‘‘ഭൂമി പൊട്ടിത്തെറിക്കുന്നു.’’
‘‘(അമേരിക്കയിലെ) സത്യപ്രതിജ്ഞ ചടങ്ങിൽ റോബർട്ട് എഫ്. കെന്നഡി പങ്കെടുത്തത് ഷർട്ടിടാതെ.’’
‘‘ട്രംപ് സത്യപ്രതിജ്ഞക്കെത്തിയത് ബുള്ളറ്റ് പ്രൂഫ് സ്ഫടികത്തിൽ.’’
‘‘തീപിടിത്തത്തിൽ വീടു നഷ്ടപ്പെട്ടവരെ മുഴുവൻ അറസ്റ്റ് ചെയ്ത് ലോസ് ആഞ്ജലസ് പൊലീസ്.’’
ജനുവരിയിലെ ഒരു വാരത്തിൽ വന്ന ചില വാർത്താ തലക്കെട്ടുകളാണിവ. ഏറെയും അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു പത്രത്തിലേത്.
അതു വായിച്ച് ആരും അമ്പരന്നില്ല. അതൊന്നും വിശ്വസിച്ചുമില്ല. കാരണം അതെല്ലാം പ്രസിദ്ധപ്പെടുത്തിയ വാർത്താമാധ്യമത്തിന്റെ പേര് ദ അൺയൻ (The Onion) എന്നാണ്. ആക്ഷേപഹാസ്യ പത്രം. അതിൽ വരുന്ന ‘വാർത്ത’കൾ അതേപടി വിശ്വസിക്കാനുള്ളവയല്ല എന്ന് വായനക്കാർക്കറിയാം. അതുകൊണ്ടുതന്നെ വായനക്കാരെ പറ്റിച്ചു എന്ന് പറയാനാവില്ല.
എന്നാൽ, ജനുവരി 24ന് കുറെ മലയാള പത്രങ്ങളിൽ വന്ന ജാക്കറ്റ് പരസ്യത്തെപ്പറ്റി അങ്ങനെ പറയാനാകും –കുറെ വായനക്കാർ പറയുകയുംചെയ്തു.
മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, മംഗളം, വീക്ഷണം, ജന്മഭൂമി, ദീപിക, ജനയുഗം എന്നീ പത്രങ്ങളിൽ മുൻപേജിൽ വന്ന തലക്കെട്ടുകളും വാർത്തകളും ആദ്യ വായനയിൽ വിശ്വസിച്ചുപോയവർ അനേകം.
‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി –മാറ്റത്തിന്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി’ എന്നതാണ് ലീഡ് തലക്കെട്ട്. ‘വാർത്ത’ തുടങ്ങുന്നതിങ്ങനെ: ‘ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടുകൾ, പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.’
‘ആദ്യ ആഴക്കടൽ നഗര’മായ ഓഷ്യാനസ് താമസക്കാരെ വരവേറ്റു തുടങ്ങുന്നതാണ് ‘ആഴക്കടൽ ഇനി ആൾക്കടൽ’ എന്ന ‘വാർത്ത’. ‘ഫിഫ ഗോളാന്തര കപ്പ്’, റവന്യൂ വകുപ്പിന് റോബോട്ടിക് മന്ത്രി, ഉരുൾപൊട്ടൽ എ.ഐ കൃത്യമായി പ്രവചിച്ചതു കാരണം വൻദുരന്തം ഒഴിവായി എന്നിങ്ങനെ വായിച്ചെത്തുമ്പോഴേക്കും സാമാന്യ വായനക്കാരനിൽ സംശയത്തിന്റെ നാമ്പ് ഉയർന്നു തുടങ്ങും.
ഒന്നുകൂടി പരതിയാൽ വാർത്തകളുടെ കൂട്ടത്തിലെങ്ങോ ഇങ്ങനെ ഒര‘റിയിപ്പ്’ (‘മുന്നറിയിപ്പ്’ എന്നുതന്നെ ചിലതിൽ) കാണാം: ‘കൊച്ചി ജെയിൻ ഡീംഡ്-ടു-ബി യൂനിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’’ ന്റെ പ്രചാരണാർഥം സൃഷ്ടിച്ച സാങ്കൽപിക വാർത്തകളാണ് പത്രത്തിന്റെ മാർക്കറ്റിങ് ഫീച്ചറിൽ നൽകിയിരിക്കുന്നത്. 2050ൽ പത്രങ്ങളുടെ മുൻ പേജ് എങ്ങനെയായിരിക്കും എന്നു ഭാവന ചെയ്യുകയാണ് ഇവിടെ.’ (2050ലും പത്രങ്ങളുണ്ടാകുമെന്ന്, അല്ലേ?)
മുന്നറിയിപ്പ് എത്രപേർ കണ്ടു, എത്രപേർ വായിച്ചു എന്നറിയില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലെ രൂക്ഷമായ പ്രതികരണങ്ങൾ കാണിക്കുന്നത് അത് കാണാത്തവരോ ഏറെ വൈകി, പറ്റിക്കപ്പെട്ടതിന്റെ ആഘാതം വന്നു കഴിഞ്ഞശേഷം മാത്രം, കണ്ടവരോ ആണ് കൂടുതൽ എന്നാണ്.
മാധ്യമപ്രവർത്തകൻ ബിനു മാത്യു കുറിച്ചു: ‘‘ജേണലിസ്റ്റായി 29 വർഷത്തെ പരിചയമുള്ള എന്നെപ്പോലും തെറ്റിദ്ധരിപ്പിച്ചെങ്കിൽ ഈ പരസ്യം കണ്ട് എത്ര സാധാരണ വായനക്കാർ പരിഭ്രാന്തരായിക്കാണും!’’
പരിഭ്രാന്തരായി പലരും മറ്റു മാധ്യമങ്ങളും ഇന്റർനെറ്റുമൊക്കെ പരതി. കാര്യമറിഞ്ഞവർ സമൂഹമാധ്യമങ്ങളിലൂടെ പത്രങ്ങളെ ശകാരിച്ചു.
വായനക്കാർ മാത്രമല്ല കുറച്ചു നേരത്തേക്കെങ്കിലും തെറ്റിദ്ധാരണക്ക് ഇരയായത്. ഒരു വാർത്താ ചാനലിന്റെ മോണിങ് ഷോയിൽ അവതാരകൻ ഡിജിറ്റൽ കറൻസി വാർത്ത യഥാർഥമെന്ന മട്ടിലെടുത്തത് ആശയക്കുഴപ്പം വർധിപ്പിച്ചു എന്ന് ന്യൂസ് മിനിറ്റിലെ കുറിപ്പിൽ ജിഷ സൂര്യ ചൂണ്ടിക്കാട്ടി: ‘റിപ്പോർട്ടർ ടി.വി കൺസൽട്ടിങ് എഡിറ്റർ അരുൺകുമാർ അത് മുഖ്യവാർത്തകളിലൊന്നായി അവതരിപ്പിച്ചു. മിനിറ്റുകൾ കുറെ കഴിഞ്ഞാണ് അരുൺകുമാർ വാർത്ത യഥാർഥമല്ലെന്ന് അറിയിക്കുന്നത്.’
മുന്നറിയിപ്പും ‘മാർക്കറ്റിങ് ഫീച്ചർ’ എന്ന സൂചകവുമുണ്ടെങ്കിലും ഈ പരസ്യത്തിലൂടെ മാധ്യമങ്ങളും സ്വകാര്യ സർവകലാശാലയും വായനക്കാരുടെ വിശ്വാസത്തെ വഞ്ചിച്ചു എന്ന ധാരണ ബാക്കി നിൽക്കുന്നു. ഒരുപക്ഷേ, ഇരുപതു വർഷം മുമ്പായിരുന്നു ഇതെങ്കിൽ മുന്നറിയിപ്പും സൂചകവുമെല്ലാം വിശദമായി വായിച്ചശേഷമേ വായനക്കാർ ധാരണ രൂപപ്പെടുത്തുമായിരുന്നുള്ളൂ. പത്രാധിപന്മാർക്ക് പിഴച്ചത്, വായനക്കാർ അതെല്ലാം ശ്രദ്ധിച്ചുകൊള്ളും എന്ന് വിചാരിച്ചിടത്താണ്. വായനക്കാർ തലക്കെട്ടിലൂടെ ഓടിച്ചുനോക്കി, താൽപര്യമുള്ള വാർത്തയുടെ തുടക്കവും ഇടക്കും നോക്കി അടുത്ത പേജിലേക്ക് പോകുന്നവരാണ്. ‘സ്മോൾ പ്രിന്റ്’ നോക്കുന്ന വായനക്കാർ കുറവാണ്.
മാത്രമല്ല, പരസ്യത്തിന്റെ രൂപകൽപന തന്നെ, യഥാർഥ വാർത്ത എന്ന ധാരണ പരമാവധി ഉണ്ടാക്കാൻ ലക്ഷ്യംവെച്ചുള്ളതാണ്. പത്രത്തിന്റെ തനത് മാസ്റ്റ് ഹെഡിനു താഴെ, പതിവു ഫോണ്ടിനോട് സാമ്യമുള്ള അക്ഷരങ്ങൾ, പത്രങ്ങളുടെ ഇക്കാലത്തെ തലക്കെട്ട് ശൈലി, വാർത്താവിന്യാസം തുടങ്ങിയവയെല്ലാം സമർഥമായി ഉപയോഗിച്ചിരിക്കുന്നു. മാതൃഭൂമി പത്രത്തിൽ അതിന്റെ തനത് ഫോണ്ടും ലേഔട്ടുംകൊണ്ട് പരസ്യപ്പേജ് മാറ്റിപ്പണിയുക വരെ ചെയ്തു.
പരസ്യം വിജയിക്കുന്ന അതേ തോതിൽ മറുവശത്ത് വായനക്കാരുടെ വിശ്വാസം തകർക്കപ്പെട്ടു എന്നർഥം. ഇതിന്റെ നഷ്ടമാകട്ടെ പരസ്യദാതാക്കളെയല്ല, പത്രങ്ങളെയാണ് ബാധിക്കുന്നത്. പരസ്യവും വാർത്തയും തമ്മിലുള്ള വേർതിരിവ് വായനക്കാരന്റെ വിശ്വാസത്തിന്റെ ആധാരമാണ്. ആ വേർതിരിവ് മായുന്ന തോതിൽ പത്രത്തെ വിശ്വസിക്കാനുള്ള അവന്റെ ശേഷി കുറഞ്ഞുകുറഞ്ഞു വരുന്നു. പരസ്യക്കാർക്ക് നേട്ടം മാത്രം; വായനക്കാരന്റെ കാവലാളായി കള്ള വാർത്തകളെ തടുക്കേണ്ട ചുമതല പത്രാധിപന്മാർക്കാണ്.
ഇവിടെ പത്രങ്ങൾ നിയമം ലംഘിച്ചു എന്ന് പറയാനാകില്ല –അവ മുന്നറിയിപ്പ് ഉൾപ്പെടുത്തിയതാണല്ലോ. എന്നാൽ, സൽപ്പേരിനും വിശ്വാസ്യതക്കും കോട്ടം സംഭവിച്ചു എന്ന് പലരും മനസ്സിലാക്കുന്നു. ചില പത്രങ്ങൾ പിറ്റേന്ന് വിശദീകരണക്കുറിപ്പ് വരെ ചേർത്തത് അതുകൊണ്ടാണ്.
പത്രങ്ങളുടെ ‘ബിസിനസ് മോഡൽ’ തന്നെ അവയുടെ നിലനിൽപ്പ് അസാധ്യമാക്കുന്നു എന്ന വസ്തുത ഇതിനെല്ലാം പിന്നിലുണ്ട്. ഉൽപാദനച്ചെലവും ലാഭവിഹിതവും ചേർത്ത് വിൽപന നടത്തുന്ന ഉൽപന്നമായല്ല പത്രങ്ങൾ നിലനിൽക്കുന്നത്. ആയിരുന്നെങ്കിൽ ഇന്ന് ഒരു പത്രത്തിന് 20 രൂപയിലധികം വില വരുമായിരുന്നു.
ഈ കമ്മി നികത്തുന്നത് പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിലൂടെയാണ്. പരസ്യങ്ങൾക്കു മേലുള്ള ആശ്രിതത്വം പത്രങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുവോളം വളർന്നിരിക്കുന്നു. പക്ഷേ, വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ വരുമാനമുണ്ടായിട്ടെന്ത്? പരസ്യവാചകം തന്നെ ആവർത്തിക്കാം: വിശ്വാസം –അതുതന്നെ എല്ലാം.
ട്രംപിന്റെ വിജയം?
ഗസ്സയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടത് പുതിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര വിജയമാണോ? ഗസ്സ അടക്കം എല്ലാ വിഷയങ്ങളിലും വംശീയ നിലപാടിന് പണ്ടേ പേരെടുത്ത ട്രംപ്, വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷവും ഫലസ്തീനികളെ അവരുടെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നതിനെപ്പറ്റിയാണ് സംസാരിക്കുന്നത്. വെടിനിർത്തലും സമാധാനവും അദ്ദേഹത്തിന്റെ അജണ്ടയിലില്ല എന്നർഥം.
അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ ട്രംപിന്റെ പ്രതിനിധി പങ്കെടുത്തിരുന്നു. ഭരണമേൽക്കാൻ പോകുന്ന യു.എസ് സർക്കാറിന്റെ ആൾ ചർച്ചകളിൽ വേണം എന്നതുകൊണ്ടായിരുന്നു അത്.
ദുർബലമെന്ന മുദ്രയോടെയാണെങ്കിലും കരാർ നിലവിൽ വന്നു. അമേരിക്കയിലെ പ്രമുഖ പത്രങ്ങൾ (അവക്കൊപ്പം ലോക മാധ്യമങ്ങളും) ഒരേ സ്വരത്തിൽ പറഞ്ഞു: ഇത് ട്രംപിന്റെ വിജയം.
15 മാസം ചെറുത്തുനിൽപ് തുടർന്ന്, തളരാതെ, പിന്മാറാതെ പൊരുതിയ ഹമാസിനോ, ഇസ്രായേലിനെ വെടിനിർത്തലിലേക്ക് നിർബന്ധിച്ചുകൊണ്ട് മറ്റു പ്രദേശങ്ങളിൽ ഇടപെട്ട് സമരംചെയ്ത ഹൂതികൾക്കോ ഹിസ്ബുല്ലക്കോ, ലോകമെങ്ങും പടർന്ന ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കോ, ലോക കോടതികളിലെ കേസുകൾക്കോ ഒന്നും കഴിയാത്തത് ട്രംപിന് കഴിഞ്ഞു എന്ന മട്ട്. ‘സാത്താനുമായി ധാരണയിലെത്താൻ നെതന്യാഹുവിനെ ട്രംപ് നിർബന്ധിച്ചു’ എന്ന് വാൾസ്ട്രീറ്റ് ജേണൽ.
പക്ഷേ, ഈ ‘സാത്താൻ’ (ഹമാസ്) 2023ൽ മുന്നോട്ടുവെച്ച ഉപാധികളോടെ, അവരെ അംഗീകരിക്കാത്ത ഇസ്രായേലിനെക്കൊണ്ട് ഒപ്പിടുവിച്ചതാരാണ്? അതിൽ ഈ ‘സാത്താന്റെ’ പോരാട്ടത്തിന്റെ പങ്ക് പത്രങ്ങൾ പറഞ്ഞില്ല. ഹമാസിന്റെ ചെറുത്തുനിൽപും മറ്റു സാഹചര്യങ്ങളും കാരണം അമേരിക്കയുടെ ഇറാഖനുഭവം ഗസ്സയിൽ ഇസ്രായേലിനെ കാത്തിരിക്കുന്നു എന്ന് ഫോറിൻ പോളിസി ജേണൽ ചൂണ്ടിക്കാട്ടിയത് മൂന്നുമാസം മുമ്പാണ്.
ഇസ്രായേലിന്റെ തോൽവിയുടെ കണക്കുകൾ ഒന്നും പറയാതിരിക്കാൻ യു.എസ് മാധ്യമങ്ങൾ കാട്ടുന്ന ശ്രദ്ധയെപ്പറ്റി ഫെയർ (fair.org) വെബ്സൈറ്റിൽ ഗ്രെഗറി ഷൂപാക് എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.