‘ആദ്യ ബന്ദികളും തടവുകാരും മോചിതരായി’ –ദ ഗ്ലോബ് ആൻഡ് മെയ്ൽ (കാനഡ), ജനുവരി 20. ‘ആദ്യവട്ട ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും കൈമാറി’ –ന്യൂയോർക് ടൈംസ്. ‘3 ഇസ്രായേലി ബന്ദികളെ തിരിച്ചയച്ചതിനെ തുടർന്ന് ഇസ്രായേൽ 90 ഫലസ്തീനി തടവുകാരെ സ്വതന്ത്രരാക്കി’ –അസോസിയേറ്റഡ് പ്രസ്. ‘ആദ്യ ഫലസ്തീനി തടവുകാരും ഇസ്രായേലി ബന്ദികളും സ്വതന്ത്രരാക്കപ്പെട്ടു’ –സി.എൻ.എൻ. ‘ഇസ്രായേലി ബന്ദികൾ കുടുംബങ്ങളുമായി ചേർന്നതിനു പിന്നാലെ ഫലസ്തീനി തടവുകാരെ വിട്ടയച്ചു’ –സ്കൈ ന്യൂസ്. ‘ഹമാസ് ബന്ദികളെ വിട്ടയച്ചു; ഇസ്രായേൽ ഫലസ്തീനി തടവുകാരെ വിട്ടയച്ചു’ –റോയിട്ടേഴ്സ്. പാശ്ചാത്യ മാധ്യമങ്ങൾ (പത്രങ്ങൾ, ചാനലുകൾ, വാർത്താ ഏജൻസികൾ)...
‘ആദ്യ ബന്ദികളും തടവുകാരും മോചിതരായി’ –ദ ഗ്ലോബ് ആൻഡ് മെയ്ൽ (കാനഡ), ജനുവരി 20.
‘ആദ്യവട്ട ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും കൈമാറി’ –ന്യൂയോർക് ടൈംസ്.
‘3 ഇസ്രായേലി ബന്ദികളെ തിരിച്ചയച്ചതിനെ തുടർന്ന് ഇസ്രായേൽ 90 ഫലസ്തീനി തടവുകാരെ സ്വതന്ത്രരാക്കി’ –അസോസിയേറ്റഡ് പ്രസ്.
‘ആദ്യ ഫലസ്തീനി തടവുകാരും ഇസ്രായേലി ബന്ദികളും സ്വതന്ത്രരാക്കപ്പെട്ടു’ –സി.എൻ.എൻ.
‘ഇസ്രായേലി ബന്ദികൾ കുടുംബങ്ങളുമായി ചേർന്നതിനു പിന്നാലെ ഫലസ്തീനി തടവുകാരെ വിട്ടയച്ചു’ –സ്കൈ ന്യൂസ്.
‘ഹമാസ് ബന്ദികളെ വിട്ടയച്ചു; ഇസ്രായേൽ ഫലസ്തീനി തടവുകാരെ വിട്ടയച്ചു’ –റോയിട്ടേഴ്സ്.
പാശ്ചാത്യ മാധ്യമങ്ങൾ (പത്രങ്ങൾ, ചാനലുകൾ, വാർത്താ ഏജൻസികൾ) ഗസ്സ വെടിനിർത്തലിന്റെ ആദ്യ ഫലങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. പദപ്രയോഗത്തിലെ തരംതിരിവ് ശ്രദ്ധിച്ചോ?
ആയിരക്കണക്കിന് ഫലസ്തീൻകാർ അനേക വർഷങ്ങളായി ഇസ്രായേലി ജയിലുകളിലാണ് –തടവുകാർ. 2023 ഒക്ടോബർ ഏഴിന് നൂറിൽപരം ഇസ്രായേലികളെ ഫലസ്തീനി ചെറുത്തുനിൽപു പ്രസ്ഥാനമായ ഹമാസ് തടവിൽ പിടിച്ചു –തടവുകാർ.
ഇവർ തടവുകാരോ അതോ ‘ബന്ദി’കളോ? ‘നിബന്ധന(കൾ) പൂർത്തീകരിച്ചാൽമാത്രം വിട്ടയക്കാമെന്ന നിലക്ക് തടവിൽ പിടിക്കപ്പെടുന്നവർ’ എന്നാണ് ‘ബന്ദി’യുടെ നിർവചനം.
വെടിനിർത്തൽ ധാരണയനുസരിച്ചാണ് ഇസ്രായേലും ഹമാസും തങ്ങൾ തടവിൽ പിടിച്ചവരെ പരസ്പരം കൈമാറുന്നത്. ഇങ്ങോട്ട് വിട്ടാൽ അങ്ങോട്ടും വിടാം എന്നുതന്നെ. ആ നിലക്ക് രണ്ടു ഭാഗത്തുള്ളവരും തടവുകാർ മാത്രമല്ല ബന്ദികൾ തന്നെയാണ്. ഫലസ്തീനികളും ഇസ്രായേലികളും തടവുകാരാണ്; ഫലസ്തീനികളും ഇസ്രായേലികളും ബന്ദികളുമാണ്.
വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ, ഇരുപക്ഷത്തെ തടവുകാർക്കും ഒരേ പദവിയാണുള്ളത് എന്നർഥം. എന്നിട്ടും വെടിനിർത്തൽ റിപ്പോർട്ടുകളിൽ ഈ തരംതിരിവ് എന്തിനാണ്?
രണ്ടു വാക്കുകളും വായനക്കാരുടെ/ പ്രേക്ഷകന്റെ/ ശ്രോതാവിന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ധാരണ വെവ്വേറെയാണ്. ഒരു പക്ഷത്തെ ഇരകളായും മറ്റേ പക്ഷത്തെ കുറ്റക്കാരായും പൊതുമനസ്സിൽ പ്രതിഷ്ഠിക്കാൻ ഇത് ഇടയാക്കുന്നു.
‘ബന്ദികൾ’ നിരപരാധികളാണ്. അവരുടേതല്ലാത്ത തെറ്റിന് അക്രമികൾ അവരെ തടങ്കലിലാക്കിയതാണ്. അതിനാൽ ഇസ്രായേലികൾ ബന്ദികളാണ്.
‘തടവുകാർ’ എന്ന വാക്കിന് നേർക്കുനേരെ കുറ്റവാളികൾ എന്ന് അർഥമില്ലെങ്കിലും പൊതുമനസ്സിൽ ആ വാക്ക് നിർമിക്കുന്ന ധ്വനി അതാണ്. ഫലസ്തീനികൾ ‘ബന്ദികളാ’കാതെ, ‘തടവുകാർ’ മാത്രമാകുന്നതിലെ വിവേചനം കാണാതെ പോയിക്കൂടാ. അല്ലായിരുന്നെങ്കിൽ, മുകളിൽ കൊടുത്ത അഞ്ച് തലക്കെട്ടുകളിലും ഒരു തവണപോലും ഫലസ്തീനികൾ ‘ബന്ദികളാ’കാതെ, ഇസ്രായേലികൾ ‘തടവുകാരാ’കാതെ, ഇത്ര കൃത്യമായി വരുമോ? എത്ര ശ്രദ്ധയോടെയാണ് ആ തരംതിരിവ് സൃഷ്ടിക്കുന്നതെന്ന് കാണാൻ മൂല ഇംഗ്ലീഷ് തലക്കെട്ടുകൾ കൂടി കാണുക:
First hostages, prisoners freed...
–The Globe and Mail.
First Israeli Hostages and Palestinian Prisoners Exchanged...
–The NewYork Times.
Israel frees 90 Palestinian Prisoners as ceasefire takes hold after Hamas returns 3 Israeli hostages –A.P
First Palestinian prisoners and Israeli Hostages freed... –C.N.N
Palestinian prisoners released after Israeli hostages reunited with families... –Sky News.
Hamas frees hostages, Israel releases Palestinian prisoners...
–Reuters.
വാക്കുകൾക്ക് രാഷ്ട്രീയമുണ്ട്
അപാർതൈറ്റും (വംശവിവേചനം) ഇസ്രായേലി-ഫലസ്തീനി വേർതിരിവും ഈ വംശഹത്യയുടെ ഭാഗമാണ്. ഫലസ്തീൻ ഭൂമിയിൽ അധിനിവേശ രാജ്യമായ ഇസ്രായേൽ സ്ഥാപിച്ച വംശീയ മതിലും സൈനിക ചെക്പോസ്റ്റുകളും മുതൽ കൊളോണിയലിസ്റ്റ്-വംശീയ നിയന്ത്രണങ്ങൾ, വിവേചനത്തിന്റെ ചിഹ്നങ്ങൾകൂടിയാണ്.
വെവ്വേറെ റോഡുകൾ, വെവ്വേറെ നിയമങ്ങൾ ഫലസ്തീനിലെ ജൂതകുടിയേറ്റക്കാർക്ക് സിവിലിയൻ നിയമങ്ങളുടെ, നീതിന്യായ പ്രക്രിയയുടെ, മനുഷ്യാവകാശങ്ങളുെട സംരക്ഷണമുണ്ട്. ഫലസ്തീനികൾക്ക് സ്വന്തം നാട്ടിൽ അതൊന്നുമില്ല. അവർക്ക് ഇസ്രായേലി സൈനിക നിയമമാണ് ബാധകം.
ഫലസ്തീനികൾക്കെതിരെ കുറ്റാരോപണമുണ്ടായാൽ സൈനിക കോടതിയാണ് അത് കേൾക്കുക. 99 ശതമാനമാണ് ശിക്ഷാനിരക്ക്. അതേസമയം, ഫലസ്തീനികളായ നാട്ടുകാരുടെ വീട് ആക്രമിച്ച് നശിപ്പിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെ കേസുണ്ടാകാറുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം അധിനിവിഷ്ട ജനതയെ സംരക്ഷിക്കേണ്ട ബാധ്യത അധിനിവേശകർക്കുണ്ട്. എന്നിട്ടും, ആ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വെറും മൂന്നു ശതമാനം മാത്രം. കുടിയേറ്റ ഭീകരതക്ക് സംരക്ഷണവും ഇരകൾക്ക് തടവുശിക്ഷയും നൽകുന്ന പ്രാകൃതമായ ഇരട്ടനീതി നിലനിൽക്കുന്നു.
ഈ വിവേചനം ഭാഷയിലും വാർത്തകളിലും കാണാം. യു.എൻ, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങി ഒരു ഡസനോളം ആധികാരിക കേന്ദ്രങ്ങൾ ‘വംശഹത്യ’ (ജനസൈഡ്) സ്ഥിരീകരിച്ചിട്ടും പടിഞ്ഞാറൻ മാധ്യമങ്ങൾ ആ വാക്ക് ഉപയോഗിക്കില്ലെന്ന് ശഠിക്കുന്നു. ഇസ്രായേൽ-ഹമാസ് ‘‘യുദ്ധ’’മെന്ന് ആവർത്തിക്കുന്നു. ഫലസ്തീനികൾ ‘‘മരിക്കു’’ക മാത്രമാണ്; ഇസ്രായേലികൾ ‘‘കൊല്ലപ്പെടു’’ന്നു. Clashes, Arab-Israeli Conflict, Terrorist തുടങ്ങി അനേകം പദപ്രയോഗങ്ങൾ ഏകപക്ഷീയവും അന്യായവുമായ ധാരണ സൃഷ്ടിച്ചുവരുന്നു.
ഭാഷയിലെ ഈ വംശീയത ബോധപൂർവമാണെന്ന് ഇതിനകം തെളിഞ്ഞതാണ്. എന്നാൽ, പടിഞ്ഞാറൻ മാധ്യമങ്ങളും വാർത്താ ഏജൻസികളും വഴി അത് തന്നെ തുടർന്നും പ്രയോഗിക്കപ്പെടുന്നു. വാക്കുകളുടെ രാഷ്ട്രീയത്തെപ്പറ്റി ശ്രദ്ധയില്ലാഞ്ഞിട്ടോ ബോധമില്ലാഞ്ഞിട്ടോ നമ്മുടെ മാധ്യമങ്ങളും അവ ഏറ്റുപിടിക്കുന്നു.
എ.പിയും റോയിട്ടേഴ്സും മറ്റും hostages എന്നെഴുതിയാൽ നമ്മുടെ ഡെസ്കുകൾ മുൻപിൻ ചിന്തിക്കാതെ ‘ബന്ദികൾ’ എന്ന് വിവർത്തനംചെയ്യും; Prisonersനെ നിരുപാധികമായ കൂറോടെ ‘തടവുകാർ’ എന്നുതന്നെ പരിഭാഷപ്പെടുത്തും.
മലയാള പത്രങ്ങളൊന്ന് നോക്കുക:
മാധ്യമം: ‘പിറന്ന മണ്ണിൽ’ എന്ന ലീഡിനോടു ചേർത്ത ഉപതലക്കെട്ടുകളിൽ ഒന്ന് – ‘‘മൂന്ന് ഇസ്രായേൽ ബന്ദികളെയും 90 ഫലസ്തീനി തടവുകാരെയും മോചിപ്പിച്ചു.’’ അനുബന്ധ ഫോട്ടോകളുടെ അടിക്കുറിപ്പിൽ ‘‘ഫലസ്തീനി തടവുകാരെ’’ എന്നും, ‘‘(ഇസ്രായേലി) ബന്ദികളെ’’ എന്നും കാണാം.
കേരള കൗമുദി എണ്ണം പറയുന്നതിങ്ങനെ –
‘‘ഒരു ബന്ദിയെ ഹമാസ് മോചിപ്പിക്കുമ്പോൾ 30 തടവുകാരെ ഇസ്രായേൽ വിട്ടയക്കണമെന്നാണ് കരാർ.’’
മലയാള മനോരമ: ‘‘മൂന്ന് ബന്ദികളെയും 30 ഫലസ്തീൻ തടവുകാരെയും കൈമാറി.’’
മാതൃഭൂമി, സുപ്രഭാതം, മംഗളം തുടങ്ങി ഒട്ടെല്ലാ പത്രങ്ങളിലും ഈ വേർതിരിവ് കാണാം.
അതിന് ന്യായീകരണമായി പറയാവുന്നത്, ആ വാക്കുകൾ മൂല റിപ്പോർട്ടുകളിലും കരാറിന്റെ ഭാഗങ്ങളിലും അതേപടി ഉപയോഗിക്കുന്നു എന്നാണ്. ഏറെ ശ്രദ്ധിക്കപ്പെടാത്ത ഭാഷാ അധിനിവേശത്തിന്റെ സ്വാധീനം ഇനിയും പഠിക്കപ്പെടേണ്ടതുതന്നെയാണ്. അതേസമയം, വാക്കുകളുടെ രാഷ്ട്രീയം അറിയാനും അത് വായനക്കാരെ അറിയിക്കാനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്. അൽജസീറ ഈ ബന്ദി-തടവുകാർ ദ്വന്ദ്വം അംഗീകരിക്കാതെ റിപ്പോർട്ട് ചെയ്യുന്നതും അതിന്റെ പേരിൽ പാശ്ചാത്യ മാധ്യമ വിമർശകരുടെ അധിക്ഷേപം ഏറ്റുവാങ്ങുന്നതും നമ്മുടെ ഡെസ്കുകൾ അറിയണം. ഇനി വിവാദ പദങ്ങൾ അതേപടി ഉപയോഗിക്കാനാണ് തീരുമാനമെങ്കിൽ അവ ഉദ്ധരണിയിൽ കാണിക്കുകയെങ്കിലും വേണ്ടതല്ലേ? വായനക്കാർക്ക് തെറ്റായ ധാരണ നൽകരുതല്ലോ.
ഇവർ മനുഷ്യർ; അവർ വെറും എണ്ണം
വാക്കുകളിലെ വിവേചനം സ്വാഭാവിക രീതിയിൽതന്നെ വിട്ടയക്കപ്പെട്ടവരിലേക്കുകൂടി പകർന്നിട്ടുണ്ട് മാധ്യമങ്ങൾ. മോചിതരായ ഇസ്രായേലി ‘‘ബന്ദി’’കളുടെ പൂർണ വിവരങ്ങളും പടങ്ങളും അനുബന്ധ വിശേഷങ്ങളും നാം വായിക്കുന്നു; മോചിതരായ ഫലസ്തീനി ‘‘തടവുകാർ’’ വെറും എണ്ണം മാത്രം. കുടുംബങ്ങളും സ്വപ്നങ്ങളും ഉള്ളവർതന്നെ അവരും.
ഇസ്രായേലികളിൽ ചിലരുടെ പ്രത്യേക വിശേഷങ്ങൾ കൂടുതലായി മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു; ഫീച്ചറുകൾ ചെയ്തു. എന്നാൽ, മോചിതരായ ഫലസ്തീനികൾ അവർക്ക് ഒന്നുമായില്ല.
വിട്ടയക്കപ്പെട്ടിടത്തോളം, മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നതാണ് ഹമാസിന്റെ തടങ്കലിലായിരുന്ന വനിതകൾ പ്രസരിപ്പോടെ, ആരോഗ്യവതികളായി കാണപ്പെട്ടപ്പോൾ ഇസ്രായേലി തടങ്കലിലായിരുന്നവർ അവശരായാണ് പുറത്തുവന്നത് എന്ന വസ്തുത. ഈ വശവും ഏറക്കുറെ അവഗണിക്കപ്പെട്ടു.
പ്രത്യക്ഷമായ വംശീയതയാണ് ഇസ്രായേലിന്റേതെങ്കിൽ ‘പാശ്ചാത്യവത്കൃത’ മാധ്യമങ്ങളുടേത് പരോക്ഷ വംശീയതയാണ്. അത് നാമറിയാതെ നമ്മെ കീഴടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.