ജലത്തെ ജീവന്റെ അമൃതം (ELIXIR OF LIFE) എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിൽ ജീവൻ ഉണ്ടായതിനും ജീവൻ നിലനിൽക്കുന്നതിനും പിന്നിൽ ജലം തന്നെയാണ്. ജലംകൊണ്ട് സമൃദ്ധമായിരുന്നു പണ്ട് നമ്മുടെ നാടെങ്കിൽ ഇന്ന് നമ്മൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജലവും ജലത്തിന്റെ ലഭ്യതയിലെ കുറവും ജലമലിനീകരണവും. ഈ പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര ജലദിനം. എല്ലാവർഷവും മാർച്ച് 22 നാണ് ജലദിനം ആചരിക്കുക.
ഭൂമിയിലെ ജലത്തിൽ 97 ശതമാനവും സമുദ്രജലമാണ്. രണ്ടു ശതമാനത്തോളം ജലം ഹിമാനികളിൽ പെട്ടിരിക്കുന്നു. ബാക്കിവരുന്ന ഒരുശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധജലത്തിന്റെ കൂട്ടത്തിൽ പ്രധാനമാണ് ഭൂമിയുടെ ഉപരിതലത്തിന്റെ അടിയിലായി കാണപ്പെടുന്ന ഭൂഗർഭജലം എന്ന് പറയപ്പെടുന്ന ഭാഗം. പ്രകടമല്ലാത്ത, അദൃശ്യമായ സമ്പത്താണ് ഭൂഗർഭജലം. ലോകത്തെ കുടിവെള്ളത്തിന്റെ പകുതിയോളം വഹിക്കുന്നത് ഭൂഗർഭസ്രോതസ്സാണ്. കൂടാതെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ 40 ശതമാനവും വ്യവസായശാലകൾക്കാവശ്യമായ മൂന്നിൽ ഒരു ഭാഗവും ഭൂഗർഭജലമാണ് സാധ്യമാക്കുന്നത്. ഒപ്പം ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, നദികളിലെ ഒഴുക്കിനെ സ്വാധീനിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ധർമങ്ങൾ ഭൂഗർഭജലം നിർവഹിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഒരുപരിധിവരെ ഭൂഗർഭജലത്തെ ആശ്രയിച്ചിരിക്കുന്നു.
മനുഷ്യശരീരത്തിന്റെ 60 ശതമാനം ജലമാണ്. അത് വെള്ളമായും രക്തമായും മറ്റു പല രൂപത്തിലും ശരീരത്തിൽ അടങ്ങിയിരിക്കുന്നു. ആഹാരമില്ലാതെ രണ്ടോ മൂന്നോ ആഴ്ചകൾ നമുക്ക് ജീവിക്കാമെങ്കിൽ വെള്ളമില്ലാതെ മൂന്നോ നാലോ ദിവസത്തിനപ്പുറം മനുഷ്യന് ജീവൻ നിലനിർത്താനാവില്ല. ജീവാമൃതമാണ് ജലമെങ്കിലും ശുദ്ധമല്ലാത്ത ജലം മൂലം ലോകത്ത് ഓരോ മണിക്കൂറിലും ഇരുനൂറോളം കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളും കുട്ടികളും ഒരുദിവസം ജലം ശേഖരിക്കുന്നതിനായി നടക്കുന്ന ദൂരം കണക്കാക്കിയാൽ പതിനാറുതവണ ചന്ദ്രനിൽ പോയിവരുന്ന ദൂരത്തിന് സമാനമാണെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ ജലത്തെ മുഴുവൻ ഒരു നാലു ലിറ്റർ ജഗ്ഗിൽ നിറച്ചെടുത്താൽ അതിൽ വെറും ഒരു സ്പൂൺ വെള്ളത്തിന്റെയത്ര മാത്രമാണ് ശുദ്ധജലത്തിന്റെ അളവ് ഉണ്ടാവുക.
1992ൽ ആണ് ജലദിനത്തിന്റെ തുടക്കം. ആ വർഷം നടന്ന റിയോ ഡി ജെനീറോ യു.എൻ പരിസ്ഥിതി വികസന കോൺഫറൻസിലാണ് ജലദിനത്തിന്റെ ആശയം മുന്നോട്ടുവെക്കുന്നത്. ആ വർഷം തന്നെ അത് ഐക്യരാഷ്ട്രസംഘടന ജനറൽ അസംബ്ലി അംഗീകരിക്കുകയും മാർച്ച് 22 ജലദിനമായി ആചരിക്കാൻ പ്രമേയം പാസാക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1993 മുതൽ മാർച്ച് 22 ജലദിനമായി ആചരിക്കുന്നു.
ഭൂഗർഭജലം അദൃശ്യമെങ്കിലും അതിന്റെ സ്വാധീനം എവിടെയും അനുഭവിക്കാനാവും. ഭൂഗർഭജലം കാഴ്ചയുടെ പരിധിയിൽ കാണാനാകില്ല. എന്നാൽ, ഭൂമിയിൽ അവയുടെ സ്വാധീനം എവിടെയും കാണാനാവും. അദൃശ്യമായ ഈ വലിയ ജലനിധിയിലേക്ക് വെളിച്ചം വീശുകയാണ് 'ഭൂഗർഭജലം: അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക്' എന്ന ഈ ജലദിനത്തിന്റെ ആപ്തവാക്യം. ഭൂഗർഭജലത്തെപ്പറ്റി അവബോധം ഉയർത്തിക്കൊണ്ടുവന്ന് അതിനെ സംരക്ഷിക്കാനും കണ്ടെത്തി ക്രിയാത്മകമായി ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് പ്രധാന ഉദ്ദേശ്യം.
ഒരുതുള്ളി വെള്ളത്തിൽ ജീവൻ ഉണ്ടാകുമോ? ഒന്നും രണ്ടുമല്ല, ഒരു മില്യണിലധികം സൂക്ഷ്മജീവികൾക്ക് ജീവിക്കാൻ ഒരുതുള്ളി വെള്ളം തന്നെ ധാരാളം. ബാക്ടീരിയ, ആൽഗകൾ, വൈറസുകൾ, പ്രോട്ടോസോവകൾ എന്നിങ്ങനെ എല്ലാത്തരം സൂക്ഷ്മജീവികൾക്കും ആശ്രയമാണ് ജലം. ജലത്തെ സാർവത്രിക ലായനിയായാണ് കണക്കാക്കുന്നത്. മറ്റെല്ലാ ദ്രാവകരൂപത്തിലുള്ളവയെക്കാൾ കൂടുതൽ പദാർഥങ്ങളെ ലയിപ്പിക്കാൻ ജലത്തിന് കഴിയും.
ജലത്തിന്റെ ഖരാവസ്ഥയിലെ രൂപമാണ് ഐസ്. എല്ലാ ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുമ്പോൾ ഐസ് മാത്രം പൊങ്ങിക്കിടക്കും. സാധാരണയായി ഒരു ഖരവസ്തുവിൽ അതിലെ ആറ്റങ്ങൾ അടുത്തടുത്തായി അടുക്കിവെച്ചിരിക്കുന്നതിനാൽ അതിന്റെ സാന്ദ്രത കൂടുതലായിരിക്കും. അതിനാൽ ഒട്ടുമിക്ക ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുന്നു. എന്നാൽ, ഖരവസ്തു ആയിരുന്നിട്ടും ഐസ് മുങ്ങിപ്പോകാത്തതിന് കാരണം ജലത്തിന്റെ ഊഷ്മാവ് കുറയുമ്പോൾ തന്മാത്രകൾ വളയങ്ങൾ പോലെയുള്ള രൂപം ഉണ്ടാക്കുന്നു. ആ രൂപത്തിൽ അവയിൽ ധാരാളം പൊള്ളയായ മേഖലകൾ അടങ്ങിയിരിക്കുന്നു. അത്തരം പൊള്ളയായ സ്ഥലങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് വെള്ളത്തിലിട്ട ഐസ് പൊങ്ങിക്കിടക്കുന്നത്.
ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂഗുരുത്വബലത്തെ അനുസരിക്കുമ്പോൾ സസ്യങ്ങളിലെ ജലം ഭൂഗുരുത്വബലത്തെ ധിക്കരിക്കുന്നു. വേരുകൾ വലിച്ചെടുക്കുന്ന ജലം എങ്ങനെയാണ് ഏറ്റവും മുകളിലുള്ള ഇലകളിൽ വരെ എത്തുന്നത്? അതിനുപിന്നിലെ കാരണം ജലത്തിന്റെ തന്മാത്രകൾ തമ്മിലുള്ള പശിമയുടെ (STICKY) പ്രത്യേകത മൂലമാണ്. സസ്യങ്ങളിലെ സൈലം (XYLEM) എന്ന ചെറിയ കുഴലുകളിലൂടെ ഈ പശിമയുടെ സഹായത്തോടെയാണ് ജലത്തിന് മുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്നത്. കൂടാതെ ഇലകളിലെ ആസ്യരന്ധ്രങ്ങളിലൂടെ ജലം നഷ്ടപ്പെടുന്നതനുസരിച്ച് ആ ഭാഗത്തേക്ക് ജലം കൂടുതലായി എത്തുകയും അതിനനുസരിച്ച് ജലം മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ജലത്തുള്ളികൾ ഗോളാകൃതിയിൽ ഇരിക്കുന്നതും തന്മാത്രകളിലെ ഈ പശിമമൂലമാണ്. ജലത്തിന്റെ ഈ സ്വഭാവത്തിനെ പ്രതലബലം (SURFACE TENSION) എന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.