മാർജാര വിശേഷങ്ങളും ശ്വാനപുരാണങ്ങളുമായി വൈറ്റ്ഹൗസ് വാർത്തകൾ മാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുകൊണ്ടിരുന്ന സമയത്ത് ഇടംകിട്ടാതെ പോയത്, അമേരിക്കയും വൈറ്റ് ഹൗസും ചെയ്തുകൂട്ടിയതും തുടരുന്നതുമായ കടുംകൈകൾ കാരണം നരകിക്കുന്ന ജനതകളുടെ വാർത്തകൾക്കാണ്.
''വൈറ്റ്ഹൗസിൽ ബൈഡനും ജില്ലിനും കൂട്ടായി വില്ലോയും; ബുഷിന്റെ ലാളനയേറ്റ ഇൻഡ്യക്ക് പിൻഗാമിപ്പൂച്ച.''
''ജോർജ് ഡബ്ല്യു. ബുഷിന്റെ 'ഇന്ത്യ' എന്ന പൂച്ചയ്ക്കു ശേഷം വൈറ്റ്ഹൗസിലെ അഭിജാത ജീവിതത്തിനായി ഒരു മാർജാരൻ കടന്നുവരുന്നത് ആദ്യമാണ്.''
''വൈറ്റ്ഹൗസിലെ ഏവരുടെയും പ്രിയപ്പെട്ട പുതിയ ഒരംഗത്തെ പരിചയപ്പെടുത്തുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡൻ.''
അന്താരാഷ്ട്ര വാർത്തയായി നമ്മുടെ പത്രങ്ങളിൽ (ജനുവരി 29) കണ്ട ഒരു വിശേഷമാണിത്. അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ഡോ. ജിൽ ബൈഡനും ഒരു പൂച്ചയെ വളർത്താനെടുത്തിരിക്കുന്നു.
പൂച്ചയുടെ നിറം, കണ്ണുകൾ, ശീലങ്ങൾ, അതിനിട്ട പേര്, ആ പേര് വന്ന വഴി തുടങ്ങി അതിന്റെ ജാതകംവരെ വിശേഷങ്ങളിൽപെടും. ''വൈറ്റ്ഹൗസിൽ ബൈഡനും ജില്ലിനും കൂട്ടായി വില്ലോയും'' എത്തിയ വിവരം ഒഴിവാക്കാനാവാത്ത ലോകവാർത്തയാണ് മിക്ക പത്രങ്ങൾക്കും. ജനുവരി 28നാണ് ''പൂച്ചയെ ദത്തെടുത്ത വിവരം ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചത്'' എന്നൊക്കെ എഴുതുമ്പോൾ ആ പ്രാധാന്യമാണ് അവ പ്രതിഫലിപ്പിച്ചത്. (ബൈഡനല്ല ''പ്രഖ്യാപിച്ച''ത് -ഭരണകൂടം!).
ഈ ''ഭരണകൂട'' പരിഷ്കാരങ്ങളുടെ ചെറുപട്ടിക ഇങ്ങനെ: ''വില്ലോക്ക് മുമ്പ് ബൈഡൻ ഭരണകൂടം ഒരു നായ്ക്കുട്ടിയെ ദത്തെടുത്തിരുന്നു. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നാലുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ആയിരുന്നു വാങ്ങിയത്. കമാൻഡർ എന്നാണ് അവന്റെ പേര്. 2018ൽ... ബൈഡൻ വാങ്ങിയ നായയെയും വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്നിരുന്നു. മേജർ എന്നായിരുന്നു അവന്റെ പേര്. എന്നാൽ, വൈറ്റ്ഹൗസിലെ തിരക്കേറിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ മേജറിന് കഴിഞ്ഞില്ല. അതിനാൽ, മേജറിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. മാത്രമല്ല, ബൈഡന് ഏറെ പ്രിയപ്പെട്ട ചാമ്പ് എന്നുപേരുള്ള മറ്റൊരു നായകൂടി വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ജൂൺ മാസത്തിൽ ആ നായ ചത്തു. ചാവുന്ന സമയത്ത് ചാമ്പിന് 13 വയസ്സായിരുന്നു പ്രായം.''
''ചത്തു'' എന്ന വാക്കൊഴിച്ചാൽ വിശദമായ ഈ വിവരണത്തിൽ കുറ്റം പറയാൻ ഒന്നും കാണില്ല. (''തീപ്പെട്ടു'' എന്ന വാക്ക് ഓർമയിൽ വരാത്തതുകൊണ്ടാവണം ആ ചെറിയ പിഴവ് വന്നുപോയത്).
''ചാരനിറ''വും ''പച്ചനിറത്തിലുള്ള കണ്ണു''മുള്ള വില്ലോ, ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്തിന് ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യ പൂച്ചയാണെന്ന അമൂല്യവിവരവും റിപ്പോർട്ടുകളിൽ വായിക്കാം; ബുഷിന്റെ പൂച്ചയുടെ പേര് 'ഇന്ത്യ' എന്നായിരുന്നു എന്നും.
പൂച്ചയുടെ വർണഫോട്ടോകൾ ഒപ്പമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
പടിഞ്ഞാറൻ പത്രങ്ങളിൽ ആഴത്തിൽ വിശകലനം ചെയ്യുന്ന വിഷയംകൂടിയാണിത്. പ്രസിഡന്റിനെ പ്രഥമ പൗരൻ (ഫസ്റ്റ് സിറ്റിസൻ), പ്രഥമ വനിത (ഫസ്റ്റ് ലേഡി) എന്ന് വിളിക്കുന്ന അവ ഈ പൂച്ചയെ പ്രഥമ മാർജാരൻ (ഫസ്റ്റ് കാറ്റ്) ആയാണ് പരിചയപ്പെടുത്തുന്നത്.
ചില തലക്കെട്ടുകൾ: ''ആശ്വസിക്കൂ, അമേരിക്ക. വൈറ്റ്ഹൗസ് മാർജാരൻ വില്ലോ ഇതാ എത്തി'' (ന്യൂയോർക് ടൈംസ്); ''വാ പൂച്ചേ! ബൈഡൻ കുടുംബം വില്ലോയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തു'' (അസോസിയേറ്റഡ് പ്രസ്); ''ബൈഡന്റെ വളർത്തു മൃഗങ്ങളിൽ ഇനി വില്ലോ എന്ന വൈറ്റ്ഹൗസ് പൂച്ചയും'' (ഗാർഡിയൻ); ''കുടുംബപ്പൂച്ചയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ബൈഡൻ കുടുംബം'' (സി.എൻ.എൻ); ''വില്ലോയെ വരവേറ്റ് ബൈഡൻ കുടുംബം'' (റോയിട്ടേഴ്സ്).
''വിസർജ്യം കളയുന്നതാര്? -വൈറ്റ്ഹൗസ് പൂച്ചകളുടെ നിഗൂഢജീവിതങ്ങളെപ്പറ്റി നിങ്ങൾക്കറിയേണ്ടതെല്ലാം'' എന്ന തലക്കെട്ടോടെ വാഷിങ്ടൺ പോസ്റ്റ് ദീർഘമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. വിശദ ഉത്തരം നൽകാനായി പത്രം തിരഞ്ഞെടുത്ത ചോദ്യങ്ങളിൽ ചിലത്:
''ഇവ എലികളെ പിടിക്കുന്നതിൽ മിടുക്കരാണോ?'' (പോരാ, എന്ന ഉത്തരവും വിശദീകരണവും കൂടെ), ''പൂച്ചകൾ നായ്ക്കളുമായി ഒത്തുപോകുന്നുണ്ടോ?'' (ചിലത് മാത്രം), ''പ്രഥമ മാർജാരന്മാർ ഇത്ര അപൂർവമാകാൻ കാരണം?'' (ഉത്തരം എളുപ്പമല്ല എന്നുപറഞ്ഞിട്ട് ആറു ഖണ്ഡികയിൽ ഉത്തരം നൽകുന്നു), ''ഈ വളർത്തുമൃഗങ്ങൾ വൈറ്റ്ഹൗസ് കെട്ടിടത്തിന് പുറത്ത് പോകാറുണ്ടോ?'', ''തീറ്റ കൊടുക്കുന്നതും ശുശ്രൂഷിക്കുന്നതും ആര്?'' -ഈ ചോദ്യങ്ങൾ, മൊത്തം ചോദ്യങ്ങളുടെ പകുതിപോലുമാകില്ല. ഓരോ ചോദ്യത്തിനും അഞ്ചും ആറും പാര ഉത്തരവും. ലേഖനത്തിന്റെ വലുപ്പം ഊഹിക്കാമേല്ലാ. ഇത്രയൊക്കെ പൂച്ചപ്പുരാണം വർണിച്ചത് വാഷിങ്ടൺ പോസ്റ്റ് മാത്രമല്ല, എന്നുമോർക്കുക. (2021ൽ, പൂച്ചയെ ''ദത്തെടുക്കാനു''ള്ള തീരുമാനം ബൈഡൻ പ്രഖ്യാപിച്ചപ്പോൾ തയാറാക്കിയ ലേഖനം പുതിയ വിവരങ്ങൾ ചേർത്ത് കാലികമാക്കിയിരിക്കുകയാണ് പോസ്റ്റ്.)
മാർജാരവിശേഷങ്ങളും ശ്വാനപുരാണങ്ങളുമായി വൈറ്റ്ഹൗസ് വാർത്തകൾ മാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുകൊണ്ടിരുന്ന സമയത്ത് ഇടംകിട്ടാതെ പോയത്, അമേരിക്കയും വൈറ്റ്ഹൗസും ചെയ്തുകൂട്ടിയതും തുടരുന്നതുമായ കടുംകൈകൾ കാരണം നരകിക്കുന്ന ജനതകളുടെ വാർത്തകൾക്കാണ്.
അഫ്ഗാനിസ്താനെ നശിപ്പിച്ചശേഷം ആ തകർന്ന രാഷ്ട്രത്തെ താലിബാന് ഏൽപ്പിച്ചുകൊടുത്ത് പടികടന്നുപോയ ''വൻശക്തി''യാണ് അമേരിക്ക. എന്നിട്ടവർ ചെയ്തത്, താലിബാനെ ദുർബലപ്പെടുത്താനെന്ന് പറഞ്ഞ് അഫ്ഗാനിസ്താനെതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്. പുറത്തുനിന്ന് ദുരിതാശ്വാസംപോലും ലഭ്യമാകാതെ വലയുന്നത്, പക്ഷേ, താലിബാൻ ഭരണകൂടത്തേക്കാൾ അവിടത്തെ സാധാരണ ജനങ്ങളാണ്.
ലോകത്ത് ഏറ്റവും പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി അഫ്ഗാനിസ്താനെ വേൾഡ് ഫുഡ് പ്രോഗ്രാം എണ്ണുന്നു. കഴിഞ്ഞ ഡിസംബറിൽ റെഡ്ക്രോസ് അറിയിച്ചത്, അവിടെ അഞ്ചുലക്ഷം കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന്റെ വക്കിൽ നിൽക്കുന്നു എന്നാണ്. ഈ സ്ഥിതിക്ക് ഒരു കാരണം അമേരിക്ക തന്നെ.
ആ രാജ്യം വിടുമ്പോൾ അവിടത്തെ സെൻട്രൽ ബാങ്കിലെ 900 കോടി ഡോളർ കരുതൽ ധനം അമേരിക്ക മരവിപ്പിച്ചു. അവരും യു.എന്നും ഏർപ്പെടുത്തിയ ഉപരോധം അങ്ങോട്ടുള്ള സഹായധനംപോലും മുടക്കി. ഈ മാനുഷികദുരന്തം കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങൾ.
ഫെയർ മാധ്യമ നിരീക്ഷക സൈറ്റിൽ ജൂലി ഹോളർ എഴുതുന്നു: കഴിഞ്ഞ ആഗസ്റ്റിൽ അമേരിക്ക അഫ്ഗാൻ വിട്ട സമയത്ത് അമേരിക്കയിലെ ആറു പ്രമുഖ ചാനലുകളിൽ അഫ്ഗാനിസ്താൻ എന്ന പേരിനോട് ചേർത്ത് 'സ്ത്രീകളുടെ അവകാശങ്ങൾ' എന്ന പ്രയോഗം ആവർത്തിച്ച് വന്നിരുന്നു: ഏഴു ദിവസംകൊണ്ട് 42 തവണ. എന്നാൽ, ആ സ്ത്രീകൾ ഇന്ന് പട്ടിണിയിലായ വിവരം പറയാൻ അവക്ക് വയ്യ. അഫ്ഗാനിസ്താനോട് മാനുഷിക (humanitarian) ദുരന്തമെന്ന പ്രയോഗം ചേർത്തത് 37 ദിവസങ്ങളിൽ ആറു ചാനലുകളിലായി 37 തവണ മാത്രം. അതുതന്നെ, ഏറെയും അമേരിക്കയുടെ പങ്ക് എടുത്തുപറയാതെയായിരുന്നു -ഉപരോധമാണ് കാരണമെന്ന് വ്യക്തമാക്കിയത് നാലുതവണ മാത്രം.
ലോകത്തിന്റെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന ദുരന്തഭൂമിയായി മിക്ക ''സമാന്തര'', ''ബദൽ'' മാധ്യമങ്ങളും അഫ്ഗാനിസ്താനെ നിരന്തരം വാർത്തയിലെത്തിക്കുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ നിശ്ശബ്ദത പാലിക്കുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും പോറ്റുമൃഗങ്ങൾ അവക്ക് ഒഴിച്ചുകൂടാനാവാത്ത വാർത്തയാണ്.
അത്തരമൊന്നിൽനിന്ന്:
''പ്രശസ്തിക്ക് പുറമെ ആനുകൂല്യങ്ങളും വി.ഐ.പി പരിഗണനയും അമേരിക്കയുടെ 'പ്രഥമ' വളർത്തുമൃഗങ്ങൾക്ക് ലഭിക്കാറുണ്ട്. ബുഷിന്റെ ബേണി എന്ന നായ് എപ്പോഴും പ്രസിഡന്റിന്റെ കൂടെ എയർഫോഴ്സ് വണിൽ യാത്രചെയ്തിരുന്നു. അതിന്റെ പേരിൽ ഔദ്യോഗിക വെബ്പേജും ഉണ്ടായിരുന്നു...''
ഓരോ പ്രസിഡന്റിന്റെയും ഓരോ നായയെയും പൂച്ചയെയും ചീങ്കണ്ണിയെയുമൊക്കെ ഫീച്ചർ ചെയ്ത സുദീർഘമായ വാർത്തകൾക്കിടയിൽ അഞ്ചു ലക്ഷം കുഞ്ഞുങ്ങളടക്കം 24 ലക്ഷം അഫ്ഗാനികളുടെ പട്ടിണി എന്തിന് വാർത്തയാക്കണം! നായ്ക്കുട്ടിയുടെ ഇഷ്ട ബിസ്ക്കറ്റിനെ പറ്റിയല്ലാതെ, അമേരിക്കൻ ഉപരോധം നീക്കി ദശലക്ഷക്കണക്കിന് അഫ്ഗാനികളുടെ പട്ടിണിയകറ്റുന്നതിനെപ്പറ്റി പറയാൻ ആർക്കുണ്ട് നേരം!
ബോധവത്കരിക്കണം ടി.ഐ. ലാലു എഴുതുന്നു:
''വിയോജിപ്പുകളും എതിരഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ ഏതൊരു പൗരനും അവസരം ഉണ്ടെന്നതാണ് ജനാധിപത്യത്തിന്റെ യഥാർഥ മനോഹാരിത. തികഞ്ഞ അനീതിയാണ് നടമാടുന്നതെന്ന് തിരിച്ചറിയുന്ന സന്ദർഭത്തിൽ നിസ്സഹകരണത്തിനുപോലും ജനാധിപത്യക്രമത്തിൽ ഇടം ലഭിക്കേണ്ടതുണ്ട്. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ഇന്ത്യയിൽ പതിവു ജനാധിപത്യമൂല്യങ്ങൾപോലും അനുദിനം അസ്തമിച്ചുവരികയാണ്. ജനാധിപത്യ അവകാശങ്ങൾ ശുഷ്കിച്ച് വരുമ്പോൾ പകരം സമഗ്രാധിപത്യം ശക്തിപ്പെടുകയാണ്. ഈ ദശാസന്ധിയിൽ ജനാധിപത്യ വിശ്വാസികൾ അവസരത്തിനൊത്തു ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
''ജനാധിപത്യ പാരമ്പര്യം അത്ര വേരുറച്ച ഒരു നാടല്ല നമ്മുടേത്. അടിയന്തരാവസ്ഥ പതിനെട്ട് മാസത്തോളം സഹിച്ച നാടാണിത്. (അടിയന്തരാവസ്ഥക്ക് ഉറച്ച പിന്തുണ കൊടുത്ത സംസ്ഥാനമാണ് പ്രബുദ്ധ കേരളം.) ആയതിനാൽ കേവലം ജനാധിപത്യാവകാശങ്ങളുടെ പുനഃസ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ചാൽ പോരാ. ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും കുറിച്ച് പൗരന്മാരെ ജാഗ്രതയോടെ ബോധവത്കരിക്കുന്ന നിരന്തര പ്രയത്നംകൂടി വേണ്ടതുണ്ട്.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.