ജീവിതത്തിന്റെ വെളിച്ചത്തിൽനിന്ന് അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് അഭയാർഥികൾ. യുദ്ധവും അക്രമവും പീഡനങ്ങളുമെല്ലാം കൊടുമ്പിരികൊള്ളുമ്പോൾ അതിർത്തികൾ ഭേദിച്ച് സുരക്ഷതേടി അലയുന്നവർ. തുണിഭാണ്ഡങ്ങളുമായി ഉറ്റവരെയും ഉടയവരെയും ജോലിയും വീടും നാടുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം കണ്ടെത്തേണ്ടിവരുന്നവർ. അഭയാർഥികളെ കുറിച്ചും അഭയാർഥി ദിനത്തെക്കുറിച്ചും കൂടുതൽ അറിയാം.
2015ൽ സിറിയയിൽനിന്ന് യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച അലൻ കുർദി (ഐലൻ കുർദി) എന്ന കുഞ്ഞിനെ ഓർമയില്ലേ. കടൽതീരത്ത് ഉറങ്ങിക്കിടന്നപോലെ മരണമടഞ്ഞ ആ മൂന്നു വയസ്സുകാരന്റെ ചിത്രം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. അലനൊപ്പം അന്ന് സഹോദരനും മാതാവും കടലിൽ മുങ്ങിമരിച്ചു. അഭയാർഥികളാകേണ്ടി വരുന്ന ഒരു ജനതയുടെ കണ്ണീർ പ്രതീകമായിരുന്നു ആ ചിത്രം. പലായനത്തിനിടെ ജീവൻ നഷ്ടപ്പെടുന്നവർ ഒട്ടേറെയാണ്. ഫലസ്തീനിലും യുക്രെയ്നും മ്യാൻമറിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതത്തിലായ ശ്രീലങ്കയിലും പാലായനം കാണുന്നു.
റഷ്യ- യുക്രെയ്ൻ യുദ്ധം കാരണമായത് ഏറ്റവും വലിയ മാനുഷിക പലായനത്തിനാണ്. യു.എന്നിന്റെ റെഫ്യൂജി ഏജൻസി ജൂൺ ഏഴിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 7.3 ദശലക്ഷം പേരാണ് യുക്രെയ്ൻ അതിർത്തി വിട്ട് പോയത്. അതിൽ 2.3 ദശലക്ഷം പേർ തിരികെ രാജ്യത്തേക്ക് വന്നു. യുദ്ധം, സംഘർഷം, പീഡനം, അക്രമം തുടങ്ങി നിരവധി കാരണങ്ങളാൽ സുരക്ഷതേടി അന്താരാഷ്ട്ര അതിർത്തികൾ കടന്ന് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യുന്നവരാണ് അഭയാർഥികൾ. 1951ലെ ഐക്യരാഷ്ട്രസഭയുടെ അഭയാർഥി കൺവെൻഷൻ വംശം, മതം, സാമൂഹിക പങ്കാളിത്തം, രാഷ്ട്രീയവിശ്വാസം എന്നിവയുടെ പേരിൽ പീഡിപ്പിക്കപ്പെടുമെന്ന ഭയത്താൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻകഴിയാത്തവരെ അഭയാർഥിയായി അംഗീകരിക്കുന്നു.
ഏറ്റവും കൂടുതൽ അഭയാർഥികളുള്ള രാജ്യമാണ് തുർക്കി. യു.എൻ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ പ്രകാരം ഏതാണ്ട് 3.7 ദശലക്ഷത്തോളം അഭയാർഥികളാണ് തുർക്കിയിലുള്ളത്. 1.7 ദശലക്ഷത്തോളം അഭയാർഥികളുള്ള കൊളംബിയ ആണ് രണ്ടാമത്. നിർബന്ധിത പലായനം ചെയ്ത 82.4 ദശലക്ഷം പേരിൽ 42 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.
ഐക്യരാഷ്ട്രസഭ ജൂൺ 20നാണ് അന്താരാഷ്ട്ര അഭയാർഥിദിനമായി ആചരിക്കുന്നത്. സ്വന്തം രാജ്യത്ത് നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളുടെ ശക്തിയും ധൈര്യവും കൊണ്ട് ലോകമെമ്പാടുമുള്ള അഭയാർഥികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ദിനം. അഭയാർഥികൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അവരുടെ ആവശ്യങ്ങൾ, അവകാശങ്ങൾ, സ്വപ്നങ്ങൾ എന്നിവ ചർച്ചയാക്കിയും പരിരക്ഷ ഉറപ്പാക്കുവാനുമുള്ള കർമപദ്ധതികളുടെ ആവിഷ്കാരം നടത്തിയും ഈ ദിനം ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു. അഭയാർഥി വിഷയവുമായി ബന്ധപ്പെട്ട 1951ലെ കൺവെൻഷന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 2001 ജൂൺ 20നാണ് ലോക അഭയാർഥി ദിനം ആദ്യമായി ആഗോളതലത്തിൽ ആചരിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2000 ഡിസംബർ നാലിന് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് 'ആഫ്രിക്ക അഭയാർഥി ദിനം' എന്നാണ് അറിയപ്പെട്ടിരുന്നത്.
സുരക്ഷ തേടാനുള്ള അഭയാർഥികളുടെ അവകാശം എന്നതാണ് ഈ വർഷത്തെ അഭയാർഥിദിനം ഉയർത്തിപ്പിടിക്കുന്ന ആശയം. എല്ലാവർക്കും സുരക്ഷ തേടാനുള്ള അവകാശമുണ്ട്; അത് ആരായാലും, എവിടെ നിന്ന് വന്നവരായാലും. അഭയാർഥികൾക്ക് മാനുഷിക പരിഗണന നൽകി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും കടമയാണ്. അഭയാർഥിവിഷയത്തെ വിവിധതലത്തിൽ രാജ്യങ്ങൾക്ക് കൈകാര്യം ചെയ്യാം. രാജ്യത്ത് പുനരധിവാസത്തിന് സൗകര്യമൊരുക്കുകയോ ഇവർക്കായി അഭയാർഥി ക്യാമ്പുകൾ തുറക്കുകയോ ചെയ്യാം. അതല്ലെങ്കിൽ സ്വന്തം മണ്ണിലേക്ക് തിരികെ പോകാൻ അവസരമൊരുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.