സിദ്ദീഖ് കാപ്പനെ രണ്ടര വർഷത്തോളം ജയിലിലിട്ടവർ, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എത്രത്തോളമെന്ന് വിലയിരുത്താൻ ലോകമാധ്യമങ്ങൾക്ക് ഒരിക്കൽകൂടി അവസരമുണ്ടാക്കി.
ബി.ബി.സി എഴുതി: ഇന്ത്യൻ ജേണലിസ്റ്റിനെ രണ്ടു വർഷങ്ങൾക്കുശേഷം ജയിലിൽനിന്ന് വിട്ടയച്ചു... നാല് മേൽജാതിക്കാർ ബലാത്സംഗംചെയ്ത ദലിത് യുവതി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു അറസ്റ്റ്.
അൽജസീറ: 28 മാസം സിദ്ദീഖ് കാപ്പൻ വിചാരണയില്ലാതെ ജയിലിൽ കിടന്നു. കൂട്ട ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോയതിന് ഭീകരവിരുദ്ധ നിയമമനുസരിച്ചായിരുന്നു തടവ്.
ഗാർഡിയൻ: ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയാവുകയും പിന്നീട് മരിക്കുകയുംചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പോയതായിരുന്നു സിദ്ദീഖ് കാപ്പൻ.
ഇൻഡിപ്പെൻഡന്റ്: ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ പീഡിപ്പിച്ച് കൊന്നു എന്ന സംഭവമന്വേഷിക്കാൻ പോയതിനാണ് സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തത്. എഴുതാത്ത റിപ്പോർട്ടിന്റെ പേരിൽ ജയിലിൽ കിടന്നത് 800ലേറെ ദിവസം.
സി.എൻ.ബി.സി, വോയ്സ് ഓഫ് അമേരിക്ക, റോയിട്ടേഴ്സ് തുടങ്ങി അനേകം ആഗോള മാധ്യമങ്ങളും വാർത്ത ഏജൻസികളും ശ്രദ്ധിച്ച സംഭവമാണ് സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്. ദലിത് ബാലികയുടെ അനുഭവവും അത് പുറത്തറിയാതിരിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങളും ലോകശ്രദ്ധയിൽനിന്ന് മറച്ചുപിടിക്കുകയായിരുന്നു അറസ്റ്റിന്റെയും കേസിന്റെയും ഉദ്ദേശ്യമെങ്കിൽ, അതല്ല നടന്നത് – നേർ വിപരീതമാണ്. സിദ്ദീഖ് കാപ്പനെ കുടുക്കിയ മാധ്യമവേട്ടയുടെ അന്തരീക്ഷം മാത്രമല്ല, ദലിത് പെൺകുട്ടിക്ക് യു.പിയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും കൂടുതൽ ചർച്ചചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയെ തോൽപിക്കുന്ന വാർത്താ നിയന്ത്രണംപോലെ, ജാതീയ പീഡനങ്ങളും ഇന്ത്യക്കേൽപിക്കുന്ന ക്ഷതം ചെറുതല്ല. നീതി ലഭിക്കുന്നതിലെ കാലതാമസവും ലോകശ്രദ്ധയിലെത്തി.
ജാമ്യം കിട്ടിയ ശേഷവും സിദ്ദീഖിന്റെ മോചനത്തിനുണ്ടായ കാലതാമസം തന്നെ വാർത്തയായി. ഗാർഡിയൻ എഴുതി: ‘‘(അലഹബാദ് ഹൈകോടതി) ഡിസംബറിൽ ജാമ്യമനുവദിച്ചെങ്കിലും അധികൃതർ സാങ്കേതികത്വം പറഞ്ഞ് മോചനം വൈകിപ്പിക്കുകയായിരുന്നു.
‘‘അറസ്റ്റിൽ ആഗോളതലത്തിൽ രോഷമുയർന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) പറഞ്ഞു. മോദി ഭരണത്തിൽ നിലനിൽക്കുന്ന അടിച്ചമർത്തലിന്റെ അന്തരീക്ഷത്തിന് ഒരു ഉദാഹരണമാണ് ഇത്.’’
റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്), സി.പി.ജെ, ആംനസ്റ്റി ഇന്റർനാഷനൽ മുതലായ രാജ്യാന്തര സംഘടനകളും പ്രസ്ഥാനങ്ങളും സിദ്ദീഖ് കാപ്പന്റെ തടങ്കലിനെതിരെ രംഗത്തുവന്നു. ഇന്ത്യയിലെ (കേരളത്തിലെയും) പത്രപ്രവർത്തക സംഘടനകളും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുമടക്കം സജീവമായി ഇടപെട്ടു. രാഷ്ട്രീയക്കാർ ഏറെയും മടിച്ചുനിന്നപ്പോൾ ചെറുത്തുനിൽപിന്റെയും പോരാട്ടത്തിന്റെയും ഉജ്ജ്വല മാതൃകയാണ് സിദ്ദീഖിന്റെ കുടുംബം – പ്രത്യേകിച്ച് പത്നി റൈഹാനത്ത്– കാഴ്ചവെച്ചത്.
സിദ്ദീഖിന് ജാമ്യം നിൽക്കാൻ ആളില്ലാതെ വരരുതെന്ന നിലപാടോടെ അതിന് തയാറായി മുൻ വൈസ് ചാൻസലറും വയോധികയുമായ രൂപ് രേഖ വർമ മുന്നോട്ടുവന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി സധീരം പൊരുതുന്ന ഇന്ത്യയുടെ ചിത്രമായി. മുമ്പ് പരിചയമില്ലാത്ത യു.പി പത്രപ്രവർത്തകൻ കുമാർ സൗവിർ സിദ്ദീഖിന് ജാമ്യം നിന്നതും ശക്തമായ സന്ദേശംതന്നെ. അധികാരത്തിന് കെടുത്താൻ കഴിയാത്ത മനുഷ്യത്വത്തിന്റെ ജ്വാലകൾ അണഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നു ഇത്തരം അനേകം സംഭവങ്ങൾ.
പക്ഷേ, മാധ്യമലോകത്ത് അമ്പരപ്പു പടർത്തി, ഇതിനിടക്ക് കേട്ട മറ്റൊരു വാർത്ത,
സിദ്ദീഖിനെതിരെ കേസെടുക്കാൻ യു.പി പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) ആധാരമാക്കിയത് മറ്റൊരു മലയാളി പത്രപ്രവർത്തകൻ നൽകിയ മൊഴിയാണത്രെ.
ന്യൂസ് ലോൺഡ്രി റിപ്പോർട്ടിൽ (2021 ഡിസം. 28) നിന്ന്: മലയാള മനോരമയിലെ ബിനു വിജയൻ കൊടുത്ത ഒരു മൊഴി എസ്.ടി.എഫിന്റെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. കാപ്പൻ പത്രപ്രവർത്തക യൂനിയന്റെ ഡൽഹി ചാപ്റ്ററിന്റെ സെക്രട്ടറിയായിരിക്കെ ഫണ്ട് തിരിമറി നടത്തിയെന്നും വ്യാജവാർത്ത പരത്തി എന്നുമൊക്കെയാണത്രെ മൊഴി (ആരോപണങ്ങൾ യൂനിയൻ നിഷേധിച്ചിട്ടുണ്ട്).
ഹാഥ്റസിലേക്ക് പോവുകയായിരുന്ന പത്രപ്രവർത്തകനെ പിടിച്ച് രണ്ടു വർഷത്തിലേറെ കാലം ജയിലിലിടാൻ വ്യക്തിവിദ്വേഷം മുതൽ വംശീയ മുൻവിധി വരെ കാരണമായി എന്നുവേണം കരുതാൻ. കേസ് വിചാരണ തുടങ്ങിയിട്ടില്ല. കേസ് അപ്പാടെ ഉപേക്ഷിക്കണമെന്ന് സി.പി.ജെ യു.പി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ ആഗോള മാധ്യമങ്ങൾ ഇന്ത്യയിലെ മാധ്യമവേട്ട മാത്രമല്ല, ന്യൂനപക്ഷവേട്ടയും സിദ്ദീഖിനെ കുടുക്കുന്നതിൽ ദൃശ്യമാണെന്ന് നിരീക്ഷിക്കുന്നു. ഗാർഡിയൻ റിപ്പോർട്ടിൽ ഉടനീളം അത്തരം സൂചനകളുണ്ട്.
നിയമസംവിധാനത്തിലെ വീഴ്ചകളും നീതിനിഷേധവും വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ആർട്ടിക്ൾ -14 എന്ന വാർത്താ സൈറ്റിൽ എഡിറ്റർ സമർ ഹലങ്കർ 2021ലെഴുതിയ ലേഖനം, ഭരണനിർവഹണ മേഖലയിൽ പടരുന്ന വർഗീയത സിദ്ദീഖിന്റെ അറസ്റ്റിൽ പ്രകടമാണെന്ന് എഴുതി. ‘‘ഇന്ത്യയിലെ ഭൂരിപക്ഷ വർഗീയത, മുസ്ലിംകൾക്കെതിരായ വിവേചനം തുടങ്ങി ഞാൻ എഴുതാറുള്ള വിഷയങ്ങളിൽ പലതും സിദ്ദീഖ് കാപ്പന്റെയും വിഷയങ്ങളാണ്. അദ്ദേഹം ജയിലിലായതും ഞാൻ ജയിലിലാകാതിരുന്നതും എന്റെ പ്രിവിലേജ് തെളിയിക്കുന്നു – ഒരു ഹിന്ദു എന്ന നിലക്കും, ഇംഗ്ലീഷിലെഴുതുന്ന ജേണലിസ്റ്റ് എന്ന നിലക്കും.’’
വിയോജിപ്പ് വിദ്വേഷമായും വിദ്വേഷം നീതിനിഷേധമായും വളരുന്ന രീതി മാധ്യമരംഗത്തുമെത്തി – കശ്മീർ മുതൽ കേരളം വരെ. പക്ഷേ, തിന്മക്കെതിരായ പ്രതിരോധവും കൂട്ടായ്മയും ഇന്നും ശക്തമാണെന്നുകൂടി സിദ്ദീഖ് കാപ്പൻ കേസ് കാണിച്ചുതരുന്നുണ്ട്.
ബജറ്റ് വസ്തുതകളെയും കണക്കുകളെയും ആധാരമാക്കിയുള്ളതാണ്. വസ്തുതയും കണക്കുമാകട്ടെ അഭിപ്രായത്തിനും വിയോജിപ്പിനും വഴങ്ങുന്നതുമല്ല.
ബജറ്റ്, പക്ഷേ, രാഷ്ട്രീയ രേഖയായതിനാൽ മുഖപത്രങ്ങൾക്ക് സ്വന്തം പക്ഷത്തെ ന്യായീകരിച്ചേ പറ്റൂ. എതിരാളിയെ എതിർത്തേ പറ്റൂ. ‘മുഖപത്ര ജേണലിസ’ത്തിന്റെ മാതൃക എങ്ങനെയെന്ന് ജന്മഭൂമിയും ദേശാഭിമാനിയും കാണിച്ചുതരുന്നു. കേന്ദ്ര ബജറ്റിൽ ഭരണപക്ഷവും എതിർപക്ഷവും കേരള ബജറ്റിൽ നേരെ മറിച്ചാകും. അതുകൊണ്ട് –
ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയുടെ വാർത്ത. ‘സാമ്പത്തിക വളർച്ച ശക്തം, ഭദ്രം’ എന്ന് ജന്മഭൂമി എഴുതുമ്പോൾ, ‘വളർച്ച ഇടിയും’ എന്ന് ദേശാഭിമാനി. പിറ്റേന്ന് കേന്ദ്ര ബജറ്റിന്റെ വാർത്ത. ‘അമൃതകാല’മല്ല, ഇത് ‘മൃതകാലം’ എന്ന് ദേശാഭിമാനി. ‘സമ്പന്നർക്ക് അമൃത്, ദരിദ്രർക്ക് ദുരിതം, ക്ഷേമപദ്ധതികളിൽ ഫണ്ട് കുറച്ചു...’ എന്നാൽ ജന്മഭൂമിയുടെ നോട്ടത്തിൽ ഇത് ‘നൂറ്റാണ്ടിന്റെ ബജറ്റ്’ ആണ്.
അടുത്ത രണ്ടു ദിവസം സംസ്ഥാനത്തിന്റെ ഊഴമാണ്. ഫെബ്രുവരി 3ന് സംസ്ഥാന സാമ്പത്തിക സർവേക്ക് തലക്കെട്ടായി ജന്മഭൂമി എഴുതിയത്, ‘കടമെടുത്ത് ‘‘വളരുന്നു’’ ’ എന്നാണ്. കടമെടുക്കാൻ കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്നും, എന്നിട്ടും ക്ഷീണമില്ല എന്നും ദേശാഭിമാനി: ‘അവഗണനയും അട്ടിമറിയും നേരിട്ടു; കേരളക്കുതിപ്പ് 12.1%’. ‘2012നു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചനിരക്ക്’ ആണെന്നും പത്രം പറഞ്ഞു.
ഇത്ര വലിയ വളർച്ചയുണ്ടായിട്ടും പരക്കേ നികുതി കൂട്ടിയ കേരള ബജറ്റിൽ (വാർത്ത ഫെബ്രു. 4) ജന്മഭൂമി കണ്ടത് ‘സർക്കാർ ധൂർത്ത് ജനങ്ങളുടെ നടുവൊടിച്ച’താണ്. ‘തലയ്ക്കടിച്ച്...’ എന്ന് ലീഡ് തലക്കെട്ട്.
വൻ നികുതി നിർദേശമുള്ള ബജറ്റിനെയും മികച്ചതാക്കി അവതരിപ്പിക്കാനാവുമോ എന്ന് സംശയമുള്ളവർക്ക് അന്നത്തെ ദേശാഭിമാനി നോക്കാം. ജാക്കറ്റ് പുറവും അകത്തെ ‘ഒന്നാം’ പേജും ബജറ്റ് ആഘോഷമാണ്. ‘കെ സ്റ്റാർ’ എന്നാണ് ജാക്കറ്റിലെ അഭിമാനത്തോടെയുള്ള വിളംബരം.
‘പെട്രോൾ-ഡീസൽ എക്സൈസ് തീരുവകൾ (കേന്ദ്രം) കൂട്ടിയത് വിലക്കയറ്റം രൂക്ഷമാക്കി’യെന്ന കേന്ദ്ര സാമ്പത്തിക സർവേയിലെ കണ്ടെത്തൽ എടുത്തുകാട്ടിയ ദേശാഭിമാനി, സംസ്ഥാന ബജറ്റിലെ സെസ് വർധനയെപ്പറ്റി എന്തുപറഞ്ഞു? ‘ക്ഷേമത്തിന് കൈത്താങ്ങാകാൻ നികുതി വർധന’ എന്ന്.
മനസ്സിലാകാത്ത കണക്കുകളും എളുപ്പം മനസ്സിലാകുന്ന രാഷ്ട്രീയ ചായ്വുകളുമാണ് ബജറ്റ് റിപ്പോർട്ടിങ്ങിലെ ചേരുവകൾ.
കവർ ചിത്രീകരണം: സംഭവി ഠാക്കൂർ/ന്യൂസ് ലോൺഡ്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.