സർവലോക രാജ്യങ്ങളുടെ എന്നത്തെയും സ്വപ്നമാണ് ലോക സമാധാനം. സമാധാനം എന്ന മുഖ്യ ലക്ഷ്യം പൂവണിയാതെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ അസാധ്യമാണെന്ന യാഥാർഥ്യത്തിെൻറ തിരിച്ചറിവിൽനിന്നാണ് ഈയൊരു ചിന്ത ലോകരാഷ്ട്രങ്ങൾക്ക് കൈവന്നത്. അത്യാധുനിക ആയുധ വികസനം കാരണം ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ രക്തരൂഷിതവും മനുഷ്യ നിലനിൽപിനുതന്നെ ഭീഷണിയും ആയപ്പോഴാണ് ലോകം സമാധാനത്തിെൻറ പ്രാധാന്യത്തെയും അതു വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളെയും കുറിച്ച് ചിന്തിക്കുന്നത്. അതിെൻറ പരിണിതഫലമായി ലോകരാഷ്ട്ര നേതാക്കൾ ഒരുമിച്ച് കൂടി. രണ്ടാം ലോക യുദ്ധത്തിനുശേഷം ഐക്യരാഷ്ട്ര സഭ രൂപംകൊണ്ടു. സമാധാനം എന്ന സ്വപ്നമായിരുന്നു അതിെൻറ പരമലക്ഷ്യം. ആ സ്വപ്നം പൂവണിയാൻ ഐക്യരാഷ്ട്ര സഭ പല പദ്ധതികളും ലോകമൊട്ടാകെ നടപ്പാക്കി. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആ സമാധാന സംഘടന ഇന്നും ലോകത്തിനു ശാന്തിയുടെ വിളക്ക് തെളിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് സമാധാനം നിലനിൽക്കുന്നതിൽ മറ്റെന്തിനേക്കാളും നാം കടപ്പെട്ടിരിക്കുന്നതും ഐക്യരാഷ്ട്ര സഭയുടെ സമാധാന പദ്ധതികളോടാണ്. സമാധാനം നിലനിർത്താൻ യു.എൻ രൂപം നൽകിയ ചില പ്രധാന പദ്ധതികൾ പരിചയപ്പെടാം.
യുദ്ധാനന്തരം രൂപം കൊണ്ട സംഘടന ആയതുകൊണ്ടുതന്നെ സമാധാനത്തിനുവേണ്ടി ഐക്യരാഷ്ട്ര സഭ ആദ്യം കൈവെച്ചതും യുദ്ധങ്ങളിൽതന്നെ. ലോകരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും വിപണനവും ഇല്ലാതെ ലോകത്ത് സമാധാനം സാധ്യമല്ലെന്ന് മുഴുവൻ രാജ്യങ്ങളെയും ബോധവത്കരിക്കുകയാണ് യു.എൻ ആദ്യം ചെയ്തത്.എന്നിരുന്നാലും യു.എന്നിെൻറ സമാധാന പ്രക്രിയകൾ മറികടന്നും ലോകത്ത് യുദ്ധങ്ങൾ അരങ്ങേറി. അപ്പോഴൊക്കെ കഴിയുംവിധം അവ അവസാനിപ്പിക്കാൻ യു.എൻ മുന്നോട്ടുവന്നു.
1. ആയുധം ഉപയോഗിക്കാതെ ഭിന്ന രാജ്യങ്ങൾ തമ്മിൽ ഒരു സമാധാന കരാറിലെത്തുക.
2. യുദ്ധഭീഷണി നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതകൾ ഒഴിവാക്കുക.
3. ഭിന്നരാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏതെങ്കിലും ശക്തമായ രാജ്യത്തിനു മധ്യസ്ഥാവകാശം നൽകുക.
4. യുദ്ധഭീഷണി തുടരുന്ന രാജ്യങ്ങൾക്കിടയിൽ പൂർണ ആയുധ നിരോധനം ഏർപ്പെടുത്തുക.
ഭിന്നാഭിപ്രായങ്ങൾ കാരണം യുദ്ധത്തിെൻറ വക്കിലെത്തിനിൽക്കുന്ന രാജ്യങ്ങൾക്കിടയിൽ ഐക്യ രാഷ്്ട്ര സഭ സ്വയം മധ്യസ്ഥത വഹിക്കുകയോ മറ്റൊരു രാജ്യത്തെകൊണ്ട് മധ്യസ്ഥത വഹിപ്പിക്കുകയോ ചെയ്യാറുണ്ട്. അതിൽ ചിലത് പൂർണ വിജയം വരിച്ചു. ചിലത് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. 1962ലെ യു.എസ്-സോവിയറ്റ് യൂനിയൻ ഭിന്നത യുദ്ധത്തിെൻറ വക്കിൽനിന്നും ആയുധ ഉപയോഗമില്ലാതെ അവസാനിപ്പിച്ചതിലും ഇസ്രായേൽ-ഫലസ്തീൻ അതിർത്തിക്കിടയിൽ യുദ്ധ സാധ്യതകൾ അവസാനിപ്പിച്ചതിലും യു.എൻ മധ്യസ്ഥത പരിപൂർണ വിജയം നേടി. 1950ലെ കശ്‍മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ ഭിന്നത ലഘൂകരിക്കുന്നതിൽ മധ്യസ്ഥത പരാജയപ്പെടുന്നതിനും യു.എൻ സാക്ഷിയായി.
സമാധാനം നഷ്ടപ്പെടുത്തുന്ന രാജ്യങ്ങളെ സമാധാനപരമായിതന്നെ നേരിടുകയാണ് യു.എൻ ആദ്യം ചെയ്യുക. അതിനെ മറികടന്ന് ഭീഷണി തുടരുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്ന ദൗത്യവും യു.എൻ സ്വീകരിക്കാറുണ്ട്. സമാധാന ഉടമ്പടി ലംഘിക്കുന്ന രാഷ്ട്രവും മറ്റു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുക, ആയുധ വിൽപനയും ഉപയോഗവും നിരോധിക്കുക, കയറ്റുമതി ഇറക്കുമതി നിർത്തലാക്കുക, സാമ്പത്തിക ഉപരോധം ചുമത്തുക എന്നിവയാണ് ധിക്കാര രാജ്യങ്ങൾക്കുള്ള ഉപരോധ മുറകളായി യു.എൻ സ്വീകരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രക്രിയകൾ മറികടന്ന് യുദ്ധ ചിന്തയുമായി മുന്നോട്ടുപോകുന്ന രാഷ്ട്രങ്ങൾക്കെതിരെ സൈനികമായും നേരിടാൻ യു.എന്നിന് അധികാരമുണ്ട്. ഇതിനായി ശക്തരായ രാജ്യങ്ങളുടെ സഹായത്തോടെയുള്ള ഒരു സ്ഥിരം സൈനികസംഘം തന്നെ യു.എന്നിന് നിലവിലുണ്ട്.
ആധുനിക ലോകത്തിെൻറ ഏറ്റവും വലിയ വിപത്ത് ആയുധ ഉപയോഗത്തിെൻറ വർധനയാണെന്ന തിരിച്ചറിവാണ് ഐക്യരാഷ്ട്ര സഭയെ ലോകമെമ്പാടും നിരായുധീകരണം പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനായുള്ള യു.എന്നിെൻറ ശ്രമഫലമായി നിരവധി രാജ്യങ്ങൾ തങ്ങളുടെ ആണവ പരീക്ഷണ സ്വപ്‌നങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
'നമുക്കൊരുമിച്ച് സമാധാനം ഉണ്ടാക്കാം' എന്നാണ് ഈ വർഷത്തെ സമാധാനദിന മുദ്രാവാക്യമായി യു.എൻ ഉയർത്തിക്കാണിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ നാശത്തിലേക്ക് തള്ളിയിട്ട കോവിഡ് മഹാമാരിയെന്ന ശത്രുവിനെതിരെയുള്ള യുദ്ധത്തിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നാണ് യു.എൻ ഇതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മാരക ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ അല്ല പരസ്പര സ്നേഹവും സഹകരണവുമാണ് ലോക സമാധാനത്തിന് ആവശ്യം എന്ന് ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.