈ പേര് നിർദേശിച്ചത്. ആകാശവാണി എന്ന പേര് മൈസൂർ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പാണ് ആദ്യം ഉപയോഗിച്ചത്. ഓൾ ഇന്ത്യ റേഡിയോ എന്നതോടൊപ്പം ‘ആകാശവാണി’യും ഒരു സമാന്തര നാമമായി സ്വീകരിക്കപ്പെട്ടു. നിലവിൽ ആകാശവാണിക്ക് ഇന്ത്യയിലുടനീളം 470 പ്രക്ഷേപണ നിലയങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കൊച്ചി, ദേവികുളം, മഞ്ചേരി എന്നിവിടങ്ങളിൽ ആകാശവാണിക്ക് നിലയങ്ങളുണ്ട്.
ആകാശവാണി വാർത്താവിഭാഗത്തിന്റെ വെബ്സൈറ്റാണ് ന്യൂസ് ഓൺ എയർ. എല്ലാ ഭാഷകളിലെയും വാർത്തകളുടെ ആർക്കൈവ്സ് ഈ വെബ്സൈറ്റിലുണ്ടാവും. മൂന്നോ നാലോ വർഷം മുമ്പ് വരെയുള്ള വാർത്തകൾ ഇതിൽനിന്ന് തെരഞ്ഞെടുത്ത് കേൾക്കാം.
റേഡിയോ കേൾക്കാൻ ലൈസൻസ് -റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് എടുക്കേണ്ട ഒരുകാലം ഇന്ത്യയിലുണ്ടായിരുന്നു. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമ പ്രകാരം ഓൾ ഇന്ത്യ റേഡിയോയിൽനിന്നായിരുന്നു 1960കളിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. ബാങ്ക് പാസ്ബുക്കിന്റെ രൂപത്തിലായിരുന്നു ഇവ. അതിൽ റേഡിയോ ഉടമയുടെയും റേഡിയോ സൈറ്റിന്റെയും വിവരങ്ങളുണ്ടാകും. ഒരു റേഡിയോക്കുവേണ്ടി ലൈസൻസ് എടുത്താൽ ഉടമക്കും കുടുംബത്തിനും മാത്രമേ ഉപയോഗിക്കാനാവൂ.
റേഡിയോ കിയോസ്കുകൾ -റേഡിയോ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് നാട്ടുകാർക്ക് വാർത്തകളറിയാൻ സ്ഥാപിച്ച കേന്ദ്രങ്ങളാണിവ. ഓരോ പഞ്ചായത്തിലും നാലോ അഞ്ചോ റേഡിയോ കിയോസ്‌ക്കുകളുണ്ടായിരുന്നു. ഇവയോട് ചേർന്നിരിക്കാൻ ബെഞ്ചുകളും ദാഹമകറ്റാൻ കിണറുകളുമുണ്ടായിരുന്നു. റേഡിയോ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും നാട്ടിൽതന്നെയുള്ള ഒരാളെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്.
മാതൃഭാഷക്കായി യുനെസ്കോ 1999 ഫെബ്രുവരി 21നെ ലോക മാതൃഭാഷ ദിനമായി പ്രഖ്യാപിച്ചു. മലയാളമാണ് നമ്മുടെ മാതൃഭാഷ. ഇന്ത്യയിൽ ശ്രേഷ്ഠഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ. കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മലയാളം സംസാരിക്കുന്നു.
മലനാട്ടിലെ മലയാളം -മല, ആളം എന്നീ വാക്കുകൾ ചേർന്നതാണ് മലയാളം. ആളം എന്നാൽ സമുദ്രം എന്നും അർഥം വരും. മലകളും സമുദ്രവും ചേർന്നാണ് മലയാളമുണ്ടായതെന്ന് ചരിത്രകാരന്മാർ പറയുന്നു. മലയാള ഭാഷ സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നും സംസ്കൃതവും തമിഴും കൂടിച്ചേർന്ന മിശ്രഭാഷയാണെന്നും പറയുന്നുണ്ട്. എന്നാൽ, ഇവയെ തള്ളി മലയാളം മലനാട്ട് തമിഴിൽനിന്ന് ഉത്ഭവിച്ചുവെന്നും മലയാളം തമിഴിനൊപ്പം ഉണ്ടായെന്നും പറയുന്നു.
തുഞ്ചത്തെഴുത്തച്ഛൻ -തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നതായി കരുതുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻപറമ്പാണ് ജന്മസ്ഥലം.
‘പച്ച’മലയാളം -ഒരു വാക്കിന് ഒന്നോ രണ്ടോ അർഥമുണ്ടാകുന്നതിൽ അതിശയമില്ല. എന്നാൽ, പല അർഥങ്ങളുണ്ടെങ്കിലോ. അതും ഒരു വാക്കിനുതന്നെ. അതാണ് ‘പച്ച’എന്ന വാക്ക്. കേൾക്കുമ്പോൾ ആദ്യം ഒരു നിറമായിരിക്കും ഓർമയിലെത്തുക. പിന്നീട് പാകമാകാത്തത്, പഴുക്കാത്തത് എന്നീ അർഥങ്ങളും ഓർമവരും. എന്നാൽ, പച്ചയെ മറ്റു വാക്കുകളോട് ചേർക്കുമ്പോഴോ? പച്ചവെള്ളം, പച്ചമീൻ, പച്ചരി, പച്ചയിറച്ചി, പച്ചനോട്ട്, പച്ചചോറ്, പച്ചപരിഷ്കാരി, പച്ചക്കുപറയുക- ഓരോ വാക്കിനും ഓരോ അർഥങ്ങൾ കണ്ടെത്താനാകും.
മലയാള ഭാഷയിലെ അന്യപദങ്ങൾ -മലയാള ഭാഷയിൽ പ്രയോഗത്തിലിരിക്കുന്ന പദങ്ങളിൽ നല്ലൊരു ഭാഗവും സംസ്കൃതത്തിൽനിന്ന് സ്വീകരിച്ചവയാണ്. കൂടാതെ, മറ്റു വിദേശ ഭാഷകളിൽനിന്നും തമിഴിൽനിന്നും ധാരാളം പദങ്ങൾ മലയാളത്തിൽ കടന്നുകൂടിയിട്ടുണ്ട്. കുട്ടി, തത്ത, പടി, മൂങ്ങ, കുല... തുടങ്ങിയവ തമിഴ് പദങ്ങളാണ്. ക്രിസ്തുമതം ഇവിടെ പ്രചരിച്ചതുമുതൽ സിറിയൻ ഭാഷ കേരളത്തിലെത്തി. പല സിറിയൻ പദങ്ങളും അങ്ങനെ മലയാളത്തിൽ കടന്നുകൂടി. ‘നസ്രാണി’ എന്ന വാക്ക് സിറിയൻ ആണ്. അതായത് സുറിയാനി.
പോർചുഗീസുകാരുടെ വരവോടെ ലാറ്റിൻ വാക്കുകളും മലയാളത്തിൽ കടന്നുകൂടി. പിന്നീട് അറബി ഭാഷയും മലയാളത്തിലെത്തി. ഹർജി, ഖജാൻജി, കത്ത്, കോടതിയിലെ ജോലിക്കാരനായ ആമീൻ, ദാനം എന്ന അർഥം വരുന്ന ഇനാം, ഉലുവ, ഓശാരം, കടലാസ്, കറി, കവാത്ത്, ദല്ലാൾ, ബദൽ, കീശ, ബാക്കി, പത്തിരി, കാലി, മിന്നാരം, കമ്മീസ് എന്നിവയെല്ലാം അറബി പദങ്ങളാണ്. ഇങ്ങനെ വിവിധ കാലഘട്ടങ്ങളിലായി മലയാളത്തിൽ മറ്റു ഭാഷകളിലെ ധാരാളം പദങ്ങൾ വന്നുചേർന്നു.
ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ചന്ദ്രശേഖര വെങ്കട രാമൻ (C.V. Raman) 1928ൽ പ്രസിദ്ധമായ ‘രാമൻ ഇഫക്ട്’ കണ്ടുപിടിത്തം നടത്തിയതിന്റെയും അദ്ദേഹത്തിന് 1930ലെ നൊബേൽ പുരസ്കാരം ലഭിച്ചതിന്റെയും ഓർമക്കായാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. 1986ൽ നാഷനൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ (NCSTC) കേന്ദ്രസർക്കാറിനോട് ആ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കാൻ അപേക്ഷ നൽകി. ആ വർഷം മുതൽ എല്ലാ ഫെബ്രുവരി 28നും ശാസ്ത്രദിനമായി ആചരിക്കാനും തുടങ്ങി.
ശാസ്ത്രത്തിന്റെ നേട്ടങ്ങളും ഗുണഗണങ്ങളുമൊക്കെ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ലോകം ആവശ്യപ്പെടുന്ന കാലത്തിലാണ് നമ്മൾ. പ്രബന്ധങ്ങളിൽ ഉറങ്ങുന്ന കണ്ടുപിടിത്തങ്ങൾക്കപ്പുറം അത് യഥാർഥ ഗുണഭോക്താക്കളെ തേടിപ്പിടിക്കുമ്പോഴാണ് ഏതൊരു ശാസ്ത്രനേട്ടവും അതിന്റെ യഥാർഥ ലക്ഷ്യത്തിലെത്തുന്നത്. ശാസ്ത്രനേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സമൂഹമാണ്, ഓരോ മനുഷ്യനുമാണ്. എന്നാൽ, ശാസ്ത്രത്തെ മനുഷ്യജീവിതത്തോട് അടുപ്പിക്കുകയും അതുവഴി സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമെന്ന സ്വപ്നത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല. ശാസ്ത്രവിദഗ്ധർ ഉന്നതബിരുദങ്ങൾ നേടി മുന്നേറുമ്പോൾ ആ അഭ്യസിച്ച ശാസ്ത്രം മനുഷ്യരാശിയുടെ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജീവനതാളത്തെ തിരികെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഏതു സുസ്ഥിരവികസനവും യാഥാർഥ്യമാകൂ. പ്രകൃതിയുടെ സ്വാഭാവിക താളത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ശാസ്ത്രീയപഠനവും പരിഹാരമാർഗങ്ങളും കണ്ടെത്തിയേ മതിയാകൂ. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകാൻ ശാസ്ത്രത്തിനു കഴിയും.
ശാസ്ത്രത്തിന്റെ ഏറ്റവും ചുരുങ്ങിയ വിശദീകരണം ‘സത്യം’ എന്നതാണ്. ചുറ്റുംകാണുന്ന എന്തിലും ശാസ്ത്രം ഉണ്ട്. ആ കാഴ്ചകൾക്കപ്പുറത്തേക്ക് കണ്ണുകൾ നീളുമ്പോഴാണ് ശാസ്ത്രത്തെ അടുത്തറിയുന്നത്. സമൂഹത്തെ അത്തരമൊരു കാണാക്കാഴ്ചകളിലേക്കും ഉൾക്കാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് യഥാർഥ സത്യാന്വേഷകരും ശാസ്ത്രാന്വേഷകരും ആവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.