പ്രിയപ്പെട്ട ചുവന്നപെട്ടിക്ക് ...

​'പ്രിയപ്പെട്ട...' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടാകുക കത്തുകളിലൂടെയായിരിക്കും. ആശയ വിനിമയത്തിന്റെ പ്രധാന മാധ്യമമായിരുന്നു ഒരുകാലത്ത് കത്തുകൾ. കത്തുകൾ കൈമാറുന്നതോ തപാലുകൾ വഴിയും. എല്ലാ വർഷവും ഒക്ടോബർ ഒമ്പതിന് ലോക തപാൽ ദിനം ആചരിക്കുന്നു. ഒക്ടോബർ 10 ആണ് ദേശീയ തപാൽ ദിനം.

1874ൽ യൂനിവേഴ്‌സൽ പോസ്റ്റൽ യൂനിയൻ സ്ഥാപിതമായതിന്റെ ഓർമക്കാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. 1969ൽ ജപ്പാനിലെ ടോക്യോയിൽ ചേർന്ന അന്താരാഷ്‌ട്ര തപാൽ യൂനിയന്റെ ആഹ്വാനപ്രകാരമാണ് തപാൽ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു. 'പോസ്റ്റ് ഫോർ പ്ലാനറ്റ്' ആണ് ലോക തപാൽദിനം ഈവർഷം ഉയർത്തിപ്പിടിക്കുന്ന ആശയം.

ബി.സി ഇരുപത്തിയേഴാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പൊതു പോസ്റ്റൽ സേവന മാർഗം യാഥാർഥ്യമായത്. റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറാണ് ആദ്യമായി ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടത്. അന്ന് തുടങ്ങിയ തപാൽ വിപ്ലവം അൽപം മാറ്റുകുറഞ്ഞാലും ഈ ഡിജിറ്റലൈസേഷൻ ഘട്ടത്തിലും തുടരുന്നു.

ചരിത്രവും പ്രാധാന്യവും

1969ലാണ് ആദ്യമായി ലോക പോസ്റ്റൽ ദിനം ആചരിച്ചത്. ജപ്പാനിലെ ടോക്യോയിൽ നടന്ന യു.പി.യു കോൺഗ്രസിൽവെച്ചായിരുന്നു അത്. ലോക പോസ്റ്റൽ ദിനാഘോഷത്തിന്റെ കരടു പ്രതി ആദ്യമായി സമർപ്പിച്ചത് ഇന്ത്യക്കാരനായ ആനന്ദ മോഹൻ നാരുല ആയിരുന്നു. അന്നുമുതൽ പോസ്റ്റൽ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും യു.പി.യുവിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും തപാൽ സംവിധാനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഈദിവസം ആചരിക്കുന്നു. പല രാജ്യങ്ങളും പ്രത്യേക സ്റ്റാമ്പ് പ്രദർശനങ്ങൾ നടത്തിയും പുതിയ പോസ്റ്റൽ സംരംഭങ്ങൾ അവതരിപ്പിച്ചുമാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയിൽ ഒരാഴ്ച നീണ്ട പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ചുവന്നപെട്ടി

17-ാം നൂറ്റാണ്ടിൽ പാരിസിലാണ് ആദ്യമായി പോസ്റ്റ് ബോക്‌സ് നിലവിൽ വന്നത്. ഫ്രാൻഷ്വാ ഡി മെലായൻ എന്ന ഫ്രഞ്ചുകാരനാണ് ഈ എഴുത്തുപെട്ടി രൂപകൽപന ചെയ്തത്. നിറം പച്ചയായിരുന്നു. 1874ൽ അത് ചുവപ്പാക്കി. ബ്രിട്ടനിലും പോസ്റ്റ് ബോക്‌സിന്റെ നിറം ചുവപ്പായിരുന്നു. ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും അവർ ആ നിറം തന്നെ ഉപയോഗിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്‌സും ചുവപ്പായി. എന്നാൽ, നീല തപാൽപെട്ടികളുമുണ്ട് നമ്മുടെ നാട്ടിൽ. തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള കത്തുകൾ ഇടുന്ന പെട്ടികൾക്കായിരുന്നു ഈ നിറം കൊടുത്തിരുന്നത്. മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇവ ആദ്യം സ്ഥാപിച്ചത്. ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന തപാൽപെട്ടികൾക്ക് പച്ച നിറമായിരുന്നു. അഞ്ചൽപെട്ടികൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.

ഠപ്പാലിൽനിന്നും തപാലിലേക്ക്

മറാഠി ഭാഷയിലെ ഠപ്പാൽ എന്ന പദത്തിൽനിന്നാണ് തപാൽ എന്ന പേരുവന്നത്. സൂക്ഷിക്കുക എന്നർഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.

ഇന്ത്യയും തപാൽ സേവനവും

ഇന്ത്യയിലെ പുരാതന പൊതുമേഖല സ്ഥാപനമാണ്‌ ഇന്ത്യൻ പോസ്റ്റ്‌. ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ്‌ ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ്‌ റോബർട്ട്‌ ക്ലൈവിന്റെ കാലത്താണ് (1764ൽ) ഇന്നു കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്. എങ്കിലും വളരെ പുരാതന കാലത്ത്‌ തന്നെ സന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അക്‌ബർ ചക്രവർത്തിയുടെ മുഗൾ ഭരണകാലത്ത്‌ തപാൽ സർവിസുകൾ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.

അഞ്ചലോട്ടക്കാർ

കേരളത്തിൽ ഒരു സമാന്തര തപാൽ സേവനം നിലവിലുണ്ടായിരുന്നു, അഞ്ചൽ. പഴയ കാലത്ത്‌ നിലനിന്നിരുന്ന സന്ദേശവാഹക ഏർപ്പാടിനെ, ബ്രിട്ടീഷ്‌ ഇന്ത്യയിൽ കേണൽ മൺട്രോ പരിഷ്കരിച്ച സമ്പ്രദായമാണ്‌ അഞ്ചൽ. സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർഥമുള്ള ആഞെലസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. സന്ദേശം എത്തിക്കുന്നവരെ അഞ്ചലോട്ടക്കാരെന്നു വിളിച്ചിരുന്നു. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. അഞ്ചലോട്ടക്കാരന് സമൂഹത്തിൽ ഏറെ സ്ഥാനവും മാനവുമുണ്ടായിരുന്നു. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാപ്പി തൊപ്പിയും, കൈയിൽ കുന്തംപോലൊരു വടി, അരയിൽ മണികെട്ടിയ അരപ്പട്ട, തോളിൽ കത്തുകൾ നിറച്ച തുകൽ സഞ്ചി -ഇതായിരുന്നു അഞ്ചലോട്ടക്കാരന്റെ വേഷം. വടി ഉയർത്തിപ്പിടിച്ച് വഴിയുടെ നടുവിലൂടെ അയാൾ ഓടും. അപ്പോൾ അരപ്പട്ടയിലെ മണി ഉറക്കെ കിലുങ്ങും. അതു കേട്ട് ആളുകൾ വഴിമാറിക്കൊടുക്കണം. അതാണ് നിയമം. അഞ്ച് അടിയോളം ഉയരമുള്ള പച്ച നിറത്തിൽ ഉരുക്കുകൊണ്ടുണ്ടാക്കിയ പെട്ടികളാണ് അഞ്ചൽ പെട്ടികൾ. മുകളിൽ തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ടാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ അഞ്ചൽ തപാൽ ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെന്റിൽ ലയിച്ചു.

ഇന്ത്യൻ പോസ്റ്റൽ സംവിധാനം

ബ്രിട്ടീഷ്‌ ഇന്ത്യയിൽ 1764ൽ ഇന്ത്യൻ പോസ്റ്റൽ സംവിധാനം നിലവിൽവന്ന ശേഷം 1774-ൽ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യ ബംഗാൾ ഗവർണറായിരുന്ന വാറൻ ഹേസ്റ്റിങ്സ് ഇന്ത്യയിലെ ആദ്യ പോസ്റ്റ്‌ ഓഫിസ്‌ ആയ കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു. 1854ൽ ബ്രിട്ടീഷ്‌ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിന്റെ കാലത്താണ് പോസ്റ്റ്‌ ഓഫിസ് ആക്ട്‌ നിലവിൽ വന്നത്. 1852-ൽ സിന്ധിൽ ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21നാണ് പുറത്തിറക്കുന്നത്. ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.

ഇന്ത്യൻ സായുധസേനകൾക്ക് പ്രത്യേകമായി ഒരു ആർമി തപാൽ സർവിസുണ്ട്. വിമാനം വഴി തപാലുകൾ മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്‌ ഓഫിസ്‌ എന്ന റെക്കോഡും ഇന്ത്യക്ക്‌ സ്വന്തം. ഹിമാചൽ പ്രദേശിലെ ഹിക്കിമിലുള്ള പോസ്റ്റ്‌ ഓഫിസാണത്‌. 4700 മീറ്റർ ഉയരത്തിൽ (പിൻ 172114). ജമ്മു-കശ്‌മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിലൂടെ 'ഒഴുകുന്ന പോസ്റ്റ്‌ ഓഫിസ്‌' പ്രവർത്തിക്കുന്നുണ്ട്‌ (പിൻ 191202). ഇന്ത്യാ രാജ്യത്തിനു പുറത്തും ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫിസ്‌ സ്ഥാപിച്ചിട്ടുണ്ട്‌ എന്നത്‌ കൗതുകകരമായ വാർത്തയാണ്‌. അന്റാർട്ടിക്കയിലെ ദക്ഷിൺ ഗംഗോത്രി എന്ന സ്ഥലത്താണ്‌ 1983ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫിസ്‌ പ്രവർത്തിക്കുന്നത്‌.

Tags:    
News Summary - World Post Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.