മലയാള സിനിമ എപ്രകാരമാണ് സവർണ ക്രൈസ്തവരെ ആഘോഷിച്ചതെന്നും കീഴാള ജീവിതങ്ങളെ അവഗണിച്ചതെന്നും അന്വേഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ചരിത്രത്തെ വിലയിരുത്തുന്നതിനൊപ്പം സിനിമകൾ എപ്രകാരമാണ് പ്രസ്തുത ജാതിബോധത്തെ ഉത്തേജിപ്പിക്കുന്നത് എന്നും വിശകലനംചെയ്യുന്നു.
വെറുതെ തരുന്ന അന്നത്തേലെല്ലാം ഒരു കൊളുത്ത് ഒളിഞ്ഞിരിപ്പുണ്ടാവുമല്ലേ...
(ഫ്രാൻസിസ് നൊറോണയുടെ 'കക്കുകളി' എന്ന കഥയിൽനിന്ന്)
കേരളത്തിെൻറ സാമൂഹിക ശരീരം ജാതിക്കോളങ്ങൾ പൂരിപ്പിക്കുമ്പോൾ എന്തുകൊണ്ടാവാം ഹൈന്ദവ സാമൂഹിക ഘടനയിൽ ഉള്ളതിനു സമാനമായ തരത്തിൽതന്നെ വിഷലിപ്തമായ ൈക്രസ്തവ ജാതിബോധത്തെ കാണാതെപോകുന്നത്? വർത്തമാന രാഷ്ട്രീയ സാഹചര്യത്തിലെങ്കിലും കേരളത്തിലെ സവർണ ൈക്രസ്തവർക്കിടയിൽ ആഴത്തിൽ വേരിറങ്ങിയ വരേണ്യബോധത്തെ പ്രശ്നവത്കരിക്കേണ്ടിയിരിക്കുന്നു. കേവലം സാമ്പത്തികാന്തരം മാത്രമായിരുന്നു കെവിൻ വധത്തിെൻറ പിന്നിലെ േപ്രരണയെന്ന ന്യൂനീകരണയുക്തി നിരത്തിയാണ് തങ്ങൾക്കുനേരെ ഉയർന്ന ജാതി ആക്ഷേപങ്ങളെ സവർണ സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങൾ എതിർത്തത്. പാരമ്പര്യം, തനിമാവാദം, ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്നീ ജാതിബോധത്തിെൻറ അടിസ്ഥാനമൂലകങ്ങൾ സവർണ ൈക്രസ്തവ വിഭാഗങ്ങളുടെ ജീവിതചര്യകളിലും കണ്ടെടുക്കാനാവും.
ഇന്ത്യൻ സാമൂഹിക ഘടനയിലുൾച്ചേർന്നിരിക്കുന്ന ജാതിബോധം വരേണ്യതയെ ഉൽപാദിപ്പിക്കുകയും പ്രത്യുൽപാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഭാഗീയതയുടെ ഒരു പ്രതിഭാസമാണ്. സവർണ ൈക്രസ്തവ ജാതിബോധമെന്ന വ്യവഹാരം നിർമിച്ചെടുക്കുന്നതിനു പിന്നിൽ സക്രിയമായി പ്രവർത്തിക്കുന്ന അനേകം സ്ഥാപനങ്ങളുണ്ട്. എന്നാൽ, സമകാലിക കേരളീയ പശ്ചാത്തലത്തിൽ ജാതിബോധത്തെ പുനരുൽപാദിപ്പിക്കുന്ന ശക്തമായ ഒരു മാധ്യമമെന്ന നിലയിൽ ജനപ്രിയ സിനിമ വിമർശനാത്മകമായ പഠനത്തിനു വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ ൈക്രസ്തവ ചരിത്രത്തെ ആഴത്തിൽ വിലയിരുത്തുക എന്നതിലുപരി സിനിമകൾ എപ്രകാരമാണ് പ്രസ്തുത ജാതിബോധത്തെ ഉത്തേജിപ്പിക്കുന്നത് എന്ന അന്വേഷണത്തിനാണ് ഇവിടെ ശ്രമിക്കുന്നത്. ഏറെ വ്യാപനശേഷിയുള്ള ജനപ്രിയ മാധ്യമമെന്ന നിലയിൽ വിപൽചിന്തകളും ജാതിസന്ദേശങ്ങളും പ്രസരിപ്പിക്കാൻ സിനിമകൾക്കു സാധിക്കുമെന്നതിൽ സംശയമില്ല. ഇത്തരമൊരു പഠനത്തിനാവശ്യമായ തരത്തിൽ കേരളത്തിലെ സുറിയാനി ൈക്രസ്തവർക്കിടയിലെ ജാതിമേധാവിത്വത്തിെൻറ പശ്ചാത്തലം ലഘുവായി അനാവൃതമാക്കുന്നു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രബല മിത്തുകളാണ് അവരുടെ ബ്രാഹ്മണ പാരമ്പര്യവും യഹൂദ പാരമ്പര്യവും. ക്രിസ്തു ശിഷ്യനായ െസൻറ് തോമസിൽനിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച ബ്രാഹ്മണ കുടുംബങ്ങളുടെ പിന്തുടർച്ചയും പാരമ്പര്യവുമാണ് ഇവയിൽ ആദ്യത്തേത് (കേരളത്തിലേക്കുള്ള െസൻറ് തോമസിെൻറ വരവിനെ സംബന്ധിച്ച വാദങ്ങൾ ചരിത്രവസ്തുതകളല്ലെന്ന് എം.ജി.എസ് അടക്കമുള്ള ചരിത്രകാരന്മാർ പലവട്ടം സ്ഥാപിച്ചിട്ടുണ്ട്). അത്തരത്തിൽ ക്രിസ്തുമതം സ്വീകരിച്ച കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം എന്നീ കുടുംബങ്ങൾ കുറവിലങ്ങാട് പ്രദേശത്തേക്ക് വരുകയും മധ്യതിരുവിതാംകൂറിൽ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തുവെന്നതുമാണ് പ്രബലമായ ഒരു വിശ്വാസം. മറ്റൊന്ന്, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിൽനിന്ന് വ്യാപാരാവശ്യങ്ങൾക്കായി കേരളത്തിലെത്തിയ യഹൂദ ക്രിസ്ത്യാനികളിൽനിന്നാണ് കേരളത്തിൽ ക്രിസ്തുമതം ആരംഭിച്ചത് എന്ന വാദമാണ്. ഇവയെ ചരിത്രവസ്തുതകളുടെ പിന്തുണയോടെ ചോദ്യംചെയ്യുമ്പോഴും സവർണ ൈക്രസ്തവ അബോധത്തിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുന്ന ജാതി ഔന്നത്യത്തിനു ഒരു മാറ്റവുമുണ്ടാകുന്നില്ല.
െസൻറ് തോമസ് കേരളത്തിൽ വന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കാലത്ത് ഇവിടെ ബ്രാഹ്മണസാന്നിധ്യം ഉണ്ടായിരുന്നില്ല എന്ന ചരിത്രവസ്തുതയെ ൈക്രസ്തവസഭകൾ എതിർത്തിരുന്നു. എന്നാൽ, ക്രമേണ ബ്രാഹ്മണജന്യവാദത്തിൽനിന്ന് ൈക്രസ്തവസഭ ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും സമൂഹത്തിൽ പ്രബലമായൊരു മിഥ്യാബോധമായി അത് ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തിലെ സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷനായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ Stone The Sin, Not The Sinner 1 എന്ന അഭിമുഖത്തിൽ ഇത്തരം പാരമ്പര്യവാദങ്ങളെ എതിർക്കുന്നുണ്ട്. എന്നാൽ, അദ്ദേഹം കേരളത്തിലെ സുറിയാനി ൈക്രസ്തവർ പ്രമുഖ ഭൂവുടമകളും വ്യാപാരികളും ഉൾപ്പെടുന്ന മറ്റ് ഉയർന്ന സമുദായങ്ങളിൽനിന്ന് പരിവർത്തനവിധേയരായവരായിരിക്കാമെന്ന നിഗമനത്തിലാണെത്തിച്ചേരുന്നത്.
ബ്രാഹ്മണജന്യവാദത്തിെൻറ അടിസ്ഥാനം ചരിത്രവസ്തുതകളുടെ പിൻബലത്തോടെ ചോദ്യംചെയ്യപ്പെട്ടപ്പോൾ ഉയർന്നുവന്ന സിദ്ധാന്തമാണ് യഹൂദജന്യവാദം. ഇത് വ്യക്തമാക്കുന്നതിന് മധ്യകേരളത്തിലെ പ്രമുഖ ൈക്രസ്തവ ദേവാലയമായ കുറവിലങ്ങാട് മർത്താമറിയം പള്ളിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വാദങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
സവർണ ൈക്രസ്തവ സ്വത്വപ്രഖ്യാപനങ്ങളുടെ സമകാലിക പ്രയോഗയിടങ്ങൾ ഇവയാണ്: 1. കുടുംബചരിത്രരചന. 2. കുടുംബയോഗങ്ങൾ. സാമ്പത്തിക മേൽക്കോയ്മയും സാമൂഹിക അംഗീകാരവും സിദ്ധിച്ച ചില ക്രിസ്ത്യൻ കുടുംബങ്ങൾ തങ്ങളുടെ കുടുംബ വൃക്ഷത്തിെൻറ ശാഖകളും വേരുകളും തിരയുകയും അതിലൂടെ അംഗബലവും ശക്തിപ്രഭാവവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വികലമായ വസ്തുതകളും ഭാവനകളും കൂട്ടിയിണക്കി രചിക്കപ്പെടുന്ന കുടുംബചരിത്രങ്ങൾ കൂടിച്ചേരുമ്പോൾ ക്രിസ്ത്യൻ പാരമ്പര്യത്തിെൻറ മിഥ്യാബോധവും താൻപ്രമാണിത്തവും ജാതിചിന്തയും ചരിത്രവത്കരിക്കപ്പെടുന്നു. ഇത്തരത്തിൽ രചിക്കപ്പെടുന്ന കുടുംബചരിത്രങ്ങളിൽ മിക്കവയും ബ്രാഹ്മണ/ രാജകുടുംബവുമായുള്ള ബന്ധത്തെ ഏതുവിധേനയും ആഖ്യാനത്തിൽ ഉൾച്ചേർക്കുന്നവയുമായിരിക്കും. നിലവിൽ ൈക്രസ്തവസഭ ഔദ്യോഗികമായി അംഗീകരിക്കാത്ത ബ്രാഹ്മണപാരമ്പര്യത്തെ പുരാതന ൈക്രസ്തവ പാരമ്പര്യം അവകാശപ്പെടുന്ന പകലോമറ്റം കുടുംബത്തിെൻറ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ''സാമൂഹിക– രാഷ്ട്രീയ രംഗങ്ങളിൽ വളരെ ഉയർന്ന ഒരു സ്ഥാനം മാർത്തോമാ ക്രിസ്ത്യാനികൾക്ക് കരഗതമായിരുന്നു. ബ്രാഹ്മണ മേധാവിത്വം ഇവിടെ ശക്തിപ്പെട്ടതിനുശേഷം, അശുദ്ധമാക്കപ്പെടുന്ന വസ്തുക്കളും അമ്പലങ്ങളും തൊട്ടു ശുദ്ധമാക്കപ്പെടുന്നതിന് ക്രിസ്ത്യാനികളെ ഉപയോഗിക്കുന്ന പതിവ് ഉണ്ടായി. അമ്പലങ്ങളോട് ചേർന്ന് ക്രിസ്ത്യാനികളെ പാർപ്പിക്കുന്ന രീതിയും നിലവിൽ വന്നു. ബ്രാഹ്മണപാരമ്പര്യം ഉണ്ടായിരുന്ന പകലോമറ്റം കുടുംബക്കാരെ തന്നെ കുറവിലങ്ങാട്ടുനിന്ന് കൂട്ടിക്കൊണ്ടുവന്ന് വസ്തുക്കൾ ശുദ്ധീകരിക്കുന്നതിന് നിയോഗിക്കാറുണ്ടായിരുന്നു. ഇതിെൻറ പരിണതഫലമായിട്ടാണ് മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലും ജാതിചിന്ത ഉടലെടുത്തത്. തങ്ങളെത്തന്നെ ഉയർന്ന ജാതിയായി അവർ കണ്ടു.''2 ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാദങ്ങളും അത് നിർമിക്കുന്ന ജാതി അധീശത്വബോധവും അത്യന്തം പ്രതിലോമകരമാണ്.
ബ്രാഹ്മണജന്യവാദത്തിെൻറ അടിസ്ഥാനം ചരിത്രവസ്തുതകളുടെ പിൻബലത്തോടെ ചോദ്യംചെയ്യപ്പെട്ടപ്പോൾ ഉയർന്നുവന്ന സിദ്ധാന്തമാണ് യഹൂദജന്യവാദം. ഇത് വ്യക്തമാക്കുന്നതിന് മധ്യകേരളത്തിലെ പ്രമുഖ ൈക്രസ്തവ ദേവാലയമായ കുറവിലങ്ങാട് മർത്താമറിയം പള്ളിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വാദങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യാപാരാവശ്യങ്ങൾക്കായി കേരളത്തിലെത്തിയിരുന്ന യഹൂദരിൽ ചിലർ പെസഹ ആചരിക്കുന്നതിനായി സ്വദേശത്തേക്ക് തിരിച്ചുപോയി. ക്രിസ്തുവിെൻറ പീഡാസഹനത്തിനും പെന്തക്കുസ്താ അനുഭവങ്ങൾക്കും സാക്ഷികളായ അവർ ക്രിസ്തുമതാനുയായികളായാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇത്തരമൊരു യഹൂദ
ൈക്രസ്തവ സമൂഹത്തിൽനിന്നും കേരളത്തിലെ ആദ്യ ൈക്രസ്തവ ഗണം രൂപപ്പെട്ടുവെന്നതാണ് കുറവിലങ്ങാട് പള്ളിയുമായി ബന്ധപ്പെട്ട് രൂപമെടുത്ത വിശ്വാസത്തിെൻറ ചുരുക്കം. ഇവിടെ കന്യാമറിയത്തിെൻറ പ്രത്യക്ഷീകരണം, പെന്തക്കുസ്താ ആഘോഷം, ക്രിസ്തുവിെൻറ ജീവിതം തുടങ്ങിയ വിശ്വാസസംബന്ധമായ സംഗതികളെ കോർത്തിണക്കിയാണ് യഹൂദ പാരമ്പര്യമിത്ത് രൂപവത്കരിച്ചിരിക്കുന്നത്.3 സെൻറ് തോമസ് ജ്ഞാനസ്നാനപ്പെടുത്തിയ ചില കുടുംബങ്ങളെപ്പറ്റി പരാമർശമുണ്ടെങ്കിലും അവരുടെ ബ്രാഹ്മണ പാരമ്പര്യത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഈ വാദങ്ങളെയെല്ലാം നിരവധി ചരിത്രരേഖകളുടെയുംതെളിവുകളുടെയും പിന്തുണയോടുകൂടി ദലിത്ബന്ധു എൻ.കെ. ജോസ് ചോദ്യംചെയ്യുന്നുണ്ട്. ചാതുർവർണ്യവ്യവസ്ഥയിൽ ഉയർന്ന സ്ഥാനം അവകാശമാക്കിയിരുന്ന ബ്രാഹ്മണരിൽനിന്ന് പരിവർത്തനവിധേയരായ സമൂഹമെന്ന് കരുതിയിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ എന്തുകൊണ്ടാവാം പിൽക്കാലത്ത് ബൈബിളിലെ പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ യഹൂദരുടെ പാരമ്പര്യത്തിലേക്ക് ചേക്കേറിയത്? ഏതുവിധേനയുള്ള പാരമ്പര്യമായാലും സാമുദായിക ഔന്നത്യവും മേൽക്കോയ്മാബോധവും കാത്തുസൂക്ഷിക്കാൻ ഇരു പാരമ്പര്യവാദങ്ങളും പര്യാപ്തമാണ്.
ഇതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് മിഷനറിമാരുടെ വരവും ക്രിസ്തുമതത്തിലേക്ക് നടന്ന വ്യാപകമായ മതപരിവർത്തനങ്ങളും. ലണ്ടൻ മിഷൻ സൊസൈറ്റി (1806), ചർച്ച് മിഷൻ സൊസൈറ്റി (1816) മുതൽ കത്തോലിക്കാസഭവരെ കാലാകാലങ്ങളിൽ കീഴാള ജനതയുടെ മതപരിവർത്തനത്തിനു ശ്രമിച്ചിട്ടുണ്ട്. ഹൈന്ദവ ജാതിഘടനയിൽനിന്നുള്ള വിമോചനവും ക്രിസ്തുവിെൻറ രക്ഷാകര പദ്ധതിയിലുള്ള പങ്കാളിത്തവും വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിനു വിധേയരായ അടിമ ജനതയുടെ തുടർജീവിതത്തിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അംബേദ്കറുടെ Christianising the Untouchables എന്ന പഠനത്തിൽ ഇത്തരം നിരവധി സാഹചര്യങ്ങൾ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ബ്രാഹ്മണ ൈക്രസ്തവരും അബ്രാഹ്മണ ൈക്രസ്തവരും നിലനിൽക്കുന്നുവെന്നും അവർ മിശ്രവിവാഹമോ മിശ്രഭോജനമോ നടത്തുകയില്ലെന്നും അംബേദ്കർ നിരീക്ഷിക്കുന്നു. 1928ൽ ഇന്ത്യയിലെത്തിയ സൈമൺ കമീഷനു മുമ്പാകെ തെക്കേ ഇന്ത്യയിൽനിന്നുള്ള പരിവർത്തിത ക്രിസ്ത്യാനികൾ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പരിവർത്തനത്തിനുശേഷവും തുടരുന്ന തങ്ങളുടെ പതിതാവസ്ഥ വെളിവാക്കുന്നുണ്ട്.4
അംബേദ്കറുടെ Christianising the Untouchables എന്ന പഠനത്തിൽ ഇത്തരം നിരവധി സാഹചര്യങ്ങൾ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ബ്രാഹ്മണ ൈക്രസ്തവരും അബ്രാഹ്മണ ൈക്രസ്തവരും നിലനിൽക്കുന്നുവെന്നും അവർ മിശ്രവിവാഹമോ മിശ്രഭോജനമോ നടത്തുകയില്ലെന്നും അംബേദ്കർ നിരീക്ഷിക്കുന്നു
കേരളത്തിലെ അവശക്രിസ്ത്യാനികൾ/പുതുക്രിസ്ത്യാനികൾ/പരിവർത്തിത ക്രിസ്ത്യാനികൾ തുടങ്ങിയ പല പേരുകളിലറിയപ്പെട്ടിരുന്ന ദലിത് ക്രിസ്ത്യൻ വിഭാഗങ്ങളുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. പ്രസ്തുത വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള പോൾ ചിറക്കരോട് അത് ഇപ്രകാരം രേഖപ്പെടുത്തുന്നു. ''ൈക്രസ്തവ മതം അടക്കമുള്ള ഹൈന്ദവേതരമതങ്ങളിലെ ജാതിയുടെ സ്വഭാവം രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്, പരമ്പരാഗതമായ അംഗത്വം. അതായത്, ഒരു ജാതിയിൽ ജനിച്ചുവളർന്ന് ആ ജാതിയുടെ ഇടുങ്ങിയ ലോകത്ത് ജീവിച്ചു മരിക്കുന്ന അവസ്ഥ. രണ്ട്, സജാതീയ വിവാഹം– ഒരേ ജാതിയിൽനിന്നുതന്നെ വിവാഹം ചെയ്ത് പ്രജനനം നടത്തുന്ന രീതി. ജാതിയുടെ അടിസ്ഥാനസ്വഭാവമായി പരിഗണിക്കപ്പെടുന്ന ഈ രണ്ടു സ്വഭാവവിശേഷങ്ങളും ൈക്രസ്തവർ ദീക്ഷിക്കുന്നുണ്ട്. സുറിയാനി ക്രിസ്ത്യാനികൾ അവരോടൊപ്പം സഭയിലുള്ള ദലിത് ക്രിസ്ത്യാനികളുമായി വിവാഹബന്ധത്തിലേർപ്പെടുന്നില്ല. പാരമ്പര്യ മഹത്ത്വം അവകാശപ്പെടുന്നവരും പാരമ്പര്യ മഹത്ത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുതുക്രിസ്ത്യാനികളും ൈക്രസ്തവരിലുണ്ട്. പുതുക്രിസ്ത്യാനികൾ എന്ന പദത്തിന് ജാതി പരിഗണനക്കപ്പുറം പോകുന്ന ദുഷ്കീർത്തിദായകമായ ഒരർഥതലമുണ്ട്.''
കീഴാള ജനതയുടെ ക്രിസ്ത്യൻ മതപരിവർത്തനം അരി, തുണി, മറ്റ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ എന്നിവ പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെന്ന സവർണ ക്രിസ്ത്യൻ ഭാഷ്യത്തെ വിനിൽ പോൾ വിമർശിക്കുന്നുണ്ട്. മറ്റൊരർഥത്തിൽ, പരമ്പരാഗത ക്രിസ്ത്യൻ പശ്ചാത്തലത്തിെൻറ അപരസ്ഥാനമായാണ് സവർണ ൈക്രസ്തവ ചരിത്രങ്ങളും വാമൊഴികളും പരിവർത്തിത ക്രിസ്ത്യൻ ജനതയെ അടയാളപ്പെടുത്തുന്നത്. പാശ്ചാത്യ മിഷനറിമാരുടെ ഇടപെടലിലൂടെ മതപരിവർത്തനത്തിനു വിധേയമാകുന്ന തങ്ങളുടെ അടിമ ജനവിഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനും പുതിയ കുടിയേറ്റങ്ങൾക്കും ഭൂമിൈകയേറ്റങ്ങൾക്കും സഹായിയായി വർത്തിക്കാനുമാണ് സുറിയാനി സഭകൾ കീഴാള മതപരിവർത്തനത്തിന് തുനിഞ്ഞതെന്ന് വിനിൽ പോൾ സ്ഥാപിക്കുന്നു. ഒരു വിഭാഗം കീഴാളരുടെ വിശ്വാസത്തിെൻറ തിരഞ്ഞെടുപ്പായിരുന്നു ക്രിസ്തുമത സ്വീകരണമെന്നും പണമോ മറ്റ് വാഗ്ദാനങ്ങളോ അതിനു കാരണങ്ങളായിരുന്നില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരത്തിൽ പോൾ ചിറക്കരോട്, വിനിൽ പോൾ തുടങ്ങിയ ദലിത് ചരിത്രരചയിതാക്കളുടെയും ഗവേഷകരുടെയും ബദൽ ആഖ്യാനങ്ങൾ നിലനിൽക്കുന്ന പൊതുബോധനിർമിതികളെ ചോദ്യംചെയ്യാൻ പര്യാപ്തമാണ്.
കീഴാള ൈക്രസ്തവ ജീവിതങ്ങളെ പ്രശ്നവത്കരിച്ച ശ്രദ്ധേയമായ മാധ്യമമെന്ന നിലയിൽ സാഹിത്യത്തെയും പരിശോധിക്കുന്നത് ഉചിതമായിരിക്കും. സാഹിത്യത്തിൽ ദലിത് ഇടം നിർമിച്ചെടുക്കപ്പെട്ടത് ഒരു ഭാവുകത്വവ്യതിയാനമായി അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ടി.കെ.സി. വടുതലയുടെ 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്ന കഥ ആരംഭിക്കുന്നത് ''കണ്ടങ്കോരൻ ദേവസ്സിയായിത്തീർന്നു, എന്നു െവച്ചാൽ മാർക്കംകൂടി'' എന്ന വാക്യത്തോടെയാണ്. പുലയവിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദേവസ്സി തെൻറ ജാതിശരീരത്തെ ഉപേക്ഷിച്ച് പുതുജീവൻ കാംക്ഷിക്കുന്നു. എന്നാൽ, പ്രസ്തുത പരിണാമം ദേവസ്സിയുടെ നോക്കുപാടിൽ മാത്രമൊതുങ്ങുകയും പരമ്പരാഗത ക്രിസ്ത്യാനികൾക്ക് അയാൾ പുലയ ക്രിസ്ത്യാനിയായ കണ്ടങ്കോരൻ ദേവസ്സിയായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്വസമുദായത്തിൽനിന്നും പുതുസമുദായത്തിൽനിന്നും ബഹിഷ്കൃതനാക്കപ്പെട്ട ദേവസ്സി വെന്തീഞ്ഞ വൈദികനെ തിരികെയേൽപിച്ച്, ചാർത്തിക്കിട്ടിയ ക്രിസ്തീയ കർതൃത്വത്തിൽനിന്ന് സ്വന്തം കർതൃത്വത്തിലേക്ക് മടങ്ങുന്നു. കോട്ടയത്തെ സവർണ ൈക്രസ്തവ പശ്ചാത്തലം ആസ്പദമാക്കി അരുന്ധതി റോയി രചിച്ച 'ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്' എന്ന നോവലിൽ വെളുത്ത, വല്യപാപ്പൻ എന്നിവരെ വിശദമായി പരിചയപ്പെടുത്തുന്ന ഭാഗമുണ്ട്. പരവൻ സമുദായത്തിൽ ഉൾപ്പെട്ട ഇവർക്ക് നിരവധി കാര്യങ്ങൾ ചെയ്യുന്നതിൽ വിലക്കുകളുണ്ടായിരുന്നു. പിന്നോട്ട് നടന്ന് ചൂലുകൊണ്ട് മണ്ണിൽ പതിഞ്ഞ സ്വന്തം കാൽപാടുകൾ മായ്ക്കുക, മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരിക്കുക, സംസാരിക്കുമ്പോൾ ഉച്ഛാസവായുകൊണ്ട് അന്തരീക്ഷം മലിനമാക്കാതിരിക്കാൻ കൈകൊണ്ട് മറയ്ക്കുക തുടങ്ങിയ നിരവധി ജാത്യാചാരങ്ങൾ ഇവർ പാലിക്കേണ്ടിയിരുന്നു. ബ്രിട്ടീഷുകാർ മലബാറിൽ എത്തിയപ്പോൾ വലിയ വിഭാഗം പരവർ, പുലയർ, പറയർ തുടങ്ങിയവർ ആംഗ്ലിക്കൻ മതം സ്വീകരിെച്ചന്നും അവർ അരി ക്രിസ്ത്യാനി എന്ന് അറിയപ്പെെട്ടന്നും നോവലിൽ പരാമർശമുണ്ട്. അവർ പ്രത്യേകം പള്ളികൾ സ്ഥാപിക്കുകയും പ്രത്യേകം തിരുക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം മതപരിവർത്തനം നടന്നതിനാൽ അവർക്ക് സംവരണം നിഷേധിക്കപ്പെെട്ടന്നും അരുന്ധതി റോയി പരാമർശിക്കുന്നു. നോവലിലെ പ്രസ്തുത പരാമർശങ്ങൾ ഒരു സവർണ ൈക്രസ്തവ ഭാഷ്യമായി അവശേഷിക്കുമ്പോഴും മതപരിവർത്തനം കേരളത്തിലെ ജാതിഘടനയിൽ മാറ്റങ്ങളൊന്നും സംജാതമാക്കിയില്ലെന്ന ചരിത്രവസ്തുതയുടെ സാഹിതീയ പ്രതിനിധാനമായി അത് മാറുന്നു.
സമാനമായ തരത്തിൽ ജാതിവാഴ്ച വളരെ പ്രകടമായ തലത്തിൽ നിലനിൽക്കുന്ന തമിഴ്നാട്ടിലും ചില കീഴാള വിഭാഗങ്ങളിൽനിന്നുള്ള ക്രിസ്ത്യൻ പരിവർത്തിതർക്ക് മറ്റ് ഉയർന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നു നേരിടേണ്ടി വരുന്ന അപമാനത്തിെൻറയും ചൂഷണത്തിെൻറയും സാക്ഷ്യപത്രമാണ് ബാമയുടെ 'കരുക്ക്' എന്ന ആത്മകഥ. ക്രിസ്ത്യൻസഭയിലെ ഒരു കന്യകാസ്ത്രീയായി തുടർന്ന അവസരങ്ങളിൽ നിരവധിതവണ കടന്നുപോയ ജാതീയ അധിക്ഷേപങ്ങൾ അവർ തെൻറ ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്. ൈക്രസ്തവസഭയിലെ ജാതിചൂഷണങ്ങൾക്കെതിരെ പോരാടാനും പീഡിതവിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുമായി മഠത്തിൽ ചേർന്ന അവർ ഒടുവിൽ സ്വന്തം കാഴ്ചപ്പാടുകളോട് നീതിപുലർത്താനായി കന്യകാസ്ത്രീ പട്ടം ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനമേഖലയിൽ വ്യാപൃതയായി.
ഇത്തരത്തിൽ ൈക്രസ്തവസഭയിൽനിന്നു നേരിട്ട ജാതീയ ചൂഷണങ്ങളോടുള്ള പ്രതികരണമെന്നോണം നിരവധി കീഴാള, സാമൂഹിക, ആത്മീയ മുന്നേറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിൽ അടിമ ജനതയുടെ വിമോചന ശബ്ദമായി ഉയർന്നുവന്ന പ്രത്യക്ഷരക്ഷാ ദൈവസഭ സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഒരേസമയം, സാമൂഹികമായി ബഹിഷ്കൃതരായ അടിമ ജനതയെ സാമൂഹികമായും ആത്മീയമായും പുതിയ തീരങ്ങളിലേക്ക് അടുപ്പിക്കാൻ പൊയ്കയിൽ അപ്പച്ചനു സാധിച്ചു. അദ്ദേഹം തെൻറ ആശയങ്ങൾ പ്രചരിപ്പിക്കാനുപയോഗിച്ച പാട്ടുകൾ കീഴാള ജീവിതങ്ങളുടെ നേർക്കാഴ്ചയും ബദൽ ചരിത്രമെഴുത്തും സാധ്യമാക്കിയെന്നതിനപ്പുറം ജാതിരഹിത വിശ്വാസത്തിെൻറ ജ്ഞാനപദ്ധതികൂടി നടപ്പാക്കി. ഹൈന്ദവ–ൈക്രസ്തവ മതഘടനക്കുള്ളിൽ കണ്ടെടുക്കാവുന്ന ജാതി സമവായങ്ങളെക്കുറിച്ച് അപ്പച്ചൻ ഇപ്രകാരം പാടി:
ഹിന്ദുമതത്തിൻ പുറവഴിയെ നമ്മൾ/ ബന്ധമില്ലാതെ വലഞ്ഞലഞ്ഞു
ക്രിസ്തുമതത്തിൻ പുറവഴിയെ നമ്മൾ/ അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതക്കാരും ചേർത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതക്കാരും ചേർത്തീലല്ലോ
ൈക്രസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത കീഴാള ജനതയുടെ ദമിതാവസ്ഥയെ വിവരിക്കുന്ന അപ്പച്ചെൻറ മറ്റൊരു ഗാനംകൂടി പരിശോധിക്കാം.
ക്രിസ്തുവിൻ രക്തത്തിൽ മുങ്ങിയതുമൂലമെെൻറ/ തീരാപുലയങ്ങു തീർന്നുപോയി കേട്ടോ
പിന്നെപ്പുലയനെന്നെന്നെ വിളിച്ചാൽ/ആ പള്ളിലെങ്ങും വരുന്നില്ല കേട്ടോ
ക്രിസ്തുവിൻ രക്തത്തിൽ മുങ്ങിയതുമൂലമെൻ/ തീരാപ്പിഴയങ്ങു തീർന്നുപോയി കേട്ടോ
പിന്നെപ്പറയനെന്നെന്നെ വിളിച്ചാൽ/ ആ പള്ളിലെങ്ങും വരുന്നില്ലാ കേട്ടോ
ക്രിസ്തുവിൻ രക്തത്തിൽ മുങ്ങിയതുമൂലമെൻ/ തീരാക്കുറവങ്ങു തീർന്നുപോയി കേട്ടോ
പിന്നെക്കുറവനെന്നെന്നെ വിളിച്ചാൽ/ ആ പള്ളിലെങ്ങും വരുന്നില്ല കേട്ടോ
ഒരേസമയം ഹിന്ദുമതത്തിെൻറയും ൈക്രസ്തവ മതത്തിെൻറയും വിശ്വാസ സംഹിതകളെയും ജാതിഘടനയെയും വെല്ലുവിളിച്ചുകൊണ്ട് കീഴാള വിമോചനത്തിെൻറ ആത്മീയവും ഭൗതികവുമായ ധാരകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കാൻ പൊയ്കയിൽ അപ്പച്ചനു സാധിച്ചു. ഇരു മതങ്ങളുടെയും പ്രവർത്തനശൈലിയിൽ ദൃശ്യമായിരിക്കുന്ന ജാതിമേധാവിത്വത്തിെൻറ ആധാരശിലകളെ ഇളക്കാൻ അടിമ ജനതയുടെ ഉയിർപ്പും ചരിത്രത്തിെൻറ വീണ്ടെടുപ്പും ജ്ഞാനമണ്ഡലത്തിെൻറ രൂപവത്കരണവും ആവശ്യമാണെന്ന് പ്രത്യക്ഷരക്ഷാ ദൈവസഭപോലുള്ള വിശ്വാസസഭകളുടെ നവോത്ഥാന കേരളത്തിലെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ജാതിയുടെയും വരേണ്യതയുടെയും സാമൂഹിക മൂലധനം ആസ്വദിച്ച് വളർന്ന കേരളത്തിലെ പരമ്പരാഗത ൈക്രസ്തവ വിഭാഗങ്ങൾ 20ാം നൂറ്റാണ്ടോടുകൂടി കേരളത്തിെൻറ ഭരണസിരായന്ത്രത്തിെൻറ താക്കോൽ സ്ഥാനങ്ങൾ സ്വന്തമാക്കി. വിലപേശലിലൂടെ തങ്ങളുടെ സ്വകാര്യലാഭം സാധ്യമാക്കാൻ പോന്ന ശക്തമായ ഒരു വോട്ട് ബാങ്കായി അവർ മാറി. ഇതിലേക്ക് നയിച്ച ചില സുപ്രധാന സാമൂഹിക സാഹചര്യങ്ങളിലേക്ക് ശ്രദ്ധയൂന്നേണ്ടത് അനിവാര്യമാണ്.
1. മുമ്പ് സൂചിപ്പിച്ചതുപോലെ സാമൂഹിക മൂലധനം ജന്മനാൽ അവകാശപ്പെടുന്ന പാരമ്പര്യ ക്രിസ്ത്യാനികൾ ക്രമേണ സാംസ്കാരിക^സാമ്പത്തിക മൂലധനത്തിെൻറ പെരുപ്പത്തിനു കൂടുതൽ ശ്രദ്ധ നൽകി. കുടുംബങ്ങളിലെ അംഗസംഖ്യ പെരുകുന്നതനുസരിച്ച് വിഭവങ്ങളുടെ ദൗർലഭ്യം നേരിട്ടപ്പോൾ പുതിയ ഇടങ്ങൾ തേടി പലരും പലായനംചെയ്തു. ഹൈറേഞ്ച് മേഖലകളിലേക്കും കണ്ണൂർ, വയനാട് തുടങ്ങിയ വടക്കൻ പ്രദേശങ്ങളിലേക്കും കുടിയേറിയ ൈക്രസ്തവ സംഘങ്ങൾ കൃഷിക്കായി വലിയ ഭൂപ്രദേശങ്ങൾ വെട്ടിത്തെളിച്ചു സ്വന്തമാക്കി. ഇത്തരത്തിൽ ൈകയേറിയ ഭൂമിക്ക് ക്രമേണ പട്ടയം ലഭിക്കുകയും അവിടെ വൻതോതിൽ റബർ, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്ത് അവർ തങ്ങളുടെ സാമ്പത്തികാടിത്തറ ശക്തമാക്കുകയും ചെയ്തു. ഇതോടൊപ്പംതന്നെ മദ്യവ്യവസായ മേഖലയിലും തങ്ങളുടെ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ ഇവർക്കായി.
കൂടാതെ, തങ്ങളുടെ സാംസ്കാരിക മൂലധനത്തിെൻറ തോത് വർധിപ്പിക്കുന്നതിെൻറ ഭാഗമായി വിദ്യാഭ്യാസരംഗത്ത് വമ്പിച്ച നിക്ഷേപം നടത്താനും ൈക്രസ്തവസഭകൾക്കായി. ഇന്ന് കേരളത്തിലെ ഇതരമതസ്ഥരുമായി താരതമ്യംചെയ്യുമ്പോൾ എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങളുടെ പക്കൽതന്നെയാണെന്ന് വ്യക്തമാകും. എന്നാൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ദലിത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങളിലെ നിർണായകമായ സ്ഥാനങ്ങൾ ഇന്നും ഏറക്കുറെ അപ്രാപ്യമാണ്.
2. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെ വിമോചന സമരത്തിലൂടെ പുറത്താക്കിയ ചരിത്രവും സവർണ ൈക്രസ്തവ വിഭാഗങ്ങൾക്ക് അവകാശപ്പെടാനുണ്ട്. കേരളത്തിലെ മറ്റു സവർണ വിഭാഗങ്ങളുടെ പിന്തുണയോടെ അരങ്ങേറിയ വിമോചന സമരത്തിെൻറ നേതൃസ്ഥാനം സവർണ ൈക്രസ്തവരാണ് അലങ്കരിച്ചിരുന്നത്. വരേണ്യ ൈക്രസ്തവ ഐക്യവും പുനഃശാക്തീകരണവും സാധ്യമാക്കിയ ഒന്നായിരുന്നു 1958-59 കാലങ്ങളിൽ അരങ്ങേറിയ പ്രസ്തുത സമരം. സമരനേതൃത്വത്തിെൻറയും അനുകൂലികളുടെയും മനസ്സിലെ ജാതി ദുഷിപ്പുകൾ പുറന്തള്ളിയ കുപ്രസിദ്ധമായ മുദ്രാവാക്യമായിരുന്നു ''തമ്പ്രാനെന്ന് വിളിപ്പിക്കും/ പാളേൽ കഞ്ഞി കുടിപ്പിക്കും/ ചാത്തൻ പൂട്ടാൻ പോകട്ടെ/ ചാക്കോ നാടു ഭരിക്കട്ടെ...'' എന്നത്. ജാതിമഹിമയുടെ പ്രഖ്യാപനവും ജാതിഘടനയിലേക്കുള്ള പിന്മടക്കവുമെന്ന രീതിയിലാവണം ഇത്തരം മുദ്രാവാക്യങ്ങൾ വിലയിരുത്തപ്പെടേണ്ടത്.
3. സവർണ ൈക്രസ്തവരുടെ സാമൂഹിക മനഃശാസ്ത്രമെന്നും കോൺഗ്രസിെൻറ വലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതായിരുന്നു. സംഘടനാ നേതൃത്വത്തിെൻറ പ്രമുഖ സ്ഥാനങ്ങളിലെല്ലാം തങ്ങളുടെ പ്രാതിനിധ്യമുറപ്പിക്കാൻ അവർക്കായി. 1964ൽ കോൺഗ്രസിൽനിന്ന് വേർതിരിഞ്ഞ് കെ.എം. ജോർജ് സ്ഥാപിച്ച അവിഭക്ത കേരള കോൺഗ്രസ് പാർട്ടി സവർണ ക്രിസ്ത്യൻ, നായർ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് കേരള രാഷ്ട്രീയ ഭൂമികയിൽ വേരൂന്നിയത്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്ന നിഗമനത്തിൽ കാലാകാലങ്ങളിൽ കേരള കോൺഗ്രസ് പാർട്ടി പിളരുകയും ലയിക്കുകയും അതുവഴി ഇടതു^വലതു പാളയങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ് തുടങ്ങിയവർ മുതൽ പി.സി. തോമസ്, പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ്, (ജോസ് കെ. മാണി?) വരെ നീളുന്ന കേരള കോൺഗ്രസിെൻറ വിവിധ പിരിവുകൾക്ക് രാഷ്ട്രീയത്തിലേക്കുള്ള ചുവന്ന പരവതാനി വിരിച്ചത് കേരളത്തിലെ സവർണ ക്രിസ്ത്യൻ വിഭാഗങ്ങളായിരുന്നുവെന്നതിൽ തർക്കമില്ല.
കേരളത്തിലെ വരേണ്യ ക്രിസ്ത്യൻ വിഭാഗങ്ങൾ സാമൂഹികമായും രാഷ്ട്രീയമായും ശക്തിയാർജിച്ചതിെൻറ ചില സാധ്യതകൾ മാത്രമാണ് ഇവിടെ പരിശോധിച്ചത്.
ഇത്തരത്തിൽ നേടിയ അധികാരങ്ങളുടെ പിൻബലത്തിൽ സ്വസമുദായത്തിലെ അധഃസ്ഥിത വിഭാഗങ്ങളോട് എന്തു മനോഭാവമാണ് ഇവർ പുലർത്തുന്നത്? കത്തോലിക്കാസഭാ നേതൃത്വത്തിനെതിരെ സമരം ചെയ്ത വൈദികരിലൊരാൾ പുലയ സ്ത്രീക്ക് അവിഹിത വേഴ്ചയിൽ ജനിച്ചയാളാണെന്നും അത്തരമാളുകളുടെ ദിവ്യബലിയിൽ സത്യക്രിസ്ത്യാനികൾ പങ്കെടുക്കില്ലായെന്നും പി.സി. ജോർജ് നടത്തിയ വിവാദ പരാമർശം കേരളം ലജ്ജയോടെ ശ്രവിക്കുകയുണ്ടായി. എന്നാൽ, വരേണ്യ ക്രിസ്ത്യൻ വിഭാഗം പൊതുവിൽ പുലർത്തുന്ന ജാതിവെറിയുടെ പ്രകടിതരൂപം മാത്രമാണ് പി.സി. ജോർജിെൻറ വിഷലിപ്തമായ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നതാണ് വസ്തുത. കുടഞ്ഞെറിഞ്ഞാൽ പോകാത്തവിധം കേരളീയ ൈക്രസ്തവസഭയിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ജാതിബോധത്തിെൻറയും താൻപോരിമയുടെയും ചില കാഴ്ചകൾ മാത്രമാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.
കേരളത്തിലെ ജാതിബോധം, സിനിമ, സമൂഹം എന്നിവയെക്കുറിച്ചുള്ള ചലച്ചിത്രപഠനങ്ങൾ മുഖ്യമായും ഹൈന്ദവ മതഘടനയെ മുൻനിർത്തി മാത്രമാണ് രൂപപ്പെട്ടിട്ടുള്ളത്. സവർണ മനോഭാവവും വരേണ്യചിന്തകളും ക്രിസ്തുമതത്തിെൻറ ഘടനയിലും ഉള്ളടങ്ങിയിരിക്കുന്നു എന്ന ചിന്തയെ മുൻനിർത്തി മലയാള സിനിമ അതിനെ എപ്രകാരമാണ് പരിഗണിച്ചിരിക്കുന്നതെന്ന് തുടർന്ന് അന്വേഷിക്കുന്നു
ഒരു ജനപ്രിയ സാംസ്കാരിക സംവേദന മാധ്യമമെന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിൽ സിനിമയോളം വ്യാപകമായ സ്വാധീനം ചെലുത്താൻ മറ്റൊരു മാധ്യമത്തിനും സാധിക്കില്ല എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. രാഷ്ട്രീയാധികാര പ്രാപ്തിക്കായി സിനിമയെ, അതിെൻറ സ്വാധീനശക്തിയെ ഉപയോഗപ്പെടുത്തിയതിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. സമാനമായി സമൂഹത്തിലെ പ്രബലമായ ജാതിബോധത്തെ പരിലാളിക്കാനും ജനപ്രിയസിനിമകൾ വ്യാപകമായി ഉപയുക്തമാക്കിയിരിക്കുന്നു. സിനിമ ജാതിബോധത്തെ നിർമിക്കുന്നുവെന്ന വാദത്തെക്കാൾ, പുനർനിർമിക്കുന്നുവെന്ന സാധ്യതയാണ് യുക്തിസഹം. മറ്റൊരർഥത്തിൽ, സമൂഹത്തിലെ പ്രബലബോധമായി വർത്തിക്കുന്ന വരേണ്യചിന്തകളെ പരിലാളിച്ചും പരിപോഷിപ്പിച്ചും വാണിജ്യവിജയങ്ങൾ സ്വന്തമാക്കാൻ ജനപ്രിയസിനിമകൾക്കായി. കേരളത്തിലെ ജാതിബോധം, സിനിമ, സമൂഹം എന്നിവയെക്കുറിച്ചുള്ള ചലച്ചിത്രപഠനങ്ങൾ മുഖ്യമായും ഹൈന്ദവ മതഘടനയെ മുൻനിർത്തി മാത്രമാണ് രൂപപ്പെട്ടിട്ടുള്ളത്. സവർണ മനോഭാവവും വരേണ്യചിന്തകളും ക്രിസ്തുമതത്തിെൻറ ഘടനയിലും ഉള്ളടങ്ങിയിരിക്കുന്നു എന്ന ചിന്തയെ മുൻനിർത്തി മലയാള സിനിമ അതിനെ എപ്രകാരമാണ് പരിഗണിച്ചിരിക്കുന്നതെന്ന് തുടർന്ന് അന്വേഷിക്കുന്നു.
അഭ്രപാളിയിൽ ആഘോഷിക്കപ്പെടുന്ന അച്ചായത്തരങ്ങൾ
മലയാള സിനിമയിലെ ദലിത് സാന്നിധ്യത്തിന് സിനിമയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. എന്നാൽ, ആദ്യ ചിത്രത്തിലെ നായികയായ പി.കെ. റോസി എന്ന ദലിത് ക്രിസ്ത്യൻ സ്ത്രീയെ നഷ്ട നായികയാക്കിയത് സവർണ സമുദായങ്ങളുടെ തീട്ടൂരങ്ങളും വിലക്കുകളുമായിരുന്നു. ക്രിസ്ത്യൻ പശ്ചാത്തലവും ജീവിതവും ആദ്യകാല മലയാള സിനിമകൾക്കു വിഷയമായിട്ടുണ്ട്. 1957ൽ പുറത്തുവന്ന 'പാടാത്ത പൈങ്കിളി' സമ്പന്നനായ മലയിൽ തങ്കച്ചെൻറയും (േപ്രം നസീർ) താഴ്ചയിൽ ചിന്നമ്മയുടെയും (മിസ് കുമാരി) പ്രണയസാഫല്യത്തിെൻറ കഥപറയുന്നതായിരുന്നു. സാമ്പത്തികാന്തരത്തിനപ്പുറം മനുഷ്യഹൃദയങ്ങൾ ഒന്നാകുന്ന കഥ പറഞ്ഞ, മുട്ടത്തുവർക്കിയുടെ തിരക്കഥയിലൊരുങ്ങിയ സിനിമയുടെ അവസാന രംഗത്ത്, തങ്ങളുടെ പ്രിയപ്പെട്ട ചിന്നമ്മയുടെ വിവാഹം പള്ളിയുടെ പുറത്തുനിന്നു കാണേണ്ടിവരുന്ന മൈലൻ (എസ്.പി. പിള്ള), തേവിക്കിടാത്തി (അടൂർ പങ്കജം) എന്നീ കീഴാള ജീവിതങ്ങളെക്കൂടി ചിത്രം അവതരിപ്പിക്കുന്നു.
ഇത്തരത്തിൽ കീഴാള ജീവിതങ്ങൾ സിനിമയുടെ അകത്തും പുറത്തുമായി തമസ്കരിക്കപ്പെടുമ്പോൾ സവർണ ൈക്രസ്തവ പ്രതിനിധാനങ്ങൾ ആഘോഷിക്കപ്പെടുകയാണ്. അതിനൊരു മികച്ച ദൃഷ്ടാന്തമാണ് പത്മരാജെൻറ 'കൂടെവിടെ' (1983) എന്ന ചിത്രത്തിൽ ക്യാപ്റ്റൻ തോമസ് (മമ്മൂട്ടി) മദ്യപിച്ചശേഷം പറയുന്ന വാചകം: ''കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്ത്യാനിക്കേ അവെൻറ പെമ്പിള്ളയെ നിലയ്ക്ക് നിർത്താനറിയാം, അതാ കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്ത്യാനിയെന്ന് പറഞ്ഞാല്.'' ഇവിടെ ഒരേസമയം വിനിമയം ചെയ്യപ്പെടുന്നത് വംശമഹിമയും ആണത്ത അഹന്തയുമാണ്.
മലയാളത്തിൽ സവർണ ൈക്രസ്തവജീവിതങ്ങളെ അഭ്രപാളിയിലെത്തിച്ച സിനിമകളെ പൊതുവിൽ മൂന്ന് വിഭാഗമായി തിരിക്കാം. 1. സൂപ്പർതാര സാന്നിധ്യവും ആണത്ത പ്രകടനങ്ങളും ഒരുപോലെ പ്രകടിപ്പിക്കുന്നവ (കോട്ടയം കുഞ്ഞച്ചൻ, സ്ഫടികം, ലേലം തുടങ്ങിയവ). 2. താരമൂല്യം കുറഞ്ഞവയെങ്കിലും സവർണ ൈക്രസ്തവബോധവും ആണത്തബോധവും പ്രസരിപ്പിക്കുന്ന ഇടത്തരം വിജയം നേടിയ ചിത്രങ്ങൾ (ഉപ്പുകണ്ടം ബ്രദേഴ്സ്, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, കമ്പോളം തുടങ്ങിയവ). 3. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലവും ജീവിതങ്ങളും മുഖ്യ പ്രമേയമായ ചിത്രങ്ങൾ (വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ, ലോനപ്പെൻറ മാമോദീസ തുടങ്ങിയവ).
ഇവയിലെ ആദ്യ വിഭാഗത്തിലുൾപ്പെടുന്ന ചിത്രങ്ങൾ വൻവിജയങ്ങൾ നേടുന്നതിനോടൊപ്പം ചില സവർണ അച്ചായൻ ബിംബങ്ങളെകൂടി അവശേഷിപ്പിക്കുന്നു. വസ്ത്രധാരണം, സംസാരശൈലി തുടങ്ങിയവ മുതൽ ഭക്ഷണം, മദ്യം എന്നിവയിൽ വരെ ഇത്തരം ചിത്രങ്ങളും താരനായകന്മാരും ബിംബവത്കരിക്കപ്പെടുന്നു. ''തോമാച്ചായന് ഡബിൾ ചങ്കാ'' (സ്ഫടികം), ''ഇരട്ട ചങ്കുള്ള ചാക്കോച്ചി'' (ലേലം) തുടങ്ങി മധ്യവർഗ മലയാളിയുടെ നിത്യജീവിതവ്യവഹാരങ്ങളിൽ ഇടംപിടിക്കാൻ പോലും ഇത്തരം ബിംബങ്ങൾക്കു കഴിഞ്ഞു.
ജനപ്രിയ മലയാള സിനിമകളിലെ പ്രമുഖ നായകന്മാരെല്ലാംതന്നെ നിരവധി തവണ വരേണ്യ ക്രിസ്ത്യൻ കഥാപാത്രങ്ങളായവരാണ്. കേവലം ക്രിസ്ത്യൻ നാമധാരികളായ കഥാപാത്രങ്ങളെക്കാളുപരി ആണത്തബോധത്തിെൻറ പ്രകടനപരതകൊണ്ടും ജാതിമഹത്ത്വത്തിെൻറ പർവതീകരണംകൊണ്ടും ജനപ്രിയരായ കഥാപാത്രങ്ങളെയാണ് തുടർന്നു പരിശോധിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്നീ താരത്രയത്തിനു പുറത്ത് വരേണ്യതയുടെ ക്രിസ്ത്യൻ ചലച്ചിത്ര പ്രതിരൂപമായി ആഘോഷിക്കപ്പെട്ടത് പൃഥ്വിരാജാണ്. ''കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും'' എന്ന് പ്രഖ്യാപിക്കുന്ന കുഞ്ഞൂഞ്ഞ് (സ്വപ്നക്കൂട്, 2008) മുതൽ വടക്കൻ വീട്ടിൽ കൊച്ചൂഞ്ഞായും (താന്തോന്നി, 2010) തട്ടേക്കാട് കുര്യച്ചനായും (അവൻ ചാണ്ടിയുടെ മകൻ, 2001) പൃഥ്വിരാജിെൻറ നായക കഥാപാത്രങ്ങൾ വിലസിയപ്പോൾ ശാക്തീകരിക്കപ്പെട്ടത് ക്രിസ്ത്യൻ അധികാരബോധത്തിെൻറ തിരയിടങ്ങളാണ്. ഇതേ ജനുസ്സിൽ 'കങ്കാരു' (2007), 'കലണ്ടർ' (2009) തുടങ്ങിയ ഏതാനും ചില ചിത്രങ്ങൾകൂടി പൃഥ്വിരാജിേൻറതായി പുറത്തുവന്നു.
ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയ താരങ്ങളും ക്രിസ്ത്യൻ കഥാപാത്രങ്ങളിലൂടെ ആൺപോരിമയും വംശമഹിമയും പ്രകടിപ്പിച്ച് േപ്രക്ഷക പ്രീതി നേടിയവരാണ്. ക്രിസ്ത്യൻ കുടുംബങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും കൂടുതലായി അവതരിപ്പിച്ചുവന്ന കുടുംബചിത്രങ്ങളിലെ നായകനായ ജയറാമിെൻറ പതിവുവഴികളിൽനിന്നുള്ള വിച്ഛേദമായിരുന്നു 'തിരുവമ്പാടി തമ്പാനും' (2012), 'അച്ചായൻസും' (2017). 'പാപ്പി അപ്പച്ചാ' (2010), 'ലൈഫ് ഓഫ് ജോസൂട്ടി' (2015), 'ജോർജേട്ടൻസ് പൂരം' (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപും ഇത്തരം വേഷങ്ങൾ ചെയ്തുവെങ്കിലും സമകാലിക ക്രിസ്ത്യൻ പ്രതിനിധാനങ്ങളിൽ തരംഗമായതും ശ്രദ്ധ നേടിയതുമായ കഥാപാത്രം ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനായിരുന്നു (ആട് ഒരു ഭീകര ജീവിയല്ല, ആട് 2). 'പുണ്യാളൻ അഗർബത്തീസി'ലെ (2013) ജോയ് താക്കോൽക്കാരനും മധ്യവർഗ സിനിമാകാണികളുടെ പ്രീതി നേടി വിജയിച്ച കഥാപാത്രമാണ്.
മലയാള സിനിമയിൽ 80കളുടെ അവസാനകാലത്തോടെ കണ്ടു തുടങ്ങിയതും 90കളിലും 2000െൻറ ആദ്യവർഷങ്ങളിലും വരെ ശക്തമായി നിലനിന്നിരുന്നതുമായ സവർണ ൈക്രസ്തവ കഥാപാത്രങ്ങളുടെ രൂപ, ഭാവ സവിശേഷതകൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ നാണ്യവിളകൾക്കു ലഭിച്ച വിലവർധനയും സാമൂഹിക^രാഷ്ട്രീയ രംഗത്തെ നിർണായക ശക്തിയായുള്ള വളർച്ചയും കേരളത്തിലെ ൈക്രസ്തവ സമൂഹത്തെ ശക്തമായ ഒരു സമുദായമാക്കി പരിവർത്തിപ്പിച്ച കാലയളവാണിത്. ബ്രാഹ്മണ്യത്തിെൻറ തകർച്ചയിൽ പരിതപിക്കുന്നതും നായർ സമുദായത്തിെൻറ വളർച്ച കേന്ദ്രമാക്കുന്നതുമായ നിരവധി സിനിമകൾ ഇക്കാലയളവിൽ ഒരുങ്ങിയിരുന്നു. ഇതിനൊരു സമാന്തരധാരയായി സവർണ ൈക്രസ്തവ ജീവിതങ്ങളെയും അഭ്രപാളിയിലെത്തിക്കാൻ മലയാളസിനിമക്കായി.
അക്കാലയളവിൽ താരസിംഹാസനങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരിലാണ് സവർണതയുടെ ആൾ(ൺ) രൂപങ്ങളെ സിനിമ തിരഞ്ഞത്. മമ്മൂട്ടിയുടെ ജനപ്രിയ ക്രിസ്ത്യൻ കഥാപാത്രങ്ങളായി ഇക്കാലയളവിൽ പുറത്തുവന്നവയിൽ ഇല്ലിക്കൽ കുട്ടപ്പായി (സംഘം,1988), കോട്ടയം കുഞ്ഞച്ചൻ (കോട്ടയം കുഞ്ഞച്ചൻ, 1990), തേവള്ളിപറമ്പിൽ ജോസഫ് അലക്സ് (കിങ്, 1995) ചാണ്ടിച്ചൻ (ഒരു മറവത്തൂർ കനവ്, 1998), എഴുപുന്ന സണ്ണി തരകൻ (എഴുപുന്നതരകൻ, 1999), ഫാൻറം പൈലി (ഫാൻറം, 2002), ഡേവിഡ് ജോൺ കൊട്ടാരത്തിൽ (നസ്രാണി, 2007), പ്രാഞ്ചിയേട്ടൻ (പ്രാഞ്ചിയേട്ടൻ & the Saint, 2010), രാജൻ സക്കറിയ (കസബ, 2016), തോപ്പിൽ ജോപ്പൻ (തോപ്പിൽ ജോപ്പൻ, 2016) എന്നിവ വമ്പിച്ച ശ്രദ്ധ നേടിയവയാണ്. മറുവശത്ത്, സവർണ ഹൈന്ദവ നായക ശരീരമായി പരുവപ്പെട്ടിരുന്ന മോഹൻലാലിെൻറ വരേണ്യ ക്രിസ്ത്യൻ കഥാപാത്രങ്ങളും കുറവല്ല. സോളമൻ (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, 1980), സണ്ണി (സുഖമോ ദേവി, 1980) തുടങ്ങിയ കഥാപാത്രങ്ങളിലാരംഭിച്ച് തൊണ്ണൂറുകളോടെ പാരമ്പര്യ ക്രിസ്ത്യാനി കഥാപാത്രങ്ങളിലേക്ക് മോഹൻലാലും ചെന്നെത്തി. ടോണി കുരിശിങ്കൽ (നമ്പർ 20 മദ്രാസ് മെയിൽ, 1990), ആട് തോമ (സ്ഫടികം, 1995), തച്ചോളി വർഗീസ് ചേകവർ (തച്ചോളി വർഗീസ് ചേകവർ, 1995), പാലമറ്റത്ത് സണ്ണി (വർണപ്പകിട്ട്, 1997), ചക്കും മൂട്ടിൽ വർഗീസ് ആൻറണി (ഒളിമ്പ്യൻ അന്തോണി ആദം, 1999), ആറ്റിപ്രാക്കൽ ജിമ്മി (ചതുരംഗം, 2002), പുലിക്കാട്ടിൽ ചാർളി (നാട്ടുരാജാവ്, 2004), ശൂരനാട് കുഞ്ഞ്–ശൂരനാട് പാപ്പോയി (ഉടയോൻ, 2005) തുടങ്ങിയവ മുതൽ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി വരെ നീണ്ടുപോകുന്ന മോഹൻലാലിെൻറ അച്ചായൻ കഥാപാത്രങ്ങൾ ചലച്ചിത്രാസ്വാദകർക്ക് സുപരിചിതമാണ്.
തൊണ്ണൂറുകളുടെ അവസാനത്തോടെ മാത്രം ഇത്തരം കഥാപാത്രങ്ങൾ തേടിയെത്തിയ സുരേഷ് ഗോപി വളരെ വേഗത്തിൽതന്നെ ഒരു സവർണ ൈക്രസ്തവ ചലച്ചിത്ര പ്രതിരൂപമായി സ്ഥാനപ്പെട്ടു. മമ്മൂട്ടി^മോഹൻലാൽ താരദ്വയത്തിെൻറ ആദ്യകാല ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി കുടുംബ സംരക്ഷണത്തിനു മുൻതൂക്കം നൽകുന്ന കരുത്തനായ ആണവതാരമായിരുന്നു സുരേഷ് ഗോപിയുടെ പ്രധാന കഥാപാത്രങ്ങൾ. ആനക്കാട്ടിൽ ചാക്കോച്ചി (ലേലം, 1997), തേവക്കാട്ട് കുട്ടപ്പായി (വാഴുന്നോർ, 1999), അന്തോണിച്ചൻ (മാർക്ക് ആൻറണി, 2000) മുതൽ പിന്നീട് അദ്ദേഹത്തിേൻറതായി വന്ന പൊലീസ് വേഷങ്ങളിലും രാഷ്ട്രീയ നേതാവിെൻറ വേഷങ്ങളിലും ഇതേ വരേണ്യ ൈക്രസ്തവ നിലപാടുകൾ പ്രതിഫലിച്ചിരുന്നുവെന്നത് വ്യക്തമാണ്. ഈശോപ്പണിക്കർ (ൈക്രം ഫയൽ, 1999), ആൻറണി പുന്നേക്കാടൻ (ട്വൻറി20, 2008), ജോസഫ് വടക്കൻ (ക്രിസ്ത്യൻ ബ്രദേഴ്സ്, 2011) തുടങ്ങിയ പൊലീസ് വേഷങ്ങളും, മാളിയേക്കൽ തൊമ്മി (രാഷ്ട്രം, 2006), ജോർജ് തര്യൻ (പതാക, 2006) തുടങ്ങിയ രാഷ്ട്രീയ നേതാവിെൻറ വേഷങ്ങളും തിരശ്ശീലയിൽ അവശേഷിപ്പിക്കുന്നത് സുറിയാനി ൈക്രസ്തവരുടെ ജാതി, വംശമാഹാത്മ്യം മാത്രമാണ്. ഇത്തരം സൂപ്പർതാരങ്ങളുടെ ആവർത്തിച്ചുള്ള സവർണ പ്രതിനിധാനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിബോധത്തെ ഉത്തേജിപ്പിക്കുന്നതിലും അതുവഴി വാണിജ്യവിജയങ്ങൾ സ്വന്തമാക്കുന്നതിലും വിജയിക്കുന്നു.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു പ്രധാനയിനം ഇത്തരം സിനിമകൾ വിനിമയം ചെയ്യുന്ന ആണധികാര പ്രയോഗങ്ങളാണ്. ശബ്ദമുയർത്തുന്നവളും ചോദ്യം ചെയ്യുന്നവളും കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾക്കപ്പുറത്തേക്കു നീങ്ങാൻ വെമ്പുന്നവളുമായ 'തെറിച്ച' പെണ്ണുങ്ങളെ മെരുക്കുന്നതിനായി ഇത്തരത്തിൽ അച്ചായൻ കഥാപാത്രങ്ങൾ ബലാത്സംഗഭീഷണി മുതൽ ശരീരാപഹാസം (body shaming) വരെ നടത്തുന്നു
ഇവിടെ സൂചിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ഘടനാപരമായ ചില സവിശേഷതകൾകൂടി വിശദമാക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും പ്രബലരായ സവർണ ൈക്രസ്തവ^ഹൈന്ദവ കുടുംബങ്ങൾക്കിടയിൽ നടക്കുന്ന അധികാരത്തർക്കത്തിെൻറയും പോർവിളികളുടെയും ആഖ്യാനപരിസരമാണ് ഇവയിലെ ഭൂരിപക്ഷം സിനിമകളുടെയും പ്രമേയ സമാനത (സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലയിലുള്ള മുസ്ലിം കുടുംബങ്ങൾ ഇവിടെ എതിർച്ചേരിയിൽപോലും വരുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു). മറ്റൊരു ശ്രദ്ധേയമായ സവിശേഷത ഇവ ആവർത്തിച്ച് നിർമിക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുന്ന ചില വാർപ്പുമാതൃകകളാണ്. ഭാഷാ പ്രയോഗങ്ങൾ, വസ്ത്രധാരണം, വാഹനങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ചേർത്ത് നിർമിക്കപ്പെടുന്ന അച്ചായൻ എന്ന പ്രതിഭാസത്തെ രൂപപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് പ്രദേശം. സവർണ ഹൈന്ദവ നായർ മേധാവിത്വ സിനിമകൾ വള്ളുവനാടും വരിക്കാശ്ശേരി മനയും ഭാരതപ്പുഴയും ആഘോഷിച്ചതിനു സമാനമായി ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സൂപ്പർതാര ചിത്രങ്ങൾ മീനച്ചിലാർ, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളെ ആവർത്തിച്ച് അവതരിപ്പിച്ച് മഹത്ത്വവത്കരിക്കുന്നു. ഏതാനും ചില ചിത്രങ്ങളിലെ സംഭാഷണങ്ങൾകൊണ്ട് ഇത് കൂടുതൽ വ്യക്തമാകും: ''ഇത് കോട്ടയമാ കോട്ടയം. കാഞ്ഞിരപ്പള്ളിയും, മീനച്ചിലും, ചങ്ങനാശ്ശേരിയും ഒക്കെ അടങ്ങുന്ന കോട്ടയം. ഇവിടം ഭരിക്കുന്നത് എരണം കെട്ട ഡെമോക്രസിയും ജുഡീഷ്യറിയുമൊന്നുമല്ല, ഞങ്ങള് ദാ കുറച്ച് ഗുസ്തി അറിയാവുന്ന കേരളം ദേശം കോൺഗ്രസുകാരാ'' (ചതുരംഗം), ''ഇത് കോട്ടയമാടാ, ഇവിടെ കളിക്കാനിറങ്ങുമ്പോ ഇച്ചിരികൂടി മൂത്ത ഒരെണ്ണത്തിനെയിറക്ക്'' (നസ്രാണി) തുടങ്ങിയ സംഭാഷണങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രാദേശികവാദത്തിെൻറ ചലച്ചിത്രസാക്ഷ്യങ്ങളാണ്. ഇവിടെ പരാമർശിക്കപ്പെട്ട ചിത്രങ്ങളിൽ നായകെൻറ പേരും കുടുംബപ്പേരും നിരവധി തവണ ആവർത്തിക്കുന്നുണ്ട്. തെൻറയും കുടുംബത്തിെൻറയും ഔന്നത്യ പ്രഖ്യാപനമല്ലാതെ ഇത്തരം രംഗങ്ങൾക്ക് ചിത്രത്തിൽ മറ്റൊരു പ്രസക്തിയുമില്ല. എന്നിരുന്നാലും സിനിമാശാലകളിൽ മുഴങ്ങുന്ന ആർപ്പുവിളികൾക്കും ൈകയടികൾക്കും പിന്നിലെ സാമൂഹികമനഃശാസ്ത്രം എന്തായിരിക്കാം? ൈക്രസ്തവ സവർണതയുടെ തിരശ്ശീലയിലെ പ്രതിനിധാനങ്ങളെ വിമർശനാത്മകമായി സമീപിക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രങ്ങൾ ജാതിമേധാവിത്വത്തിെൻറയും ആണധികാര വ്യവസ്ഥയുടേതുമാണ്. മറ്റൊരർഥത്തിൽ കേരളീയ സമൂഹത്തിെൻറ അബോധത്തിൽ അന്തർലീനമായിരിക്കുന്ന മലീമസമായ ജാതിവ്യവസ്ഥയുടെയും ആണത്തപ്രകടനത്തിെൻറയും വ്യവഹാരങ്ങളെ തൃപ്തിപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്യുക എന്ന ദൗത്യത്തിലൂടെയാണ് ഇത്തരം സിനിമകൾ ജനപ്രിയമാകുന്നത്.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു പ്രധാനയിനം ഇത്തരം സിനിമകൾ വിനിമയം ചെയ്യുന്ന ആണധികാര പ്രയോഗങ്ങളാണ്. ശബ്ദമുയർത്തുന്നവളും ചോദ്യം ചെയ്യുന്നവളും കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾക്കപ്പുറത്തേക്കു നീങ്ങാൻ വെമ്പുന്നവളുമായ 'തെറിച്ച' പെണ്ണുങ്ങളെ മെരുക്കുന്നതിനായി ഇത്തരത്തിൽ അച്ചായൻ കഥാപാത്രങ്ങൾ ബലാത്സംഗഭീഷണി മുതൽ ശരീരാപഹാസം (body shaming) വരെ നടത്തുന്നു. ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ള സിനിമകളിൽനിന്ന് നിരവധി സന്ദർഭങ്ങൾ കണ്ടെത്താനാകുമെങ്കിലും അതിൽ ഏതാനും ചിലതു മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. ''മേലിൽ ഒരാണിെൻറയും മുഖത്തിനുനേരെ ഉയരില്ല നിെൻറ ഈ കൈ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്'' എന്ന തേവള്ളിപറമ്പിൽ ജോസഫ് അലക്സിെൻറ ആേക്രാശവും, ''നല്ല നെല്ലുകുത്തരിയുടെ ചോറ് നല്ല പഴമാങ്ങാ പുളിശ്ശേരി ഒഴിച്ച് കഴിച്ച് ഏതെങ്കിലും നല്ല നായരുകൊച്ചെൻറ പത്ത് പന്ത്രണ്ട് പിള്ളേരെ പ്രസവിച്ച് കഴിയണ്ട ഈ കാലത്ത്'' എന്ന ആറ്റിപ്രാക്കൽ ജിമ്മിയുടെ പെണ്ണുടലിനെയും തൊഴിലിനെയും ഇകഴ്ത്തിയുള്ള വാചകങ്ങളുംകൂടി രൂപപ്പെടുത്തുന്ന ആൺപോരിമയുടെ ക്രിസ്ത്യൻ പശ്ചാത്തലമാണ് വിമർശനവിധേയമാകേണ്ടത്.
'ഒരു മറവത്തൂർ കനവ്' എന്ന ചിത്രത്തിലെ ചാണ്ടിച്ചെൻറ പെൺവസ്ത്ര ധാരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇപ്രകാരമാണ്: ''ഒരുപ്രായം കഴിഞ്ഞാൽ പെമ്പിള്ളേര് ഉടുപ്പുകാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആണുങ്ങൾക്ക് പ്രലോഭനം ഉണ്ടാകും. അങ്ങനെ പ്രലോഭനമുണ്ടാകുമ്പോഴാണ് പെൺവാണിഭവും സ്ത്രീപീഡനങ്ങളും ഉണ്ടാകുന്നത്്.'' ഫാൻറം പൈലിയുടെ നസ്രാണിപ്പെണ്ണുങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകളെ ഈരാറ്റുപേട്ടയിലോട്ട് വിവാഹം ചെയ്തയച്ചാൽ അവൾ പിന്നെ പാലാ രൂപതയുടെ സ്വത്താണെന്നും അവൾ കുടുംബത്തിൽ ചെയ്യേണ്ടതായ കർത്തവ്യങ്ങളുടെ നീണ്ട പട്ടികയും പൈലിയുടേതായിട്ടുണ്ട്. ഇവയെല്ലാം കേവലം ചലച്ചിത്രങ്ങളിലെ സംഭാഷണങ്ങളായി പരിമിതപ്പെടുത്തി വായിക്കപ്പെടേണ്ടവയല്ല, മറിച്ച് പാരമ്പര്യവും ജാതിബോധവും ആണധികാരവും മുഴച്ചുനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ചലച്ചിത്ര പ്രതിനിധാനങ്ങളാണ്.
വലിയ താരനിരയുടെ പിൻബലമില്ലാതെ പുറത്തുവന്ന സവർണ ൈക്രസ്തവ ജീവിതങ്ങൾ ചിത്രീകരിച്ച 'അച്ചാമ്മക്കുട്ടിയുടെ അച്ചായൻ' (1998), 'വെള്ളിമൂങ്ങ' (2014), 'ലീല' (2016), 'പാ.വ.' (2016), 'ഒരു മുത്തശ്ശി ഗദ' (2016), 'സർവോപരി പാലാക്കാരൻ' (2017), 'ഡ്രാമ' (2018), 'ജൂൺ' (2019) തുടങ്ങിയ കുടുംബചിത്രങ്ങളും ജാതി, ലിംഗമേൽക്കോയ്മ തുടങ്ങിയ വ്യവഹാരങ്ങളെ ശാക്തീകരിച്ചിട്ടുണ്ട്. നിർദോഷകരമെന്ന് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന ഇത്തരം ചിത്രങ്ങൾ നിലനിൽക്കുന്ന പാരമ്പര്യ കുടുംബ^ജാതിഘടനയെ അതേ മട്ടിൽതന്നെ തുടരുന്നതിനു േപ്രരിപ്പിക്കുന്നവയാണ്. പരിണാമവിധേയമാകാത്ത/ മതാധിഷ്ഠിതമായ ഒരു അടഞ്ഞ ഘടന തുടരുന്നതിലേക്ക് ഒരു സമൂഹത്തെയാകെ നയിക്കുന്നതിൽ ജനപ്രിയസിനിമകൾക്കും ചെറുതല്ലാത്ത പങ്കുണ്ട്.
സമാനപ്രമേയങ്ങളവതരിപ്പിക്കുന്ന യുവതാരങ്ങളുടെ ചിത്രങ്ങളും സമീപകാലത്ത് പുറത്തിറങ്ങിയിരുന്നു. 'േപ്രമം' (2015), 'ജേക്കബിെൻറ സ്വർഗരാജ്യം' (2016), 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' (2017), 'മിഖായേൽ' (2019) തുടങ്ങിയവയിൽ നിവിൻ പോളിയും 'സി.ഐ.എ' (2017), 'ജോമോെൻറ സുവിശേഷങ്ങൾ' (2017), 'ഒരു യമണ്ടൻ േപ്രമകഥ' (2019) തുടങ്ങിയവയിലൂടെ ദുൽഖർ സൽമാനും സവർണ ൈക്രസ്തവ നായകരായി വേഷമിടുന്നു. അമൽ നീരദിെൻറ 'സി.ഐ.എ', 'വരത്തൻ' (2018) തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലവും മറ്റൊന്നല്ല. മൃദുവായി സവർണ ൈക്രസ്തവ ജീവിതങ്ങളെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേനി'ൽ (2013) നിന്ന് പുതുമുഖ യുവതാരനിരയെ അണിനിരത്തിയൊരുക്കിയ 'അങ്കമാലി ഡയറീസി' (2017)ലെത്തിയപ്പോൾ വരേണ്യ ൈക്രസ്തവബോധവും ആണത്തപ്രകടനങ്ങളും പരമാവധി ഉയരത്തിലെത്തുന്നു. സാമൂഹിക പരിണാമം നടന്നുവെന്ന് അവകാശപ്പെടുമ്പോഴും വിൽപനമൂല്യമുള്ള ഒരു ഘടകമായി വരേണ്യ ജാതിബോധം സിനിമയിൽ ഇന്നും അവശേഷിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്.
അഭ്രപാളിയിലെ അരികുജീവിതങ്ങൾ
മുഖ്യധാരാ സിനിമകൾ സമ്പന്നവും വരേണ്യവുമായ ൈക്രസ്തവ ജീവിതങ്ങൾക്ക് അമിത പ്രാധാന്യം നൽകിയപ്പോൾ തഴയപ്പെട്ടതോ അർഹതപ്പെട്ടയിടം നിഷേധിക്കപ്പെട്ടതോ ആയ ചില ൈക്രസ്തവ ജീവിതങ്ങളെ സമൂഹത്തിെൻറ പ്രാന്തപ്രദേശങ്ങളിൽനിന്ന് കണ്ടെടുക്കാനാകും. തനതായ ആരാധനാക്രമവും വിശ്വാസങ്ങളും പുലർത്തുന്ന ലത്തീൻ ൈക്രസ്തവർ, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾ തുടങ്ങിയവരെ ജനപ്രിയ മലയാള സിനിമ എപ്രകാരമാണ് പരിഗണിച്ചിട്ടുള്ളത്? ചെറുതും വലുതുമായ നിരവധി പ്രതിനിധാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എന്തുകൊണ്ടാകാം മലയാളി സിനിമാകാണികളുടെ സാമൂഹിക ബോധത്തിൽ ഈ കഥാപാത്രങ്ങൾ ഇടം നേടാതെ പോയത്?
വികലവും പരിഹാസപാത്രങ്ങളുമായ കഥാപാത്രങ്ങൾ മാത്രമാണ് ഭൂരിപക്ഷം ജനപ്രിയ മലയാള സിനിമകളിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധാനമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽതന്നെ ഏറെ കുപ്രസിദ്ധി നേടിയ ചിത്രമാണ് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'ചട്ടക്കാരി' (1970) (പ്രസ്തുത ചിത്രം 2012ലും അതേ പേരിൽ പുനർനിർമിച്ചിട്ടുണ്ട്). ഇതിലെ നായിക ജൂലിയുടെ (ലക്ഷ്മി) വേഷവിധാനങ്ങളും ആംഗ്ലോ ഇന്ത്യൻ ജീവിത ചുറ്റുപാടുകളും ഏറെ അതിശയോക്തി കലർത്തി, ആഭാസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് മലയാള സിനിമയിൽ കൂടുതലായി അവതരിപ്പിച്ച ആംഗ്ലോ^ഇന്ത്യൻ ജീവിതങ്ങളും കേരളത്തിെൻറ സാംസ്കാരിക അപരസ്ഥാനമായി പരിഗണിക്കപ്പെട്ടവയായിരുന്നു. മധ്യവർഗ വരേണ്യ പൊതുബോധത്തിന് ആർത്തുചിരിക്കാൻ വകനൽകുന്നവയായിരുന്നു ഇത്തരം ഭൂരിപക്ഷ പ്രതിനിധാനങ്ങളും.
ഇതിൽനിന്നേറേ വിഭിന്നമല്ല ലത്തീൻ ക്രിസ്ത്യാനികളുടെ തിരശ്ശീലയിലെ പ്രതിനിധാനങ്ങളും. 'മറിയം മുക്ക്' (2015), 'വെളിപാടിെൻറ പുസ്തകം' (2017), 'ഈ.മ.യൗ.' (2018) പോലുള്ള ഏതാനും ചില ചിത്രങ്ങളൊഴിച്ചുനിർത്തിയാൽ ലത്തീൻ കത്തോലിക്കാ വിഭാഗങ്ങളുടെ തിരയിടങ്ങളും നാമമാത്രമാണ്
എലിസബത്ത് (സെറീന വഹാബ്- മദനോത്സവം), ഇസബെല്ല (സുമലത-ഇസബെല്ല), ഡാനിയേൽ ഡിസൂസ (മമ്മൂട്ടി- അനശ്വരം), െഫ്രഡി നിക്കോളാസ് (മോഹൻലാൽ- ഓർക്കാപ്പുറത്ത്) തുടങ്ങിയ ആംഗ്ലോ ഇന്ത്യൻ പ്രതിനിധാനങ്ങൾ താരതമ്യേന ഭേദമായിരുന്നെങ്കിൽ പിന്നീട് പുറത്തു വന്ന ജനപ്രിയ ചിത്രങ്ങളിൽ പ്രസ്തുത സമൂഹം ഹാസ്യകഥാപാത്രങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു. ഫെർണോ, ആംബ്രു (ബാബുരാജ്, ബാലു വർഗീസ്- ഹണീ ബീ), ലോയ്ഡ് ഫെർണാണ്ടസ് (എസ്.പി. ശ്രീകുമാർ- ABCD), ഡാനി ഡിസൂസ (മുകേഷ്- കറൻസി) തുടങ്ങിയ ആംഗ്ലോ ഇന്ത്യൻ കഥാപാത്രങ്ങളെ കേവല ചിരികൾക്കുവേണ്ടി വളരെ വികലമായാണ് ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായി സവർണ ൈക്രസ്തവ കുടുംബങ്ങളിലെ അമ്മ കഥാപാത്രങ്ങൾ തേടിച്ചെന്നിരുന്നത് കെ.പി.എ.സി. ലളിത (തേൻറടിയായ കഥാപാത്രങ്ങൾ), കവിയൂർ പൊന്നമ്മ (സാധുവായ ക്രിസ്ത്യൻ വീട്ടമ്മ) തുടങ്ങിയവരിലായിരുന്നുവെങ്കിൽ പരിഷ്കാരിയും ഹാസ്യരസപ്രധാനവുമായ ആംഗ്ലോ ഇന്ത്യൻ കഥാപാത്രങ്ങൾ സുകുമാരിയുടെ പക്കലേക്കാണെത്തിയിരുന്നത് (ചട്ടക്കാരി, ബോയിംഗ് ബോയിംഗ്, വന്ദനം, ഓർക്കാപ്പുറത്ത് തുടങ്ങിയവ).
ആംഗ്ലോ ഇന്ത്യൻ ജീവിതങ്ങളെ അഭ്രപാളിയിലെത്തിച്ച മറ്റു ചില ചലച്ചിത്രാവിഷ്കാരങ്ങളാണ് 'ദൈവത്തിെൻറ വികൃതികൾ (1992), 'അകലെ' (2004), 'ഹേ ജൂഡ്' (2018), 'വയലിൻ' (2011) തുടങ്ങിയവ. എന്നാൽ, ഇത്രയേറെ ചിത്രങ്ങളുടെ നീണ്ടനിര ചൂണ്ടിക്കാണിക്കാമെങ്കിലും കേരളീയ പൊതുബോധത്തെ സ്വാധീനിക്കത്തക്ക ജനപ്രിയത സമ്പാദിച്ച കഥാപാത്രങ്ങൾ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽനിന്നുണ്ടായിട്ടില്ല.
ഇതിൽനിന്നേറേ വിഭിന്നമല്ല ലത്തീൻ ക്രിസ്ത്യാനികളുടെ തിരശ്ശീലയിലെ പ്രതിനിധാനങ്ങളും. 'മറിയം മുക്ക്' (2015), 'വെളിപാടിെൻറ പുസ്തകം' (2017), 'ഈ.മ.യൗ.' (2018) പോലുള്ള ഏതാനും ചില ചിത്രങ്ങളൊഴിച്ചുനിർത്തിയാൽ ലത്തീൻ കത്തോലിക്കാ വിഭാഗങ്ങളുടെ തിരയിടങ്ങളും നാമമാത്രമാണ്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും (അനശ്വരം) മോഹൻലാലും (ഓർക്കാപ്പുറത്ത്, േഛാട്ടാ മുംബൈ, വെളിപാടിെൻറ പുസ്തകം) ഇത്തരം പ്രാന്തവത്കരിക്കപ്പെട്ട ൈക്രസ്തവ വിഭാഗങ്ങളുടെ പ്രതിനിധാനങ്ങളെ തിരശ്ശീലയിലവതരിപ്പിച്ചിട്ടും എന്തു കാരണങ്ങൾമൂലമാവാം അത്തരം കഥാപാത്രങ്ങൾ ആഘോഷിക്കപ്പെടാതെ പോയത്? സവർണ സുറിയാനി ൈക്രസ്തവ സമൂഹങ്ങൾക്കു ലഭിക്കുന്ന സാമൂഹിക സ്വീകാര്യത, സാംസ്കാരിക-സാമൂഹിക മൂലധനം എന്നിവ മേൽപറഞ്ഞ വിഭാഗങ്ങൾക്ക് ബാധകമല്ലെന്ന മധ്യവർഗ പൊതുബോധമാണ് ഇത്തരം തമസ്കരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. മറ്റൊരർഥത്തിൽ, വരേണ്യ മധ്യവർഗ ഭാവനക്ക് വളരെ വേഗത്തിൽ സഹകരിക്കാവുന്നതും സമ്പർക്കത്തിലേർപ്പെടാവുന്നതുമായ വിഭാഗമായി പാരമ്പര്യ ൈക്രസ്തവ വിഭാഗങ്ങൾ മാറുമ്പോൾ അപരിചിതത്വത്തിെൻറയും അപരവത്കരണത്തിെൻറയും രീതിശാസ്ത്രമുപയോഗിച്ച് സമൂഹത്തിെൻറ വിളുമ്പുകളിലേക്ക് ഒതുക്കപ്പെട്ട ജീവിതങ്ങളാണ് ലത്തീൻ^ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളുടേത്. അതുകൊണ്ടുതന്നെ വിഗ്രഹവത്കരണത്തിെൻറ തലത്തിലേക്കുയരുന്ന ചലച്ചിത്ര കഥാപാത്രങ്ങൾ പ്രസ്തുത വിഭാഗങ്ങളിൽനിന്നുണ്ടാകാനുള്ള സാധ്യത വിരളമാണ്.
ലത്തീൻ, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലും ജാതികളും ഉപജാതികളും ഉണ്ടെന്ന് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽനിന്നുള്ള മലയാള സാഹിത്യകാരനായ ഫ്രാൻസിസ് നൊറോണ പ്രസ്താവിക്കുന്നുണ്ട്.5 ഇത്തരമൊരവസ്ഥയുടെ ചലച്ചിത്ര പ്രതിരൂപമാണ് 'മറിയം മുക്ക്' (2015) എന്ന ചിത്രത്തിലെ സായിപ്പ് എന്നറിയപ്പെടുന്ന ജോയി മാത്യുവിെൻറ കഥാപാത്രം (പീറ്റർ). താനൊരു ആംഗ്ലോ ഇന്ത്യൻ ആണെന്നതിൽ അഭിമാനിക്കുന്നവനാണ് പീറ്റർ. തെൻറ പിതാവിെൻറ ഇംഗ്ലീഷുകാരിയായ അമ്മ (മാർത്ത മാമ്മ) കടലിൽ പോയിരുന്ന അപ്പാപ്പനെ േപ്രമിച്ച് കെട്ടിയതിനാൽ താൻ കടപ്പുറംകാരനായി ജനിച്ചുവെന്നും കടപ്പുറത്തെ വെയിൽകൊണ്ട് തെൻറ നിറം നഷ്ടപ്പെട്ടുവെന്നും അയാൾ വിശ്വസിക്കുന്നു. എന്നിരുന്നാലും അയാൾ മറ്റ് ആംഗ്ലോ ഇന്ത്യൻ വംശജരുടെ ഇടയിൽ അപഹാസ്യനായിത്തീരുന്നു.
സമകാലിക സിനിമകളിൽ കായലോരങ്ങളിലെയും തുരുത്തുകളിലെയും ലത്തീൻ ൈക്രസ്തവ ജീവിത ചിത്രീകരണങ്ങൾകൊണ്ട് ശ്രദ്ധനേടിയ ചലച്ചിത്രങ്ങളാണ് 'കുമ്പളങ്ങി നൈറ്റ്സും' (2019) 'തൊട്ടപ്പനും' (2019). ഇരു ചിത്രങ്ങളുടെയും കാമറ തിരഞ്ഞതും അഭ്രപാളിയിലെത്തിച്ചതും അതിശയോക്തി കലർന്ന അമാനുഷിക കഥാപാത്രങ്ങളെയായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉപ്പുകാറ്റേറ്റ് വരണ്ടുപോകാത്ത ജൈവികമായ ചില പ്രതിനിധാനങ്ങളാണ് ഇരു ചിത്രങ്ങളും സാധ്യമാക്കിയത്. മതഘടനക്കുള്ളിൽ ഞെരിഞ്ഞമരുന്ന ജീവിതങ്ങളെ തിരശ്ശീലയിലെത്തിച്ച 'ഈ.മ.യൗ.'വും സവിശേഷ ശ്രദ്ധയർഹിക്കുന്ന ലത്തീൻ ൈക്രസ്തവ പ്രതിനിധാനമാണ്.
കലാഭവൻ മണി നായകനായ 'ബെൻ ജോൺസൺ' (2005) ഉൾപ്പെടെയുള്ള ചില ഒറ്റപ്പെട്ട സിനിമകൾ ഒഴിച്ചുനിർത്തിയാൽ ദലിത് ൈക്രസ്തവ കഥാപാത്രങ്ങളെയോ അവരുടെ ജീവിതമോ അഭ്രപാളിയിലവതരിപ്പിക്കുന്ന ചിത്രങ്ങൾ വളരെ വിരളമാണ്. ൈക്രസ്തവസഭകളുടെ ഭാഗമായി നിലനിൽക്കുന്ന പരിവർത്തിത ക്രിസ്ത്യൻ സാമുദായിക പ്രതിനിധാനം ജനപ്രിയസിനിമകളുടെ ആഖ്യാനപരിസരങ്ങളിൽ അദൃശ്യമാക്കപ്പെടുന്നതിെൻറ കാരണം മധ്യവർഗ മലയാളിയുടെ ചിന്താമണ്ഡലത്തെ നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജാതിബോധമല്ലാതെ മറ്റൊന്നുമല്ല. പാരമ്പര്യ സുറിയാനി ൈക്രസ്തവ പ്രതിനിധാനങ്ങളിൽനിന്ന് ലത്തീൻ, ദലിത് ൈക്രസ്തവ പ്രതിനിധാനങ്ങളിലേക്ക് മലയാള സിനിമ സഞ്ചരിക്കുമ്പോൾ വികലവും വക്രീകരിക്കപ്പെട്ടതും തിരയിടങ്ങളിൽ തമസ്കൃതവുമായ അവതരണങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇന്ത്യൻ ൈക്രസ്തവസഭയിൽ ജാതിബോധവും േശ്രണീകരണവും നിലനിൽക്കുന്നില്ലെന്ന സവർണ ഭാഷ്യം പൊതുബോധമായി രൂപപ്പെടുമ്പോൾ ഓർമിക്കേണ്ടത് കീഴാള ശരീരമായതിെൻറ പേരിൽ മാത്രം അപായപ്പെടുത്തിയ കെവിെൻറയും മൃതസംസ്കാരത്തിനായി കാത്തുകിടക്കേണ്ടി വന്ന അന്നമ്മയുടെയും അവസ്ഥകളാണ്. വാഴുന്നവരുടെ വാഴ്ത്തുപാട്ടുകളിൽ വിപണിമൂല്യം തിരയുന്ന ജനപ്രിയ മലയാള സിനിമ, രക്ഷാകര പദ്ധതിയിലേക്ക് വന്നുചേർന്നുവെങ്കിലും സാമ്പ്രദായിക വിശ്വാസികളാൽ തഴയപ്പെട്ട പതിത ജനതയെ ചലച്ചിത്ര സാക്ഷാത്കാരങ്ങളിൽ പങ്കാളികളാകാൻ പ്രതീക്ഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
കുറിപ്പുകൾ
1. I would also like to explore a pure myth that Syrian Christians in Kerala were originally Brahmin converts. I doubt there were Brahmins in the first century in the Malabar Coast. Historically speaking, the chances were dim... (വർക്കി വിതയത്തിലുമായി ഷൈനി ആൻറണി നടത്തിയ അഭിമുഖത്തിൽനിന്ന്).
2. http://pakalomattamfamily.org/history(28/05/2019)
3. http://kuravilangadpally.com(29/05/2019)
4. ...however, of our Christian religion which teaches us fundamental truths the equality of man and man before God, the necessity of charity and love for neighbours and mutual sympathy and forbearance, we, the large number of Depressed Classes converts remain in the same social condition as the Hindu Depressed Classes. Through the operation of several factors, the more important of them being the strong caste retaining Hindu mentality of the converts to Christianity, and the indifference, powerlessness and apathy of the Missionaries, we remain today what we were before we became Christians ^Untouchables ^degraded by the laws of social position obtaining in the land, rejected by caste Christians, despised by Caste Hindus and excluded by our own Hindu depressed classes brethren (Christianising the Untouchables 36 ^37).
5. തീവ്രമായ ജാതീയത ൈക്രസ്തവതയിൽ ഒളിഞ്ഞു കിടപ്പുണ്ട്; ഞാൻ അതനുഭവിച്ചിട്ടുമുണ്ട് (ഫ്രാൻസിസ് നൊറോണ/ ഡൂൾ ന്യൂസ്).
അധികവായനക്ക്
1. പുലയരെല്ലാരുംകൂടി ചേരമനായാലെന്താ പുലയെൻറ പുല മാറുമോ–(അലീന/ iemalayalam).
2. ദലിത് ൈക്രസ്തവരും വിശ്വാസത്തിെൻറ ചരിത്രവും– (വിനിൽ പോൾ/ ഉത്തരകാലം)
3. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ് –ജോണി മിറാൻഡ.
തിരഞ്ഞെടുത്ത ഗ്രന്ഥസൂചി
ദലിത്ബന്ധു. കേരള ജനതയിൽ യഹൂദ പാരമ്പര്യമോ? വൈക്കം: ഹോബി പബ്ലിഷേഴ്സ്, 2012.
പോൾ ചിറക്കരോട്. ദലിത് ൈക്രസ്തവർ കേരളത്തിൽ. തിരുവനന്തപുരം: റെയ്വൻ പബ്ലിക്കേഷൻസ്, 2018.
രേണുകുമാർ, എം.ആർ (എഡി.). ഞാറുകൾ. കോട്ടയം: എസ്.പി.സി.എസ്, 2014.
സ്വാമി, വി.വി, അനിൽ ഇ.വി (എഡി.). പ്രത്യക്ഷ രക്ഷാ ദൈവസഭ: ഓർമ, പാട്ട്, ചരിത്രരേഖകൾ. ഇരവിപേരൂർ: ആദിയർദീപം പബ്ലിക്കേഷൻസ്, 2010.
Ambedkar, B.R, Christianising the Untouchables. New Delhi: Critical Quest, 2014.
Bama. Karukku. Lakshmi Holmstrom (trans.). Chennai: Macmillan, 2000.
Sanal Mohan, P, Modernity of Slavery. New Delhi: OUP, 2015.
Shinie Antony (ed). Kerala, Kerala, Quite Contrary. New Delhi: Rupa Co., 2009.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.