‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, ദാമോദർ മൗേജായുടെ ‘ഇവർ എന്റെ കുട്ടികൾ’ എന്ന കഥാസമാഹാരത്തിന്റെ മൊഴിമാറ്റത്തിന് ഭാരത് ഭവന്റെ വിവർത്തനരത്ന അവാർഡ് അടുത്തിടെ ലഭിച്ച, കൊങ്കണി ഭാഷയിൽനിന്ന് മലയാളത്തിലേക്ക് നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റിയ, രാജേശ്വരി ജി. നായർ തന്റെ അനുഭവം എഴുതുന്നു. ഗ്രാമീണതയുടെ ശീലങ്ങളും ശീലക്കേടുകളുമായി വിവാഹത്തിന്റെ പത്താം ദിനം ഭർത്താവിനൊപ്പം ഗോവയിൽ എത്തുമ്പോൾ കൊങ്കണി ഭാഷയും ഞാനുമായി ചങ്ങാത്തംകൂടുമെന്ന് സ്വപ്നത്തിൽ നിനച്ചിരുന്നില്ല. കാരണം, ഇവിടെ ജീവിക്കാൻ ഹിന്ദിയും ഇംഗ്ലീഷും ധാരാളമാണ് എന്നു കേട്ടിരുന്നു. മുപ്പത്തൊമ്പതു വർഷങ്ങൾക്കിപ്പുറം ഭാരത്...
‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, ദാമോദർ മൗേജായുടെ ‘ഇവർ എന്റെ കുട്ടികൾ’ എന്ന കഥാസമാഹാരത്തിന്റെ മൊഴിമാറ്റത്തിന് ഭാരത് ഭവന്റെ വിവർത്തനരത്ന അവാർഡ് അടുത്തിടെ ലഭിച്ച, കൊങ്കണി ഭാഷയിൽനിന്ന് മലയാളത്തിലേക്ക് നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റിയ, രാജേശ്വരി ജി. നായർ തന്റെ അനുഭവം എഴുതുന്നു.
ഗ്രാമീണതയുടെ ശീലങ്ങളും ശീലക്കേടുകളുമായി വിവാഹത്തിന്റെ പത്താം ദിനം ഭർത്താവിനൊപ്പം ഗോവയിൽ എത്തുമ്പോൾ കൊങ്കണി ഭാഷയും ഞാനുമായി ചങ്ങാത്തംകൂടുമെന്ന് സ്വപ്നത്തിൽ നിനച്ചിരുന്നില്ല. കാരണം, ഇവിടെ ജീവിക്കാൻ ഹിന്ദിയും ഇംഗ്ലീഷും ധാരാളമാണ് എന്നു കേട്ടിരുന്നു. മുപ്പത്തൊമ്പതു വർഷങ്ങൾക്കിപ്പുറം ഭാരത് ഭവന്റെ വിവർത്തനരത്ന അവാർഡ് എന്നെ തേടിയെത്തിയപ്പോൾ, നന്ദി ആരോടു ചൊല്ലേണ്ടു ഞാൻ? ഭാരത് ഭവനോടോ? നീ അന്യയല്ലെന്നു ചിരിക്കുന്ന ഗോവൻ സുന്ദരിയോടോ? ഈ പുസ്തകം പ്രകാശനംചെയ്യുകയും എന്റെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കാൻ സന്മനസ്സു കാട്ടുന്ന ‘മാധ്യമ’ത്തോടോ? വിവർത്തന വഴിയിൽ എനിക്കെല്ലാ പിന്തുണയും നൽകുന്ന കുടുംബത്തോടും സൗഹൃദങ്ങളോടുമോ? എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
മഹാരാഷ്ട്രക്കും കർണാടകക്കും ഇടയിൽ ഒരു വൈരമുത്തുപോലെ കിടക്കുന്ന ഗോവ. സ്വർണമണൽ സമൃദ്ധിയുടെ കടൽത്തീരങ്ങളും മണ്ഡോവി നദിയിലെ കാസിനോവകളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഫെനിയും ചേർന്ന് സഞ്ചാരികൾക്ക് ഹരംപകരുന്ന വൈരമുത്ത്. പ്രതികൂല സാഹചര്യങ്ങളിൽ പ്രവാസത്തിന്റെ കുറ്റിയിൽ കറങ്ങാൻ വിധിക്കപ്പെട്ട മലയാളികൾ ഇവിടെയും കുറവായിരുന്നില്ല. സമസ്ത മേഖലകളിലും തങ്ങളുടേതായ കൈയൊപ്പു ചാർത്തിയ മലയാളികൾ തങ്ങളുടെ ഭാഷക്കൊപ്പം കൊങ്കണിയെയും ചേർത്തുപിടിച്ചു. എങ്കിലും ആരും വിവർത്തന സാഹിത്യവുമായി ഇണക്കംകൂടിയില്ല. ഒരു വീട്ടുകാരിയായി ഒതുങ്ങിക്കൂടിയ എനിക്ക് കൊങ്കണി അത്ര എളുപ്പം വഴങ്ങാൻ കൂട്ടാക്കിയില്ല. ഒന്നാം ക്ലാസ് പുസ്തകം മുതൽ ഒരു അധ്യാപികയുടെ ഒപ്പംകൂടി എഴുത്തുഭാഷ വശമാക്കി.
കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ദാമോദർ മൗജോയുടെ ഒരു ബാലനോവൽ വിവർത്തനംചെയ്തുകൊണ്ടായിരുന്നു വിവർത്തന സാഹിത്യത്തിലേക്കുള്ള എന്‍റെ കടന്നുകയറ്റം. അതു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പിന്നീട് സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ് നോവലായ ‘കാർമലിൻ’ സാഹിത്യ അക്കാദമിക്കുവേണ്ടി തന്നെ പരിഭാഷ നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചു.
ആ പുസ്തകത്തിന്‍റെ പതിനാലാമത് ഭാഷയിലെ വിവർത്തനമായിരുന്നു മലയാളം. കാലത്തോടു തോളുരുമ്മിയും ഒരുപടി മുന്നിലും നടക്കുവാനും വിഷയത്തിന്‍റെ ഉള്ളാഴങ്ങളിലേക്ക് ഊളിയിടാനുള്ള മൗജോജിയുടെ അസാമാന്യ പാടവം എന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. ‘മാധ്യമം’ പ്രസിദ്ധീകരണത്തിനുവേണ്ടി ‘ഇവർ എന്റെ കുട്ടികൾ’ (തീ മഗേലി ഭുർഗി) എന്ന അദ്ദേഹത്തിന്‍റെ കഥാസമാഹാരവും വിവര്‍ത്തനംചെയ്തിട്ടുണ്ട്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേളയിൽ ആ പുസ്തകം പ്രകാശനംചെയ്യുമ്പോൾ ദാമോദർ മൗജോയടക്കം പ്രശസ്ത സാഹിത്യകാരന്മാരോടൊപ്പം അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
2017ല്‍ മൗജോ പ്രസിദ്ധീകരിച്ച ആ കഥാസമാഹാരത്തില്‍ കെ-റെയിലിന് സമാനമായ ഒരു പദ്ധതിയിലൂടെ ഒരു വീട്ടുകാരി അനുഭവിക്കുന്ന ആത്മസംഘര്‍ഷം മനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്. കാലത്തോടൊപ്പം നടക്കുന്ന ആ എഴുത്തുകാരന് ജ്ഞാനപീഠം തികച്ചും അർഹിക്കുന്നതാണ്. അദ്ദേഹം തന്ന പ്രോത്സാഹനമാണ് എന്നെ വിവര്‍ത്തന സാഹിത്യത്തോട് ഏറെ അടുപ്പിച്ചത്. ഡോ. കെ.പി. സുധീരയും ശാസ്ത്രജ്ഞനും നിരൂപകനുമായ രാജഗോപാലും തന്ന പ്രോത്സാഹനവും ചെറുതായിരുന്നില്ല. ഇന്ന് സാഹിത്യ അക്കാദമിക്കുവേണ്ടി പുസ്തകങ്ങൾ മൊഴിമാറ്റം നടത്തുമ്പോൾ ഒരു ഭാഷ സ്വായത്തമാക്കുന്നതിന്റെ സംതൃപ്തി എന്നെ വന്നുപൊതിയാറുണ്ട്.
ഏതു രീതിയിലുള്ള പരിഭാഷയുടെയും ഉദ്ദേശ്യം ഭാഷാ പരിമിതിയുടെ അതിജീവനമാണ്. പല ഭാഷകളിലുള്ള കൃതികളെ സാഹിത്യാസ്വാദകരിലേക്ക് എത്തിക്കുക, അവരുടെ ജീവിതചര്യകള്‍, വിചാരധാരകള്‍, പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവ അനുവാചകലോകത്തിനു പരിചയപ്പെടുത്തുക എന്നുള്ളതാണ്. അതിലൂടെ രണ്ടു സംസ്കാരങ്ങളുടെ കണ്ണിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നുള്ളത് വിവര്‍ത്തനത്തിന്‍റെ പ്രാധാന്യം കൂട്ടുന്നു. പ്രശസ്തമായവയോ പുരസ്കാരത്തിന് അര്‍ഹമായതോ ആയ കൃതികളായിരിക്കും വിവര്‍ത്തനത്തിനു കൂടുതലും പരിഗണിക്കുക.
തന്മൂലം മൂലകൃതിക്കുള്ള പ്രശസ്തി പരിഭാഷകന് കിട്ടിയില്ലെങ്കിലും പരിഭാഷക്ക് ലഭിക്കുന്നു. ഒപ്പം, മൂലകൃതി ലഭ്യമായതിനാല്‍ ഒരു പരിഭാഷകന് കഥയുടെ ബീജാവാപത്തെക്കുറിച്ചുള്ള ആശങ്കക്കോ ഉത്കണ്ഠക്കോ കീഴടങ്ങേണ്ടതില്ല. കൂടാതെ ആ കൃതി അനുവാചകര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള ആശങ്കക്കും അവകാശമില്ല. കൂടാതെ, ജനസംഖ്യ തുലോം കുറവായ ഒരു പ്രദേശത്തുനിന്നുള്ള മൂലകൃതി ലക്ഷ്യഭാഷയിലേക്ക് ഭാഷാന്തരം നടത്തുമ്പോള്‍ മൂലകൃതിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നു.
കൊങ്കണിയില്‍ പതിനഞ്ചു ലക്ഷത്തില്‍ താഴെ വരുന്ന വായനക്കാരുള്ളപ്പോള്‍ മലയാളത്തില്‍ അത് ഒന്നരക്കോടിയാണ് എന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഇതിലെല്ലാം ഉപരി പ്രശസ്തരല്ലാത്ത എഴുത്തുകാരുടെ കൃതികളുടെ പ്രസിദ്ധീകരണം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വിവര്‍ത്തനം സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നുണ്ട് എന്നുള്ളതും വിവര്‍ത്തനശാഖ ഇന്ന് ഒരു തൊഴില്‍ മേഖലയായി വളരുന്നതിനു കാരണമായിട്ടുണ്ട്.
എന്നാല്‍, ഈ നാണയത്തിന് ഒരു മറുവശംകൂടിയുണ്ട്. മൂലകൃതിയുടെ അധ്വാനം ഒരു ഭാഷയില്‍ മാത്രം ഒതുങ്ങുമ്പോള്‍ പരിഭാഷകന് ഒന്നിന് പകരം രണ്ടു ഭാഷയില്‍ അധ്വാനിക്കേണ്ടിവരുന്നു. എന്നാല്‍, അതിനനുസൃതമായി പ്രതിഫലം കിട്ടാത്തതും ഈ മേഖലയെ അനാകര്‍ഷകമാക്കുന്നു. സർഗാത്മക രചനക്ക് ലഭിക്കുന്നതുപോലുള്ള അംഗീകാരമോ പ്രശസ്തിയോ ഒട്ടും ലഭിക്കുന്നുമില്ല. ഇതിനുപുറമെ പ്രാദേശിക ശൈലികള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഭാഷകന്‍/ പരിഭാഷക നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. സമാന ശൈലികളോ പദങ്ങളോ ലക്ഷ്യഭാഷയിൽ ഉണ്ടാവണമെന്നില്ല.
ഉദാഹരണത്തിന് കൊങ്കണിയിൽ ‘ചെവിയിലേക്ക് മുടിയിട്ടു’ എന്നൊരു ശൈലിയുണ്ട്. അർഥം ‘കേൾക്കാത്ത മട്ടിൽ ഇരിക്കുക’ എന്നതാണ്. ഇത്തരം ശൈലികളിൽ തെറ്റുകൾ കടന്നുകൂടാനുള്ള സാധ്യത ഏറെയാണ്. ചിലപ്പോൾ പരോക്ഷ പരിഭാഷയിലേക്ക് എത്തുമ്പോൾ അതു കൂടുതല്‍ സങ്കീർണമാക്കും. രണ്ടു പരിഭാഷകരുടെ ഭാവനയുടെ വ്യത്യാസങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ലക്ഷ്യഭാഷയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ പരോക്ഷ വിവര്‍ത്തനത്തിലും സ്വാഭാവികമായി ആ തെറ്റ് കടന്നുകൂടും. ഒരുപക്ഷേ, മൂലഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ച അർഥംതന്നെ മാറിപ്പോയെന്നും വരാം.
ഒരു ശരാശരി വീട്ടമ്മയുടെ വീക്ഷണകോണിലൂടെയുള്ള ദേശാടന വിവർത്തനത്തിന്‍റെ മാനം അവളുടെ ജീവിതത്തോട് തന്നെ ചേർന്നുനിൽക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം വീട്ടിൽനിന്നും ഭർതൃഗൃഹത്തിലേക്കുള്ള കൂടുമാറ്റം ഒരുതരത്തിൽ ഭാഷാന്തര ദേശാടനം തന്നെയല്ലേ? അവൾ അനുഷ്ഠിച്ചുവന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, സങ്കൽപങ്ങൾ, വിചാരധാരകൾ ഇവയോടൊന്നും ഒരു സാമ്യവും ഇല്ലാത്ത ഇടത്തേക്കാവും അവളുടെ പുനരധിവാസം. എങ്കിലും ആർജവ ബുദ്ധിയോടുകൂടി പുതിയതിനെ ഉൾക്കൊള്ളാനും ഇഷ്ടങ്ങളെ നിരാകരിക്കാനുമുള്ള കഴിവ്, അതു സ്ത്രീക്ക് മാത്രമുള്ളതല്ലേ... അതിനുപുറമെ സ്ത്രീയെ മാതൃത്വത്തിന്‍റെ മഹനീയതയിലേക്ക് എടുത്തുയര്‍ത്തുന്ന ഒരു കുഞ്ഞിന്‍റെ ചിരിയും കരച്ചിലും മറ്റു ചേഷ്ടകളും വിവര്‍ത്തനംചെയ്യാന്‍ ഒരമ്മക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
മറ്റൊന്ന്, ഒരു പുരുഷന്‍റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്നത് കാലം കൈയൊപ്പിട്ട ഒരു മൊഴിവഴക്കമാണ്. മുന്നിലോ ഒപ്പമോ അല്ല പിന്നിൽ എന്നത് സ്ത്രീക്ക് പതിച്ചു കിട്ടിയ അടയാളങ്ങളിൽ ഒന്നാണ്. അതുപോലെയാണ് മൊഴിമാറ്റവും. വിവർത്തനംചെയ്യുന്ന പുസ്തകങ്ങളിൽ വിവർത്തകന്‍റെ/ വിവര്‍ത്തകയുടെ പേര് സ്ത്രീയെപ്പോലെ ഒരു കോണിലേക്ക് ഒതുക്കിയിടുകയാണ് പതിവ്.
സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കൂടുതലായി ജീവിത പരിസരങ്ങളോട് ഇണങ്ങാനും ഇഴുകിച്ചേരാനും കഴിയും എന്നത് നിസ്തര്‍ക്കമാണ്. പുറംനാടുകളില്‍ ജീവിക്കുന്ന, വീട്ടമ്മയെന്ന മേല്‍വിലാസത്തിലേക്ക് ഒതുങ്ങിക്കൂടുന്നവര്‍പോലും ചവിട്ടുനിലങ്ങളിലെ ഭാഷ സ്വായത്തമാക്കാനും, സംസ്കാരങ്ങള്‍ ഉൾച്ചേര്‍ക്കാനും ഉത്സുകരാണ്. സാഹിത്യവാസനയുള്ള സ്ത്രീകള്‍ക്ക് അന്യഭാഷാ സാഹിത്യത്തെയും സംസ്കാരത്തെയും ജന്മനാടിനും, തിരിച്ചു മാതൃനാടിന്‍റെ ജീവിതത്തുടിപ്പുകളും ആചാര മര്യാദകളും കര്‍മഭൂമിക്കും പരിചയപ്പെടുത്താന്‍ നിസ്തര്‍ക്കം കഴിയും.
പശ്ചിമ ബംഗാളില്‍ ജനിച്ച നിലീന ദത്ത, എബ്രഹാം തെര്യനെ വിവാഹം കഴിച്ചു മലയാളത്തിന്‍റെ മരുമകളായി. 1989ല്‍ സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ‘പാത്തുമ്മയുടെ ആടും’, ‘ബാല്യകാല സഖി’യുമടക്കം പത്തു കൃതികള്‍ ബംഗാളിലേക്കും, ബംഗാളില്‍നിന്ന് എട്ടു കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനംചെയ്തു. വംഗദേശത്തിന്‍റെ വധുവായി മാറിയ ലീല സര്‍ക്കാര്‍ ബംഗാളി-മലയാളി നിഘണ്ടു കൂടാതെ മഹാശ്വേത ദേവിയുടെയും ബുദ്ധദേവ ഗുഹയുടെയുമടക്കം എണ്‍പതിലധികം കൃതികള്‍ മലയാളത്തിനു നല്‍കിയിട്ടുണ്ട്.
ലീല സര്‍ക്കാര്‍ പുറംനാടുകളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരേസമയം അത്ഭുതവും ആവേശവും നല്‍കുന്നു. ഇന്ന് ഭാഷാന്തരം ലീലാ സര്‍ക്കാറില്‍നിന്നും ജയകുമാരി ദേവികയില്‍ എത്തിനില്‍ക്കുമ്പോള്‍ മറ്റു സാഹിത്യ ശാഖകളെപ്പോലെ വിവർത്തന സാഹിത്യത്തിലും സാംസ്കാരിക സംഭാവനകള്‍ ഭാഷക്ക് കൈമാറ്റംചെയ്യുന്ന ആൺ മേൽക്കോയ്മ മാറുമെന്നുതന്നെ ആശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.