''മന്ത്രി മാധ്യമങ്ങളെ കാണുന്നു''; ''പാർട്ടി പ്രസിഡന്‍റ് മാധ്യമങ്ങളെ കാണുന്നു''...
നമ്മുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നായി മാറിയിരിക്കുന്നു മാധ്യമങ്ങളോട് സംസാരിക്കൽ. ജനാധിപത്യത്തിൽ ജനങ്ങളുമായി സംവദിക്കാനും അവരെക്കൂടി ചർച്ചയിൽ പങ്കാളികളാക്കാനും സഹായിക്കുന്ന നല്ല ഉപാധിയാണ് മാധ്യമങ്ങൾ.
എന്നാൽ, ഇതിൽ ജനങ്ങളുടെ സ്ഥാനം എവിടെയാണ് എന്ന് അന്വേഷിക്കുമ്പോഴാണ് എത്ര ഏകപക്ഷീയമാണ് മാധ്യമങ്ങളിലൂടെ നടക്കുന്ന ''ജനാധിപത്യ സംവാദം'' എന്ന് മനസ്സിലാവുക. ജനങ്ങൾ എല്ലാം കേട്ടു മനസ്സിലാക്കേണ്ടവരാണ്; അവർക്ക് സ്വന്തം അഭിപ്രായം വേണ്ട എന്ന സമീപനം. മറിച്ച്, പാർട്ടിയുടെ നേതാക്കളിൽനിന്ന് നിലപാട് മനസ്സിലാക്കി അതിനെ ന്യായീകരിക്കുകയാണ് അണികൾ ചെയ്യേണ്ടത് എന്ന്.
പാർട്ടികളുടെയും പാർട്ടി നേതൃത്വങ്ങളുടെയും അപ്രമാദിത്വം ഇങ്ങനെ ഉറപ്പിക്കുന്ന ധർമമല്ലേ മാധ്യമങ്ങൾ ഇന്ന് നിർവഹിക്കുന്നത്?
സിൽവർ ലൈൻ പദ്ധതിയുടെ കാര്യമെടുക്കുക. ഭരണമുന്നണി ഒരു പക്ഷത്തും പ്രതിപക്ഷം മറുപക്ഷത്തും നിരന്ന് നിൽക്കുന്നു. ഭരണമുന്നണിയിൽതന്നെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. സി.പി.എമ്മിലുമുണ്ട്. എന്നാൽ, ''മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കു''മ്പോഴും ''പാർട്ടി സെക്രട്ടറി മാധ്യമങ്ങളോടു സംസാരിക്കു''മ്പോഴുമെല്ലാം ഒരേയൊരു വീക്ഷണം സംസ്ഥാന ഭരണത്തിന്‍റേതായി അവതരിപ്പിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്‍റെ കാര്യത്തിലും ഇതുണ്ടാകാം.
ജനങ്ങളെ ഏറ്റവുമധികം നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽപോലും അവരുടെ പ്രതീക്ഷകളും ആശങ്കകളുമല്ല മാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കപ്പെടുന്നത് എന്ന് ചുരുക്കം. അവർക്ക് വേണ്ടി മറ്റാരോ എടുത്ത തീരുമാനങ്ങൾ അവരുടേതെന്നനിലക്ക് അവതരിപ്പിക്കപ്പെടുന്നു.
ജനകീയ യാഥാർഥ്യങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ് ചാനൽ സ്ക്രീനുകളിലൂടെ പുറത്തുവരുന്ന ചർച്ചകൾ. ഉദാഹരണത്തിന്, സംസ്ഥാനത്ത് ഒരു നിയമസഭാംഗത്തെപോലും ജയിപ്പിക്കാനാകാത്ത ബി.ജെ.പി ചർച്ചകളിൽ മൂന്നിലൊന്ന് സ്ഥാനമുള്ള അനിവാര്യ ഘടകമായി പ്രത്യക്ഷപ്പെടുന്നു. ഭരണപക്ഷം, പ്രതിപക്ഷം, ബി.ജെ.പി എന്ന തരത്തിലുള്ള സ്ക്രീൻ പങ്കാളിത്തം സംസ്ഥാനത്തെ യാഥാർഥ്യത്തിന്‍റെ പ്രതിഫലനമല്ല. മറിച്ച്, മാധ്യമങ്ങളിലൂടെ അടിച്ചേൽപിക്കപ്പെടുന്ന കൃത്രിമമായ ഒരു 'പാറ്റേൺ' ആണത്.
പാർട്ടികൾക്കുള്ളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ടായിരിക്കുക ജനാധിപത്യത്തിന്‍റെ ലക്ഷണമാണ്. അതേസമയം, മാധ്യമങ്ങളിൽ പാർട്ടി പ്രാതിനിധ്യമെന്നാൽ നേതാക്കളാണ്; അവർ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയുടേതായി അണികളിൽ അടിച്ചേൽപിക്കുന്ന ഉപകരണംകൂടിയാണ് പലപ്പോഴും മാധ്യമങ്ങൾ.
ജനാധിപത്യത്തിൽ തീരുമാനങ്ങൾ ''താഴെനിന്ന് മുകളിലേക്ക്'' ആണ് ഉരുത്തിരിയുക. ജനഹിതമാണ് നടപ്പാകേണ്ടത്. അതാണ് നേതൃത്വത്തിന്‍റെ തീരുമാനമാകേണ്ടത്. ഗ്രാമീണരടക്കമുള്ള ജനങ്ങളുടെ ഹിതവും അഭിപ്രായവുമാണ് മാധ്യമങ്ങളിലൂടെ സമൂഹം കേൾക്കേണ്ടത്.
എന്നാൽ, ഇന്ന് മാധ്യമങ്ങൾ ഈ ജനകീയ പ്രക്രിയയുടെ ഭാഗമല്ല. മറിച്ച്, ഭരണകൂടങ്ങളുടെ ഉപകരണമാണവ. ''മുകളിൽനിന്ന് താഴോട്ട്'' ഏകപക്ഷീയമായി അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനങ്ങൾക്ക് മാധ്യമങ്ങൾ ആധികാരികതയും സ്വീകാര്യതയും നൽകുന്നു.
ഈ ഏകദിശാ മാധ്യമരീതി ഏറ്റവും വിജയകരമായി പ്രയോഗിക്കുന്നത് കേന്ദ്ര സർക്കാറും പ്രധാനമന്ത്രി മോദിയുമാണ്. ഭരണകേന്ദ്രങ്ങളിൽ മാധ്യമങ്ങൾക്ക് മുൻകാലത്തുണ്ടായിരുന്ന പ്രവേശനം ഇപ്പോഴില്ല. വിദേശ യാത്രകളിൽ മുൻ പ്രധാനമന്ത്രിമാർ ഏതാനും മാധ്യമപ്രവർത്തകരെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. മോദി അതും നിർത്തലാക്കി.
മുമ്പ് എല്ലാ പ്രധാനമന്ത്രിമാരും ഇടക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു. വാർത്താസമ്മേളനങ്ങൾ വിളിക്കും; അഭിമുഖങ്ങൾ നൽകും. മോദി ഇതൊന്നും ചെയ്യുന്നില്ല. എട്ടുവർഷം സ്ഥാനത്തിരുന്നിട്ടും ഒറ്റ വാർത്താ സമ്മേളനംപോലും നടത്താത്ത പ്രധാനമന്ത്രി എന്ന റെക്കോഡാണ് അദ്ദേഹത്തിന്‍റേത്.
ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ഉന്നയിക്കാൻ അവസരമില്ല എന്നതാണ് ഇതിലെ കുഴപ്പം. അതേസമയം, പ്രധാനമന്ത്രിക്ക് പറയാനുള്ളതെല്ലാം ഭംഗമില്ലാതെ താഴോട്ട് ലഭ്യമാകുന്നുണ്ടുതാനും. 'മൻകീ ബാത്' പ്രസംഗങ്ങൾ, ട്വിറ്റർ പോസ്റ്റുകൾ തുടങ്ങിയവ ശ്രദ്ധിച്ച് വാർത്തയാക്കാൻ വിധിക്കപ്പെട്ടവരാണ് മാധ്യമങ്ങൾ. അങ്ങോട്ട് അന്വേഷിക്കാൻ വഴിയില്ല; ഇങ്ങോട്ട് പറയും, അത് വാർത്തയാക്കിക്കൊള്ളണം.
നേതൃത്വങ്ങളും മന്ത്രിമാരും മാത്രം അഭിപ്രായം പറയുന്ന, ജനങ്ങൾ കേട്ട് അനുസരിക്കുക മാത്രം ചെയ്യുന്ന, ഒരു ''സംവാദ'' സംസ്കാരം സൃഷ്ടിച്ചത്, പക്ഷേ, മോദിയല്ല. ജനങ്ങളിൽനിന്ന് അകന്ന്, പ്രസ് റിലീസുകളും പ്രോഗ്രാം നോട്ടീസും മാത്രം നോക്കി വാർത്തയുണ്ടാക്കുന്ന ചാരുകസേര ജേണലിസം അതിന് മുമ്പേയുണ്ട്. ഇലക്ഷൻ കാലത്ത് നിക്ഷിപ്ത താൽപര്യക്കാർ നടത്തിയ അഭിപ്രായ സർവേ മാത്രം നോക്കി ഫലം പ്രവചിക്കുകയും യഥാർഥ ഫലം വന്നപ്പോൾ ഇളിഭ്യരാവുകയും ചെയ്ത അനുഭവങ്ങൾ മാധ്യമങ്ങൾക്കുണ്ടല്ലോ. ജനങ്ങളിൽനിന്നും ജനയാഥാർഥ്യത്തിൽനിന്നും അവർ അകന്നിരിക്കുന്നു.
എന്താണ് പരിഹാരം? രാഷ്ട്രീയക്കാരെ മാത്രം വാർത്തയാക്കുന്ന രീതിക്ക് അറുതിയുണ്ടാക്കാനാകുമോ? പാർട്ടി അണികളായാലും അല്ലെങ്കിലും വ്യക്തികളുടെ സത്യസന്ധമായ നിലപാടുകൾക്ക് വിലകൽപിക്കാൻ കഴിയുമോ? അത്തരം മാധ്യമപ്രവർത്തനം സാധ്യമാണോ?
രാഷ്ട്രീയവും അധികാരവും കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തനം അമേരിക്കക്ക് ദോഷം ചെയ്തു എന്ന് ലോസാഞ്ചലസിലെ ജേണലിസ്റ്റ് ടോണി മർകാനോ എഴുതുന്നു (മീഡിയം ഡോട്ട്കോം). അദ്ദേഹം ഒരു പരിഷ്കരണം നിർദേശിക്കുന്നു: റിപ്പോർട്ടർമാർക്കുള്ള 'ബീറ്റു'കളിൽനിന്ന് 'പൊളിറ്റിക്സ് ബീറ്റ്' ഒഴിവാക്കുക. പകരം 'പൗര, ജനാധിപത്യ ബീറ്റ്' ('സിവിക്സ് ആൻഡ് ഡെമോക്രസി ബീറ്റ്') ഏറ്റെടുക്കുക.
ഇതിന്, റിപ്പോർട്ടർമാർ ജനങ്ങളിലേക്ക് ഇറങ്ങേണ്ടിവരും. കക്ഷിരാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാകരുത് ജനങ്ങളെ സമീപിക്കുന്നത് -അവരുടെ വീക്ഷണങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാനാകണം. ''വിഭാഗീയമായ രാഷ്ട്രീയം ചർച്ചചെയ്യാനോ രാഷ്ട്രീയക്കാരുടെ കുതികാൽവെട്ടും വാദങ്ങളും അവതരിപ്പിക്കാനോ ഞങ്ങൾക്ക് താൽപര്യമില്ല. പൗരജീവിതത്തിൽ തെരഞ്ഞെടുപ്പിൽനിന്നുണ്ടാകേണ്ട മാറ്റങ്ങളെപ്പറ്റി ജനങ്ങൾ എന്ത് കരുതുന്നു എന്നാണറിയേണ്ടത്.''
ഭരണാധികാരികളെ വെറുതെ വിടണമെന്നല്ല. അവരെ യഥാർഥ വീഴ്ചകൾ ബോധ്യപ്പെടുത്തുകതന്നെ വേണം. പക്ഷേ, ഏറ്റവും ഉച്ചത്തിൽ പറയുന്നയാളാണ് ശരി എന്ന രീതി തിരുത്തപ്പെടണം.
സിൽവർ ലൈനിനെപ്പറ്റി പറയുമ്പോൾ ''വികസനം തടയാൻ ജനങ്ങൾ അനുവദിക്കില്ലെ''ന്ന് മുഖ്യമന്ത്രി അവകാശപ്പെടും; ജനങ്ങൾ ചൂഷണത്തെ ചെറുക്കുമെന്ന് പ്രതിപക്ഷവും. അത് പകർത്തുന്നതിനു പകരം, ഇപ്പറയുന്ന ജനങ്ങളോട് നേരിട്ടന്വേഷിക്കുക എന്നതാണ് 'പൊളിറ്റിക്സ് ബീറ്റ്' ഒഴിവാക്കി 'സിവിക്സ് ബീറ്റ്' ഏറ്റെടുക്കുന്നതിന്‍റെ ഉദ്ദേശ്യം.
ജനങ്ങളെ ശരിയായ വിവരങ്ങൾ അറിയിക്കുക; അവരുടെ ശരിയായ നിലപാടുകൾ അറിയുക. വിവരമില്ലായ്മയും വിവരക്കേടുമാണ് ജനങ്ങളെ വഴിതെറ്റിക്കാൻ നേതാക്കളെ പ്രാപ്തരാക്കുന്നത്.
മർകാനോ പറയുന്ന പരിഷ്കരണമൊന്നും ഉടനെ ഇവിടെ നടപ്പാകില്ല. എന്നാൽ, ജനങ്ങളെ -അവർ ഏത് പാർട്ടിക്കാരായാലും- നേതാക്കളിലൂടെയല്ലാതെ സമീപിക്കാനും അവരുടെ യഥാർഥ വിചാരവികാരങ്ങൾ വാർത്തയാക്കാനും കഴിയേണ്ടതല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.