പൊതുബോധ നിർമിതിയിലേക്ക് കശ്മീർ ഫയൽസും

പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ ഉപയോഗപ്പെടുത്താറുണ്ട്. സർക്കാറിന്റെ പ്രവർത്തനം നന്നാകണമെന്നില്ല, പ്രതിഛായ നിർമിതി കാര്യക്ഷമമായാൽ മാത്രം മതി, ദുർഭരണത്തിന്റെ ഇരകൾപോലും വോട്ടു കൊടുത്തുകൊള്ളും.പബ്ലിക് റിലേഷൻസ് (പി.ആർ) ശാസ്ത്രമോ അതോ കലയോ, പരസ്യമോ അതോ വെറും പൊതുസമ്പർക്കമോ എന്നൊക്കെ തർക്കിക്കാം. ഒരു കാര്യം സത്യം: കള്ളപ്രചാരണത്തിന്റെ അംശം എക്കാലവും അതിലുണ്ട്. ഒരു കമ്പനി 'പി.ആർ' നടത്തുമ്പോൾ ആ കമ്പനി സ്വയം എന്ത് എന്നതിലല്ല ഊന്നുക; മറിച്ച്, മറ്റുള്ളവർ അതിനെപ്പറ്റി എന്ത് കരുതണം എന്നതിലാണ്. പൊതുബോധത്തെ...

പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ ഉപയോഗപ്പെടുത്താറുണ്ട്. സർക്കാറിന്റെ പ്രവർത്തനം നന്നാകണമെന്നില്ല, പ്രതിഛായ നിർമിതി കാര്യക്ഷമമായാൽ മാത്രം മതി, ദുർഭരണത്തിന്റെ ഇരകൾപോലും വോട്ടു കൊടുത്തുകൊള്ളും.

ബ്ലിക് റിലേഷൻസ് (പി.ആർ) ശാസ്ത്രമോ അതോ കലയോ, പരസ്യമോ അതോ വെറും പൊതുസമ്പർക്കമോ എന്നൊക്കെ തർക്കിക്കാം. ഒരു കാര്യം സത്യം: കള്ളപ്രചാരണത്തിന്റെ അംശം എക്കാലവും അതിലുണ്ട്. ഒരു കമ്പനി 'പി.ആർ' നടത്തുമ്പോൾ ആ കമ്പനി സ്വയം എന്ത് എന്നതിലല്ല ഊന്നുക; മറിച്ച്, മറ്റുള്ളവർ അതിനെപ്പറ്റി എന്ത് കരുതണം എന്നതിലാണ്. പൊതുബോധത്തെ തന്നിഷ്ടത്തിനൊത്ത് മാനേജ് ചെയ്യലാണ് പി.ആർ. യാഥാർഥ്യത്തെക്കാൾ പ്രതിഛായയിലാണ് ശ്രദ്ധ. മാധ്യമങ്ങളും പരസ്യങ്ങളും പി.ആറിന്റെ ഉപകരണങ്ങളാകും.

സത്യത്തോടല്ല, പൊതുധാരണയോടാണ് പി.ആറിന് കൂറ് എന്നതിന് തെളിവ് ഒരു നൂറ്റാണ്ടുമുമ്പ് ആധുനിക പി.ആർ സമ്പ്രദായം തുടങ്ങിയവരുടെ ചരിത്രത്തിൽതന്നെ കാണാം. ''പബ്ലിക് റിലേഷൻസിന്റെ പിതാവ്'' എന്ന് അറിയപ്പെടുന്നത് ഓസ്ട്രിയയിലെ വിയനയിൽ ജനിച്ച് പിന്നീട് അമേരിക്കയിൽ പി.ആർ പ്രവർത്തനം തൊഴിലാക്കിയ എഡ്വേഡ് ബെർണെയ്സ് ആണ്. അദ്ദേഹത്തിനുമുമ്പേ ഈ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ അമേരിക്കക്കാരനുണ്ട് -ഐവി ലീ. എന്നിട്ടും പിതൃസ്ഥാനം ബെർണെയ്സിന് കിട്ടിയതെങ്ങനെ? ഉത്തരം ലളിതം: ''പിതാവ്'' എന്ന പദവി ന്യൂയോർക് ടൈംസ് പത്രം അനുശോചനക്കുറിപ്പിലൂടെ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തതാണ്. 'പബ്ലിക് റിലേഷൻസ്' എന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയത് ഓർത്താവാം ഇത്. ഏതായാലും പി.ആറിന്റെ പിതാവ് എന്ന സ്ഥാനം പോലും നേരനുസരിച്ചല്ല, പ്രചാരണ പ്രകാരമാണ് നിർണയിക്കപ്പെട്ടു കിടക്കുന്നത്.

പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഒരുകാലത്ത് വൻകിട വ്യാപാരസ്ഥാപനങ്ങൾ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനാണ് അത് ഉപയോഗിച്ചത്. ഉൽപന്നങ്ങളെപ്പറ്റിയും കമ്പനിയെപ്പറ്റിയും ജനങ്ങളിൽ നല്ല ധാരണ സൃഷ്ടിക്കാൻ പി.ആർ കമ്പനികളെ ആശ്രയിച്ചു. പിന്നീട് ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ ഉപയോഗപ്പെടുത്തിത്തുടങ്ങി. സർക്കാറിന്റെ പ്രവർത്തനം നന്നാകണമെന്നില്ല, പ്രതിഛായ നിർമിതി കാര്യക്ഷമമായാൽ മാത്രം മതി, ദുർഭരണത്തിന്റെ ഇരകൾപോലും വോട്ടു കൊടുത്തുകൊള്ളും.

സ്വയം രക്ഷകവേഷമിടാൻ മാത്രമല്ല, എതിരാളിയെ പിശാചാക്കാനും പി.ആർ പാകമാണ്. സദ്ദാം ഹുസൈനെതിരെ പൊതുബോധം രൂപപ്പെടുത്തുക എന്ന ദൗത്യം റെൻഡൻ ഗ്രൂപ്പ് എന്ന പി.ആർ കമ്പനിയെ യു.എസ് സർക്കാർ (ബിൽ ക്ലിന്റൻ) ഏൽപ്പിച്ചിരുന്നു. സദ്ദാമിന്റെ കുവൈത്ത് അധിനിവേശം ''പിശാചുവത്കരണ''ത്തിന് സൗകര്യവുമായി. സദ്ദാമിന്റെ ശബ്ദത്തിൽ വിഡ്ഢിത്തങ്ങൾ പറയുന്ന മിമിക്രിക്കാരൻ പയ്യനെവരെ കമ്പനി ഉപയോഗിച്ചു. സദ്ദാമിന്റെ മടയത്തങ്ങൾ ലോകമാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ വിജയിച്ചത് പി.ആർ.

കമ്പനി-സർക്കാർ-പി.ആർ കൂട്ടുകെട്ടിന്റെ മറ്റൊരു മാതൃക 1980കളുടെ ഒടുവിലും കണ്ടു. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വ്യക്തമായതോടെ അമേരിക്കയിൽ സിഗരറ്റ് വിൽപന ഇടിഞ്ഞു. പുകയിലക്കമ്പനികൾ തായ്‍ലൻഡ്, ജപ്പാൻ, കൊറിയ, തായ്‍വാൻ തുടങ്ങിയ ഏഷ്യൻ പ്രദേശങ്ങളിലേക്ക് വൻതോതിൽ സിഗരറ്റ് കയറ്റി അയക്കാൻ തുടങ്ങി. അപകടം തിരിച്ചറിഞ്ഞ തായ്‍ലൻഡ് സർക്കാർ അന്നാട്ടിലെ പത്രങ്ങളിൽ യു.എസ് കമ്പനികളുടെ സിഗരറ്റ് പരസ്യം നിരോധിച്ചു. ഉടനെ അമേരിക്കയുടെ പി.ആർ ഇറങ്ങി. സ്വതന്ത്ര വ്യാപാരത്തിനുമേലുള്ള കടന്നുകയറ്റമാണീ നിരോധം എന്നായി പ്രചാരണം. തായ്‍ലൻഡിന് പിൻവാങ്ങേണ്ടി വന്നു.

യുക്രെയ്ൻ അധിനിവേശം മുതൽ കാലാവസ്ഥാ പ്രതിസന്ധിവരെയുള്ള ഇന്നത്തെ വലിയ വിഷയങ്ങളിലെല്ലാം പി.ആർ കമ്പനികളുടെ ഇടപെടലുണ്ട്. നാം എന്ത് വിചാരിക്കണം എന്ന് പറഞ്ഞുതരുന്നത് അവരാണ്.

പറഞ്ഞുതരുന്നതിനുമപ്പുറം, അതാണ് ശരി എന്ന് നമ്മെ ബോധ്യപ്പെടുത്താൻ അത് ഉതകും. അവരെക്കാൾ ആവേശത്തോടെ അത് ഏറ്റെടുക്കാനും അത് നമ്മെ പ്രേരിപ്പിക്കും. പൊതുപങ്കാളിത്തം (Third -party mobilization എന്ന് സാങ്കേതിക പദം) വഴി ഏത് ഉൽപന്നവും ആശയവും ശക്തമായി വിപണനം ചെയ്യാൻ കഴിയുമെന്ന് പി.ആർ തത്ത്വം പറയുന്നു.

പി.ആറിന്റെ ''പിതാവ്'' ബെർണെയ്സ് 1929ൽ ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു.

സിഗരറ്റ് കമ്പനികൾക്കുവേണ്ടിയായിരുന്നു അതും. പുകവലിക്കുന്നത് പുരുഷന്മാർ മാത്രമാണെന്ന് കണ്ട കമ്പനികൾ സ്ത്രീകളെക്കൊണ്ടുകൂടി പുകവലിപ്പിക്കാൻ ബെർണെയ്സിനോടാവശ്യപ്പെട്ടു. അദ്ദേഹം ഈസ്റ്റർ നാളിൽ ഒരു വനിതാ പ്രകടനം സംഘടിപ്പിച്ചു. ന്യൂയോർക്കിലൂടെ (കൂലിക്കെടുത്ത) സ്ത്രീകൾ പരസ്യമായി സിഗരറ്റ് വലിച്ച് മാർച്ച് ചെയ്തു. ''സ്വാതന്ത്ര്യപ്പന്തങ്ങൾ''എന്നാണ് ചുണ്ടിലെരിയുന്ന സിഗരറ്റിനെ അവർ വിളിച്ചത്.

തല്പരകക്ഷികൾ അണിയറയിൽ മറഞ്ഞിരിക്കുകയും അവരുടെ താല്പര്യം പൊതുജനങ്ങളുടേതെന്ന മട്ടിൽ ആരൊക്കെയോ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്ന ഈ പി.ആർ രീതി 'ആസ്ട്രോ ടർഫിങ്' (astro turfing) എന്ന പേരിൽ ഇന്ന് പ്രസിദ്ധമാണ്.

കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരം എണ്ണ ഇന്ധനങ്ങൾ ഒഴിവാക്കലാണെന്ന് ശാസ്ത്രലോകം പറഞ്ഞതോടെ എണ്ണക്കമ്പനികൾ ഇളകി -അവരുടെ പി.ആർ ഏജന്റുമാരും. ശാസ്ത്രജ്ഞർ പറയുന്നത് ശരിയല്ല എന്ന് ആദ്യം പ്രചരിപ്പിച്ചു. പിന്നെ പറഞ്ഞു, എല്ലാ ശാസ്ത്രജ്ഞരും യോജിക്കുന്നില്ല എന്ന്. ഇതെല്ലാം തെറ്റാണെന്ന് വന്നതോടെ ഇപ്പോൾ അവർ, ''മലിനീകരണം കുറഞ്ഞ എണ്ണ ഇന്ധനവിദ്യ''കളെപ്പറ്റി പ്രചാരണം തുടങ്ങിയിരിക്കുന്നു (green washing).

അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഒരൊറ്റ ഉൽപാദക കമ്പനി മാത്രം എഡൽമൻ എന്ന ഒരൊറ്റ പി.ആർ കമ്പനിക്കുമാത്രം 2008 മുതൽ 44 കോടി ഡോളർ ഫീസായി നൽകിയിട്ടുണ്ട്. ഇങ്ങനെ എത്ര ഉൽപാദകർ! എത്ര പി.ആർ കമ്പനികൾ! എത്ര ഫീസ്! ഇതെല്ലാം ഒടുവിൽ പുലരുക, നമ്മുടെ മനസ്സിലെ ചിന്തകളായിട്ടാണ്. ആ ചിന്തകൾ നമ്മോടു പറയും, ശാസ്ത്രജ്ഞരല്ല ഇവരാണ് നേര് പറയുന്നതെന്ന്. ആത്യന്തികമായി പി.ആർ ഒരു നുണവ്യവസായമാണ് എന്ന് ചുരുക്കം.

''പിശാചുവത്കരണ''ത്തിന്റെ

ഫയലുകൾ

പി.ആർ മേഖലയിൽ പ്രമുഖനായിരുന്ന ഐവി ലീയെ പ്രതിഛായ നിർമിതി ഉപയോഗിച്ചവരിൽ വ്യവസായി കുടുംബമായ റോക്ക്ഫെലർമാർ മാത്രമല്ല, നാത്സി ഭരണകൂടവുമുണ്ടായിരുന്നു. പിന്നാലെ വന്ന ബെർണെയ്സ് തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്, അഡോൾഫ് ഹിറ്റ്ലറും ജോസഫ് ഗീബൽസും അടക്കമുള്ള യൂറോപ്യൻ ഫാഷിസ്റ്റുകൾ തന്റെ പുസ്തകങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്.

ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം പടരാനും മനുഷ്യസമൂഹത്തിന്റെ നിത്യവ്യാപാരങ്ങളെ നിർണയിക്കുന്ന പ്രമുഖ ചോദനയാവാനും പി.ആർ മേഖലക്ക് സാധിച്ചതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം, അത്രതന്നെ ശക്തിപ്പെട്ടുകഴിഞ്ഞ ഏകാധിപത്യ പ്രവണതകളാണ്. സ്വേഛാധിപതികളെ താങ്ങി നിർത്തുന്നത് അമിതാധികാരമാണ് -അതിന്റെ ബലമാകട്ടെ, ആയുധം, പണം, പ്രചാരണം എന്നിവയും.

'കശ്മീർ ഫയൽസ്' എന്ന സിനിമ ഈ രംഗത്തെ ലക്ഷണമൊത്ത മാതൃകയാണ്. പ്രധാനമന്ത്രി നേരിട്ട് പ്രമോട്ട് ചെയ്യുന്ന, നികുതിയിളവും പ്രത്യേക അവധിയുമായി വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകൾ സ്പോൺസർ ചെയ്യുന്ന വൻ പി.ആർ ശൃംഖലകളിലൂടെ മാർക്കറ്റ് ചെയ്യപ്പെടുന്ന വലിയൊരു ദുരാഖ്യാനം. ഭരണകൂടം തന്നെ ഒരു പി.ആർ ഏജൻസിയാകുന്ന ആപൽക്കരമായ മാതൃക.

കശ്മീരിൽനിന്ന് പണ്ഡിറ്റുകൾ പലായനം ചെയ്യേണ്ടിവന്നത് ഇന്ത്യയിലെ അത്തരത്തിലുള്ള ഏകസംഭവമല്ല (ഗുജറാത്ത് ഫയൽസ് എന്ന സിനിമ താനെടുക്കട്ടെ എന്ന് വിനോദ് കാപ്രി പ്രധാനമന്ത്രിയോട് ചോദിച്ചത് ഇത് ചൂണ്ടിക്കാട്ടാനാണ്). പണ്ഡിറ്റുകളുടെ പലായനം നടക്കുമ്പോൾ കേന്ദ്ര ഭരണത്തിൽ ഇന്നത്തെ ബി.ജെ.പി പക്ഷമുണ്ടായിരുന്നു എന്ന വസ്തുത വിവേക് അഗ്നിഹോത്രിയുടെ 'കശ്മീർ ഫയൽസ്' മറച്ചുപിടിക്കുന്നു. 4000 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു എന്ന് കണക്ക് പെരുപ്പിച്ചതും ഉദ്ദേശ്യപൂർവംതന്നെ (കൊല്ലപ്പെട്ടത് 600 പേെരന്ന് പണ്ഡിറ്റുകളുടെ സംഘടന; 219 പേരെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്). പണ്ഡിറ്റുകൾ മുതൽ മുൻ അധികൃതർവരെ സിനിമയിലെ അവതരണത്തെ ചോദ്യംചെയ്യുന്നു. (sabrangindia.inൽ പണ്ഡിറ്റ് സംഘടനാ നേതാവ് സഞ്ജയ് ടിക്കുവുമായുള്ള അഭിമുഖം കാണുക.)

'റോ' മേധാവിയായിരുന്ന എ.എസ്. ദുലാത് ''ഇത് വെറും പ്രചാരണ സിനിമ''എന്ന് പറഞ്ഞ് കശ്മീർഫയൽസിനെ തള്ളുന്നു. കശ്മീരിന്റെ പ്രത്യേക പദവിയെ (370ാം വകുപ്പ്) വൻ പാതകമായി സിനിമ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, സർദാർ പട്ടേലാണ് അതിനു പിന്നിലെന്നും, (ഇത് സിനിമ ഒളിച്ചുവെക്കുന്നു) അതാണ് ന്യായമെന്നും റദ്ദാക്കിയതാണ് അന്യായമെന്നും ദേശീയ സുരക്ഷാ ബോർഡ് മുൻ അംഗം ശ്രീനാഥ് രാഘവൻ അടക്കം സമർഥിച്ചിട്ടുണ്ട്.

പക്ഷേ, വസ്തുതകൾക്കെതിരെ പി.ആർ സിനിമ മുന്നേറുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞത് മാധ്യമരംഗത്തെ പ്രമുഖരാണ്. അതിനെതിരെ ശബ്ദമുയർത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തെ 28 പ്രമുഖ മാധ്യമപ്രവർത്തകർ സംയുക്ത പ്രസ്താവന ഇറക്കി. വെറുപ്പ് പ്രസരിപ്പിച്ച് ന്യൂനപക്ഷങ്ങളെ കുരുതിക്ക് കൊടുക്കുന്ന പുതിയ ദുഷ്പ്രവണതകൾക്കെതിരെ രാഷ്ട്രപതിയും ജുഡീഷ്യറിയും ഇലക്ഷൻ കമീഷനുമടക്കം തങ്ങളുടെ ഭരണഘടനാ ബാധ്യത നിർവഹിക്കണമെന്നും മാധ്യമപ്രമുഖർ ആവശ്യപ്പെടുന്നു.

രാജ്യത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്നവർ ഏറ്റുപറയേണ്ടതാണിത്. ''മൗനം പോംവഴിയല്ല'' (Silence is not an option) എന്ന തലക്കെട്ടിലുള്ള ഈ പ്രസ്താവന, പക്ഷേ, മലയാള മാധ്യമങ്ങളിൽ വലിയ ചലനമുണ്ടാക്കിയതായി കണ്ടില്ല. ഇതെഴുതുന്നതുവരെ ഒരു പത്രമാണ് (മാധ്യമം, മാർച്ച് 26) ഈ വിഷയത്തിൽ മുഖപ്രസംഗമെഴുതിക്കണ്ടത്.

അനീതി നടക്കുമ്പോൾ മൗനം പാലിക്കുന്നത് അനീതിയോടു കൂട്ടുചേരലാണ്. ''അനീതി കണ്ടിട്ടും നിഷ്പക്ഷത പുലർത്തുന്നെങ്കിൽ നിങ്ങൾ അക്രമിയുടെ പക്ഷം ചേർന്നു എന്നർഥം'' -ഡെസ്മണ്ട് ടുട്ടു. മാധ്യമലോകം മൗനംവെടിയണം.

Tags:    
News Summary - madhyamam weekly media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.