മുമ്പെങ്ങുമില്ലാത്തവിധം ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് മനുഷ്യർ ബോധവാന്മാരായ കാലമാണിത്. കലോറി അളന്നുള്ള ഭക്ഷണക്രമവും കീറ്റോ മുതലുള്ള ഡയറ്റുകളുമെല്ലാം അറിയാത്തവരും പരീക്ഷിക്കാത്തവരുമുണ്ടാകില്ല. ഇങ്ങനെ ജിമ്മും ഡയറ്റും ഫിറ്റ്നസ് ചിന്തകളുമായുമെല്ലാം ശ്രദ്ധാലുക്കളായ നമുക്കിടയിലേക്കാണ് കോവിഡ് എന്ന മഹാമാരി വന്നത്. പിന്തുടർന്നതും ശീലിച്ചതുമായി പലവയും തെറ്റായിരുന്നെന്നും ഒരു വൈറസിന് ശരീരത്തെ എത്രത്തോളം തളച്ചിടാനായെന്നും പലരും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ സ്വന്തം ആരോഗ്യ പരിപാലനത്തെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യരില്ല എന്നുതന്നെ പറയാം.
രോഗപ്രതിരോധ ശേഷി കൈമുതലാക്കി പലരും കോവിഡിനെതിരെ ഒരുപരിധിവരെ പിടിച്ചുനിന്നതുകണ്ട് ആരോഗ്യം ശ്രദ്ധിക്കാത്ത പലരും ഭക്ഷണക്രമത്തിലടക്കം ഇപ്പോൾ അതീവ ശ്രദ്ധാലുക്കളായി. ജങ്ക് ഫുഡ്സും ബേക്ക് ചെയ്തവക്കും നോ പറഞ്ഞ്, വീട്ടിൽ പാകം ചെയ്തവക്ക് പ്രാധാന്യം നൽകുന്നവരുടെ എണ്ണം വർധിച്ചു. കോവിഡ് അവശേഷിപ്പിച്ച ശാരീരിക അവശതകളോട് പൊരുതുന്നതിനിടയിലാണ് ഏപ്രിൽ ഏഴിന് ലോകം ആരോഗ്യ ദിനം ആചരിക്കുന്നത്.
1948ൽ സ്ഥാപിതമായ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) വാർഷികമെന്ന നിലക്കാണ് 1950 മുതൽ എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോക ആരോഗ്യ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ലോകമെമ്പാടുമുള്ള ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും പ്രത്യേകം പ്രമേയമുയർത്തിയാണ് ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നത്. 'നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ സന്ദേശം.
2018ലാണ് നിപയെന്ന മാരക വൈറസ് നമ്മുടെ കേരളത്തെ വിറപ്പിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ ബാധിച്ച് അന്ന് 18 പേരാണ് മരിച്ചത്. പിന്നീട് 2019 ജൂണിൽ കൊച്ചിയിലും നിപ സ്ഥിരീകരിക്കുകയുണ്ടായി. 1998ൽ മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിലാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. പിറ്റേ വർഷം വൈറസിനെ ഗവേഷകർ വേർതിരിച്ചെടുത്തു.
ആദ്യം നിപയും വർഷങ്ങൾക്കുശേഷം കോവിഡും മുന്നിൽ കണ്ട് ഞെട്ടിയവരാണ് നമ്മൾ. നിപയെ നേരിട്ട അനുഭവം, കോവിഡിനെതിരെയുള്ള മുന്നൊരുക്കത്തിനും പ്രതിരോധത്തിനും നമ്മെ തുണച്ചിട്ടുണ്ടെന്നത് ശരിയാണ്.
ലോകമെമ്പാടുമുള്ള 90 ശതമാനത്തിലധികം ആളുകളും മോശം വായു നിലവാരമുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. ആധുനിക ജീവിതശൈലി അന്തമില്ലാത്ത മലിനീകരണമാണ് ഭൂമിയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി-രാസ-വായു മലിനീകരണവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ഭൂമിക്ക് വരുത്തുന്ന വെല്ലുവിളികൾ ഏറെയാണ്. മനുഷ്യരാകട്ടെ ഭീകരമായ വിപത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതും. 2012ൽ 70 ദശലക്ഷം പേരുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായെന്നാണ് കണ്ടെത്തൽ. ഇന്ത്യയിലാണെങ്കിൽ, ആകെ മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.
പരിസ്ഥിതി - വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സമൂഹമാണ് നമ്മുടേത്. ഇനി വരുന്ന തലമുറക്ക് ഒന്നും ബാക്കിയാക്കാത്ത പ്രവൃത്തികളാണ് നാം പ്രകൃതിയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. എങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ചും മരങ്ങൾ നട്ടും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും പ്രകൃതിവിഭവങ്ങളുടെ സന്തുലിതമായ ഉപയോഗത്തിലൂടെയും ഭാവി തലുമുറയോടുള്ള കടമ നാം നിറവേറ്റേണ്ടതുണ്ട്.
ഒരിക്കലും ചിന്തിക്കാത്ത മാറ്റങ്ങളാണ് കോവിഡ് മഹാമാരി മൂലം ലോകത്ത് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യ പരിപാലനത്തെക്കുറിച്ചും മാനസിക സംഘർഷങ്ങളില്ലാത്ത ജീവിതത്തെക്കുറിച്ചും ഗൗരവമായ ചിന്തകൾ മഹാമാരി നമുക്കുമുന്നിൽ തുറന്നിട്ടു. കോവിഡാനന്തര സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിൽ ഒന്നാണ് മഹാമാരിയെ അതിജീവിച്ചവരുടെ മാനസികാരോഗ്യം. മാസങ്ങളോളം കലാലയങ്ങളും വിനോദങ്ങളുമെല്ലാം നിയന്ത്രിക്കപ്പെട്ട് വീടകങ്ങളിൽ കഴിഞ്ഞ വിദ്യാർഥികൾ മുതൽ, ജോലി നഷ്ടമായ ഉദ്യോഗസ്ഥർ, കൂടുതൽ തനിച്ചാക്കപ്പെട്ട വയോധികരെല്ലാം ഈ ഗണത്തിൽ പെടുന്നു. ഇതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും പോഷകാഹാരക്കുറവ്, ചിട്ടയായ വ്യായാമം, ധ്യാനം എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.
പുതിയ കാലത്ത് പകർച്ചവ്യാധികളെക്കുറിച്ചും വൈറസുകളെക്കുറിച്ചുമുള്ള പഠനം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴും പൂർണമായും മുക്തമാകാത്ത കോവിഡ് മഹാമാരി നമ്മെ പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.