എം.ഡി. നാലപ്പാട് പത്രാധിപരായിരുന്ന വേളയിലെ പത്രപ്രവർത്തന രംഗത്തെ നടപ്പുരീതികൾ പലതും മാറിമറിഞ്ഞു. അക്കാലത്ത് നടന്ന സംഭവങ്ങൾ എഴുതുന്ന ലേഖകൻ തനിക്ക് മർദനമേൽക്കേണ്ടി വന്ന വാർത്തയെക്കുറിച്ചും എഴുതുന്നു.അടിയന്തരാവസ്ഥക്കാലം. കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിലെ ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ കളിയരങ്ങ് നടക്കാവ് ഗേൾസ് സ്കൂളിന്റെ മതിലിനോട് ചേർന്നുള്ള നീണ്ട നാട്ടുവഴിയായിരുന്നു. സ്കൂൾ മെയിൻറോഡ് മുതൽ ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ വീടുവരെ...
എം.ഡി. നാലപ്പാട് പത്രാധിപരായിരുന്ന വേളയിലെ പത്രപ്രവർത്തന രംഗത്തെ നടപ്പുരീതികൾ പലതും മാറിമറിഞ്ഞു. അക്കാലത്ത് നടന്ന സംഭവങ്ങൾ എഴുതുന്ന ലേഖകൻ തനിക്ക് മർദനമേൽക്കേണ്ടി വന്ന വാർത്തയെക്കുറിച്ചും എഴുതുന്നു.
അടിയന്തരാവസ്ഥക്കാലം. കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിലെ ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ കളിയരങ്ങ് നടക്കാവ് ഗേൾസ് സ്കൂളിന്റെ മതിലിനോട് ചേർന്നുള്ള നീണ്ട നാട്ടുവഴിയായിരുന്നു. സ്കൂൾ മെയിൻറോഡ് മുതൽ ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ വീടുവരെ ടാറിടാത്ത വീതികൂടിയ റോഡാണ്. ഗഫൂറിന്റെ മകൻ ഫസൽ (പിൽക്കാലത്ത് ഡോ. ഫസൽ ഗഫൂർ) ടീമിലെ തലമുതിർന്ന അംഗമാണ്. തൊട്ടവീടാണ് ഡോ. മോഹൻദാസിന്റേത്. മാതൃഭൂമി മാനേജിങ് എഡിറ്റർ വി.എം. നായരുടെയും ബാലാമണിയമ്മയുടെയും മകൻ. ഡോക്ടറുടെ മക്കൾ അജയ്യും മാധവനും ക്രിക്കറ്റ് ടീമിലെ കളിക്കൂട്ടുകാരായിരുന്നു. മാധവിക്കുട്ടിയും കുടുംബവുമൊക്കെ ഒഴിവുകാലങ്ങളിൽ സഹോദരന്റെ വീട്ടിൽ താമസിക്കാനെത്തുന്നത് നാട്ടിലാകെ ഒരു സംഭവമായിരുന്നു. ‘എന്റെ കഥ’യുടെ അടക്കിപ്പിടിച്ച ചർച്ച ചുമരുകൾക്കിടയിൽ നടക്കും.
മാധവിക്കുട്ടിയുടെ മൂത്തമകൻ മോനു നാലപ്പാട് ക്രിക്കറ്റ് കളിക്കാനൊന്നും കൂടാറില്ലെങ്കിലും നല്ല കാണിയും കളിയുപദേശകനുമായിരുന്നു. കളി കഴിഞ്ഞാൽ ഇരുളും വരെ അടിയന്തരാവസ്ഥയുടെ മറവിൽ നടന്നുവരുന്ന നിഗൂഢവിവരങ്ങൾ കേൾപ്പിക്കുമായിരുന്നു. അപസർപ്പക കഥ പോലെ ഞങ്ങളത് കേട്ട് തരിച്ചുനിന്നു. പൊലീസ് മർദനത്തിൽ മരിച്ചുപോകുന്ന നക്സലൈറ്റുകളുടെ മൃതശരീരം സൾഫ്യൂറിക് ആസിഡ് നിറച്ച ടാങ്കിലേക്കിട്ട് ഇല്ലാതാക്കുമായിരുന്നു എന്നത് ഒരു ഞെട്ടലായിരുന്നു. അത് ശരിയായിരുന്നോ എന്നറിയില്ലെങ്കിലും ആസിഡ് ടാങ്കിൽ കിടന്ന് ഉരുകിത്തീരുന്ന മനുഷ്യർ പിന്നീട് എത്രയോ കാലം വിടാതെ പിന്തുടർന്ന ഒരു ദുഃസ്വപ്നമായിരുന്നു.
കോളജിലെത്തിയപ്പോൾ ജീവിതം വഴിപിരിഞ്ഞു. ക്രിക്കറ്റും പടിഞ്ഞാറെ നടക്കാവും മോനു നാലപ്പാടുമൊക്കെ അപ്രത്യക്ഷമായി (1977-86 ). വീണ്ടും മോനു നാലപ്പാടുമായി ഒരു കൂട്ടിമുട്ടലുണ്ടാകുന്നത് 1986 ജൂൈലയിലാണ്. ഞാൻ ‘മാതൃഭൂമി’ കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായി എത്തിയപ്പോഴായിരുന്നു അത്. പത്രാധിപരുടെ കസേരയിലിരുന്ന എം.ഡി. നാലപ്പാട് പണ്ടു കണ്ട പരിചയംപോലും നടിച്ചില്ല. അപ്പോഴേക്കും അദ്ദേഹം ‘വാർത്ത’യിലെ മമ്മൂട്ടിയായി വളർന്നിരുന്നു. ഓർമയില്ലേ എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ ‘‘ഓ നീ ഇവിടെ എത്തിയോ, നന്നായി പണിയെടുക്കണം, അതിൽ ഒരു കോംപ്രമൈസും ഇല്ല’’ എന്ന് മുരണ്ടു . ‘മാതൃഭൂമി’ ഡയറക്ടർകൂടിയായ പി.വി. ഗംഗാധരന്റെ ‘ഗൃഹലക്ഷ്മി’ പ്രൊഡക്ഷൻസ് നിർമിച്ച ‘വാർത്ത’ തിയറ്ററിൽ കത്തിനിൽക്കുകയാണപ്പോൾ. ‘വാർത്ത’യിൽ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാഷ് മാതൃകയാക്കിയത് നാലപ്പാടിനെയാണ് എന്നായിരുന്നു അന്നത്തെ സംസാരം. ‘മാതൃഭൂമി’ക്കകത്തെ പുതിയ അധികാര കേന്ദ്രമായി പത്രമുടമകൂടിയായ പത്രാധിപർ മാറിയിരുന്നു.
എഡിറ്റോറിയൽ മീറ്റിങ്ങിൽ നാലപ്പാട് നയം വ്യക്തമാക്കി: ‘‘ നമുക്ക് പ്രസംഗങ്ങളുടെ സംസ്കാരം വേണ്ട. ഓരോ പേജിലും നെഹ്റു അല്ലെങ്കിൽ ഇന്ദിര എന്ന നയം ഇനി വേണ്ട. ഇനി വാർത്ത മതി. വാർത്ത സൃഷ്ടിക്കാനറിയുന്നവർ മാത്രം മതി ഇവിടെ. തെളിവുണ്ടെങ്കിൽ നിങ്ങൾക്ക് എന്തും എഴുതാം. ഞാൻ ഒപ്പമുണ്ടാകും. എന്തുവന്നാലും. 99 ശതമാനം നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും. ഒരു ശതമാനം എനിക്ക് വിട്ടുതന്നേക്കൂ. അത് നമ്മുടെ കമ്പനി ഡയറക്ടർമാർ ആരെങ്കിലും പങ്കാളികളായി ചെയ്ത കേസാണെങ്കിൽ മാത്രം. എഴുതിക്കോ! പക്ഷേ, അത് കൊടുക്കണോ വേണ്ടയോ എന്ന തീരുമാനം എനിക്ക് വിട്ടുതരണം.’’ –എല്ലാവർക്കും തൃപ്തി. അന്വേഷണാത്മക പത്രപ്രവത്തനം – അതൊരു താക്കോൽവാക്കായിരുന്നു.
റിപ്പോർട്ടിങ്ങിൽ കെ. ജയചന്ദ്രനായിരുന്നു അക്കാലത്തെ ഹീറോ. അന്നത്തെ ‘മാതൃഭൂമി’ ബ്യൂറോയുടെ ചുമതല വി. രാജഗോപാലിനായിരുന്നു. എൻ.പി. രാജേന്ദ്രൻ, വി.എൻ. ജയഗോപാൽ, വി. അശോകൻ, എം.ഇ. ഹരിദാസ്, സി.പി. വിജയകൃഷ്ണൻ, എം.പി. ഗോപിനാഥ് , പി.കെ. രവി, നരിപ്പറ്റ രാധാകൃഷ്ണൻ, രാധാകൃഷ്ണൻ നമ്പി, മോഹൻദാസ് രാധാകൃഷ്ണൻ, എം.പി. കൃഷ്ണദാസ്, ബി.എം. ഗഫൂർ, പി. ബാലകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ത്രിവിക്രമൻ നമ്പൂതിരി, വി. പ്രഭാകരൻ (വാഗ്ഭടാനന്ദന്റെ മകൻ), കൈതപ്രം, എ. ജനാർദനൻ, ഇന്നത്തെ സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ വി. രവീന്ദ്രനാഥ്... അത് ‘ഗൃഹലക്ഷ്മി’യിൽ പി.ബി. ലാൽക്കറിൽ ചെന്നുനിൽക്കുന്നു. ആണുങ്ങളുടെ ലോകമായിരുന്നു പത്രം.
റിപ്പോർട്ടിങ് എനിക്ക് തൊഴിലായിരുന്നില്ല. ജനകീയ സാംസ്കാരിക വേദി കാലം ബാക്കിെവച്ച ‘ആക്ടിവിസ’ത്തിന്റെ ഒരു തുടർച്ചയായിരുന്നു. നാലപ്പാടിന്റെ അഗ്രസിവ് ജേണലിസം സൃഷ്ടിച്ച മാധ്യമസ്ഥലത്ത് ആക്ടിവിസത്തിന് ഒരിടം തുറന്നു കിട്ടുകയായിരുന്നു. ഒരു റിപ്പോർട്ടിനെച്ചൊല്ലി മർദനമേറ്റതോടെയാണ് പത്രാധിപർ നാലപ്പാട് എന്നെ ശരിക്കും കണ്ടത്. നോക്കിയത് എന്നുപറയാം. തത്സമയം ‘മാതൃഭൂമി’യുടെ എല്ലാ യൂനിറ്റുകളിലും മുഴുവൻ ജീവനക്കാരും ഒന്നിച്ചണിനിരന്ന പ്രകടനങ്ങൾ നടന്നു. തിരുവനന്തപുരത്ത് നാലപ്പാട് തന്നെ നേരിട്ട് പ്രകടനം നയിച്ചു. ലേഖകന് ഏറ്റ മർദനം ഒരു സംഭവമാക്കി മാറ്റി പത്രാധിപർ. വാസ്തവത്തിൽ ‘മാതൃഭൂമി’ക്ക് സംഭവിച്ച ഒരു എഡിറ്റിങ് പിശകായിരുന്നു എനിക്ക് തല്ല് കിട്ടാൻ കാരണം എന്നത് ആരും ശ്രദ്ധിച്ചില്ല. അതൊരു സ്ത്രീ പീഡന കേസായിരുന്നു.
ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ഒരു നവവധുവിന്റെ വീട്ടുകാരുടെ വികാരങ്ങൾ ഉൾക്കൊണ്ട് തയാറാക്കിയ റിപ്പോർട്ടായിരുന്നു എന്റേത്. 1985-86 കാലത്ത് ഉയർന്ന ഫെമിനിസ്റ്റ് ഭാവുകത്വം ഉൾക്കൊണ്ട് മരണാനന്തര നീതിക്കായി എഴുതപ്പെട്ട റിപ്പോർട്ട് അച്ചടിച്ചത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഭർതൃവീട്ടുകാരുടെ പക്ഷവും ചേർത്ത് പത്രത്തിൽ ഒന്നാം പേജിൽ ആ മരണം ‘വ്യത്യസ്ത കഥകളാ’യാണ് അവതരിപ്പിക്കപ്പെട്ടത്. ആ എഡിറ്റിങ്ങായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും നിമിത്തമായത്. പത്രം കിട്ടിയ ഉടൻ ഞാൻ ഓഫിസിൽ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. തൊട്ടുപിറകെ മരിച്ച സ്ത്രീയുടെ വീട്ടുകാർ വിളിച്ചു, കൂടുതൽ വിവരങ്ങൾ തരാനുണ്ട്, ഒന്നു വീട്ടിലേക്ക് വരാമോ എന്ന്. ഞാൻ സമ്മതിച്ചു. ആ വീട്ടിൽ കയറിയതും വാതിൽ കുറ്റിയിട്ട് അടി തുടങ്ങി. ചോദ്യമൊന്നും ഉണ്ടായിരുന്നില്ല.
‘‘ഞങ്ങളുടെ പെങ്ങളുടെ മരണം നിങ്ങൾക്കൊക്കെ ഒരു കഥയാണല്ലേ’’ എന്ന് ചോദിച്ചായിരുന്നു ചവിട്ടിക്കൂട്ടൽ. ഞാൻ തിരിച്ചൊന്നും ചെയ്യുന്നില്ലെന്നു കണ്ട് അവർ കൂടുതൽ രോഷാകുലരായി. ഒരാൾ കൊടുവാൾ എടുക്കാൻ അകത്തേക്ക് കുതിച്ചു.
‘‘കൊല്ലണം’’ – ആക്രോശം ഉച്ചത്തിലായി. മരണം ഉറപ്പിച്ചു. അപ്പോൾ അകത്തുനിന്ന് അവരുടെ ഉമ്മയും ബാപ്പയും പുറത്തേക്ക് വന്ന് മക്കൾക്ക് നടുവിൽ ചാടിവീണു. ‘‘ഒന്നും ചെയ്യരുതേ’’ എന്ന് നിലവിളിച്ചു . ‘‘മോളോ പോയി, ഇനി ഒരു കൊലപാതകത്തിനും ഉത്തരം പറയാനാവൂലാ’’ എന്ന അവരുടെ കരച്ചിലിൽ മക്കൾ അടങ്ങി. പുറത്ത് വാതിലിൽ മുട്ടു കേട്ടു. അവരുടെ അയൽക്കാരനും എന്റെ ബന്ധുവുമായ വെള്ളിമാടുകുന്ന് ലീല തിയറ്റർ ഉടമ അച്ചുവേട്ടൻ അകത്തേക്കു വന്നു.
‘‘നീയെന്താ ഇവിടെ’’ എന്ന് ചോദിച്ച് എന്നെയും കൂട്ടി പുറത്തേക്ക് കടന്നു. പുറത്തൊരു ആൾക്കൂട്ടമുണ്ടായിരുന്നു. അവരാണ് അച്ചുവേട്ടനെ വിവരമറിയിച്ചത്. അച്ചുവേട്ടൻ പൊലീസിനെയും വിവരമറിയിച്ചിരുന്നു. നിമിഷങ്ങൾക്കകം പൊലീസുമെത്തി. അടിച്ച സഹോദരങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നെ ബീച്ചാശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിൽ പൊലീസ് വന്ന് എഫ്.ഐ.ആർ എടുത്തു. പുറത്ത് പത്രാധിപർ നാലപ്പാട് അത് മഹാസംഭവമാക്കി. എല്ലാ നഗരങ്ങളിലും ‘മാതൃഭൂമി’ ജീവനക്കാർ പ്രകടനം നടത്തി. തിരുവനന്തപുരത്ത് നാലപ്പാട് തന്നെ പ്രകടനം നയിച്ചു. പത്രത്തിൽ ഫോട്ടോ അടക്കം വലിയ വാർത്തകൾ വന്നു. ആശുപത്രിയിലേക്ക് രാഷ്ട്രീയക്കാർ പ്രവഹിച്ചു. ആശുപത്രിയിലേക്ക് വരാനാകാത്തവർ എനിക്ക് കത്തയച്ചു. അക്ബർ കക്കട്ടിലും അനശ്വരനായ കുട്ടി ചിത്രകാരൻ ക്ലിന്റിന്റെ അച്ഛനും അമ്മയും എഴുതിയ കത്തുകൾ ഇന്നും സൂക്ഷിക്കുന്നു.
കോഴിക്കോട്ടെ പ്രതിഷേധപ്രകടനം -വി. രവീന്ദ്രനാഥ്, എൻ.പി. രാജേന്ദ്രൻ, കെ. ചന്ദ്രൻ, വി. രാജഗോപാൽ, എം.പി. കൃഷ്ണദാസ്, ഫോട്ടോഗ്രാഫർ എം. പ്രകാശം എന്നിവരെ കാണാം
കേസ് കോടതിയിൽ എത്തിയപ്പോൾ ഞാൻ പക്ഷേ, കോടതി മുമ്പാകെ എനിക്ക് പരാതിയില്ലെന്നു പറഞ്ഞു. ശിക്ഷിക്കപ്പെട്ടാൽ പട്ടാളക്കാരനായ സഹോദരന്റെ പണിപോകുമായിരുന്നു. അവർ വി. രാജഗോപാൽ വഴിയും ലീല തിയറ്റർ അച്ചുവേട്ടൻ വഴിയും മാപ്പപേക്ഷയുമായി എത്തിയിരുന്നു. എനിക്കവരോട് ഒരു ദേഷ്യവും ഇല്ലായിരുന്നു. ഞാൻ പരാതിയില്ലെന്നു പറഞ്ഞതിൽ ജഡ്ജി രോഷാകുലനായിരുന്നു എന്ന് തോന്നി. ‘‘സമയം മെനക്കെടീയ്ക്കാൻ ഓരോരുത്തന്മാര്’’ എന്ന ഭാവത്തോടെ ഫയലടച്ചു. കേസ് വിട്ടുപോയി.
കഷ്ടിച്ച് രണ്ടു വർഷം. അത്രയേ ഞാൻ റിപ്പോർട്ടിങ്ങിൽ ഉണ്ടായിരുന്നുള്ളൂ (86-88). ‘‘സത്യം, സമത്വം, സ്വാതന്ത്ര്യം’’ എന്ന ടാഗ് ലൈൻ പിന്നെയൊരിക്കലും അത്രമേൽ ആഴത്തിൽ അനുഭവിച്ചിട്ടില്ല. ഒരുപക്ഷേ ആ കാലത്തിന്റെ പ്രത്യേകതകൊണ്ടു കൂടിയാവാം അത്. 1985ലാണ് ഗോർബച്ചേവ് സോവിയറ്റ് യൂനിയനിൽ പെരിസ്ട്രോയിക്കയും ഗ്ലാസ് നോസ്റ്റും തുടങ്ങുന്നത്. 1989 നവംബർ 9ന് ബർലിൻ മതിൽ ഇടിഞ്ഞുവീണു. സോവിയറ്റ് പതനത്തിന്റെ മുന്നോടിയായിരുന്നു അത്. ആഗോളീകരണത്തിന്റെ ഉദയവും. 1988-1991 കാലം എന്നത് ഗ്രാംഷി ചൂണ്ടിക്കാട്ടിയതുപോലെ പഴയതിന്റെ പതനവും പുതിയതിന്റെ ഉയിർത്തെഴുന്നേൽപിനുമിടയിലെ ഒരു അന്തരാളഘട്ടമായിരുന്നു. പത്രാധിപർ എം.ഡി. നാലപ്പാടിന്റെ പതനം ‘മാതൃഭൂമി’യുടെ മാത്രം ചരിത്രമല്ല. മാധ്യമഭൂപടം മാറ്റിവരച്ച പുതിയ ഓഹരി മുതലാളിത്തത്തിന്റെ ഉദയത്തെ അത് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു. ബാബരി മസ്ജിദിന്റെ പതനത്തിൽ എൻ.എസ്. മാധവന്റെ ‘തിരുത്തി’ലെ പത്രാധിപർ ചുല്യാറ്റ് വരുത്തിയ തിരുത്ത് ഭാവനാത്മകം മാത്രം. പ്രതിരോധിക്കപ്പെടാത്ത രാക്ഷസീയമായ അധികാര രൂപങ്ങളുടെ കടന്നുവരവായിരുന്നു ചരിത്രമാകെ. ഡൽഹിയിൽ നരസിംഹറാവു, റഷ്യയിൽ യെൽത്സിൻ... അങ്ങനെ രാഷ്ട്രഭൂപടങ്ങൾ ഏറ്റവും കൂടുതൽ തവണ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പലതവണ മാറ്റിവരക്കപ്പെട്ട കാലമായിരുന്നു അത്. രാഷ്ട്രങ്ങൾക്കകത്തെ പൊതു ഇടങ്ങളും അതിനനുസൃതമായി അഴിച്ചു പണിയപ്പെട്ടു.
വാർത്ത
എന്നെ ആദ്യം റിപ്പോർട്ട് ചെയ്യാൻ ഏൽപിച്ച സിനിമാ പരിപാടി ഹോട്ടൽ മഹാറാണിയിൽ നടന്ന ‘വാർത്ത’യുടെ നൂറാം ദിനാഘോഷമായിരുന്നു – സൈഡ് ലൈറ്റ്സ് ശ്രദ്ധിക്കണം – വി. രാജഗോപാൽ ഉപദേശിച്ചു.
താരനിബിഡമായിരുന്നു മഹാറാണി. ജനപ്രളയം പുറത്തേക്ക് ഒഴുകിയെത്തിയിരുന്നു. ചടങ്ങിന്റെ ടേണിങ് പോയന്റ് തിരക്കഥാകൃത്ത് ടി. ദാമോദരൻ മാഷിന്റെ പ്രസംഗമായിരുന്നു. മാഷിന്റെ പ്രസംഗത്തിൽ, ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ കേട്ട് അവർ സ്റ്റേജിൽനിന്ന് എഴുന്നേറ്റ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി. സ്തബ്ധരായ സംഘാടകർ പിറകെയും. റിപ്പോർട്ടർമാർക്ക് ‘വാർത്ത’ക്ക് പിന്നെ മറ്റൊന്നും വേണ്ടായിരുന്നു. ആ ഇറങ്ങിപ്പോക്ക് ഒരു ചരിത്രമായിരുന്നു.
‘മാതൃഭൂമി’ ഡയറക്ടർമാർ ചേർന്നു നിർമിച്ച സിനിമയുടെ തിരക്കഥാകൃത്തായിട്ടുപോലും ദാമോദരൻ മാസ്റ്ററെ പിന്നീടങ്ങോട്ട് ‘മാതൃഭൂമി’ പത്രവും സിനിമാവാരികയായ ‘ചിത്രഭൂമി’യും വളഞ്ഞിട്ടാക്രമിച്ചു. മാഷെക്കുറിച്ച് കാർട്ടൂൺ പരമ്പരക്കു തന്നെ ‘ചിത്രഭൂമി’ തുടക്കമിട്ടു. ‘മാതൃഭൂമി’ മാത്രമല്ല മറ്റ് പ്രമുഖ സിനിമാ വാരികകളും ദാമോദരൻ മാഷിനെതിരെ തിരിഞ്ഞു. ‘നാന’ ഒരു യുദ്ധമുഖംതന്നെ തുറന്നു. മാധവിക്കുട്ടി വേഴാമ്പലിനെപ്പോലെ കേഴുന്ന ഒരു സ്ത്രീയായി മാറി എന്ന മാഷിന്റെ വിലയിരുത്തലാണ് കലാപമുയർത്തിയത്. അതാരും പൊറുത്തില്ല.
‘വാർത്ത’ സംഭവത്തിനുശേഷം നാലപ്പാട് ഒന്നുകൂടി അഗ്രസിവായി. ദിനപത്രത്തിന് പുറമെ പീരിയോഡിക്കൽസിലും വേണം അഗ്രസിവ് ജേണലിസം എന്ന സിദ്ധാന്തം കൊണ്ടുവന്നു.
‘‘ ‘ഗൃഹലക്ഷ്മി’യിൽ ഇനി പഴയപോലെ ‘വനിതാപായസം’ വേണ്ട. അതും പത്രത്തിന്റെ നിലപാടുകൾക്കൊപ്പം അന്വേഷണാത്മക ഫീച്ചറുകളുമായി മുന്നോട്ടുവരണം. ഓരോ ലക്കത്തിലും ഒരു എക്സ് ക്ലൂസിവ് കവർ സ്റ്റോറി വേണം’’ – നയം വ്യക്തമാക്കപ്പെട്ടു.
ആ തരംഗത്തിൽ ‘ഗൃഹലക്ഷ്മി’യിലെ ആദ്യ ഇൻവെസ്റ്റിഗേറ്റിവ് ഫീച്ചർ ചെയ്തത് വി. അശോകനാണ് – വയനാട്ടിലെ അപ്പപ്പാറയിൽ ആദിവാസി സ്ത്രീകളെ പൊലീസുകാർ മദ്യപിപ്പിച്ച് നൃത്തംചെയ്യിച്ച സംഭവം. അത് ക്ലിക്കായി. പി.ബി. ലാൽക്കറും എ. ജനാർദനനുമായിരുന്നു ‘ഗൃഹലക്ഷ്മി’യുടെ ചുമതലക്കാർ. രണ്ടും മൂന്നും ഫീച്ചറുകൾ എന്റെ ഊഴമായിരുന്നു. ഉരുൾപൊട്ടലിന്റെ സമയത്തെ വയനാട്ടിലെ പൊലീസുകാരുടെ പന്നിക്കടത്ത് കേസ് റിപ്പോർട്ട് ചെയ്ത വിവാദ സംഭവത്തിനുശേഷം വയനാട്ടിൽനിന്നും കോഴിക്കോട്ടേക്ക് നാടുകടത്തപ്പെട്ട കെ. ജയചന്ദ്രൻ മൊത്തം ഒന്ന് പിൻവാങ്ങിയിരുന്നു. തന്റെ തട്ടകമായിരുന്ന മെഡിക്കൽ കോളജും കുതിരവട്ടം ചിത്തരോഗാശുപത്രിയും എനിക്ക് കൈമാറിയ സമയമായിരുന്നു അത്. ‘മാതൃഭൂമി’യിലെത്തുന്നതിന് മുമ്പത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ സുഹൃത്തുകൾ വാർത്തകളുടെ ഒരു ഖനിതന്നെയായിരുന്നു എനിക്ക് ഒരുക്കിത്തന്നത്. ‘‘അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ്’’ എന്ന മുദ്രാവാക്യത്തിന്റെ ചൂട് അവിടെ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല.
ചിത്തരോഗാശുപത്രിയിലെ അന്യായങ്ങൾക്കെതിരെ ആ മെഡിക്കൽ വിദ്യാർഥി കൂട്ടായ്മതന്നെ പരസ്യമായ പ്രക്ഷോഭത്തിനും രംഗത്തിറങ്ങിയപ്പോൾ ഞാനും അവർക്കൊപ്പം കൂടി. പിൽക്കാലത്ത് കേരളം കണ്ട ഏറ്റവും മികച്ച ഡോക്ടർമാരായ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ സാരഥികളിൽ ഒരാളായ ഡോ. കെ. സുരേഷ് കുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ടും തൊറാസിക് സർജറി മേധാവിയുമായിരുന്ന ഡോ. കുര്യാക്കോസ്, ഇംഹാൻസ് സ്ഥാപക ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ, ഡോ. സുരേഷ് ബാബു, ഡോ. മോഹൻ മാമുണ്ണി, ഐ. രാജൻ, ഡോ. ജഗദീഷ്... പിന്നെ എല്ലാ പ്രതിരോധങ്ങളുടെയും ആത്മാവായ ഡോ. ബ്രഹ്മപുത്രൻ... തുടങ്ങി നിരവധിപേർ അന്നത്തെ മെഡിക്കൽ വിദ്യാർഥികളുടെ പലതരം പ്രതിരോധ കൂട്ടായ്മകളുടെ ഭാഗമായിരുന്നു. സമരത്തിന്റെ ഭാഗമായി കുതിരവട്ടം ചിത്തരോഗാശുപത്രിയിൽ കടന്നുകൂടിയപ്പോഴാണ് ‘ഉപേക്ഷിക്കപ്പെട്ട’ സെല്ലിൽ ചിത്തരോഗമില്ലാത്ത ഒരമ്മയെ കൊണ്ടു ചെന്നു തള്ളിയ സംഭവം ൈകയിൽ കിട്ടുന്നത്. ആ അമ്മയുമായി സംസാരിക്കാൻ ഡോക്ടർമാർ തന്നെ അവസരമൊരുക്കിത്തരുകയും ചെയ്തു. അത് രണ്ടാമത്തെ ‘ഗൃഹലക്ഷ്മി’ ഫീച്ചറായി അച്ചടിച്ചു – ‘രക്തബന്ധത്തിന് കരുണ നഷ്ടപ്പെടുമ്പോൾ’. അതും ക്ലിക്കായി.
‘വാർത്ത’ ടീം മാതൃഭൂമി പത്രാധിപർ എം.ഡി. നാലപ്പാട്ടിനൊപ്പം. തിരക്കഥാകൃത്ത് ടി. ദാമോദരൻ, നിർമാതാവ് പി.വി. ഗംഗാധരൻ, സംവിധായകൻ ഐ.വി. ശശി, മമ്മൂട്ടി എന്നിവർ സമീപം
അതോടെ, മൂന്നാമത്തെതിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയർന്നു. അതും എന്നെയായിരുന്നു ഏൽപിച്ചത്. വിഖ്യാതമായ ഐസ്ക്രീം പാർലർ പെൺവാണിഭ കേസിന് മുന്നോടിയായി മലയാളത്തിലുണ്ടാകുന്ന ആദ്യത്തെ സ്ത്രീ പീഡനക്കേസായിരുന്നു അത്. കോഴിക്കോട്ടെ ആദ്യ ഫെമിനിസ്റ്റ് കൂട്ടായ്മ ‘ബോധന’ പിച്ചെവച്ച് പുറത്തേക്കു വന്ന കാലം കൂടിയായിരുന്നു അത്. അജിത, ഗംഗ, സുഹറ, അംബുജം... എന്നിങ്ങനെ വിരലിൽ എണ്ണാവുന്നവരാണ് നേതൃനിരയിലുള്ളത്. ഒപ്പം നടക്കാൻ ഞാൻ, യാക്കൂബ്, ഷുഹൈബ് തുടങ്ങി വിരലിൽ എണ്ണാവുന്നവരും. ‘ബോധന’യുടെ ചരിത്രം രേഖപ്പെടുത്തിയപ്പോൾ അജിത പിൽക്കാലത്ത് രേഖപ്പെടുത്താൻ മറന്നുപോയ ഒരധ്യായമാണ് ‘ഗൃഹലക്ഷ്മി’യിലെ പേജു കീറലും അതിനെതിരെ ‘ബോധന’ നടത്തിയ പ്രക്ഷോഭവും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.